Thursday, January 28, 2010

ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍

2002-2003 വര്‍ഷങ്ങളില്‍ ഒരു മല്ലു ചാറ്റ് റൂമില്‍ കയറി അതുമിതും ചാറ്റ് ചെയ്തുകൊണ്ടിരിക്കുക എന്റെ പതിവ് പരിപാടിയായിരുന്നു. അന്ന് അവിടെ സ്ഥിരം വരുന്നവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു തരൂര്‍ ആയിരുന്നു. അതെ, തരൂര്‍ എന്നായിരുന്നു അയാളുടെ ചാറ്റ് റൂമിലെ പേര്.


ഒരിക്കല്‍ ഞാന്‍ പുള്ളിയോട് ചോദിച്ചു: എന്താണ് ഈ തരൂര്‍ എന്ന പേരിനു പിന്നില്‍?


ഉത്തരം: തരൂര്‍ എന്റെ നാടാണ്. പാലക്കാട് ജില്ലയിലെ മനോഹരമായ എന്റെ കൊച്ചുഗ്രാമം.


എന്റെ ചോദ്യം വീണ്ടും: അപ്പോള്‍ നിങ്ങള്‍ക്ക് ശശി തരൂരിനെ അറിയാമോ?


“ആരാണയാള്‍?“


“ആഹാ, അപ്പോള്‍ നിങ്ങളുടെ നാട്ടുകാരനായ ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന ലോകപ്രസിദ്ധ സാഹിത്യകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുപോലുമില്ലേ?“


സത്യത്തില്‍ ശശി തരൂരിനെക്കുറിച്ച് എനിക്കും ഒന്നും അറിയുമായിരുന്നില്ല. സാഹിത്യവാരഫലത്തില്‍ അല്ലെങ്കില്‍ അങ്ങനെ ഏതോ പംക്തിയില്‍ അദ്ദേഹത്തെക്കുറിച്ച് വളരെ ക്ലിപ്തമായ ഒരു ഖണ്ഡിക വായിച്ച അറിവുമാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്.


അന്ന് അഭ്യസ്തവിദ്യരായ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുപോലും അജ്ഞാതനായിരുന്നു ശശി തരൂര്‍ എന്ന് ചുരുക്കം. എന്നാലിന്ന്, വെറും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ പരമാധികാരത്തിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍‍ ശശി തരൂര്‍ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന ‘രാഷ്ട്രീയക്കാര‘നാണ്.


അറുപതു പിന്നിട്ട ഇന്ത്യന്‍ റിപ്പബ്ലിക് ലോകത്തിനുമുന്നില്‍ ഏറ്റവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അത് കൈവരിച്ച നേട്ടങ്ങളാണ്. അതിന് അടിത്തറയിട്ടത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നയങ്ങളാണ്. പ്രത്യേകിച്ച് സോവിയറ്റ് യൂനിയനുമായി അദ്ദേഹമുണ്ടാക്കിയ സഹകരണം. ആ വിദേശനയം വെറും ധാര്‍മിക വാചാടോപം മാത്രമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായാണ് ഇന്ന് ഇന്ത്യന്‍ വിദേശകാര്യ(സഹ)മന്ത്രിയുടെ കസേരയില്‍ ശശി തരൂര്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ മുടന്തന്‍ വിശദീകരണങ്ങള്‍ അപ്പാടെ അതേപടി മുഖവിലക്കെടുക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. നെഹ്രുവിന്റെ പേരമകന്റെ ഭാര്യയായ പാര്‍ട്ടി അധ്യക്ഷയും ശശി തരൂര്‍ നല്‍കുന്ന വിശദീകരണത്തില്‍ ഒരന്വേഷണത്തിനും മുതിരാതെ തൃപ്തയാവുന്നു. റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീ നല്‍കാന്‍ കേരളസര്‍ക്കാര്‍ ശുപാര്‍ശ നല്‍കാഞ്ഞതെന്ത് എന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമ പുംഗവന്മാരും ശശി തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ അധികം അന്വേഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.


