Tuesday, December 22, 2009

കുടുംബത്തില്‍ പിറന്നവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഒരു കാമ്പസ്. ക്ലാസ്സ്മേറ്റ്സ് സിനിമയിലേതുപോലത്തെ. അവിടെ ഒരു തിരഞ്ഞെടുപ്പ്കാലം. ഒരു കൂട്ടം എസ് എഫ് ഐക്കാര്‍ ക്ലാസ്സ് സമയം കഴിഞ്ഞും പോസ്റ്ററൊട്ടിക്കലും ബാനറുവലിച്ചുകെട്ടലുമായി കാമ്പസിനകത്തുതന്നെയുണ്ട്. കൂട്ടത്തില്‍ ഏതാനും വിദ്യാര്‍ത്ഥിനികളുമുണ്ട്.

അവരില്‍നിന്നും കുറച്ചകലെ, കാറ്റാടിത്തണലില്‍, തണലത്തരമതിലില്‍, ഞങ്ങള്‍ കുറച്ച് അരാഷ്ട്രീയര്‍ ഇരിക്കയാണ്. അസ്തമയത്തിന് അധികം സമയമില്ല. അപ്പോഴതാ ഞങ്ങളുടെ മുന്നിലൂടെ കാമ്പസിലെ കെ എസ് യു നേതാവും രണ്ട് മൂന്ന് ശിങ്കിടികളും ധൃതിപ്പെട്ട് നടക്കുന്നു. ഞങ്ങള് വെറുതെ ഒന്നു തോണ്ടി: കണ്ടോടാ, നിങ്ങളിവിടെ രണ്ടുമൂന്നാളുകള്‍ തേരാപ്പാരാ നടക്കുന്നു, അവിടെ നോക്ക്, പെമ്പിള്ളേരടക്കം എന്ത് ആത്മാര്‍ത്ഥയോടുള്ള വര്‍ക്കാണെന്ന് നോക്ക്.

കെ എസ് യു നേതാവിന്റെ പരിഹാസച്ചിരിയോടുള്ള മറുപടിയും കിട്ടി: ഹ ഹ, ഞങ്ങള്‍ക്കുമുണ്ട് വനിതാപ്രവര്‍ത്തകര്‍, പക്ഷെ, ഇതുപോലെ രാവും പകലും പാര്‍ട്ടിപ്രവര്‍ത്തനം എന്നും പറഞ്ഞ് അഴിഞ്ഞാടാനൊന്നും അവരുണ്ടാവില്ല. കുടുംബത്തില്‍ പിറന്നവരാ. ക്ലാസ്സ് കഴിഞ്ഞ് നേരത്തോടെ അവര്‍ക്ക് വീട്ടിലെത്തണം.

കൂടുതലൊന്നും എഴുതുന്നില്ല. ഇതിപ്പോള്‍ ഓര്‍ക്കാനുണ്ടായ സാഹചര്യം എഴുതേണ്ടല്ലോ.

പഴയ കെ എസ് യു നേതാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ എന്തൊക്കെയോ ആണത്രേ. കെ എസ് യു ക്കാര്‍ യൂത്തും സേവാദളും പിന്നെ മൂത്ത കോണ്‍ഗ്രസ്സും ഒക്കെ ആകുന്നതിനിടയില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയും ആവും. കൂടുതല്‍ ‘പക്വ‘മായ പ്രതികരണങ്ങളും പ്രവൃത്തികളും അവരില്‍നിന്നും ഉണ്ടാവും. പഴയ കെ എസ് യു നേതാവും അങ്ങനെതന്നെ എന്നല്ലേ ഞാനും കരുതേണ്ടൂ.

Thursday, November 19, 2009

പിണറായിയുടെ വീട്

പിണറായിയുടെ വീടിന്റെ ഫോട്ടോ എന്നും പറഞ്ഞ് ഒരു ആര്‍ഭാട വീടിന്റെ ഫോട്ടോ എനിക്ക് ഇ-മെയില്‍ ഫോര്‍വേഡായി അയച്ചുതന്നത് അഞ്ച്പേരാണ്.

അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.

മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.

മറ്റ് മൂന്നുപേര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അരാഷ്ട്രീയവാദികള്‍ എന്ന്തന്നെ വിളിക്കാം.

അതോടൊപ്പം സത്യം എന്താണെന്ന് വ്യക്തമാക്കിയ മെയിലും എനിക്ക് ഫോര്‍വേഡായി കിട്ടുകയുണ്ടായി. അത് ഞാന്‍ അവര്‍ക്ക് തിരിച്ച് അയച്ചുകൊടുത്തു. ഒപ്പം കൂതറ അവലോകനത്തിലെ ചര്‍ച്ചയുടെയും സൂരജിന്റെ പോസ്റ്റിന്റെയും ലിങ്കുകള്‍ അയച്ചുകൊടുത്തു.

എല്ലാവരില്‍നിന്നും എനിക്ക് മറുപടികിട്ടി.

ആദ്യത്തെയാള്‍, സി പി എം കാരന്‍ ഇങ്ങനെയെഴുതി:
ഇതൊരു കള്ളപ്രചാരണമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ല്ലാം ഇതയച്ചില്ലെങ്കില്‍ എനിക്കിത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കും. ഇതിനിടയില്‍ സത്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടുമെന്നും അറിയാം. അത് ഉദ്ദേശിച്ചുതന്നെയാണ് എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്തത്. തന്റെ മറുപടി ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇവന്മാര്‍ ഈ ചെറ്റത്തരം കാണിക്കുന്നത്?

രണ്ടാമത്തെയാള്‍-കടുത്ത പാര്‍ട്ടി വിരോധി- ഒരു വരിയില്‍ ഒരു മറുപടി - സത്യം അറിയിച്ചതിനു നന്ദി.

മറ്റ് മൂന്നുപേരും സത്യം അറിയിച്ചതിന്റെ നന്ദിയും ഒപ്പം ഈ വ്യാജപ്രചാരകര്‍ക്ക് തെറിയും സമ്മാനിച്ചുകൊണ്ടുള്ള മറുപടിയെഴുതി.

ഇതാണ് ജനാധിപത്യം.

അസത്യവും അര്‍ധസത്യവും പച്ചക്കള്ളവും വ്യാജവാര്‍ത്തകളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ഒരിക്കലും അവസാനിക്കാത്ത കൂരിരുട്ടുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ, എല്ലാറ്റിനുമിടയിലൂടെ സത്യത്തിന്റെ നിലാമഴ പെയ്യും. ഒരു അണുമാത്രയെങ്കിലും തുറസ്സുള്ള എല്ലാ മനസ്സുകളിലേക്കും അതിന്റെ തുള്ളികള്‍ ഇറ്റുവീഴും. ഒടുവില്‍ നേരിന്റെ പുലരി വിരിയും.
സത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നവനാണ് ജനാധിപത്യവാദി. അസത്യങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുന്നവനാണ് ജനാധിപത്യവാദി. അപ്പൊ ഈ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള ആളുകളുടെ ഉത്സാഹത്തെ വിശകലനും ചെയ്യുന്നവരോ? അവര്‍ ജനാധിപത്യത്തിലെ കോമാളികളാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ചവരോളം വലീയ ജനാധിപത്യധ്വംസകരാണ്. കോമാളിത്തത്തിനെതിരെ കുറിക്കുകൊള്ളുന്ന പരിഹാസം വന്നപ്പോള്‍ വ്യാജമായ കാരണങ്ങള്‍ കാണിച്ച് ഡിലീറ്റ് ചെയ്യുകകൂടി ചെയ്യുമ്പോള്‍ അവര് ആരായി മാറി? എന്നിരുന്നാലും ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമായിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. സത്യത്തിന്റെ നിലാവെളിച്ചം പരന്നുകഴിഞ്ഞുള്ള രാവിനുശേഷമുള്ള നേരിന്റെ പുലരി ഇനിയും ഇവിടെ വിരിഞ്ഞിട്ടില്ല. ജാതീയതയും മറ്റ് നിരവധികാരണങ്ങളാലും ഇരുട്ടില്‍തന്നെയായിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്യശക്തികളും സൃഷ്ടിച്ചെടുക്കുന്ന വ്യാജപ്രചരണങ്ങളുടെ കൂരിരിട്ടിലേക്ക് പോകുകയാണോ എന്ന് തോന്നിപ്പോകുന്നു. പക്ഷെ, ഇല്ല അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും.

Wednesday, November 11, 2009

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍

കെ. സുധാകരന്റെ അവകാശവാദങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. അത് വായിച്ചു വന്നാല്‍ നന്നായിരിക്കും.

ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.

ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786


കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.

അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.

കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?

ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം

എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?

ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാ‍ലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.

Tuesday, November 3, 2009

കണ്ണൂരി‍ന്റെ പ്രത്യേകതകള്‍

മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. പതിവുപോലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.കേന്ദ്രസേനയുടെ വരവ്. ഒക്കെ വിവാദങ്ങളാണ്. ഈ വിവാദങ്ങള്‍ കെ സുധാകരന് ആക്ഷന്‍ ഹീറോ ആകാനുള്ള നാടകങ്ങള്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുള്ളതുതന്നെ. പക്ഷെ കണ്ണൂര്‍ കലാപഭൂമി ആണെന്ന പ്രചാരണത്തിനുപിന്നില്‍ വേറെ ചില കാരണങ്ങളുണ്ട്. കണ്ണൂരിന് ചില പ്രത്യേകതകളുണ്ട്.

അതില്‍ പ്രധാനം - അവിടെ കൃസ്ത്യന്‍ വോട്ടുബാങ്കില്ല. നായര്‍ സര്‍വീസ് സൊസൈറ്റിക്കും എസ് എന്‍ ഡി പിക്കും സ്വാധീനമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജാതി വോട്ടുകളില്ല. മുസ്ലീങ്ങളും നായരും തീയ്യരും ഉള്ള ചുരുക്കം കൃസ്ത്യാനികളും രാഷ്ട്രീയം നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നു. അല്ലെങ്കില്‍ അതാത് കാലത്തെ സാഹചര്യങ്ങള്‍ നോക്കി വോട്ടുചെയ്യുന്നു. വോട്ടുതേടുന്ന പാര്‍ട്ടികള്‍ ഒന്നുകില്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണം. അല്ലെങ്കില്‍ വ്യക്തിത്വമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തണം. അതുമല്ലെങ്കില്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കണം.

ഒരുകാലത്തും കോണ്‍ഗ്രസ്സിന് തങ്ങളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് കണ്ണൂരിലെ വോട്ടര്‍മാരെ സമീപിക്കാനാവില്ല. ഇവിടത്തെ കര്‍ഷകര്‍ക്ക്, കര്‍ഷകത്തൊഴിലാളികള്‍ക്ക്, ബീഡിത്തൊഴിലാളികള്‍ക്ക്, നെയ്ത്തുതൊഴിലാളികള്‍ക്ക്, ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ തെരെഞ്ഞെടുപ്പിലാവട്ടെ ആസിയാന്‍ കരാറുള്‍പ്പെടെ മറ്റ് കാരണങ്ങളും.

കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും അല്‍പ്പം ഹീറോയിസം കൈമുതലായുള്ള കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കഴിഞ്ഞതെരഞ്ഞെടുപ്പുവരെയും പാര്‍ലമെറ്റ്ന്‍ തിരഞ്ഞെടുപ്പിലും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി യു ഡി എഫുകാര്‍ക്കുപോലും അംഗീകരിക്കാനാവാത്തയാള്‍. ചെറുപ്പത്തില്‍ മതനിഷ്ഠകള്‍ പാലിക്കാനാവാത്തതുകൊണ്ട് ‘കമ്മ്യൂണിസ്റ്റാ‘യ കൌശലക്കാരന്‍ കുട്ടി. കമ്മ്യൂണിസ്റ്റുകാരന്റെ അച്ചടക്കവും തനിക്ക് ദുഷ്ക്കരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു അച്ചടക്കവും വേണ്ടാത്തയിടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിലെത്തിയയാള്‍.

