Monday, March 1, 2010
മന്ത്രിപുത്രനും യുവതിയും
വരനും ആളുകളും എത്തിക്കഴിഞ്ഞു. അവര്‍ ഉപചാരപ്പൂര്‍വ്വം സ്വീകരിക്കപ്പെട്ടു. വരന്‍ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും വരനെ കാണാം. ആരാണോ ആ കാര്യം ആദ്യം ശ്രദ്ധിച്ചത്! വരന് നമ്മുടെ സുനീഷിന്റെ നല്ല ഛായ. ഏത് സുനീഷ്? പത്രം വായിക്കാത്തവരും ടി വി കാണാത്തവരും ചോദിച്ചു. പത്രം വായിക്കുന്നവരും ടിവി കാണുന്നവരും അവരുടെ ഡൌട്ട് ക്ലിയര്‍ ചെയ്തുകൊടുത്തു - സുനീഷ് എന്നാല്‍ സുനീഷ് മടിക്കേരി. മന്ത്രി പുത്രന്‍, മന്ത്രി പുത്രന്‍ - എല്ലാ വിവാദങ്ങളിലെയും നായകന്‍.
‘സ്വഭാവം അങ്ങനെയല്ലാണ്ടായാല്‍ മതി‘ - യൂത്ത് നേതാവ് ഷിബുമോന്‍ ഒന്നാന്തരം കോങ്ക്രസ്സ് വിറ്റടിച്ചു. തന്റെ ചുറ്റുമുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒരു ലിമിറ്റഡ് ഫലിതം. ഷിബുമോന്റെ ചുറുചുറുക്കിന്റെ ആരാധകരായ ഏതാനും കോങ്ക്രസ്സ് അമ്മാമന്മാര്‍ ഷിബുമോന്റെ ചുറ്റും എപ്പോഴുമുണ്ടാവും. അമ്മാമന്മാര്‍ക്ക് ഫലിതം നന്നെ ബോധിച്ചു. അധികം ഒച്ചവെക്കാനായില്ലെങ്കിലും അമ്മാമന്മാര്‍ ചിരിച്ചു. വീണ്ടും ചിരിച്ചു. ഷിബുമോന്റെ നര്‍മ്മബോധത്തിന്റെയും ആരാധകരായി അവര്‍ മാറി. ഷിബുമോന്റെ സമയം.
താലികെട്ടും സദ്യയും കഴിഞ്ഞു. വധുവിനെയും കൂട്ടി വരനും കൂട്ടരും പോയി. നാട്ടുകാരു മുഴുവന്‍ പോയി. വകയിലെ വകയിലെ ബന്ധുക്കള്‍ മുഴുവന്‍ പോയി. പൂരപ്പറമ്പില്‍ പരിചയപ്പെട്ടവര്‍ എല്ലാവരും പോയി. ഷിബുമോനും ചുറ്റും കൂടിയ അമ്മാമന്മാരും പോയി. വേങ്ങാട്ട് ചെറുകുന്നത്ത് വീട്ടില്‍ സുകുമാരന്‍ നായരും കുടുംബവും അടുത്ത ബന്ധുക്കളും അയല്‍ വാസികളും മാത്രം ബാക്കിയായി.
തന്റെ മരുമകന് സുനീഷ് മടിക്കേരിയുടെ ഛായയുണ്ടെന്നത് ഒരു കൌതുകമായാണ് സുകുമാരന്‍ നായര്‍ക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്നപ്പോഴും പിന്നെയും ഒന്നു രണ്ട് തവണ കണ്ടപ്പോഴും സുകുമാരന്‍ നായര്‍ക്കോ കൂടെയുണ്ടായിരുന്ന ഉറ്റവര്‍ക്കോ അങ്ങനെ തോന്നിയിരുന്നില്ല. സുകുമാരന്‍ നായര്‍ക്ക് ചിരി വന്നു. നാട്ടുകാരുടെ ഒരു കാര്യമേ, എന്തെല്ലാം ശ്രദ്ധിച്ചുകളയും!
തറവാട്ടില്‍ പിറന്ന ഏതൊരാളെയും പോലെ സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാലും വോട്ട് എപ്പോഴും കൈപ്പത്തിക്കേ ചെയ്യൂ. ഒരു തവണ കമ്മൂണിസ്റ്റുകാര്‍ക്കെതിരെ കൈപ്പത്തിയല്ല, റാന്തല്‍ അടയാളത്തില്‍ ഒരാള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സുകുമാരന്‍ നായര്‍ വോട്ടുചെയ്യാന്‍ പോയില്ല. എന്നിട്ടോ, വൈകിട്ട് കോങ്ക്ര്സ്സിന്റെ ബൂത്ത് ഏജന്റ് ജോയി പറഞ്ഞപ്പളല്ലേ അറിഞ്ഞത് - തന്റെ വോട്ട് ഏതോ കമ്മുണിസ്റ്റുകാരന്‍ കള്ളവോട്ടായി ചെയ്തുകളഞ്ഞെന്ന്. ഇനി കമ്മുണിസ്റ്റുകാര്‍ക്കെതിരെ റാന്തലായാലും ഏണിയായാലും രാവിലെത്തന്നെ പോയി വോട്ട് ചെയ്യും എന്ന് അന്നേ തീരുമാനമെടുത്തയാളാണ് സുകുമാരന്‍ നായര്‍. ഇങ്ങനെയെല്ലാമായിരിന്നിട്ടും ഒരു കമ്മുണിസ്റ്റുകാരന്‍ മന്ത്രിയുടെ മകന്റെ ഛായയുണ്ട് തന്റെ മരുമകനെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ കേട്ടുനില്‍ക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. അതാണ് ഹൃദയ വിശാലത. തറവാട്ടില്‍ പിറന്നതിന്റെ ഗുണം.