എന്താണ് ഇതിന്റെയൊക്കെ പിന്നില്‍? ശശി തരൂര്‍ എന്തിനാണ്, എങ്ങിനെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രാജ്യാന്തര രാഷ്ട്രീയ രംഗത്ത് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന വലീയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാറില്ല. ഇന്ത്യ അത്തരത്തിലൊരു രാജ്യമാണ്. പോരാത്തതിന് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ ശക്തമായ ആവിശ്യപ്പെടുന്ന ഖട്ടവുമാണ്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു ഇന്ത്യാക്കാരന്‍ വരുന്നത് ഇത്തരം ആവിശ്യങ്ങളെ പൂര്‍ത്തീകരണത്തില്‍നിന്നും അകറ്റുകയേയുള്ളൂ. എന്നിട്ടും ശശി തരൂരിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാനും തോല്വി സുനിശ്ചിതമായിട്ടും ആവേശത്തോടെ അവസാന റൌണ്ടുകള്‍വരെ നിലനിര്‍ത്താനും ഇന്ത്യ തുനിഞ്ഞത് എന്തിനായിരുന്നു? ഒറ്റ ഉദ്ദേശ്യമേയുള്ളൂ. ഇങ്ങനെയൊരു ഇന്റര്‍നാഷണല്‍ ഇന്ത്യാക്കാരന്‍ ഈ ലോകത്തുണ്ടെന്ന് ഇന്ത്യന്‍ ജനസാമാന്യത്തെ അറിയിക്കുക. അദ്ദേഹത്തെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഹീറൊയാക്കുക. ശേഷം ഇന്ത്യയുടെ ഭരണരംഗത്ത് ഒരു സുപ്രധാനകസേരയില്‍ പ്രതിഷ്ഠിക്കുക. ഒന്നും മന്മോഹന്റെയും കോണ്‍ഗ്രസ്സിന്റെയോ ഐഡിയയല്ല. പക്ഷെ അവരുടെ യജമാനന്റെ ഐഡിയയാണ്. യജമാനന്റെ നയങ്ങള്‍, ആശയങ്ങള്‍ നടപ്പാക്കുക മാത്രമാണ് മന്മോഹന്റെ ജോലി.

അതെ അമേരിക്കന്‍ സാമ്രാജ്യത്തം അതിന്റെ അധീശത്വം ഉറപ്പിക്കുന്നത് പലരീതിയിലാണ്. ചിലയിടങ്ങളില്‍ തങ്ങളുടെ ആഞ്ജാനുവര്‍ത്തികളായ ഏകാധിപതികളെ വാഴിക്കും. അവരുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തും. മറ്റു ചിലയിടത്ത് തങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത ഏകാധിപതീകളുണ്ടെങ്കില്‍ അവിടെ ജനാധിപത്യസ്ഥാപനത്തിന് എന്നും പറഞ്ഞ് ഇടപെടും. ഒരു പാവ ഗവ. ഉണ്ടാക്കിയെടുക്കും. ഇന്ത്യയിലുണ്ടായിരുന്നത് യഥാര്‍ത്ഥ ജനാധിപത്യമായിരുന്നു. ആ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ തങ്ങളുടെ സാമ്രാജ്യത്തമോഹങ്ങള്‍ സഫലീകരിക്കുന്നു.

എന്തിന് ശശി തരൂര്‍, മന്മോഹന്‍ സിങ്ങ് ആരാണ്? ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് നമ്മള്‍ പറയും. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യാ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണിന്റെ ജനറല്‍ മാനേജരാണ്. ആ ഉദ്യോഗത്തിലിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്താനും. വെരി വെല്‍ ക്വാളിഫൈഡ്. പ്രൂവണ്‍ ട്രാക്ക് റെക്കഡ്!