അബ്ദുള്ളക്കുട്ടിയായാലും ഏത് അലവലാതികുട്ടിയായാലും ഇടതന്മാര്‍ തോറ്റുകണ്ടാല്‍മതി എന്ന മനോഭാവവുമായി നടക്കുന്ന ചില രാഷ്ട്രീയന്ധന്മാരുടെ വോട്ടല്ലാതെ വേറെയാരും വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. അപ്പൊപിന്നെ വേറെന്ത് വഴി. പതിവു വഴി. കണ്ണൂരിലെ തന്നെ ഇടതുശക്തികേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം പല്ലവി ആരോപണങ്ങള്‍ - കള്ളവോട്ട്, ബൂത്തുപിടുത്തം, വോട്ടര്‍പട്ടിക ക്രമക്കേടുകള്‍.

നടക്കട്ടെന്ന്, വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ.

Saturday, October 24, 2009

കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നവര്‍

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്തതിനുശേഷം പടിപടിയായി അവിടെ കോണ്‍ഗ്രസ്സ് ക്ഷയിക്കുന്നതിന്റെ കണക്കുകളാണ് കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്സ് തകരുന്നത് കണ്ണൂരുകാരനെ സംബന്ധിച്ച് വലീയ പ്രശ്നമല്ല. ഒരു കാലത്തും തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണത് എന്ന് മറ്റെല്ലാത്തിടത്തെയും സാധാരണക്കാരെപ്പോലെ കണ്ണൂരുകാരായ സാധാരണക്കാര്‍ക്കും അറിയാം. വയലാര്‍ രവിതന്നെ കണ്ണൂരില്‍ വന്ന് പറഞ്ഞതെന്താ- സി പി എം കണ്ണൂരിലെ നെയ്ത്തുകാരെ മറന്നു എന്ന്. എന്ന് വെച്ചാല്‍ മുമ്പെങ്ങോ ഓര്‍ത്തിരുന്നു എന്നല്ലേ അര്‍ത്ഥം. പിന്നെ ഇപ്പോള്‍ മറന്നോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാവുന്ന കാര്യമാണ്. ഡിബേറ്റബള്‍ ആന്റ് അര്‍ഗ്യൂയബള്‍ സ്റ്റേറ്റ്മെന്റ്. പക്ഷെ, കണ്ണൂരിലെ നെയ്ത്തുകാരെയോ ബീഡിത്തൊഴിലാളികളിയോ ഏതെങ്കിലും തൊഴിലാളികളെയോ ഏതെങ്കിലും കാലത്ത് ഓര്‍ത്തിരുന്നു എന്ന് വയലാര്‍ രവിയോ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവോ അവകാശപ്പെടാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ്സ് അവരെയൊന്നും മറന്നു എന്ന് ആക്ഷേപം ഉന്നയിക്കേണ്ടതില്ല.

കോണ്‍ഗ്രസ്സിനെ തകര്‍ത്തതോടൊപ്പം സുധാകരന്‍ തകര്‍ത്തുകളഞ്ഞ മറ്റൊന്നുണ്ട്- കണ്ണൂരുകാരുടെ അന്തസ്സ്. തങ്ങള്‍ സംസ്കൃതചിത്തരാണെന്നും സൌഹാര്‍ദ്ദശീലരാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിനു പുറത്തുള്ള വലീയലോകത്ത് വിവിധകോണുകളില്‍ താമസിച്ച് ജോലിചെയ്യുന്ന ശരാശരി കണ്ണൂരുകാരന്‍ കഷ്ടപ്പെടുകയാണ്.

ഇന്നലെ കോണ്‍ഗ്രസ്സിന്റെ കടുത്ത അനുഭാവിയായ, കണ്ണൂര്‍ നഗരവാസിയായ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. പുള്ളി പറഞ്ഞത് മുമ്പൊക്കെ കണ്ണൂരിലെ സി പി എം ‘ഭീകരതാണ്ഡവ’ത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ മറുപടിയായി പറഞ്ഞിരുന്നത് ഇങ്ങനെയാണ് - അതൊക്കെ സി പി എംന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ അവര്‍ ചെയ്തുകൂട്ടുന്നതല്ലേ, കണ്ണൂര്‍ പട്ടണത്തില്‍ ഇമ്മാതിരി ഒരു പ്രശ്നവുമില്ല. അതു നമ്മുടെ കോണ്‍ഗ്രസ്സിന്റെ കോട്ടയല്ലേ.

ഇപ്പോഴെന്തു പറയും. ഈ നടക്കുന്നു എന്ന് പറയുന്ന കോലാഹലങ്ങളൊന്നും പാര്‍ട്ടിഗ്രാമങ്ങളിലല്ല. യു ഡി എഫ് നു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും.

വോട്ടര്‍ പട്ടികയില്‍ അസ്വഭാവികയുണ്ടത്രെ! ഉണ്ടായിരുന്നു, ഇല്ലാത്ത ആറായിരത്തോളം വോട്ടുകളുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് അതു സംബന്ധിച്ച് പരാതി കിട്ടി. അവരത് അന്വേഷിച്ച് ബോധ്യപ്പെട്ട് നീക്കം ചെയ്തു. അതിന്റെ വര്‍ക്ക് ഷീറ്റ് എല്ലാ രാഷ്റ്റ്രീയകക്ഷികള്‍ക്കും അയച്ചുകൊടുത്തു. ഒബ്ജെക്ഷനുകള്‍ കേള്‍ക്കാന്‍ ദിവസവും നല്‍കി. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നാടകം. വിശദാംശങ്ങളിലേക്ക് ആഴത്തില്‍ കടക്കാന്‍ വിമുഖരായ ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനായി, നിര്‍ലോഭമായ മാധ്യമസഹായത്തോടെ ഒരു ആക്ഷന്‍ ത്രില്ലര്‍. സമയം കഴിഞ്ഞും ഓഫീസിലിരുന്ന് ജോലിചെയ്യുന്ന തഹസീല്‍ദാരടുത്ത്ചെന്ന് ഭീഷണി. നേരത്തെ ലഭ്യമായതിനുശേഷമുള്ള അപ്ഡേറ്റഡ് വര്‍ക്ക്ഷീറ്റ് അപ്പൊത്തന്നെ കിട്ടണമത്രെ.

പതിനായിരക്കണക്കിന് ട്രാന്‍സ്ഫര്‍ വോട്ടുകള്‍ എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. അന്തിമവോട്ടര്‍ പട്ടിക വന്നിരിക്കുന്നു. ആകെ 1370 ട്രാന്‍സ്ഫര്‍ വോട്ടുകള്‍. എ പി അബ്ദുള്ളക്കുട്ടിയും കെ സുധാകരനും ഈ 1370ല്‍ പെടും. അവരുടെ കുടുംബങ്ങളും. കൂടാതെ കോണ്‍ഗ്രസ്സിന്റെ വേറെയും പ്രാദേശിക നേതാക്കളുടെ പേരുകളും കേള്‍ക്കുന്നു. നാലഞ്ചുവര്‍ഷമായി സുധാകരന്‍ കണ്ണൂര്‍ പട്ടണത്തില്‍തന്നെയാണത്രെ താമസം. ഈ നാലഞ്ചുവര്‍ഷത്തിനിടയില്‍ എത്ര തെരെഞ്ഞെടുപ്പുകള്‍ നടന്നു? അപ്പോഴൊന്നും വോട്ട് മാറ്റാതിരുന്നതെന്തുകൊണ്ട്? കാരണം വ്യക്തം. തങ്ങള്‍ക്ക് ആറായിരത്തോളം വ്യാജവോട്ടുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലേക്ക് വോട്ട് മാറ്റേണ്ടതില്ല, പകരം സി പി എം കേന്ദ്രമായ എടക്കാട്തന്നെ ‍ തന്റെ വോട്ട് കിടന്നോട്ടെ എന്ന് കരുതി. ഇപ്പോള്‍ വാശിയേറിയ തെരെഞ്ഞെടുപ്പ് കണ്ണൂരില്‍മാത്രമായി നടക്കുമ്പോള്‍ വോട്ട് എടക്കാട്നിന്നും കണ്ണൂരിലേക്ക് മാറ്റി.

കോണ്‍ഗ്രസ്സിന്റെ ചിലവില്‍ സുധാകരന്‍ ആക്ഷന്‍ ത്രില്ലറുകള്‍ നിര്‍മ്മിക്കുന്നു. സംവിധാനവും ഹീറോയുടെ വേഷവും സുധാകരനുതന്നെ. വില്ലന്‍ കഥാപാത്രം എപ്പോഴും സി പി എം. പടം പൊളിഞ്ഞ് നിര്‍മ്മാതാവ് കുത്തുപാളയെടുക്കുമ്പോഴും ഹീറോ ഹീറോയായി വിലസുന്നു. പല ആക്ഷന്‍ ഹീറോകളും യഥാര്‍ത്ഥത്തില്‍ വില്ലന്മാരാണെന്നും വില്ലന്മാരായി സ്ക്രീനില്‍ നിറയുന്നവരില്‍ പലരും ജീവിതത്തില്‍ നല്ല മനുഷ്യരാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണൂരിലെ സുധാകരന്‍ - സി പി എം ത്രില്ലറുകളുടെ കാര്യത്തിലെങ്കിലും അത് ശരിയാണെന്ന് അടുത്ത്നിന്ന് നോക്കുമ്പോള്‍ പറയേണ്ടിവരുന്നു. നിലവാരമില്ലാത്ത സിനിമകള്‍ സിനിമാരംഗത്തെതന്നെ അധപതിപ്പിക്കുന്നതുപോലെ സുധാകരന്റെ നിലവാരമില്ലാത്ത കളികള്‍ കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നു.‍

Friday, October 16, 2009

കെ സുധാകരന്റെ അവകാശവാദങ്ങള്‍

കണ്ണൂരില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. കണ്ണൂര്‍ എന്നാല്‍ മാഹിപ്പാലത്തിനുതെക്കുള്ളവര്‍ക്ക് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ ജില്ലയെന്നാല്‍ മൊത്തത്തില്‍ സി പി എം ഭീകരവാഴ്ച നടക്കുന്നസ്ഥലം. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. തെരെഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും കള്ളവോട്ടും ഒക്കെയായി എപ്പോഴും സി പി എം ജയിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു സ്ഥലത്ത്, സിംഹത്തിനെ അതിന്റെ മടയില്‍ക്കയറി വെല്ലുവിളിച്ച് കീഴ്പ്പെടുത്തി ഒരു വീരശൂരപരാക്രമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി- കെ. സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു പിടിച്ചു നില്‍ക്കണമെങ്കില്‍ ഗാന്ധിയന്‍ രീതിയല്ല, തന്റെ മാര്‍ഗ്ഗം മാത്രമാണ് വഴിയെന്ന് അദ്ദേഹം തെളിയിച്ചു. തത്ഫലമായി കണ്ണൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നു. കാരണം ഇദ്ദേഹം അവിടുത്തെ എം എല്‍ എ ആയിരുന്നു. ആ മണ്ഡലം മറ്റേതുമല്ല- ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം.

മുകളില്‍ സുധാകരനെപ്പറ്റി എഴുതിയതെല്ലാം അദ്ദേഹത്തിന്റെ തന്നെ അവകാശവാദങ്ങളാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണങ്ങളാണ്. കണ്ണൂരിനകത്തും പുറത്തുമുള്ള ഒരു വലീയവിഭാഗത്തിന്റെ ധാരണയും അങ്ങനെതന്നെ. പക്ഷെ, എന്താണ് സത്യം?

തെരെഞ്ഞെടുപ്പ് കണക്കുകളിലൂടെ ഒരു അന്വേഷണം നടത്തിനോക്കാം.കണ്ണൂര്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലുടെ. 1982 മുതല്‍ 2006 വരെ നടന്നിട്ടുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകള്‍. 1982 ഒരു നല്ലവര്‍ഷമാണ്. രണ്ട് മുന്നണികളുടെയും അടിസ്ഥാന ഘടന രൂപപ്പെട്ടത് അന്ന് മുതലാണ്. കൂടാതെ കെ സുധാകരന്‍ ജനാതാപാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത് 1982ന് ശേഷമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് - സുധാകരന്‍ വരുന്നതിനു മുമ്പും വന്നതിനുശേഷവും എന്ന രീതിയില്‍ കൃത്യമായി താരതമ്യം ചെയ്യാന്‍ നല്ല സൌകര്യം.