രാഷ്ട്രീയമില്ലെങ്കിലും ലോകവിവരമില്ലെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ അതിന്റെ സൂഷ്മാംശങ്ങളിലേക്ക് വരെ കടന്നുചെന്ന് ചിന്തിക്കാന്‍ കഴിവുള്ളയാളാണ് സുകുമാരന്‍ നായര്‍. മക്കളുടെ കാര്യത്തില്‍ ഒന്നും അങ്ങേര്‍ക്ക് വെറും കൌതുകമല്ല. അതുകൊണ്ട് മരുമകനും സുനീഷ് മടിക്കേരിയുമായുള്ള സാദൃശ്യം തന്റെ മകളെ ബാധിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിയുമോ? ഇല്ല. അല്ലെങ്കില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു - തൊട്ടുമുന്നില്‍ത്തന്നെ അപകടങ്ങളല്ലേ!
ഇനിയിപ്പോള്‍ തന്റെ മകളും മരുമകനും കൂടി എവിടെയൊക്കെപ്പോവും - ചുരുങ്ങിയത് ഗുരുവായൂരിലും തിരുമാന്ധാംകുന്നിലും തൊഴാന്‍ പോകില്ലേ, അവിടെ ഹോട്ടലില്‍ തങ്ങേണ്ടിവരില്ലേ, നാട്ടില്‍ അഭ്യൂഹം പരക്കില്ലേ. കോങ്ക്രസ്സുകാരും ലീഗുകാരം ഹോട്ടല്‍ റെയ്ഡ് ചെയ്യില്ലേ. മരുമകനെ അടുത്തുനിന്നുകണ്ടാല്‍ സുനീഷ് മടിക്കേരിയല്ലെന്ന് അവര്‍ക്ക് മനസ്സിലാവും, പക്ഷെ തന്റെ മകളുടെ ചുരിദാറും ഹെയര്‍സ്റ്റൈലും കണ്ടാല്‍ സീരിയല്‍ നടിയല്ലെന്ന് ആരെങ്കിലും പറയുമോ! ഹൊ. പൊല്ലാപ്പാവൂലോ!
ബാക്കി അറിയില്ല. സുകുമാരന്‍ നായര്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തുമായിരിക്കും. രണ്ട് പെണ്മക്കളുടെ അച്ഛനായതുമുതല്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്ക് അയാള്‍ ചിന്തിച്ച് പോംവഴി കണ്ടെത്തിയിരിക്കുന്നു!
-------------------------------------------------------------------------------------------------
മന്ത്രിപുത്രന്‍ സിനിമാനടിക്കൊപ്പം ഹോട്ടലില്‍ തങ്ങുന്നുണ്ടന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോട്ടലില്‍ തിരച്ചില്‍ നടത്തി. ഹോട്ടല്‍ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി ഹോട്ടല്‍ വളഞ്ഞു. പോലീസെത്തി പോലീസും ഹോട്ടലില്‍ തിരച്ചില്‍ നടത്തി. മന്ത്രിപുത്രനോ യുവതിയോ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. തിരയാന്‍ പോയവര്‍ മന്ത്രിപുത്രനെയും കൊണ്ട് പുറത്തുവന്നാല്‍ മതിയെന്നും പറഞ്ഞ് ഡി വൈ എഫ് ഐ ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും യു ഡി എഫ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു.
ഇങ്ങനെയാണ് ദാറ്റ്സ് മലയാളം, വെബ് ദുനിയ, കൌമുദി ഓണ്‍ലൈന്‍, ഡെയിലി മലയാളം ഒക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസില്‍ യു ഡി എഫുകാര്‍ ഹോട്ടലില്‍ തിരയുന്നതിന്റെ ദൃശ്യം രണ്ട് സെക്കന്റ് കാണിക്കുകയും ചെയ്തു.
മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം. ഇവിടെ ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലല്ലോ.
എന്ന് ആരു പറഞ്ഞൂ? മനോരമ വായിച്ചുനോക്കൂ:
ഉന്നത സി പി എം നേതാവിന്റെ മകന്‍ യുവതിയോടൊപ്പം ബാര്‍ ഹോട്ടലില്‍ ഉണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.
കച്ചേരിപ്പടി തുറയ്ക്കല്‍ ബൈപ്പാസ് റോഡിലാണു സംഭവം. യു ഡി എഫ് പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടല്‍ പടിക്കല്‍ തടിച്ചുകൂടിയതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തി. ഇരുവിഭാഗവും സംഘര്‍ഷവക്കിലെത്തിയപ്പോള്‍ പോലീസ് വിരട്ടി. നേതാവിന്റെ മകനോ യുവതിയോ ഹോട്ടലില്‍ ഇല്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്.
സംഘര്‍ഷത്തിനിടെ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഷംസീറിനെ ഡി വൈ എഫ് ഐക്കാര്‍ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഷംസീറിനെ മലപ്പുറത്ത് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Thursday, February 18, 2010
കേരളം - കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലാത്തിടം
അറേബ്യന്‍ ഗള്‍ഫിലെ എണ്ണസമ്പന്നമായ കൊച്ചുരാജ്യമാണ് ഖത്തര്‍. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ രാജഭരണം നിലനില്‍ക്കുന്നു. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ സ്വതന്ത്രവിപണിയുടെ പ്രയോക്താക്കള്‍ എന്നുമാത്രം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയാവുകയില്ല. സ്വതന്ത്രവിപണിയുടെ ത്വരിതമായ വ്യാപനം ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ലോകവ്യാപാരസംഘടനയുടെ സുപ്രധാനസമ്മിറ്റുകള്‍ക്ക് സ്ഥിരം ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയാണത്.