അതുപോലെ ഇന്ത്യാ സ്പെഷ്യല്‍ എക്കണോമിക് സോണിന് ഏറ്റവും യോഗ്യരായ പബ്ലിക് റിലേഷന്‍സ് മാനേജര്‍മാരുണ്ട്. മാര്‍ക്കറ്റിംഗ് മാനേജര്‍മാരുണ്ട്. സെക്യൂരിറ്റി ഓഫീസര്‍മാരുണ്ട്. ഇല്ലാതെ പോയത് നല്ലൊരു ഫിനാന്‍സ് മാനേജരാണ്. യോഗ്യരുടെ അഭാവമല്ല. മുതലാളിക്കും ജി എംനും ഏറ്റവും ബോധിച്ച ഒരാളുണ്ടായിരുന്നു - മോണ്ടേംഗ്സിംഗ് ആലുവാലിയ. പക്ഷെ അദ്ദേഹത്തിന്റെ നിയമനം നടന്നില്ല. ആ കിളവന്‍, ഫിനാന്‍സ് തനിക്കുതന്നെ വേണം എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചുകളഞ്ഞു. എന്തു ചെയ്യും! ജനാധിപത്യത്തിന്റെ ഡ്രോബാക്ക്. സാരമില്ല, ഇത്തരം നശൂലങ്ങളെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും ഉന്മൂലനം ചെയ്യാനുള്ള പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ശശി തരൂരിന്റെ നേതൃത്വത്തില്‍ തന്നെ. മാനേജേര്‍സ് കോണ്‍ഗ്രസ്സ് അത്തരമൊരു പരിപാടിയാണ്.

തരൂരുകാരനായ എന്റെ പഴയ ചാറ്റ് റൂം സ്നേഹിതാ, താങ്കളിപ്പോള്‍ ശശി തരൂരിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ അഭിമാനം കൊള്ളുന്നുണ്ടോ? തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹം എപ്പോഴും വിജയം വരിച്ചു വരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്കിപ്പൊഴും ശശി തരൂരിനെ അറിയില്ലെന്ന് ഞാന്‍ പറയും.

Wednesday, January 13, 2010

ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്

ജയ് ഹിന്ദ് ടി വിയിലെ പുതിയ പ്രശ്നോത്തര പരിപാടിയാണ് രണാങ്കണം. അവതരിപ്പിക്കുന്നത് സാക്ഷാല്‍ ജി എസ് പ്രദീപ്. പണ്ട് കൈരളിയില്‍ അശ്വമേധം അവതരിപ്പിച്ച് താരമായ കക്ഷി. അശ്വമേധം പുതുമയുള്ള, ആകാംക്ഷയുണര്‍ത്തുന്ന ഒരു പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ നല്ല മലയാളിത്തമുള്ള നിര്‍ലോഭമായ ഇംഗ്ലീഷ് ആ പ്രോഗ്രാമിന്റെ ഒരു മേന്മ തന്നെയായിരുന്നു. ആളുകള്‍ക്ക് ബോറടിച്ചതുകൊണ്ട് മാത്രമാണ് കുറെക്കാലം കഴിഞ്ഞപ്പോള്‍ നിര്‍ത്തേണ്ടിവന്നത്.

ആശാന്‍ ഇപ്പോള്‍ ജയ്ഹിന്ദ് ടി വിയില്‍ രണാങ്കണവുമായി വരുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ. രണാങ്കണത്തിലും പുതുമയുണ്ട്. മത്സരാര്‍ത്ഥികള്‍ തിരഞ്ഞേടുക്കുന്ന വിഷയത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കും. അത് ശരിയോ തെറ്റോ എന്ന് പറഞ്ഞാല്‍ മതി. മത്സരാര്‍ത്ഥിയുടെ മറുപടി ശരിയായാല്‍ പണമായിട്ടാണ് പ്രതിഫലം. മാക്സിമം പത്തുലക്ഷം വരെ ഇങ്ങനെ നേടാമെന്ന് തോനുന്നു.ഉത്തരം തെറ്റിയാല്‍ പണം നെഗറ്റീവ് ആകും. ഒപ്പം അടുത്ത ചോദ്യമായിവരുന്ന സ്റ്റേറ്റ്മെന്റ് പ്രദീപ് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിന്നായിരിക്കും.