ഒരു കണ്‍ഫ്യൂഷന്‍ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. കണ്ണൂര്‍ എന്ന് ഞാന്‍ എഴുതുന്നത് കണ്ണൂര്‍ നിയമസഭാമണ്ഡലത്തെ മാത്രമാണ്. കണ്ണൂര്‍ജില്ലയെ മൊത്തത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ജില്ല എന്ന് മാത്രമായിരിക്കും എഴുതുക. അതായത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലയിലെ പത്ത് നിയമസഭാമണ്ഡലങ്ങളില്‍ ഒന്ന് മാത്രമായ കണ്ണൂരിലാണ്.

ഇനി പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്കണക്കുകളിലൂടെ ഒന്ന് സഞ്ചരിക്കാം. ഔദ്യോഗികക്രമമല്ല, എനിക്ക് സൌകര്യം എന്ന് തോന്നിയ ക്രമത്തിലാണ് സഞ്ചാരം. ക്രമനിയമം ബാധകമല്ലാത്ത ഗണിതക്രിയയാണിത്.

1.എടക്കാട്
1982 മുതല്‍ 2006 വരെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക:


സത്യത്തില്‍ സുധാകരന്റെ സ്വന്തം തട്ടകം എടക്കാടാണ്. 1982ല്‍ ജനതാപാര്‍ട്ടിക്കാരനായി ഇവിടെ മത്സരിച്ച് തോറ്റു. 91ല്‍ സി പി എം കരുത്തന്‍ ഒ. ഭരതനെതിരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. ഇരുന്നൂറ്റി ചില്ല്വാനം വോട്ടിന്റെ തോല്വി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്, കള്ളവോട്ട് ഒക്കെ ആരോപിച്ച് ഈ ഫലത്തിനെതിരെ സുധാകരന്‍ കോടതിയിലെത്തി. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയും സമ്പാദിച്ചു. മനോരമയുടെ നേരെ ചൊവ്വേയില്‍ ഈ വിധിയെപ്പറ്റിയാണെന്ന് തോനുന്നു, കേരളത്തില്‍ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ വിജയം കണ്ടവനാണ് താന്‍ എന്ന് സുധാകരന്‍ വീരവാദം പറയുന്നത്കേട്ടു. പക്ഷെ കഥയുടെ ശേഷഭാഗം എന്തെന്നാല്‍ ഒ ഭരതന്‍ സുപ്രീംകോടതിയില്‍ പോവുകയും ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും ചെയ്തു. ഈ 91ലെ തെരെഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പും ഒപ്പം നടന്ന വര്‍ഷമാണത്. സുധാകരനെ തോല്‍പ്പിച്ചപ്പോള്‍തന്നെ ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. സുധാകരന്‍ ഉശിരുള്ള ആണ്‍കുട്ടിയായിരുന്നെങ്കില്‍ 1996ല്‍ ഇവിടെ വീണ്ടും മത്സരിച്ച് ജയിക്കണമായിരുന്നു. അതല്ല ഉണ്ടായത്. അദ്ദേഹം സുരക്ഷിതമണ്ഡലമായ കണ്ണൂരിലേക്ക് മാറി. 1996ല്‍ എം വി ജയരാജന്‍ മത്സരിക്കുന്നതോടെ എടക്കാട് പൂര്‍ണ്ണമായും ഒരു സി പി എം കോട്ടയായി മാറി. 2001 ലും വന്‍ വിജയം ആവര്‍ത്തിച്ച സി പി എം 2006ല്‍ ഈ മണ്ഡലം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കുകയായിരുന്നു.


കണ്ണൂര്‍
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെതന്നെ ഏറ്റവും വലീയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ഇന്നേവരെ ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടില്ല. ലീഗ് ഇടതുപക്ഷത്തായിരുന്നപ്പോള്‍പോലും. കണ്ണൂരിന്റെ പോക്ക് എങ്ങനെയായിരുന്നെന്ന് പട്ടിക കാണുക


91ല്‍ വീരശൂരപരാക്രമി സുധാകരന്‍ സുരക്ഷിതത്വം തേടി ഇവിടെയെത്തുന്നതിനുമുമ്പ് സൌമ്യപ്രകൃതക്കാരനായ എന്‍ രാമകൃഷണനായിരുന്നു ഇവിടത്തെ എം എല്‍ എ. അതിനും മുമ്പ് മറ്റൊരു പാവം മനുഷ്യന്‍. ചെരുപ്പുപോലും ഇടാതെ കണ്ണൂര്‍ മുഴുവന്‍ നടന്നുസഞ്ചരിച്ചിരുന്ന ഗാന്ധിയന്‍ പി. ഭാസ്കരന്‍. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു സി പി എം ഭീകരതയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ പൊതുസമ്മതനായ ഒരാള്‍ കണ്ണൂരിലെ സി പി എം ല്‍ ഉണ്ടായിരുന്നു - ടി കെ ബാലന്‍. ബാലേട്ടന്റെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ ഒരു കണ്ണ് പോയി.


96ല്‍ എടക്കാട് സുധാകരന്‍ കാണിക്കാതിരുന്നതിലും വലീയ ധീരത പക്ഷെ ഇത്തവണ സി പി എം കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വന്‍ കോട്ടയില്‍ ഒരു സംസ്ഥാനനേതാവായ എം വി ജയരാജനെ മത്സരിപ്പിക്കുന്നു.



ഇരിക്കൂര്‍
ജില്ലയുടെ പേര് ഇരിക്കൂര്‍ എന്നായിരുന്നെങ്കില്‍ പിണറായിയുടെ തട്ടകത്തില്‍ അങ്ങോരെ മലര്‍ത്തിയടിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ സുധാകരനേക്കാള്‍ യോഗ്യനായ ഒരാളുണ്ടാകുമായിരുന്നു - കെ സി ജോസഫ്!! കാരണം തെരെഞ്ഞെടുപ്പ്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും വണ്ടികയറി കെ സി ജോസഫ് ഇവിടെയെത്തും. ജയിച്ചുപോകും. അത്രകണ്ട് യു ഡി എഫ് മണ്ഡലമാണ് ഇത്. ഇനി കണക്കുകള്‍ നോക്കാം.
പേരാവൂര്‍
പേരാവൂര്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് നേരിയ മുന്തൂക്കം ഉണ്ടായിരുന്നതായി കാണാം. പട്ടിക കാണുക.

പെരിങ്ങളം
പെരിങ്ങളത്ത് 82ല്‍ ഇടതിന് വലീയ വോട്ട് കിട്ടി. 87 മുതലുള്ള പാറ്റേണാണ് മണ്ഡലത്തിന്റെ സ്വഭാവമായി കണക്കാക്കാവുന്നത്. ഇരുമുന്നണികളും തുല്യശക്തികളായിരുന്നു ഇവിടെ.


തലശ്ശേരി
പെരിങ്ങളത്തേത് പോലെ തലശ്ശേരിയിലും 82ല്‍ ഇടതിന് വന്‍ മാര്‍ജിന്‍ ഉണ്ടായി. മണ്ഡലത്തിന്റെ സ്വഭാവം 87മുതലുള്ള പാറ്റേണ്‍ അനുസരിച്ച് നിര്‍ണ്ണയിക്കാനാവും.



അഴീക്കോട്
ഇടത്പക്ഷത്തിന് വ്യക്തമായ മുന്തൂക്കമുള്ള എന്നാല്‍ യു ഡി എഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. 87ല്‍ സി എം പി രൂപീകരിച്ചവേളയില്‍ എം വി രാഘവനിലൂടെ യു ഡി എഫ് ജയിച്ചിട്ടുമുണ്ട്.

അടുത്ത മൂന്ന് മണ്ഡലങ്ങള്‍ - കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍- മൂന്നും സി പി എംന്റെ ശക്തികേന്ദ്രങ്ങളാണ്.


കൂത്തുപറമ്പ്

തളിപ്പറമ്പ്

10. പയ്യന്നൂര്‍



പത്തുമണ്ഡലങ്ങളുടെയും ചിത്രം ആയി. ഇനി ജില്ലയെ മൊത്തത്തിലെടുത്താലുള്ള കണക്കുകള്‍ എങ്ങനെയെന്ന് നോക്കുക.

1982നെയും 2006നെയും മാത്രം നോക്കുമ്പോള്‍ നേരിയരീതിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി എന്ന് തോന്നാം. എന്നാല്‍ 82ലെ തെരെഞ്ഞെടുപ്പുല്‍ തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ അത്യധികമായ മാര്‍ജിനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ആ വലീയ മാര്‍ജിന്‍ ശരാശരിയെ സ്വാധീനിച്ചതാണ്. എന്തായിരുന്നു അന്ന് അങ്ങനെ സംഭവിക്കാനുള്ള കാരണം എന്നറിയില്ല. എന്തായാലും അത് വേറിട്ട ഒരു കാര്യം എന്നല്ലാതെ ഒരു വോട്ടിംഗ് പാറ്റേണില്‍ ഉള്‍പ്പെടുത്താനാവില്ല. അതുകൊണ്ട്തന്നെ ജില്ലയുടെ സ്വഭാവപരിണാമം മനസ്സിലാക്കാന്‍ 1987 മുതലുള്ള കണക്കുകളാണ് ഉത്തമം.

കണ്ണൂരിലെ കോണ്‍ഗ്രസ്സ്, സുധാകരന്റെ വരവിനു ശേഷം - ഇങ്ങനെ സമ്മറൈസ് ചെയ്യാം.

  • ഉറച്ച കോണ്‍ഗ്രസ്സ് കോട്ടകളായിരുന്ന കണ്ണൂരിലും ഇരിക്കൂറിലും കനത്ത വെല്ലുവിളി നേരിടുന്നു
  • നേരിയ മുന്തൂക്കം ഉണ്ടായിരുന്ന പേരാവൂരും പെരിങ്ങളവും ഇടത്തോട്ട് ചാഞ്ഞുകഴിഞ്ഞിരിക്കുന്നു
  • ഒന്നാഞ്ഞുപിടിച്ചാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്ന എടക്കാടും അഴീക്കോടും ഉറച്ച ഇടതുമണ്ഡലങ്ങളായി മാറിയിരിക്കുന്നു
  • തലശ്ശേരിയില്‍മാത്രം അല്പം മുന്നേറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 65% വോട്ടിന്റെ കുറവുണ്ടായി എന്നോര്‍ത്താല്‍ ഈ മുന്നേറ്റത്തിന്റെ കാരണം വ്യക്തം
  • അല്പമൊക്കെ പൊരുതിയിരുന്ന പരമ്പരാഗത സി പി എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ അതി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നു

എല്ലാം കള്ളവോട്ടും ബൂത്തുപിടുത്തവുമല്ലേ എന്ന സ്ഥിരം പല്ലവി പാടാനൊരുങ്ങുന്നവര്‍ക്ക് 2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പത്രസമ്മേളനം ഓര്‍ക്കാം. കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ് സണ്ണി പറഞ്ഞത്. ഏറ്റവും ദയനീയ പരാജയവും കോണ്‍ഗ്രസ്സിനുകിട്ടിയത് ആ തെരെഞ്ഞെടുപ്പില്‍!