ഖത്തറിന്റെ ജനസംഖ്യ ഇരുപത് ലക്ഷത്തില്‍താഴെയാണ്. അവിടത്തെ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും അടക്കം. കോട്ടയം ജില്ലയോളം ജനസംഖ്യ. വിസ്തീര്‍ണ്ണം പതിനൊന്നായിരം ചതുരശ്ര കി മീ. കോട്ടയം ജില്ലയുടെ അഞ്ചുമടങ്ങ്.
എന്താണിപ്പോള്‍ കോട്ടയവും ഖത്തറുമായി ഒരു താരതമ്യം! ഖത്തറിലും കൃഷിക്കാരുണ്ട്. കോട്ടയത്തും കൃഷിക്കാരുണ്ട്. ഖത്തറിലെ കൃഷിക്കാര്‍ക്കും പരാതികളുണ്ട്, കോട്ടയത്തെ കൃഷിക്കാരെപ്പോലെതന്നെ!
തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിലകിട്ടുന്നില്ലെന്നാണ് ഖത്തറിലെ കര്‍ഷകരുടെ പരാതി. ഉല്പാദനച്ചെലവുമായിതട്ടിച്ചുനോക്കുമ്പോള്‍ വമ്പന്‍ നഷ്ടം. ഖത്തറിലെ വിളവെടുപ്പ് കാലത്ത് വിദേശത്തുനിന്നുള്ള ഈ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നാണ് അവരുടെ ആവിശ്യം. ഏത് ബുദ്ധിയില്ലാത്ത ചീള് കമ്മുക്കളാണാവോ ഇമ്മാതിരി വിവരദോഷം ഇവരെ പഠിപ്പിച്ചത്! ആഗോളവിപണിയില്‍നിന്നും മാറിനില്‍ക്കാന്‍ ഖത്തറിനുമാത്രമായി സാധിക്കില്ലെന്ന് ഇവരെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമില്ലേ അവിടെ!
കോട്ടയം ജില്ലയുടെ അത്രയും ജനസംഖ്യയില്ലാത്ത ഖത്തറില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ റീടെയിലുകാര്‍ നിരവധിയുണ്ട്. Carrefour തന്നെ മൂന്നെണ്ണം. ലുലു, ജയന്റ് തുടങ്ങിയ ഇന്ത്യന്‍ ജയന്റുകള്‍ വേറെ. കര്‍ഷകരില്‍നിന്നും ഇത്രവിലകുറച്ച് സംഭരിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ എന്തുവിലയ്ക്കാണ് വിപണിയില്‍ കിട്ടുന്നത്? അഞ്ചുകിലോവിന്റെ ഒരു പെട്ടി ആറ് ഖത്തര്‍ റിയാലിനു താന്‍ വില്‍ക്കുന്നത് റീടെയ്ല് ഷോപ്പില്‍ കിലോവിനു ആറ് ഖത്തര്‍ റിയാലിനു എന്ന കണക്കിനു വില്‍ക്കുന്നതായി ഒരു കര്‍ഷകന്‍ പറയുന്നു. അഞ്ചിരട്ടി വില!
ചില്ലറ വ്യാപാരരംഗത്ത് വമ്പന്മാര്‍ ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്നവിലകിട്ടും, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ സാധനങ്ങള്‍ ലഭ്യമാവുകയും ചെയ്യും - ഇതാണ് പ്രപഞ്ചതത്വം. അതും തെറ്റുന്നുവോ!
ഖത്തര്‍ ഒരു കാര്‍ഷികരാജ്യമല്ല. അവിടെ കര്‍ഷകര്‍ തീരെ ചെറീയ ഒരു വിഭാഗമാണ്. മൈക്രോ മൈക്രോ മൈനോറിറ്റി. അതില്‍ത്തന്നെ ഭൂരിപക്ഷവും മറ്റ് പലവരുമാനമാര്‍ഗ്ഗങ്ങളുള്ള കോടീശ്വര്‍ന്മാരാണ്. കൃഷിയില്‍ നഷ്ടം പറ്റിയാല്‍ ആര്‍ക്കും ആത്മഹത്യചെയ്യേണ്ടിവരില്ല. പട്ടിണികിടന്ന് ജീവിക്കേണ്ടിയും വരില്ല. കോട്ടയത്തെ അല്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ അങ്ങനെയാണോ? എന്നാലും ഖത്തറിലെ കര്‍ഷകന്‍ ഉയര്‍ത്തുന്ന പ്രതിഷേധം പോലും നമ്മുടെ കര്‍ഷകര്‍ ഉയര്‍ത്തരുതെന്ന്. കര്‍ഷകന്റെ പ്രതിഷേധം നമ്മള്‍ ഉപഭോക്താക്കള്‍ക്കെതിരാണെന്ന്. എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നത് നമ്മുടെ ജനാധിപത്യം, സുതാര്യമായ നമ്മുടെ (കേന്ദ്ര)ഭരണകൂടം സ്വതന്ത്രവും നിഷ്പക്ഷവുമായ നമ്മുടെ മാധ്യമങ്ങള്‍. എല്ലാത്തിനെയും നമിക്കുക.
Related Posts: എന്റെ തന്നെ ഒരു പഴയപോസ്റ്റ്: ആസിയാന്‍ കരാറും ഉപഭോക്താക്കളും
Monday, February 8, 2010
അതിനും കുറ്റം ഇടതിനുതന്നെ!