ഉദ്ഘാടന എപ്പിസോഡിനായി വന്നത് നമ്മുടെ ശശി തരൂര്‍. ശശി തരൂരിനേക്കാള്‍ സുന്ദരനായ ഒരു പുരുഷനെ ഗ്രാന്റ് മാസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ലത്രെ. സൌന്ദര്യം നോക്കുന്നവരുടെ കണ്ണിലാണല്ലോ. ഇതേ കണ്ണും തലയും കൊണ്ടാണല്ലോ ഇദ്ദേഹം ഈ വിജ്ഞാനമത്രയും ബൈഹാര്‍ട്ട് പഠിച്ചു കളഞ്ഞത്.

സാമ്രാജ്യത്തം, മുതലാളിത്തം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, ബഹുരാഷ്ട്രകുത്തക ആദിയായവയെ എല്ലാം പുറം കാലുകൊണ്ട് തൊഴിച്ചാണ് പണ്ട് അശ്വമേധത്തിന്റെ വേദിയിലേക്ക് ഇദ്ദേഹം കടന്നുവന്നിരുന്നത്. പ്രോഗ്രാമിനിടയില്‍ പ്ലാച്ചിമടയിലും ക്യൂബയിലും വിയറ്റ്നാമിലും ഒക്കെ നടക്കുന്ന സാമ്രാജ്യത്തെ പ്രതിരോധസമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കും, നല്ല മലയാളത്തില്‍. മലയാളിത്തമുള്ള ഇംഗ്ലീഷിനു അതു കഴിഞ്ഞേ ഉള്ളൂ സ്ഥാനം. വയലാറിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ മുഷ്ടിയുയര്‍ത്തി മുഴക്കിക്കൊണ്ട് പ്രോഗ്രാം അവസാനിപ്പിക്കയും ചെയ്യും.

രണാങ്കണത്തിന്റെ ഉദാഘാടന എപ്പിസോഡില്‍ പക്ഷെ, കൊക്കകോളയുടെ ഉപദേഷ്ടാവ് കൂടിയായ തന്റെ ജനപ്രതിനിധി ശശി തരൂരിനെക്കുറിച്ച് ഗ്രാന്റ് മാസ്റ്റര്‍ പുളകം കൊള്ളുന്നു. ക്രിക്കറ്റ്, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ തരൂര്‍ സെലക്റ്റ് ചെയ്യുന്നു. ഓരൊ വിഷയത്തിലും ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന വാചകം ശരിയോ തെറ്റോ എന്ന് ഒരു ശങ്കയുമില്ലാതെ തരൂര്‍ കണ്ടെത്തുന്നു. ഒടുവില്‍ പത്തുലക്ഷം സമ്മാനത്തിന് പുള്ളി അര്‍ഹനുമാവുന്നു. എന്നാല്‍ പണം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം പരിപാടിയില്‍നിന്നും വിരമിക്കുന്നു. തരൂര്‍ ഫാന്‍സ് കൂടുതല്‍ പുളകിതരായില്ലേ. ഇനിയും ഏതെങ്കിലും ‘അഭ്യസ്തവിദ്യര്‍‘ ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ സംശയിച്ചുനില്‍ക്കുന്നെങ്കില്‍ അതും മാറീല്ലേ?