നാല്‍പ്പതുകളിലെയോ മറ്റോ കാര്യമാണ്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപ്പിള്ള കണ്ണൂരില്‍ ബസ്സിറങ്ങുന്നു. കാത്തിരുന്ന ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പദ്മനാഭന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നത്രെ. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു കഥയും എഴുതിയിട്ടുണ്ട്. ടി പദ്മനാഭന്റെ ഒരഭിമുഖത്തില്‍നിന്നും അദ്ദേഹം തന്നെ പറയുന്നത് കേട്ടതാണ്. അതെന്തോ ആവട്ടെ, വാര്‍ത്താവിനിമയോപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കൃഷ്ണപ്പിള്ളയെപ്പോലെ ഒരു നേതാവ് പട്ടാപ്പകല്‍ ഇത്ര ആസൂത്രിതമായി ആക്രമിക്കപ്പെടുമെങ്കില്‍ അന്നാട്ടിലെ സാദാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവും എന്ന് ആലോചിച്ചുനോക്കൂ. സി പി എം എന്ന പാര്‍ട്ടിയെ അന്നത്തെ അതേ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ്സിലുണ്ട്. അവരുടെ ഊര്‍ജ്ജവും ആവേശവും കേടാതെ സൂക്ഷിക്കുക എന്നതാണ് കെ സുധാകരന്‍ ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറുകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുക. അതില്‍ ഹീറോയായി അഭിനയിക്കുക. ഇതിനിടയില്‍‍‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് ആരോഗ്യം ചോര്‍ന്ന് ശുഷ്കിച്ചുകോണ്ടേയിരിക്കുന്നു.

ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. അല്ലെങ്കിലും നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.

തെരെഞ്ഞെടുപ്പ് കണക്കുകള്‍ക്ക് അവലംബം keralaassembly.org

Thursday, October 8, 2009

സ്വാശ്രയകോളജുകളിലെ ആത്മഹത്യകള്‍

“കാശെത്ര കൊടുത്താലെന്താ, എന്താ അവിടുത്തെ ഡിസിപ്ലിന്‍, എന്താ ഫെസിലിറ്റീസ്, ഇതൊനൊക്കെ പിന്നെ കാശുകൊടുക്കാതൊക്കുമോ?“

മലയാളി മധ്യവര്‍ഗ്ഗത്തിന്റെ നിരവധി പൊങ്ങച്ചഡയലോഗുകളില്‍ ഒന്നാണിത്. സന്ദര്‍ഭം സ്വന്തം മകന്റെയോ മകളുടെയോ സ്വാശ്രയ കോളജിനെക്കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭം.

ഇങ്ങനെ ആള്‍ക്കാര്‍ പറഞ്ഞുകിട്ടിയാല്‍ അത് അമൂല്യമായ ഒരു സ്വത്താണ് സ്വാശ്രയകോളജുകള്‍ക്ക്. തങ്ങള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയെ തങ്ങളുടെ ‘ക്ലയന്റ്സ്’തന്നെ വെള്ളപൂശുന്നു. അതുകൊണ്ട് ഈ ‘ഡിസിപ്ലിന്‍’ കോളജ് മാനേജ്മെന്റുകള്‍ക്ക് പരമപ്രധാനമാണ്. അച്ചടക്കപാലനത്തിനായി അവര്‍ ചെയ്ത മനുഷ്യാവകാശ ധ്വംസനത്തിന്റെയും വ്യക്തിയുടെ സ്വകാര്യതയിലേക്ക് നടത്തിയ കുറ്റകരമായ കടന്നുകയറ്റത്തിന്റെയും പരിണതഫലമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം. ഒപ്പം പ്രണയം പോലുള്ള ‘ദുശ്ശീല’ങ്ങളില്‍നിന്ന് മക്കളെ മോചിതരാക്കാന്‍ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ നോക്കാതെ ഈ അച്ചടക്കക്കോട്ടകളിലേക്ക് അവരെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണിത്.

ഞാന്‍ പഠിച്ച സ്ക്കൂളുകളും കോളജുകളും അച്ചടക്കത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസകാലം അവസാനിച്ച് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. സ്ക്കൂളിലെയും കോളജിലെയും അടുത്ത സുഹൃത്തുക്കള്‍ ഇപ്പോഴും അങ്ങനെതന്നെ. (ഇന്റര്‍നെറ്റിനു നന്ദി). അല്ലാതെ സഹപാഠികളായിരുന്ന പലരെയും പലേടത്തും വച്ചും കണ്ടുമുട്ടിക്കോണ്ടേയിരിക്കുന്നു. ഈ ദുബായില്‍ വച്ചുതന്നെ എത്രപേരുമായി അങ്ങനെ പരിചയം പുതുക്കിയിരിക്കുന്നു! എല്ലാവരും സാമാന്യം ഭംഗിയായാണ് ജീവിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.

പറയുന്നത് നമുക്ക് വളരെ വിശദമായ ഒരു സര്‍വ്വെ ആവശ്യമാണ്. കഴിഞ്ഞ മുപ്പത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ താരതമ്യപഠനം. ഉയര്‍ന്ന അച്ചടക്കം നിഷ്ക്കര്‍ഷിക്കുന്ന അണ്‍ എയ്ഡഡ് - സ്വകാര്യമാനേജ്മെന്റ് വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും അച്ചടക്കപാലനത്തിനായി ഒരു എക്സ്ട്രാ എഫെര്‍ട്ടും നടത്താത്ത(അതുകൊണ്ട് അച്ചടക്കമില്ലാത്ത സ്ഥാപനങ്ങള്‍ എന്ന് അര്‍ത്ഥമില്ല) വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും തമ്മിലൊരു താരതമ്യപഠനം. വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ധാര്‍മ്മികത, തൊഴില്‍ രംഗത്തെ അഭിവൃദ്ധി, സാമൂഹ്യജീവിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെ പഠനവിധേയമാക്കണം. വലീയ ഒരു ടാസ്ക്ക് ആയിരിക്കും തീര്‍ച്ച. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അച്ചടക്കത്തെയും സൌകര്യങ്ങളെയും കുറിച്ചുള്ള മിഥ്യാധാരണകളില്‍നിന്ന് ഒരു ചെറീയശതമാനത്തെയെങ്കിലും മോചിപ്പിക്കാനായാല്‍ അതൊരു വലീയ നേട്ടമായിരിക്കും.

Thursday, September 17, 2009

തരൂറും ജിംനേഷ്യവും പിന്നെ ഇക്കണൊമി ക്ലാസ്സ് യാത്രയും

എന്തുകൊണ്ട് താങ്കള്‍ക്ക് കേരള ഹൌസില്‍ താമസിച്ചുകൂടാ? ട്വിറ്ററില്‍ തരൂര്‍ജിയോട് ചോദ്യം.

മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ ഫാന്‍സിനെ കോരിത്തരിപ്പിച്ച് കൊണ്ട് ഉത്തരം:രണ്ട് കാരണങ്ങള്‍, കേരളഹൌസില്‍ ജിംനേഷ്യമില്ല. പിന്നെ ഓവര്‍ക്രൌഡഡ്. എന്നാലും ജനങ്ങളോട് ഇടപെടാന്‍ ഞാന്‍ ദിവസവും ഏതാനും സമയം അവിടെ ചിലവഴിക്കുന്നുണ്ട്.

ശശി തരൂര്‍ വര്‍ഷങ്ങളായി ജിംനേഷ്യത്തിലെ അഭ്യാസം ശീലമാക്കിയ ആളാണ്. ഒട്ടും ദുര്‍മേദസ്സിലാത്ത ശരീരമാണങ്ങേരുടേത്.

ഇനി ഇദ്ദേഹത്തിന് ഇങ്ങനെയൊരു ശീലം ഇല്ലായിരുന്നെങ്കിലോ? ഇപ്പോഴുള്ളതില്‍നിന്നും ഒരു പത്തുകിലോയെങ്കിലും കൂടുതലുണ്ടാവുമായിരുന്നു എന്ന് കരുതാം. അങ്ങനെവന്നാല്‍ നിസ്സംശയം ഇദ്ദേഹം ശര‍ദ് പവാറിനോടും ഫാറൂഖ് അബ്ദുള്ളയോടും മത്സരിക്കാവുന്ന ഒരു ഉരുപ്പടിയായേനെ.

എന്നാലോ, തികച്ചും ന്യായമായ പവാറും ഫാറൂഖും പറഞ്ഞ എക്സ്യൂസ് അവതരിപ്പിക്കാമായിരുന്നു, മാഡത്തിനുമുന്നില്‍- തടിയും പൊക്കവും കാരണം കാറ്റ്ല് ക്ലാസ് പറ്റില്ല. എന്തെങ്കിലും ന്യായം പറഞ്ഞ് കോണ്‍ഗ്രസ്സ് ഇങ്ങേരെ ഒഴിവാക്കിക്കൊടുത്തേനെ.

ശശി തരൂറിന്റെ കാറ്റ്ല് ക്ലാസ്, ഹോളി കൌ പ്രയോഗങ്ങളെക്കുറിച്ച് ചര്‍ച്ച പലയിടത്തും നടക്കുന്നുണ്ട്. ഇംഗ്ലീഷ് അറിയുന്നവരും അറിയാത്തവരുമായ ശശി തരൂര്‍ ഫാന്‍സുകാര്‍ ആ പ്രയോഗങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുക മാത്രമല്ല, മഹത്വം കല്പിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കുന്നു! കഷ്ടം. ഇത്തരക്കാരുടെ മസ്തിഷ്കം പുഷ്ടിപെട്ടാലേ തരൂര്‍ജിക്ക് മന്ത്രിപ്പണിയും വിവാദങ്ങളുമില്ലാതെ സ്വസ്ഥമായി ഏതെങ്കിലും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ദുര്‍മേദസ്സിനെ പ്രതിരോധിക്കാനുള്ള വ്യായാമത്തിലേര്‍പ്പെടാന്‍ കഴിയൂ.

എന്റെ വിഷയം അതല്ല. ഈ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നത് അത്ര അഭിലഷണീയമാണോ. ഒരു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് യാത്രചെയ്യുമ്പോള്‍ അങ്ങേരുടെ മൂന്ന് മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തുന്നതല്ലേ ഇക്കണൊമി സീറ്റ്. മര്യാദക്ക് ഒന്ന് ഉറങ്ങാനെങ്കിലും പറ്റുമോ. അതേ സമയം ബിസിനസ്സ് ക്ലാസ്സില്‍ സ്വസ്ഥതയോടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും വായനയോ പഠനമോ ആവാം. അല്ലെങ്കില്‍ ഏതെങ്കിലും കീറാമുട്ടി പ്രശ്നത്തിന്റെ ചുരളഴിക്കാനുള്ള ക്രിയാത്മകമായ ചിന്തകളിലേര്‍പ്പെടാം. യാത്രക്ക് ശേഷമുള്ള പരിപാടികളില്‍ ഊര്‍ജ്ജസ്വലമായി പൂര്‍ണ്ണമായ ഇന്‍-വോള്‍മെന്റോടെ പങ്കെടുക്കാം. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് ലാഭമല്ലേ ഉണ്ടാവൂ. ഇനി ഇതൊന്നും ചെയ്യാതെ കന്നാലികളെപ്പോലെ യാത്രചെയ്യുന്നവരാണോ നമ്മുടെ മന്ത്രിമാര്‍. കൂടുതല്‍ വിഷമകരം ഇങ്ങനെയൊരുവാദം ഉയര്‍ത്താന്‍ യു പി എയില്‍ ഒരു മന്ത്രിയും ഒരു എം പി യും ഉണ്ടായില്ല എന്നതാണ്. എതിര്‍ത്തവര്‍ പറഞ്ഞത് തങ്ങളുടെ ദുര്‍മേദസ്സിന്റെ കാര്യം!

മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. ലളിതജീവിതത്തെയും ഒരു പരിധിവരെ ദാരിദ്ര്യത്തെയും ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുന്നത് മാധ്യമങ്ങളുടെ ഒരു ശീലമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയൊരു ഗിമ്മിക്കുമായി രംഗത്ത് വന്നപ്പോള്‍ ഈ നടപടികൊണ്ട് ഉദ്ദേശം എന്ത്മാത്രം ചെലവ് ചുരുക്കാം എന്നതിനെക്കുറിച്ചൊന്നും അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താത്തത്. ചുരുങ്ങിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തോടെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നത്. വിമാനം ആകാശത്തുകൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള ദരിദ്രകോടികളുടെ രാജ്യമാണ് ഇന്ത്യ. ആ ജനതയോട് അനുഭാവം പ്രകടിപ്പിക്കാന്‍ വരള്‍ച്ചാക്കാലത്ത് ഇക്കണോമി ക്ലാസ്സില്‍ യാത്രചെയ്യുന്നു മന്ത്രിമാര്‍! ഹൊ! മഹത്തരം! ഇങ്ങനെയൊരു ചിന്തമാത്രം മുന്നോട്ട് വെക്കാന്‍ കഴിയുന്നതരത്തില്‍ സ്വയം പരിമിതി തീര്‍ത്ത ഒന്നാണ് നമ്മുടെ മീഡിയ.