ആസ്ത്രേലിയയില്‍ ചുവന്നകൊടി കാണണമെങ്കില്‍ റെയില്വെ സ്റ്റേഷനില്‍ നോക്കണമെന്ന പരിഹാസം ലേഖനത്തിന്റെ തുടക്കത്തില്‍തന്നെയുണ്ട്. ഇന്ത്യയുടെ ഇരട്ടിയിലധികം വലിപ്പമുള്ള രാജ്യമാണ് ആസ്ത്രേലിയ. കൃഷിക്കും എല്ലാത്തരം വ്യവസായങ്ങള്‍ക്കും പറ്റിയ ഭൂമി ഇഷ്ടം പോലെ. മിതോഷ്ണകാലാവസ്ഥ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറില്ല എന്നുതന്നെ പറയാം. ജനസംഖ്യ ഇന്ത്യയുടെ അമ്പതിലൊന്നുമാത്രം. എന്നിട്ടും അവിടെ ദാരിദ്ര്യമുണ്ട്, ദാരിദ്ര്യത്തില്‍നിന്നും ഉണ്ടാവുന്ന പിടിച്ചുപറിയുണ്ട്, അക്രമങ്ങളുണ്ട്. അപ്പോള്‍ അവിടത്തെ വ്യവസ്ഥിതിക്ക് കുഴപ്പമുണ്ടെന്ന് കണ്ട് അതിനെതിരെ കൊടിപിടിക്കണമെന്ന് - ചുവന്നകൊടി വേണ്ട- ആഗ്രഹിക്കുന്ന ഒരാളെങ്കിലും ആസ്ത്രേലിയയില്‍ കാണുമെന്ന് എനിക്കുറപ്പുണ്ട്.
മുഖ്യവിഷയത്തിലേക്ക് തിരിച്ചുവരാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത് ഇവിടെയില്ലാത്ത ലോകോത്തര ഉന്നതവിദ്യാഭ്യാസം നേടാനാണ് എന്നാണല്ലോ റോയ്സാര്‍ പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ മഹാരഥന് മറുപടികൊടുക്കാന്‍ ഈയുള്ളവന്‍ ആര്? എന്നാല്‍ നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാരനായ മറ്റൊരു മഹാരഥന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതിനു മറുപടി പറഞ്ഞതുപോലുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ എസ് എം കൃഷ്ണ. നമ്മുടെ വിദേശകാര്യ(മുഖ്യ)മന്ത്രി.
എന്തിനാണ് ഈ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത്? എസ് എം കൃഷ്ണ അദ്ഭുതം കൂറുന്നു: ഇവിടെ ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ എല്ലാ മിടുക്കര്‍ക്കും പ്രവേശനം കിട്ടിയെന്നുവരില്ല. അപ്പോള്‍ ആസ്ത്രേല്യയിലോ എവിടെയെങ്കിലുമോ അതിനുസമാനമായ നിലവാരത്തിലുള്ള കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടുമെങ്കില്‍ പോകുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയല്ല. കേശാലങ്കാരം പോലുള്ളവ പഠിക്കാനാണ് ഭൂരിഭാഗവും പോയിരിക്കുന്നത്. ലിങ്ക് ദാ
അതെ, ആസ്ത്രേല്യയില്‍ മിക്കവരും പോയിരിക്കുന്നത് എഞ്ചിനീയറിങ്ങോ മെഡിസിനോ ശാസ്ത്രമോ ഒന്നും ഉയര്‍ന്ന നിലയില്‍ കൂടുതല്‍ സൌകര്യത്തില്‍ പഠിക്കാനല്ല. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ബിസിനസ്സുകാരുടെ ശരാശരിയിലോ അതിലും താഴയോ പഠനനിലവാരം പുലര്‍ത്തിയ മക്കള്‍. പണം കൊടുത്ത് ബി കോം എന്ന അലങ്കാരം വാങ്ങി, മീതെ ആസ്ത്രേല്യന്‍ എം ബി എയുടെ ആര്‍ഭാടവും പണം കൊടുത്തുവാങ്ങാന്‍ പോയവര്‍. ബി കോം പണം കൊടുത്തുപോലും നേടാനാവാത്തവര്‍ കേശാലങ്കാരവും കളിനറിയും പഠിക്കാന്‍ പോകും. കളിനറിയെന്നാല്‍ ചെറുനാരങ്ങാ കട്ടുചെയ്യുന്നതില്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെയുണ്ട്. മക്കള്‍ ഈ കോഴ്സുകള്‍ പഠിക്കുന്നു. നാട്ടില്‍ അച്ഛനുമമ്മക്കും മകന്‍ ആസ്ത്രേല്യയില്‍ പഠിക്കുന്നതിന്റെ അന്തസ്സ്!
ഇതൊക്കെ അവിടെപോയി എന്തിനാാാ പഠിക്കുന്നത് എന്ന് എസ് എം കൃഷ്ണ ചോദിക്കുമ്പോള്‍ ഈ കാര്യത്തിലും ഇടതിനെ കൊട്ടി യജമാനപ്രീതി സമ്പാദിച്ച് വിരാജിക്കുന്നു മാധ്യമവിശാരദന്‍ കെ എം റോയ്.
Thursday, January 28, 2010
ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍
ഒരിക്കല്‍ ഞാന്‍ പുള്ളിയോട് ചോദിച്ചു: എന്താണ് ഈ തരൂര്‍ എന്ന പേരിനു പിന്നില്‍?
ഉത്തരം: തരൂര്‍ എന്റെ നാടാണ്. പാലക്കാട് ജില്ലയിലെ മനോഹരമായ എന്റെ കൊച്ചുഗ്രാമം.