പക്ഷെ ശരിക്കും തമാശ കണ്ടത്, ഇന്നലത്തെ എപ്പിസോഡിലാണ്. ഏതാണ്ട് ഒരു വനിതാ ബുദ്ധിജീവിയുടെ ലക്ഷണങ്ങളുള്ള ഒരു പെണ്‍കുട്ടിയാണ് മത്സരാര്‍ത്ഥി. ഒരു ഉത്തരാധുനിക കവിതയും ചൊല്ലി കേള്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെ ചെറുപ്പത്തിലെ ഫോട്ടോയെ ഓര്‍മ്മിപ്പിക്കുന്ന മുഖം. അതുകൊണ്ടാണൊ എന്നറിയില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാകലാണ് തന്റെ ആംബിഷന്‍ എന്ന് ആ പെണ്‍കുട്ടിയെകൊണ്ട് പറയിപ്പിച്ചുകളഞ്ഞു ജയ്ഹിന്ദ് ടി വി. ആദ്യ ചോദ്യം നേരിടാനായി ഈ മത്സരാര്‍ത്ഥി തെരെഞ്ഞെടുത്ത വിഷയം കേട്ടോളൂ: ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്!!

ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ് - പ്രശസ്തരുടെ അവസാന വാചകം. അങ്ങനെയൊരു വിഷയമുണ്ടോ!

യേശുകൃസ്തു കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് - കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്.

വെടിയേറ്റുവീണപ്പോള്‍ മഹാത്മാഗാന്ധി ഹേ രാം എന്ന് മന്ത്രോച്ചാരണം നടത്തിയിട്ടുണ്ടത്രെ.

പല വിപ്ലവകാരികളും ദേശാഭിമാനികളും കൊലക്കയര്‍ അവരുടെ കഴുത്തിലണിയിക്കുമ്പോള്‍ സുധീരം തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചിട്ടുണ്ട്.

സദ്ദാം ഹുസൈന്‍ വധശിക്ഷ ഏറ്റുവാങ്ങിയത് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്.

അങ്ങനെ ഏതാനും പേര്‍ വേറെയുമുണ്ടാകും. അതല്ലാതെ ബാക്കി ഇന്നേവരെ ഈ ലോകത്ത് നിന്നും മറഞ്ഞുപോയ പ്രശസ്തര്‍ക്കെല്ലാം സ്വാഭാവിക മരണമോ അപകടമരണമോ ഒക്കെയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ മരിക്കുന്നതിനുമുമ്പ് ഈ ലോകത്തോട് അവരുടേതായ എന്തെങ്കിലും പറഞ്ഞിട്ടാണ് അവര്‍ പോയതെന്നുണ്ടോ.

ഈ സബ്ജെക്റ്റില്‍ ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന സ്റ്റേറ്റ്മെന്റ് കേട്ടപ്പോഴാണ് ഈ പ്രത്യേക സബ്ജെക്റ്റിന്റെ ഗുട്ടന്‍സ് പിടികിട്ടുക. ഗ്രാന്റ് മാസ്റ്ററുടെ സ്റ്റേറ്റ്മെന്റ് എന്താണെന്നോ:“ഈ വാക്കുകള്‍ തന്നെ എനിക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് മരണപ്പെട്ട മലയാള സാഹിത്യകാരന്റെ കൃതിയാണ് അടയാളങ്ങള്‍”

അലപ്ം ശങ്കിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മറുപടി- യെസ്, ഇറ്റ്സ് ട്രൂ.

ഗ്രാന്റ് മാസ്റ്ററുടെ കൈയ്യടിയും ഒപ്പം ആവേശം നിറഞ്ഞ വാചകങ്ങളും:“ ശരിയാണ് ദീര്‍ഘകാലം താന്‍ സേവിച്ച പ്രസ്ഥാനം തന്നെ തള്ളിപ്പറയുമ്പോഴും അഴിമതിക്കെതിരെ നിര്‍ഭയം ശ്ബ്ദിച്ചുകൊണ്ട് തൃശ്ശൂര്‍ പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തവെ മരണമടഞ്ഞ പ്രൊഫ: എം എന്‍ വിജയന്റെ കൃതിതന്നെയാണ് അടയാളങ്ങള്‍“

എന്റെ ജയ്ഹിന്ദേ, ജി എസ് പ്രദീപേ എന്ത് തറനാടകമാണിത്?