ശശി തരൂറിനെപ്പോലുള്ളവര്‍ നമുക്ക് പറ്റിയ വിഡ്ഡിത്തമാകുന്നത് അവരുടെ ആര്‍ഭാടജീവിതം കൊണ്ടുമാത്രമല്ല. അവരുടെ ആവിശ്യങ്ങള്‍ എന്തെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കറിയാത്തതുകൊണ്ടുകൂടിയാണ്. അതെങ്ങനെ? അതിനെക്കുറിച്ച് അവര്‍ക്ക്തന്നെ ബോധ്യമില്ലല്ലോ. ആവിശ്യങ്ങള്‍ എന്നാല്‍ അവര്‍ക്ക് ജിംനേഷ്യവും സ്വകാര്യതയും മാത്രമല്ലേ.

Tuesday, September 8, 2009

കൊല്ലനും പോലീസും

മുത്തൂറ്റ് പോള്‍ വധക്കേസില്‍ അന്വേഷണത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ നിഷ്കരുണം, നിഷ്പ്രയാസം പോലീസ് കബളിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ പോസ്റ്റിന്റെ പശ്ചാത്തലം. എന്നാലിതാ പോലീസ് നടത്തുന്ന കള്ളത്തരങ്ങളെ അസാമാന്യമായ മിടുക്കോടെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു ഏഷ്യാനെറ്റ്!

പോളിനെ കുത്താനുപയോഗിച്ച കത്തി പോലീസ് പണിയിച്ചതാണെന്ന് 'അത്' പണിഞ്ഞ കൊല്ലനെ ഹാജരാക്കിക്കൊണ്ട് ഏഷ്യാനെറ്റ് ഒരു കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുന്നു.

സമാന്തര അന്വേഷണം നടത്തരുതെന്ന് മാധ്യമങ്ങളോടുള്ള കോടിയേരിയുടെ അഭ്യര്‍ത്ഥന ഏഷ്യാനെറ്റ് ഏതായാലും പാലിച്ചിരിക്കുന്നു. സമാന്തര അന്വേഷണമെന്നാല്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരലാണ്. ബിനീഷ് കൊടിയേരിയെങ്കില്‍ ബിനീഷ് കൊടിയേരി, അതല്ല മുത്തൂറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ആരെങ്കിലുമെങ്കില്‍ അയാള്‍, അതല്ല അവരുടെ ബിസിനസ്സ് വൈരികളാരെങ്കിലുമെങ്കില്‍ അയാള്‍, അങ്ങനെയങ്ങനെ ആരുമാ‍വാം. പോലീസ് കണ്ടെത്തുന്നതിന് മുമ്പെ അക്കാര്യം വെളിപ്പെടുത്താം. അല്ലെങ്കില്‍ പോലീസ് കുറ്റവാളികളെ അവതരിപ്പിച്ചതിനുശേഷം അതിനെ ഖണ്ഡിച്ചോ കൂട്ടിച്ചേര്‍ത്തോ ഒക്കെ തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് അവതരിപ്പിക്കാം.

ഇവിടെ പോലീസിനെ ഓഡിറ്റ് ചെയ്യുകയാണ് ഏഷ്യാനെറ്റ്. ഓഡിറ്റിംഗ് എന്നാല്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് എന്നുമാത്രമാണ് എന്ന പൊതുധാരണ തിരുത്തേണ്ട കാലമാണിത്. സോഷ്യല്‍ ഓഡിറ്റിംഗ് പോലുള്ള കാര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കൊണ്ടുവരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പോലീസിനെ അത്തരത്തില്‍ ഓഡിറ്റ് ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷെ, പോലീസ് ജോലി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്തുകളയരുത്. പോലീസിന്റെ അന്വേഷണ രീതി, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങി ഏതെങ്കിലും ബന്ധപ്പെട്ട ശാഖകളില്‍ എന്തെങ്കിലും പ്രാഥമികമായ അറിവെങ്കിലും ഉള്ളവരാണോ ഇങ്ങനെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ഇതൊന്നും ഇല്ലാത്തവര്‍ക്കും തങ്ങളുടെ സാമാന്യയുക്തിയും സാമര്‍ത്ഥ്യവും ഒക്കെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാം. സത്യം കണ്ടെത്തുകയുമാവാം. എന്നാല്‍ നാട്ടിലെ യോഗ്യതയുള്ള ഔദ്യോഗിക സേന കേസന്വേഷണം നടത്തുന്നതിനിടയില്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കത്തരത്തില്‍ തങ്ങളുടെ 'കണ്ടെത്തലുകള്‍' ഇങ്ങനെ വിളിച്ചുപറയരുത്.

ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍ കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുക. അല്ലെങ്കില്‍ പോലീസിന്റെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കുക. അതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിക്കരുത്. അത് അപക്വമാണ്, അപകടകരമാണ്.

ഈ കേസ് കേരളപോലീസ് അന്വേഷിച്ചാല്‍ ശരിയാവുകയില്ല, പ്രതികളും യു ഡി എഫും പറയുന്നതുപോലെ സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലത് എന്ന് പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടാന്‍ ഇത്തരം വികൃതമാധ്യമറിപ്പോര്‍ട്ടുകള്‍ കാരണമാവും. അങ്ങനെവന്നാല്‍ കോടതികള്‍ക്കോ സംസ്ഥാന സര്‍ക്കാരിനുതന്നെയോ ആ ജനവികാരത്തെ തള്ളിക്കളയാനാവില്ല. ഈ കേസ് സി ബി ഐ അന്വേഷിച്ചാല്‍ സത്യം കുഴിച്ചുമൂടപ്പെടും. പോള്‍ മുത്തൂറ്റ് ഡെല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍നിന്നും സ്ത്രീപീഡനക്കേസില്‍നിന്നും കുറ്റവിമുക്തനായതിനുപിന്നില്‍ ഏതെങ്കിലും തല്പരകക്ഷികള്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ആ ശക്തികള്‍ക്ക് സി ബി ഐ അന്വേഷണത്തിലും ഇടപെടാനാവും. ഇനി അങ്ങനെ ഈ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ പുറത്തുവരരുത് എന്നതാണ് മറ്റ് പലരെയും പോലെ ഏഷ്യാനെറ്റിന്റെയും ലക്ഷ്യമെങ്കില്‍ ആ കൊല്ലനെ കണ്ടെത്തിയതിനുപിന്നിലെ സാമര്‍ത്ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

Saturday, August 29, 2009

അന്വേഷണാത്മക പത്രപാരായണം.

മലയാള മാധ്യമ പ്രവര്‍ത്തകര്‍ ബഹു മിടുക്കന്മാരാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി എന്തെല്ലാമാണ് അവര്‍ വെളിച്ചത്ത് കൊണ്ടുവന്നത്! പോള്‍ ജോര്‍ജ്ജ് മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കണ്ടെത്തുന്നതുമുമ്പെ എന്തെല്ലാം സത്യങ്ങള്‍ അവര്‍ മാലോകരെ അറിയിച്ചു! പോലീസ് കണ്ടെത്തിയതായി പറയുന്ന കാര്യങ്ങളാകട്ടെ വെറും കെട്ടുകഥകളാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കയല്ലേ! അന്വേഷണാത്മക പത്രപ്രവര്‍ത്തനം ജേര്‍ണലിസത്തിന്റെ അടിസ്ഥാനമാണ്. അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഏത് മന്ത്രിക്കാണ് അധികാരം? മിടുക്കന്മാരായ അവര്‍ക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ. പോലീസിനും കഴിവുണ്ട്, മിടുക്കുണ്ട്. പക്ഷെ, പറഞ്ഞിട്ടെന്താ, രാഷ്ട്രീയ ഇടപെടലുകാരണം സത്യം മൂടിവെച്ച് തിരക്കഥ രചിക്കാനല്ലേ അവര്‍ക്കാവുന്നുള്ളൂ. ഇപ്പോള്‍ ഒരാഴ്ചയാ‍യി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവികളാണ്. മനോരമ ന്യൂസിലാവട്ടെ പോലീസിനെ അഭിനന്ദിച്ച് ഭരണപക്ഷത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും മിണ്ടാന്‍ തുടങ്ങുമ്പോഴേ കൌണ്ടര്‍ പോയന്റുമായി വരും: “ഇതെല്ലാം പോലീസിനുമുമ്പെ ജനത്തെ അറിയിച്ചത് മാധ്യമങ്ങളല്ലെ ശ്രീ....., മാധ്യമങ്ങളുടെ ജാഗ്രതയില്ലാരുന്നെങ്കില്‍..........“

മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര്‍ തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?

അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:

ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.

തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്‍ ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.

ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.

സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്‍. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന് ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.

മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.

ബി ജെ പിക്കാരന്‍ 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള്‍ മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.

ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്‍ഫന്‍ തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന്‍ ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന്‍ കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?

Friday, August 21, 2009

ആസിയാന്‍ കരാറും ഉപഭോക്താക്കളും

'ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കും. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ വില ലഭിക്കും’

ഈ വാദം നമ്മള്‍ കേട്ടത് എപ്പോഴാണെന്ന് മറന്നിട്ടില്ലല്ലോ. ചില്ലറ വ്യാപാര മേഖല ബഹുരാഷ്ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത സന്ദര്‍ഭത്തില്‍. ആരാ ഈ വാദങ്ങള്‍ ഉയര്‍ത്തിയത്- നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധരും വലത് രാഷ്ട്രീയക്കാരും. അവരുടെ നായകസ്ഥാനത്ത് പതിവുപോലെ മന്മോഹനും ചിദംബരവും.

മറുപടിയായി എതിര്‍ക്കുന്നവര്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു-‘തുടക്കത്തില്‍ അങ്ങനെയൊക്കെയായിരിക്കും. കാലക്രമേണ എല്ലാ നിയന്ത്രണങ്ങളും ഈ ബഹുരാഷ്ട്രകമ്പനികളുടെ കയ്യിലാവും. ഉപഭോക്താക്കളും കര്‍ഷകരടക്കമുള്ള ഉല്പാദകരും ഇവരുടെ ചൊല്‍പ്പടിക്കാവും’.

എന്നിട്ടെന്താ കണ്ട കാഴ്ച? കാലം ഒട്ടും കഴിയേണ്ടിവന്നില്ല. തുടക്കം മുതല്‍തന്നെ കാര്യങ്ങള്‍ ഈ വമ്പന്മാരുടെ വരുതിയിലായി. ഉപഭോക്താവിന് വില കുറച്ചും കിട്ടിയില്ല, കര്‍ഷകന് വില കൂടുതലും കിട്ടിയില്ല. അരിയും ഗോതമ്പുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ പ്രധാനപ്രശ്നമാണ്. കാരണം മാത്രം കണ്ടെത്താനായിട്ടില്ല. ഇടതു പിന്തുണ നഷ്ടപ്പെട്ട് കഴിഞ്ഞ UPA സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ വേളയില്‍ ചിദംബരത്തിന്റെ പാര്‍ലമെന്റിലെ മറുപടി പ്രസംഗത്തില്‍ കേട്ടത് അരിക്കും ഗോതമ്പിനുമൊക്കെ റിക്കോഡ് ഉല്പാദനമുണ്ടായെന്നാണ്. ഈ വര്‍ഷം അതിനെയും മറികടന്ന് ഉല്പാദാനത്തില്‍ പുതിയ റെക്കോഡ് ഉണ്ടായെന്ന് ശര്‍ദ് പവാറിന്റെ പ്രസ്താവന ഇന്ന് വന്നിരിക്കുന്നു. ഇന്ത്യാക്കാരന്റെ ഉപഭോഗം കൂടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസം മുമ്പ് വരെ ഉയര്‍ന്ന നാണയപ്പെരുപ്പം കാരണമായി കേട്ടിരുന്നു.