എന്റെ ചോദ്യം വീണ്ടും: അപ്പോള്‍ നിങ്ങള്‍ക്ക് ശശി തരൂരിനെ അറിയാമോ?
“ആരാണയാള്‍?“
“ആഹാ, അപ്പോള്‍ നിങ്ങളുടെ നാട്ടുകാരനായ ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന ലോകപ്രസിദ്ധ സാഹിത്യകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുപോലുമില്ലേ?“
സത്യത്തില്‍ ശശി തരൂരിനെക്കുറിച്ച് എനിക്കും ഒന്നും അറിയുമായിരുന്നില്ല. സാഹിത്യവാരഫലത്തില്‍ അല്ലെങ്കില്‍ അങ്ങനെ ഏതോ പംക്തിയില്‍ അദ്ദേഹത്തെക്കുറിച്ച് വളരെ ക്ലിപ്തമായ ഒരു ഖണ്ഡിക വായിച്ച അറിവുമാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്.
അന്ന് അഭ്യസ്തവിദ്യരായ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുപോലും അജ്ഞാതനായിരുന്നു ശശി തരൂര്‍ എന്ന് ചുരുക്കം. എന്നാലിന്ന്, വെറും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ പരമാധികാരത്തിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ശശി തരൂര്‍ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന ‘രാഷ്ട്രീയക്കാര‘നാണ്.
അറുപതു പിന്നിട്ട ഇന്ത്യന്‍ റിപ്പബ്ലിക് ലോകത്തിനുമുന്നില്‍ ഏറ്റവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അത് കൈവരിച്ച നേട്ടങ്ങളാണ്. അതിന് അടിത്തറയിട്ടത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നയങ്ങളാണ്. പ്രത്യേകിച്ച് സോവിയറ്റ് യൂനിയനുമായി അദ്ദേഹമുണ്ടാക്കിയ സഹകരണം. ആ വിദേശനയം വെറും ധാര്‍മിക വാചാടോപം മാത്രമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായാണ് ഇന്ന് ഇന്ത്യന്‍ വിദേശകാര്യ(സഹ)മന്ത്രിയുടെ കസേരയില്‍ ശശി തരൂര്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ മുടന്തന്‍ വിശദീകരണങ്ങള്‍ അപ്പാടെ അതേപടി മുഖവിലക്കെടുക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. നെഹ്രുവിന്റെ പേരമകന്റെ ഭാര്യയായ പാര്‍ട്ടി അധ്യക്ഷയും ശശി തരൂര്‍ നല്‍കുന്ന വിശദീകരണത്തില്‍ ഒരന്വേഷണത്തിനും മുതിരാതെ തൃപ്തയാവുന്നു. റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീ നല്‍കാന്‍ കേരളസര്‍ക്കാര്‍ ശുപാര്‍ശ നല്‍കാഞ്ഞതെന്ത് എന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമ പുംഗവന്മാരും ശശി തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ അധികം അന്വേഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
എന്താണ് ഇതിന്റെയൊക്കെ പിന്നില്‍? ശശി തരൂര്‍ എന്തിനാണ്, എങ്ങിനെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രാജ്യാന്തര രാഷ്ട്രീയ രംഗത്ത് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന വലീയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാറില്ല. ഇന്ത്യ അത്തരത്തിലൊരു രാജ്യമാണ്. പോരാത്തതിന് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ ശക്തമായ ആവിശ്യപ്പെടുന്ന ഖട്ടവുമാണ്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു ഇന്ത്യാക്കാരന്‍ വരുന്നത് ഇത്തരം ആവിശ്യങ്ങളെ പൂര്‍ത്തീകരണത്തില്‍നിന്നും അകറ്റുകയേയുള്ളൂ. എന്നിട്ടും ശശി തരൂരിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാനും തോല്വി സുനിശ്ചിതമായിട്ടും ആവേശത്തോടെ അവസാന റൌണ്ടുകള്‍വരെ നിലനിര്‍ത്താനും ഇന്ത്യ തുനിഞ്ഞത് എന്തിനായിരുന്നു? ഒറ്റ ഉദ്ദേശ്യമേയുള്ളൂ. ഇങ്ങനെയൊരു ഇന്റര്‍നാഷണല്‍ ഇന്ത്യാക്കാരന്‍ ഈ ലോകത്തുണ്ടെന്ന് ഇന്ത്യന്‍ ജനസാമാന്യത്തെ അറിയിക്കുക. അദ്ദേഹത്തെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഹീറൊയാക്കുക. ശേഷം ഇന്ത്യയുടെ ഭരണരംഗത്ത് ഒരു സുപ്രധാനകസേരയില്‍ പ്രതിഷ്ഠിക്കുക. ഒന്നും മന്മോഹന്റെയും കോണ്‍ഗ്രസ്സിന്റെയോ ഐഡിയയല്ല. പക്ഷെ അവരുടെ യജമാനന്റെ ഐഡിയയാണ്. യജമാനന്റെ നയങ്ങള്‍, ആശയങ്ങള്‍ നടപ്പാക്കുക മാത്രമാണ് മന്മോഹന്റെ ജോലി.
അതെ അമേരിക്കന്‍ സാമ്രാജ്യത്തം അതിന്റെ അധീശത്വം ഉറപ്പിക്കുന്നത് പലരീതിയിലാണ്. ചിലയിടങ്ങളില്‍ തങ്ങളുടെ ആഞ്ജാനുവര്‍ത്തികളായ ഏകാധിപതികളെ വാഴിക്കും. അവരുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തും. മറ്റു ചിലയിടത്ത് തങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത ഏകാധിപതീകളുണ്ടെങ്കില്‍ അവിടെ ജനാധിപത്യസ്ഥാപനത്തിന് എന്നും പറഞ്ഞ് ഇടപെടും. ഒരു പാവ ഗവ. ഉണ്ടാക്കിയെടുക്കും. ഇന്ത്യയിലുണ്ടായിരുന്നത് യഥാര്‍ത്ഥ ജനാധിപത്യമായിരുന്നു. ആ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ തങ്ങളുടെ സാമ്രാജ്യത്തമോഹങ്ങള്‍ സഫലീകരിക്കുന്നു.
എന്തിന് ശശി തരൂര്‍, മന്മോഹന്‍ സിങ്ങ് ആരാണ്? ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് നമ്മള്‍ പറയും. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യാ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണിന്റെ ജനറല്‍ മാനേജരാണ്. ആ ഉദ്യോഗത്തിലിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്താനും. വെരി വെല്‍ ക്വാളിഫൈഡ്. പ്രൂവണ്‍ ട്രാക്ക് റെക്കഡ്!
അതുപോലെ ഇന്ത്യാ സ്പെഷ്യല്‍ എക്കണോമിക് സോണിന് ഏറ്റവും യോഗ്യരായ പബ്ലിക് റിലേഷന്‍സ് മാനേജര്‍മാരുണ്ട്. മാര്‍ക്കറ്റിംഗ് മാനേജര്‍മാരുണ്ട്. സെക്യൂരിറ്റി ഓഫീസര്‍മാരുണ്ട്. ഇല്ലാതെ പോയത് നല്ലൊരു ഫിനാന്‍സ് മാനേജരാണ്. യോഗ്യരുടെ അഭാവമല്ല. മുതലാളിക്കും ജി എംനും ഏറ്റവും ബോധിച്ച ഒരാളുണ്ടായിരുന്നു - മോണ്ടേംഗ്സിംഗ് ആലുവാലിയ. പക്ഷെ അദ്ദേഹത്തിന്റെ നിയമനം നടന്നില്ല. ആ കിളവന്‍, ഫിനാന്‍സ് തനിക്കുതന്നെ വേണം എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചുകളഞ്ഞു. എന്തു ചെയ്യും! ജനാധിപത്യത്തിന്റെ ഡ്രോബാക്ക്. സാരമില്ല, ഇത്തരം നശൂലങ്ങളെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും ഉന്മൂലനം ചെയ്യാനുള്ള പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ശശി തരൂരിന്റെ നേതൃത്വത്തില്‍ തന്നെ. മാനേജേര്‍സ് കോണ്‍ഗ്രസ്സ് അത്തരമൊരു പരിപാടിയാണ്.
തരൂരുകാരനായ എന്റെ പഴയ ചാറ്റ് റൂം സ്നേഹിതാ, താങ്കളിപ്പോള്‍ ശശി തരൂരിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ അഭിമാനം കൊള്ളുന്നുണ്ടോ? തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹം എപ്പോഴും വിജയം വരിച്ചു വരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്കിപ്പൊഴും ശശി തരൂരിനെ അറിയില്ലെന്ന് ഞാന്‍ പറയും.
Wednesday, January 13, 2010
ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്
ജയ് ഹിന്ദ് ടി വിയിലെ പുതിയ പ്രശ്നോത്തര പരിപാടിയാണ് രണാങ്കണം. അവതരിപ്പിക്കുന്നത് സാക്ഷാല്‍ ജി എസ് പ്രദീപ്. പണ്ട് കൈരളിയില്‍ അശ്വമേധം അവതരിപ്പിച്ച് താരമായ കക്ഷി. അശ്വമേധം പുതുമയുള്ള, ആകാംക്ഷയുണര്‍ത്തുന്ന ഒരു പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ നല്ല മലയാളിത്തമുള്ള നിര്‍ലോഭമായ ഇംഗ്ലീഷ് ആ പ്രോഗ്രാമിന്റെ ഒരു മേന്മ തന്നെയായിരുന്നു. ആളുകള്‍ക്ക് ബോറടിച്ചതുകൊണ്ട് മാത്രമാണ് കുറെക്കാലം കഴിഞ്ഞപ്പോള്‍ നിര്‍ത്തേണ്ടിവന്നത്.
ആശാന്‍ ഇപ്പോള്‍ ജയ്ഹിന്ദ് ടി വിയില്‍ രണാങ്കണവുമായി വരുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ. രണാങ്കണത്തിലും പുതുമയുണ്ട്. മത്സരാര്‍ത്ഥികള്‍ തിരഞ്ഞേടുക്കുന്ന വിഷയത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കും. അത് ശരിയോ തെറ്റോ എന്ന് പറഞ്ഞാല്‍ മതി. മത്സരാര്‍ത്ഥിയുടെ മറുപടി ശരിയായാല്‍ പണമായിട്ടാണ് പ്രതിഫലം. മാക്സിമം പത്തുലക്ഷം വരെ ഇങ്ങനെ നേടാമെന്ന് തോനുന്നു.ഉത്തരം തെറ്റിയാല്‍ പണം നെഗറ്റീവ് ആകും. ഒപ്പം അടുത്ത ചോദ്യമായിവരുന്ന സ്റ്റേറ്റ്മെന്റ് പ്രദീപ് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിന്നായിരിക്കും.