ഇപ്പോഴോ - നാണ്യശോഷണം, സാമ്പത്തികമാന്ദ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വില കുറയേണ്ടതാണ്, സാമ്പത്തിക ശാസ്ത്രപ്രകാരം. എന്തു വിശദീകരണം നടത്താനുണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക്. ഓ, അദ്ദേഹം ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ. അദ്ദേഹത്തെ അങ്ങ് വിശ്വാസത്തിലെടുത്തേക്കണം. നമ്മളുടടുത്ത് വിശദീകരിക്കലും ചര്‍ച്ചചെയ്യലുമൊന്നും അദ്ദേഹത്തിന്റെ പണിയല്ല. അതൊക്കെ അദ്ദേഹം അമേരിക്കയുമൊത്ത് അല്ലെങ്കില്‍ മുതലാളിമാരുമൊത്ത് മാത്രമെ ചെയ്യാറുള്ളൂ.

ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്ക് തിരിച്ചുവരാം- ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമാവും. ഇത് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ആസിയാന്‍ കരാറാണു വിഷയം.

തുലോം കുറവായ വ്യാപാരികളെയല്ല, ഉപഭോക്താക്കള്‍ എന്ന സാധാരണജനത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് അന്ന് പറഞ്ഞുകേട്ടു. അതേ വാദം ഇപ്പോഴും. ഏതാനും കര്‍ഷകരെയല്ല, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ സാധാരണജനം കര്‍ഷകരല്ല. വിദേശത്ത് ജോലിചെയ്യുന്നവരുടെ കുടുംബങ്ങളാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അവരുടെ ക്ഷേമമാണ് മുഖ്യം.

ചെറുകിട വ്യാപാരികള്‍ മത്സരക്ഷമമായാല്‍ ബഹുരാഷ്ട്രകുത്തകകളെ പേടിക്കേണ്ടതില്ല എന്ന ഉപദേശവും അന്ന് കേട്ടിരുന്നു. ആ ഉപദേശം ഇപ്പൊഴും. കര്‍ഷകര്‍ കോമ്പീറ്റന്റ് ആകണം.

അന്ന് ചെറുകിട വ്യാപാരികളെ കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ അധിക്ഷേപിക്കാനുള്ള സമാനപദങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമായിരിക്കാം.

ഇനി വമ്പന്‍ വ്യാപാരികള്‍ക്ക് ഉല്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഇറക്കുമതി ചെയ്യാം. അതുകൊണ്ട് അവയൊക്കെ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുമോ? ഇല്ല. ആ ചിന്തയേ മാറ്റി വെച്ചേര്. വില കുറക്കാനല്ല, മാനം മുട്ടെ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു!! അതാണ് വരള്‍ച്ച!!! വരള്‍ച്ചയുണ്ട് ശരി. പക്ഷെ അതിന് ഇത്ര മുഴം മുമ്പെ ഇത്ര ശക്തിയായി എറിയണോ?- പ്രധാനമന്ത്രിയുടെ പ്രസ്താവന, കൃഷി മന്ത്രിയുടെ പ്രസ്താവന, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉഗ്രന്‍ നിര്‍ദ്ദേശങ്ങള്‍. എന്റമ്മേ!!!

മുമ്പ് നമ്മുടെ നാട്ടില്‍ കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ചിരുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുള്ളതന്നെയുള്ള മൊത്തം/ചില്ലറ വില്പനക്കാരായിരുന്നു. അവര്‍ക്ക് സാമൂഹ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു. അവരുടെ ശേഷി പരിമിതമായിരുന്നു. രാഷ്ട്രീയ സ്വാധീനം പ്രാദേശികതലത്തില്‍ മാത്രമായിരുന്നു. അവരെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായിരുന്നു. ഇന്ന് നമ്മുടെ പട്ടണത്തില്‍ അരിയും പച്ചക്കറിയും മീനും വില്‍ക്കുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന അംബാനിമാരാണ്. അവര്‍ക്ക് ശതകോടികളുടെ ആസ്തിയുണ്ട്. ഏത് പാതിരാത്രിയിലും പ്രധാനമന്ത്രിയുടെ വരെ വീട്ടിലേക്ക് നടന്നുകയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരെ നിയന്ത്രിക്കാമായിരുന്ന നിയമങ്ങള്‍ എടുത്തുകളയപ്പെട്ടിരിക്കുന്നു.

അല്ലയോ ഉപഭോക്താവേ, ആസിയാന്‍ കരാറുകൊണ്ടൊന്നും നിങ്ങള്‍ക്കൊരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍ക്കാലം നിങ്ങള്‍ക്ക് സംഘടിക്കാനാവുമാവില്ല. തെളിഞ്ഞ ബുദ്ധിയുമായി അടുത്ത തലമുറ ഉപഭോക്താവ് വരും. അവര്‍ക്ക് അണിചേരാന്‍ സംഘടന ഇന്നലെത്തന്നെ ഇവിടെയുണ്ട്. ഇന്നുമുണ്ട്, നാളെയുമുണ്ടാവും. ഈ കരാറുകളെ, നയങ്ങളെ, അതിന്റെ വക്താക്കളെ എല്ലാം അവര്‍ ചവറ്റുകുട്ടയില്‍ തള്ളും.

Related Posts
ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്? by Manoj
ഉപഭോക്താക്കള്‍ സംഘടിക്കണം by K P സുകുമാരന്‍
കുമാരേട്ടാ...എന്റെ കുമാരേട്ടാ by മരത്തലയന്‍

Monday, July 13, 2009

നിയമത്തിനുമുന്നിലെ നിരപരാധി

“പിണറായി വിജയന്‍ കുറ്റവാളിയാണോ എന്നത് ഒന്നാമത്തെ ചോദ്യമല്ല. എന്തുകൊണ്ട് അദ്ദേഹം നിയമത്തിന്റെ മുന്നില്‍വരാന്‍ ഭയക്കുന്നു? രേഖാമൂലം കുറ്റാരോപിതനായ ഒരു പൊതുപ്രവര്‍ത്തകന് സ്വയം കുറ്റവാളിയല്ല എന്ന് പ്രഖ്യാപിക്കാനാവുമെങ്കില്‍ കരുണാകരനും ബാലക്രിഷണപിള്ളക്കുമെല്ലാം അങ്ങനെ ചെയ്യാമായിരുന്നല്ലൊ“

വാക്ക് എന്ന കമ്മ്യൂണിറ്റിയില്‍ നടക്കുന്ന വി എസ്സിനെ തരം താഴ്ത്തിയത് ശരിയോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഫൈസല്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റില്‍നിന്നും എടുത്ത വാചകങ്ങളാണ് മുകളില്‍. ഒറ്റനോട്ടത്തില്‍ യുക്തിഭദ്രം, ലളിതം.

നിയമത്തിനുമുന്നില്‍ വരാന്‍ ആര്‍ക്കാണ് ഭയം? കോടതിയില്‍ നിരപരാധിത്വം ആര്‍ക്കാണ് തെളിയിച്ചുകൂടാത്തത്? ലാലുപ്രസാദ് യാദവ് മുതല്‍ ബാലകൃഷ്ണപ്പിള്ള വരെ എത്രയോ പേര്‍ അത് ചെയ്തിട്ടില്ലേ? അതുകൊണ്ട് അവരെല്ലാം ശുദ്ധാത്മക്കളാണെന്ന് പൊതുസമൂഹം കരുതുന്നുണ്ടോ? തങ്ങള്‍ക്കെതിരെയുണ്ടായിട്ടുള്ള കേസുകളെക്കുറിച്ച് അവര്‍ ജനങ്ങളോട് എന്തെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം തങ്ങളുടെ പാര്‍ട്ടി അണികളോടെങ്കിലും.

ഇന്ത്യാരാജ്യത്ത് അസംഖ്യം നേതാക്കള്‍ക്കെതിരെ ദിനേനയെന്നോണം അഴിമതി ആരോപണങ്ങള്‍ വരുന്നൂ, കേസുകളുണ്ടാവുന്നു. അവര്‍ക്കെല്ലാം പ്രതികരിക്കാന്‍ പൊതുവാചകങ്ങള്‍- എന്റെ കൈകള്‍ ശുദ്ധമാണ്. ഏതന്വേഷണത്തെയും നേരിടും. നിയമത്തിനുമുന്നില്‍ നിരപരാധിത്വം തെളിയിക്കും.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ചിലര്‍ക്കെങ്കിലും ഒരു അഡീഷണല്‍ വാചകമുണ്ട്: ജനകീയകോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ഈ ജനകീയ കോടതി ഏതാണെന്നുള്ളത് അണ്ടര്‍സ്റ്റുഡ്.

കേരളത്തിലും ചിലര്‍ ഈ അഡീഷണല്‍ വാചകം പറഞ്ഞുനടന്നിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ. ഇപ്പോള്‍ പറയാറില്ല. പറയാന്‍ തുടങ്ങുമ്പോഴേക്ക് കുറ്റിപ്പുറം, കുറ്റിപ്പുറം, കുറ്റിപ്പുറം എന്ന് ബസ്സ് കിളിയുടെ ഈണത്തില്‍ മനോമുകരത്തില്‍ അലയടിക്കും.

അപ്പോള്‍ പറഞ്ഞുവന്നത്, കോടതി മുറിക്കുള്ളില്‍ എന്തോ നടക്കട്ടെ. കേസ് ശവപ്പെട്ടിക്കച്ചവടത്തിലായാലും മിസൈല്‍ കച്ചവടത്തിലായാലും നേരിട്ട് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും അവിടെ നിരപരാധിത്വം തെളിയിക്കാനും നേതാക്കളും പാര്‍ട്ടികളും സന്നദ്ധമാകണം എന്നല്ല, അതാണവര്‍ ആദ്യം ചെയ്യേണ്ടത്. ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിയമത്തിന്റെ സാങ്കേതികള്‍ ബാധ്യതകളാവുന്നില്ല. സത്യം തിരിച്ചറിയാന്‍ അവര്‍ക്കാവും.

മുഴുവന്‍ ജനത്തോടും വിശദീകരിക്കണമെന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടെങ്കിലും പറയണ്ടേ? പാര്‍ട്ടി തെറ്റുതിരുത്തിക്കുന്ന മാതാപിതാക്കന്മാരാണെന്ന് പറഞ്ഞത് വി എസ് അച്യുതാനന്ദനാണ്. നാട്ടില്‍ പ്രമാദമായ കേസില്‍ ഉള്‍പ്പെട്ട് മകന്‍ വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: എന്താടാ മോനേ ഈ കേള്‍ക്കുന്നത്? ഇതൊക്കെ ശരിയാണോടാ. അപ്പോള്‍ മകന്‍ എന്തു പറയണം - ഒക്കെ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം എന്നോ???!!!!

നാട്ടില്‍ പ്രമാദമായ കേസല്ല, കള്ളക്കേസ് നടക്കുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളുടെ സമ്മതത്തോടെ മകന്‍ ചെയ്ത കാര്യം, അന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ശരി എന്ന് അന്നും ഇന്നും ആ കുടുംബം വിലയിരിത്തിയിട്ടുള്ള, നാട്ടുകാരോട് പലതവണ വിശദീകരിച്ചുകഴിഞ്ഞ കാര്യം. ആ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല, കോടതിയില്‍ തെളിയിച്ചുവരട്ടെ എന്ന നിലപാട് ഉത്തരവാദിത്വമുള്ള ഒരു സാമൂഹ്യജീവിക്ക് ചേര്‍ന്നതോ? ഓര്‍ക്കുക, കോടതി നിരപരാധിയെന്ന് വിധിച്ച് വെറുതെവിട്ട മകനെ കുറ്റക്കാരനെന്ന് കണ്ട് പടിക്ക് പുറത്താക്കിയ പാരമ്പര്യമുള്ള കുടുംബമാണത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും പാര്‍ട്ടിയെ മാതാപിതാക്കള്‍ക്ക് തുല്യരായി കാണുന്നുവോ എന്നറിയില്ല. എന്നാലും ഒരു താരതമ്യത്തിന്റെ സൌകര്യത്തിനായി അങ്ങനെ കരുതാം. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവ് വന്നിരിക്കുന്നു. ആന്റണിയും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന മാതാപിതാക്കള്‍ ആരൊടും ഒന്നും ചോദിക്കുന്നില്ല. അന്വേഷണം നേരിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മകന്‍ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം നമ്മളെന്ത് നോക്കണം! ഇങ്ങനെയാകണം മാതാപിതാക്കള്‍. ഇതാണ് അന്തസ്സുള്ള കുടുംബം.