ഉദ്ഘാടന എപ്പിസോഡിനായി വന്നത് നമ്മുടെ ശശി തരൂര്‍. ശശി തരൂരിനേക്കാള്‍ സുന്ദരനായ ഒരു പുരുഷനെ ഗ്രാന്റ് മാസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ലത്രെ. സൌന്ദര്യം നോക്കുന്നവരുടെ കണ്ണിലാണല്ലോ. ഇതേ കണ്ണും തലയും കൊണ്ടാണല്ലോ ഇദ്ദേഹം ഈ വിജ്ഞാനമത്രയും ബൈഹാര്‍ട്ട് പഠിച്ചു കളഞ്ഞത്.
സാമ്രാജ്യത്തം, മുതലാളിത്തം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, ബഹുരാഷ്ട്രകുത്തക ആദിയായവയെ എല്ലാം പുറം കാലുകൊണ്ട് തൊഴിച്ചാണ് പണ്ട് അശ്വമേധത്തിന്റെ വേദിയിലേക്ക് ഇദ്ദേഹം കടന്നുവന്നിരുന്നത്. പ്രോഗ്രാമിനിടയില്‍ പ്ലാച്ചിമടയിലും ക്യൂബയിലും വിയറ്റ്നാമിലും ഒക്കെ നടക്കുന്ന സാമ്രാജ്യത്തെ പ്രതിരോധസമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കും, നല്ല മലയാളത്തില്‍. മലയാളിത്തമുള്ള ഇംഗ്ലീഷിനു അതു കഴിഞ്ഞേ ഉള്ളൂ സ്ഥാനം. വയലാറിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ മുഷ്ടിയുയര്‍ത്തി മുഴക്കിക്കൊണ്ട് പ്രോഗ്രാം അവസാനിപ്പിക്കയും ചെയ്യും.
രണാങ്കണത്തിന്റെ ഉദാഘാടന എപ്പിസോഡില്‍ പക്ഷെ, കൊക്കകോളയുടെ ഉപദേഷ്ടാവ് കൂടിയായ തന്റെ ജനപ്രതിനിധി ശശി തരൂരിനെക്കുറിച്ച് ഗ്രാന്റ് മാസ്റ്റര്‍ പുളകം കൊള്ളുന്നു. ക്രിക്കറ്റ്, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ തരൂര്‍ സെലക്റ്റ് ചെയ്യുന്നു. ഓരൊ വിഷയത്തിലും ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന വാചകം ശരിയോ തെറ്റോ എന്ന് ഒരു ശങ്കയുമില്ലാതെ തരൂര്‍ കണ്ടെത്തുന്നു. ഒടുവില്‍ പത്തുലക്ഷം സമ്മാനത്തിന് പുള്ളി അര്‍ഹനുമാവുന്നു. എന്നാല്‍ പണം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം പരിപാടിയില്‍നിന്നും വിരമിക്കുന്നു. തരൂര്‍ ഫാന്‍സ് കൂടുതല്‍ പുളകിതരായില്ലേ. ഇനിയും ഏതെങ്കിലും ‘അഭ്യസ്തവിദ്യര്‍‘ ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ സംശയിച്ചുനില്‍ക്കുന്നെങ്കില്‍ അതും മാറീല്ലേ?
പക്ഷെ ശരിക്കും തമാശ കണ്ടത്, ഇന്നലത്തെ എപ്പിസോഡിലാണ്. ഏതാണ്ട് ഒരു വനിതാ ബുദ്ധിജീവിയുടെ ലക്ഷണങ്ങളുള്ള ഒരു പെണ്‍കുട്ടിയാണ് മത്സരാര്‍ത്ഥി. ഒരു ഉത്തരാധുനിക കവിതയും ചൊല്ലി കേള്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെ ചെറുപ്പത്തിലെ ഫോട്ടോയെ ഓര്‍മ്മിപ്പിക്കുന്ന മുഖം. അതുകൊണ്ടാണൊ എന്നറിയില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാകലാണ് തന്റെ ആംബിഷന്‍ എന്ന് ആ പെണ്‍കുട്ടിയെകൊണ്ട് പറയിപ്പിച്ചുകളഞ്ഞു ജയ്ഹിന്ദ് ടി വി. ആദ്യ ചോദ്യം നേരിടാനായി ഈ മത്സരാര്‍ത്ഥി തെരെഞ്ഞെടുത്ത വിഷയം കേട്ടോളൂ: ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്!!
ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ് - പ്രശസ്തരുടെ അവസാന വാചകം. അങ്ങനെയൊരു വിഷയമുണ്ടോ!
യേശുകൃസ്തു കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് - കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്.
വെടിയേറ്റുവീണപ്പോള്‍ മഹാത്മാഗാന്ധി ഹേ രാം എന്ന് മന്ത്രോച്ചാരണം നടത്തിയിട്ടുണ്ടത്രെ.
പല വിപ്ലവകാരികളും ദേശാഭിമാനികളും കൊലക്കയര്‍ അവരുടെ കഴുത്തിലണിയിക്കുമ്പോള്‍ സുധീരം തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചിട്ടുണ്ട്.
സദ്ദാം ഹുസൈന്‍ വധശിക്ഷ ഏറ്റുവാങ്ങിയത് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്.
അങ്ങനെ ഏതാനും പേര്‍ വേറെയുമുണ്ടാകും. അതല്ലാതെ ബാക്കി ഇന്നേവരെ ഈ ലോകത്ത് നിന്നും മറഞ്ഞുപോയ പ്രശസ്തര്‍ക്കെല്ലാം സ്വാഭാവിക മരണമോ അപകടമരണമോ ഒക്കെയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ മരിക്കുന്നതിനുമുമ്പ് ഈ ലോകത്തോട് അവരുടേതായ എന്തെങ്കിലും പറഞ്ഞിട്ടാണ് അവര്‍ പോയതെന്നുണ്ടോ.