ഇനി കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളുടെ വിധി കൂടി എഴുതിക്കൊണ്ട് ഉപസംഹരിക്കാം. ബി ജെ പിയും കോണ്‍ഗ്രസ്സും ഭരിച്ചിരുന്ന നാളുകളില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാള്‍. കോടതി വെറുതെ വിട്ടപ്പോള്‍ അയാള്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോടതിയിലെ വിചാരണയെയും വിധിയെയും പുറം കാലുകൊണ്ട് തൊഴിച്ച് പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും വിചാരണ തുടങ്ങി. നിരവധി ‘തെളിവുകള്‍’ നിരത്തപ്പെട്ടു. കൊടും ഭീകരനാണ് അയാളെന്ന് വിധിയെഴുതപ്പെട്ടു.

നിരപരാധിയാകാന്‍ എന്തു ചെയ്യണം, അറിയില്ല. അപരാധിയാവാന്‍ എന്തു ചെയ്യണം? ഉത്തരം ലളിതം, സി പി എം ല്‍ പിണറായി പക്ഷമാവുക.

Thursday, June 18, 2009

നമുക്കിനി രണ്ടാം ലാവലിനെപ്പറ്റി സംസാരിക്കാം

രണ്ടാം ലാവലിന്‍ ഏതാണന്നറിയില്ലേ? അതാണ് ലാന്കൊ- ലാന്കൊ കൊണ്ടപ്പള്ളി.

ആരാണ് അങ്ങനെ നാമകരണം നടത്തിയത്? സാക്ഷാല്‍ രമേഷ് ചെന്നിത്തല.

എപ്പോള്‍, എന്താണ് കാരണം? കഥ ചുരുക്കിപ്പറയാം.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണത്തിന് ലാന്കൊ കൊണ്ടപ്പള്ളി എന്ന കമ്പനി നിയമിതമായി. സംസ്ഥാനത്തിന് കൂടൂതല്‍ ഗുണപ്രദമായ തങ്ങളുടെ ടെണ്ടര്‍ തള്ളിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഈ തീരുമാനത്തിനെതിരെ അവര്‍ ഹൈക്കോടതിയിലെത്തി. സൂം ഡെവലപ്പേഴ്സിന് ടെക്ക്നിക്കല്‍ യോഗ്യതകളില്ലെന്ന് ഗവ. കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഗവ. തീരുമാനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി സൂം ഡെവലപ്പേഴ്സിന് അനുകൂലമായി വിധിച്ചു. സൂം ഡെവലപ്പേഴ്സിനെ തള്ളിയതിനുപിന്നില്‍ വന്‍ അഴിമതിയാണെന്ന് യു ഡി എഫ്. നഷ്ടവും കണക്കാക്കപ്പെട്ടു - 332 കോടി. ലാവലിന്‍-ലാന്കൊ, പേരില്‍ സാമ്യം. ‘അഴിമതി‘ തുകയും ഏതാണ്ട് തുല്യം. കൂടാതെ തെരെഞ്ഞെടുപ്പ്കാലവും. രണ്ടാം ലാവലിന്‍ പിറവിയെടുത്തു.

തിരഞ്ഞെടുപ്പില്‍ രണ്ടാം ലാവലിന്‍ എന്നല്ല, ഒന്നാം ലാവലിന്‍തന്നെ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിലും ‘പ്രധാനമായ’ കാര്യങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ! അതുകൊണ്ട് രക്ഷപ്പെട്ടത് യു ഡി എഫ് തന്നെ! അതവിടെ നില്‍ക്കട്ടെ.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നടക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സൂം ഡെവലപ്പേഴ്സ് എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമെന്നും ചുമതലക്കാരനായ മന്ത്രി വിജയകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എന്താ പുതിയ വാര്‍ത്ത? സൂം ഡെവലപ്പേഴ്സിന്റെ ടെണ്ടര്‍ വീണ്ടും തള്ളി. മതിയായ യോഗ്യത ആ കമ്പനിക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സായ എല്‍ & ടി രാംബോള്‍ കണ്ടെത്തി. കരാര്‍ വീണ്ടും ലാന്കൊയ്ക്ക്തന്നെ നല്‍കപ്പെട്ടിരിക്കുന്നു.

ഒന്നാം ലാവലിനും രണ്ടാം ലാവലിനും തമ്മില്‍ വെറെയും സാദൃശ്യങ്ങളുണ്ട്. മന്ത്രിമാരുടെ പേരുകള്‍തന്നെ നോക്കൂ- വിജയന്‍, വിജയകുമാര്‍. രണ്ടുപേര്‍ക്കും ഉത്സാഹം കുറച്ചുകൂടിപ്പോയി. വിജയനു കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഉത്സാഹം. അത് അങ്ങേര്‍ ചെയ്തുകളഞ്ഞു. കൂടാതെ സ്വന്തം നാട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും സാധിച്ചെടുത്തുകളഞ്ഞു. വിജയകുമാര്‍ വിഴിഞ്ഞം പദ്ധതിക്കായി ഉത്സാഹിച്ചു. അത് തുടങ്ങാനിരിക്കുന്നു. ഇനി ഈ മന്ത്രിപ്പണി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും ചുമതലകള്‍ കിട്ടുമായിരിക്കും. ആ കസേരയിലിരുന്നു പാര്‍ട്ടി വളര്‍ത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍കൂടി വിജയകരമായി ചെയ്താല്‍ പുള്ളി തെണ്ടിയതുതന്നെ!

വിജയകുമാര്‍ മാത്രമല്ല, ഈ മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഉത്സാഹം കാണിക്കുന്ന വേറെയും ചിലരുണ്ട്. കൊണ്ടാലേ ഇവന്മാരൊക്കെ പഠിക്കൂ.

രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നു എന്ന കുറ്റം ഇടതുമുന്നണിക്കാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഒന്നാം ലാവലിനും രണ്ടാം ലാവലിനും ഒന്നും രാഷ്ട്രീയം കളിക്കലല്ല. അതുകൊണ്ടൊന്നും നമ്മുടെ സംസ്ഥാനത്ത് വികസനത്തിന് ഒരു കോട്ടവും പറ്റുന്നുമില്ല!!

Friday, June 5, 2009

നിലനില്‍പ്പിന്റെ മാത്രം ചിരി.

സെബിന്റെ പോസ്റ്റിന് ജോജുവിന്റെ മറുപടി. അതിനോട് എന്റെ പ്രതികരണങ്ങള്‍.

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ആദര്‍ശങ്ങളോ അതിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങളോ ആവിശ്യമില്ലെന്ന് കരുതുന്നവര്‍. അന്നന്നത്തെ പ്രശ്നങ്ങള്‍ക്ക് നയതന്ത്രങ്ങളോ പ്രായോഗികതയോ മാത്രം നോക്കി പരിഹാരം കാണണമെന്ന് വാദിക്കുന്നവര്‍. അതേസമയം കമ്മ്യൂണിസമടക്കം എല്ലാ ദര്‍ശനങ്ങളെയും പുകഴ്ത്തുകയും ചെയ്യും, നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍.

മന്‍മോഹന്‍സിംഗ്
താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുമെന്ന് വൃഥാ കരുതുന്നയാള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും സാമ്പത്തിക പഠനങ്ങള്‍ നടത്തിയതായി അറിവില്ല. പല പദവികള്‍ വഹിച്ചപ്പോഴും ചെയ്തത്, സ്വതന്ത്രവിപണി എന്ന ഇതിനകം പരാജയം എന്ന് തിരിച്ചറിയപ്പെട്ട നിയോ ലിബറല്‍ ആശയം നടപ്പാക്കാന്‍ പരിശ്രമിക്കുക മാത്രം.

തലയിലെഴുത്ത് കൊള്ളാം. സംഭാവന നെഗറ്റീവ് ആണെങ്കില്‍ കൂടി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റിസഷന്‍ നേരിടാന്‍ സാധിച്ചത് എന്നിവയുടെ വിജയത്തൂവല്‍ സ്വന്തം തലയില്‍ ചാര്‍ത്തപ്പെട്ടു. അങ്ങനെ ചാര്‍ത്തിക്കൊടുക്കേണ്ടത്, ഇദ്ദേഹത്തെ ലോകോത്തര സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന് വാഴ്ത്തിക്കൊണ്ടേയിരിക്കേണ്ടത് ഒക്കെ തല്പരകക്ഷികളുടെ ആവിശ്യം.


കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
സ്വാതന്ത്ര്യം ഒരു വലീയ സംഗതിയാണ്. സന്നദ്ധതയും കഴിവും ഉള്ളവന് കമ്പോളത്തില്‍ മത്സരിച്ച് വലീയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് മുതലാളിത്ത വ്യവസ്ഥിതി. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നതിനാലാണ് ആത്യന്തികമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തത്. പക്ഷെ, അവരുടെ കൂട്ടത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ(സംശയമുണ്ടോ, അങ്ങനെയുള്ളവരാണ് കൂടുതലും) കണ്ടുമുട്ടുമ്പോള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയെക്കുറിച്ച് ചോദിച്ച് നോക്കൂ. അവര്‍ പറയും അതൊരു സ്വര്‍ഗ്ഗമായിരുന്നെന്ന്. പക്ഷെ, ചോദിച്ചാലേ പറയൂ. പരമാവധി ഉള്ളിലോട്ട് ഉള്ളിലോട്ട് വലിഞ്ഞുകഴിഞ്ഞവരാണവര്‍.
വിജയിച്ചവരോ? അവര്‍ തങ്ങളുടെ മണിമാളികപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കയാണ്. കമ്മ്യൂണിസ്റ്റ് മാതൃരാജ്യത്ത് തങ്ങള്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്നെന്നും മുതലാളിത്തമാണ് എല്ലാം നല്‍കിയതെന്നും.

ഇടതുമുന്നണിയും അധികാരവും
2004ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാതിരുന്നത് ഒരു ചരിത്രപരമായ വിഡ്ഡിത്തം തന്നെയായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥതയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വടക്കേ ഇന്ത്യന്‍ മാസ്സിനെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസ‍രമാണ് കളഞ്ഞുകുളിച്ചത്.

കേരളത്തിലെയും ബംഗാളിലെയും ഇടതു സര്‍ക്കാരുകള്‍ കേന്ദ്രത്തിലെയൊ മറ്റ് വലതുപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെയോ അതേ പാതയാണ് സ്വീകരിക്കുന്നത് എന്ന് പറയാന്‍ വയ്യ. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും പൊതുവിതരണ സമ്പ്രദായവുമൊക്കെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളാണ് ഇതുരണ്ടും. പാലായനം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ കാര്യമെടുത്താല്‍തന്നെ ആന്ധ്രക്കാരനോ തമിഴനോ ബീഹാറിക്കോ കൊടുക്കുന്ന അത്ര കുറഞ്ഞ വേതനത്തിന് മലയാളിയെക്കിട്ടില്ല ഗള്‍ഫില്‍.

ഇന്ത്യയില്‍ ബംഗാളില്‍ മാത്രമാണ് ദാരിദ്ര്യമുള്ളത് എന്ന മട്ടിലാണ് ഇപ്പോള്‍ മാധ്യമറിപ്പോര്‍ട്ടുകള്‍. യു പി യിലോ ബീഹാറിലോ ആന്ധ്രയിലോ ഉള്ളതില്‍കൂടുതല്‍ എന്ത് ദാരിദ്ര്യമാണ് ബംഗാളിലുള്ളതെന്ന് മനസ്സിലാവുന്നില്ല. ബംഗാളിലെ ദാരിദ്ര്യം, അതില്‍ തന്നെ കൂടുതല്‍ ദാരിദ്ര്യം അവിടത്തെ മുസ്ലീങ്ങളുടെ ഇടയില്‍ എന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കണം ഇതില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന്. വോട്ടിനുവേണ്ടി രാജ്യ സുരക്ഷ പണയം വെച്ച് ബംഗ്ലാദേശികളെ സ്വീകരിക്കുന്നു എന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ അവരുടെ ദാരിദ്ര്യം പറഞ്ഞ് ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, ജനം എതിരായി വിധിയെഴുതുകയും ചെയ്തു.

ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസ്സ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര കടുത്ത ദാരിദ്ര്യം ഇന്ത്യയിലുണ്ടാവുമായിരുന്നില്ലല്ലോ!! കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ഇടതിനുണ്ടായ സ്വാധീനം ഇന്ത്യാ രാജ്യത്തിന്റെ ഭാഗ്യമായിരുന്നു. ഈ തെരെന്നെടുപ്പില്‍ അത് ബലപ്പെടമായിരുന്നു. പക്ഷെ ദുര്‍ബലപ്പെടുകയാണുണ്ടായത്. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളുടെ പരിശ്രമങ്ങള്‍ വിജയം കണ്ടു തല്‍ക്കാലം. നമ്മുടെ രാജ്യത്തിന് വിജയമുണ്ടാവുക പക്ഷെ, ഇടതിന് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാവുമ്പോളാണ്. അത് ഉണ്ടാവുകതന്നെ ചെയ്യും.

Sunday, January 18, 2009

പ്രൊ-ലൈഫ്, നിയമ പരിഷ്കരണം, സന്താനനിയന്ത്രണം

ജനുവരി 14ലെ ഏഷ്യാനെറ്റിന്റെ നേര്‍ക്ക്നേര്‍ ചര്‍ച്ച. നിയമപരിഷ്കരണകമ്മീഷന്റെ ശുപാര്‍ശകളാണ് വിഷയം. പ്രധാനമായും രണ്ട് കാര്യങ്ങളെ അധികരിച്ച്. ദയാവധവും രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആ‍ാനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നുമുള്ള ശുപാര്‍ശകള്‍.

പങ്കെടുത്തവരില്‍ പ്രൊ-ലൈഫ് എന്ന സംഘടനയുടെ വക്താവ് ശ്രീ ഏബ്രഹാം അവതരിപ്പിച്ച വാദങ്ങള്‍ കേട്ടപ്പോള്‍ ഇത്രയും എഴുതാതിരിക്കാന്‍ ആവുന്നില്ല.

പ്രൊ-ലൈഫുകാരന്‍ ഒരു കുടുംബത്തില്‍ നാല് കുട്ടികളെങ്കിലും വേണമെന്ന് ശഠിക്കുന്നു. അദ്ദേഹത്തിന്റെ വാദം

ഒന്ന്:

ജനസംഖ്യ രാജ്യത്തിന്റെ തന്നെ ശക്തിയാണ്. ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. വമ്പിച്ച ജനസംഖ്യയാണ് രണ്ട് രാജ്യങ്ങളുടെയും ശക്തി.

വാസ്തവം എല്ലാവര്‍ക്കും അറിയാം:

ഇന്ത്യയും ചൈനയും ഇപ്പോഴും വികസ്വര രാഷ്ട്രങ്ങളാണ്. ലോകത്ത് ഇപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്നിടത്തൊന്നും ഇന്ത്യയുടെയും ചൈനയുടെയും നാലിലൊന്ന് ജനസംഖ്യപോലുമില്ല. ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയെയും ചൈനയെക്കാളും മുമ്പെ ഇവരെങ്ങനെയാ വികസിതമായത്!!

വാദം രണ്ട്:

ജനനനിയന്ത്രണം കാരണം ഇപ്പോഴത്തെ തലമുറയില്‍നിന്നും നല്ല നേതാക്കന്മാരോ ബുദ്ധിമാന്മാരോ ഉണ്ടാവുന്നില്ല.

നാടന്‍ പ്രയോഗങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ടാണ് അദ്ദേഹം തുടരുന്നത്. എന്റെ അവിദഗ്ദ്ധമായ ഭാഷയില്‍ ഒന്നു വായിച്ചുനോക്കൂ, അത്യന്തം ലോജിക്കല്‍ ആയ ആ ആര്‍ഗ്യുമെന്റുകള്‍:

“നമ്മുടെ നാട്ടില്‍ കടിഞ്ഞൂല്‍ പൊട്ടന്‍ എന്ന പ്രയോഗമുണ്ട്. അതുപോലെ രണ്ടാമത്തെ കുട്ടിയെ അരപ്പൊട്ടന്‍ എന്നും വിളിക്കും. എന്താ കാര്യം? ആദ്യമായി ഗര്‍ഭിണിയാകുന്നതില്‍ അമ്മക്കുണ്ടാകുന്ന ആകുലതകള്‍ കുട്ടിയെ ബാധിക്കും. അതുകൊണ്ട് ആദ്യത്തെ കുട്ടി പൊട്ടന്‍. ആദ്യത്തെപ്പോലെയല്ലെങ്കിലും രണ്ടാം തവണ ഗര്‍ഭിണിയാകുമ്പോഴും അമ്മക്ക് ആകുലതകള്‍ ഉണ്ടാകും, ആയതിനാല്‍ രണ്ടാമത്തെ കുട്ടി അരപ്പൊട്ടന്‍. മൂന്നാം തവണമുതല്‍ ആകുലതകള്‍ ഉണ്ടാവില്ല. ആയതിനാല്‍ മൂന്നാമത്തെത് മുതലുള്ള കുട്ടികള്‍ ലോകജേതാക്കളായി വളരും”

ഇനി ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എഴുതാം:

രണ്ടാമത്തെ കുട്ടിയെ അരപ്പൊട്ടന്‍ എന്ന് വിളിക്കുന്ന ഏര്‍പ്പാട് നമ്മുടെ നാട്ടിലില്ല. ‘കടിഞ്ഞൂല്‍ പൊട്ടന്‍‘ മന:ശ്ശാസ്ത്ര ലേഖനങ്ങളില്‍ വിശദീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്.

കടിഞ്ഞൂല്‍ സന്താനം മിടുക്കനായാണ് ജനിക്കുന്നത്, വളരുന്നത്. എന്നാല്‍ അവന് ഒന്നരയോ രണ്ടോ വയസ്സാവുമ്പോള്‍ വീട്ടില്‍ രണ്ടാമത്തെ കുട്ടി ജനിക്കുന്നു. അതുവരെ തനിക്ക് കിട്ടിയിരുന്ന സര്‍വ്വവിധലാളനക്കും ശ്രദ്ധക്കും അവകാശി രണ്ടാമത്തെയാളാകുമ്പോള്‍ മൂത്തവന് ഉണ്ടാകുന്ന ‘ഒരിത്’. മറ്റുള്ളവരുടെ ശ്രദ്ധ നേറ്റിയെടുക്കാനും മറ്റും പല ‘പൊട്ടത്തര’ങ്ങളും കാട്ടും. എന്നാല്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് ഈ ‘പൊട്ടത്തരങ്ങള്‍’ അപ്രത്യക്ഷമാവും എന്ന് മാത്രമല്ല, ഇളയകുട്ടികളേക്കാള്‍ ഉത്തരവാദിത്ത്വബോധവും കാര്യശേഷിയും പ്രകടിപ്പിക്കുന്നത് അവനായിരിക്കും. പ്രൊ-ലൈഫുകാരന്‍ പറയുന്നത് വച്ച് നോക്കിയാല്‍ ഒരു കുട്ടിമാത്രമുള്ളിടത്തെ കുട്ടിയും പൊട്ടന്‍ തന്നെ. എന്നാല്‍ ഏകസന്താനങ്ങള്‍ ഈ ‘പൊട്ടത്തരം’ കാണിക്കാറില്ല, അവനെ ആരും അങ്ങനെ വിളിക്കാറുമില്ല.

ഇനി പഴയ തലമുറയിലെതന്നെ ലോകജേതാക്കളെയെടുത്താല്‍ അവരില്‍ നല്ലൊരു പങ്കും ഒന്നാമത്തെയൊ രണ്ടാമത്തെയോ സന്താനങ്ങളായിരുന്നു എന്ന് കാണാം. പതിഞ്ചാമനും പതിനാറാമനും ഒക്കെ ധാരാളമായുണ്ടായിരുന്ന ആ കാലത്ത് അവരോട് മത്സരിച്ച് ഈ ‘പൊട്ടന്മാര്‍’ എങ്ങനെ ഉന്നതങ്ങളിലെത്തി?

ഇപ്പൊഴത്തെ അണുകുടുംബങ്ങളിലെ ഒന്നോ രണ്ടോ വരുന്ന കുട്ടികളുടെ ഓവര്‍സ്മാര്‍ട്ട്നെസ്സിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാവുമ്പോഴാണ് ഈയൊരു കണ്ടുപിടുത്തം.

സമുദായചിന്ത തീരെയില്ലാത്ത കുഞ്ഞാടുകളുടെ ഒരു കൂട്ടമാണ് പ്രൊ-ലൈഫ്. എന്നാലും അവര്‍ ഇവിടുത്തെ ഹിന്ദുക്കളോട് പ്രത്യേകിച്ച് നായന്മാരോട് ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് - ഇന്ന് സന്താനനിയന്ത്രണം പാലിക്കുന്നതിന്റെ പേരില്‍ നാളെ നിങ്ങള്‍ ദു:ഖിക്കേണ്ടിവരും!! കരക്റ്റ്, സംഘപരിവാരങ്ങള്‍ സാധൂകരിക്കപ്പെട്ടു.

പ്രൊ-ലൈഫുകാര്‍ ദൈവവിശ്വാസികളാണ്. ദൈവം തരുന്നത്, ദൈവം എടുക്കുന്നത് എന്നതിനപ്പുറം ചിന്തിക്കുന്നത് തന്നെ പാപമാണ് അവര്‍ക്ക്. അതുകൊണ്ട് ദൈവവിചാരത്തില്‍ ഊന്നിക്കൊണ്ടുതന്നെ ഞാനും ഒന്ന് ചിന്തിച്ചുനോക്കി.

പഴയകാലത്ത് ശിശുമരണനിരക്ക് വളരെകൂടുതലായിരുന്നു. കൂടാതെ ആയുര്‍ദൈര്‍ഘ്യം തന്നെ വളരെ കുറവായിരുന്നു. ദൈവം തരുന്നു, ദൈവം എടുക്കുന്നു. എന്നാല്‍ ഇതൊരു പ്രശ്നമാണെന്ന് മനുഷ്യരാശിയെക്കൊണ്ട് തോന്നിപ്പിക്കുവാനും അതിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ നല്‍കാനും ദൈവം തയ്യാറായി. വൈദ്യശാസ്ത്രം അതാണ്. ദൈവം തന്ന അതേ ശാസ്ത്രങ്ങളും വിശേഷബുദ്ധിയും ഉപയോഗിച്ചാണ് മനുഷ്യന്‍ സന്താനനിയന്ത്രണം ആവിശ്യമെന്ന് കണ്ടെത്തി അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്. ആഗോളാടിസ്ഥാനത്തില്‍ തന്നെ ജനനനിരക്ക് കുറഞ്ഞു. എങ്കില്‍തന്നെ ലോകം ഇന്ന് ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണെന്ന് പറയപ്പെടുന്നു.

പ്രൊ-ലൈഫ് എന്ന പേരും വെച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ ‘ജീവന്‍‘ സംബന്ധമായ കേരളത്തിലെ പ്രധാനപ്രശ്നം കണ്ടോ എന്നറിയില്ല- വന്ധ്യത. അസംബന്ധവാദങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറയുന്നതിനുപകരം ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങളോ ഗവേഷണങ്ങള്‍ക്ക് സഹായമോ മറ്റോ ചെയ്താല്‍ ദൈവം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തന്നേക്കാം.