ഈ സബ്ജെക്റ്റില്‍ ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന സ്റ്റേറ്റ്മെന്റ് കേട്ടപ്പോഴാണ് ഈ പ്രത്യേക സബ്ജെക്റ്റിന്റെ ഗുട്ടന്‍സ് പിടികിട്ടുക. ഗ്രാന്റ് മാസ്റ്ററുടെ സ്റ്റേറ്റ്മെന്റ് എന്താണെന്നോ:“ഈ വാക്കുകള്‍ തന്നെ എനിക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് മരണപ്പെട്ട മലയാള സാഹിത്യകാരന്റെ കൃതിയാണ് അടയാളങ്ങള്‍”
അലപ്ം ശങ്കിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മറുപടി- യെസ്, ഇറ്റ്സ് ട്രൂ.
ഗ്രാന്റ് മാസ്റ്ററുടെ കൈയ്യടിയും ഒപ്പം ആവേശം നിറഞ്ഞ വാചകങ്ങളും:“ ശരിയാണ് ദീര്‍ഘകാലം താന്‍ സേവിച്ച പ്രസ്ഥാനം തന്നെ തള്ളിപ്പറയുമ്പോഴും അഴിമതിക്കെതിരെ നിര്‍ഭയം ശ്ബ്ദിച്ചുകൊണ്ട് തൃശ്ശൂര്‍ പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തവെ മരണമടഞ്ഞ പ്രൊഫ: എം എന്‍ വിജയന്റെ കൃതിതന്നെയാണ് അടയാളങ്ങള്‍“
എന്റെ ജയ്ഹിന്ദേ, ജി എസ് പ്രദീപേ എന്ത് തറനാടകമാണിത്?
Tuesday, December 22, 2009
കുടുംബത്തില്‍ പിറന്നവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം
അവരില്‍നിന്നും കുറച്ചകലെ, കാറ്റാടിത്തണലില്‍, തണലത്തരമതിലില്‍, ഞങ്ങള്‍ കുറച്ച് അരാഷ്ട്രീയര്‍ ഇരിക്കയാണ്. അസ്തമയത്തിന് അധികം സമയമില്ല. അപ്പോഴതാ ഞങ്ങളുടെ മുന്നിലൂടെ കാമ്പസിലെ കെ എസ് യു നേതാവും രണ്ട് മൂന്ന് ശിങ്കിടികളും ധൃതിപ്പെട്ട് നടക്കുന്നു. ഞങ്ങള് വെറുതെ ഒന്നു തോണ്ടി: കണ്ടോടാ, നിങ്ങളിവിടെ രണ്ടുമൂന്നാളുകള്‍ തേരാപ്പാരാ നടക്കുന്നു, അവിടെ നോക്ക്, പെമ്പിള്ളേരടക്കം എന്ത് ആത്മാര്‍ത്ഥയോടുള്ള വര്‍ക്കാണെന്ന് നോക്ക്.
കെ എസ് യു നേതാവിന്റെ പരിഹാസച്ചിരിയോടുള്ള മറുപടിയും കിട്ടി: ഹ ഹ, ഞങ്ങള്‍ക്കുമുണ്ട് വനിതാപ്രവര്‍ത്തകര്‍, പക്ഷെ, ഇതുപോലെ രാവും പകലും പാര്‍ട്ടിപ്രവര്‍ത്തനം എന്നും പറഞ്ഞ് അഴിഞ്ഞാടാനൊന്നും അവരുണ്ടാവില്ല. കുടുംബത്തില്‍ പിറന്നവരാ. ക്ലാസ്സ് കഴിഞ്ഞ് നേരത്തോടെ അവര്‍ക്ക് വീട്ടിലെത്തണം.
കൂടുതലൊന്നും എഴുതുന്നില്ല. ഇതിപ്പോള്‍ ഓര്‍ക്കാനുണ്ടായ സാഹചര്യം എഴുതേണ്ടല്ലോ.
പഴയ കെ എസ് യു നേതാവ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ എന്തൊക്കെയോ ആണത്രേ. കെ എസ് യു ക്കാര്‍ യൂത്തും സേവാദളും പിന്നെ മൂത്ത കോണ്‍ഗ്രസ്സും ഒക്കെ ആകുന്നതിനിടയില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയും ആവും. കൂടുതല്‍ ‘പക്വ‘മായ പ്രതികരണങ്ങളും പ്രവൃത്തികളും അവരില്‍നിന്നും ഉണ്ടാവും. പഴയ കെ എസ് യു നേതാവും അങ്ങനെതന്നെ എന്നല്ലേ ഞാനും കരുതേണ്ടൂ.
Thursday, November 19, 2009
പിണറായിയുടെ വീട്
അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.
മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.
മറ്റ് മൂന്നുപേര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അരാഷ്ട്രീയവാദികള്‍ എന്ന്തന്നെ വിളിക്കാം.
അതോടൊപ്പം സത്യം എന്താണെന്ന് വ്യക്തമാക്കിയ മെയിലും എനിക്ക് ഫോര്‍വേഡായി കിട്ടുകയുണ്ടായി. അത് ഞാന്‍ അവര്‍ക്ക് തിരിച്ച് അയച്ചുകൊടുത്തു. ഒപ്പം കൂതറ അവലോകനത്തിലെ ചര്‍ച്ചയുടെയും സൂരജിന്റെ പോസ്റ്റിന്റെയും ലിങ്കുകള്‍ അയച്ചുകൊടുത്തു.
എല്ലാവരില്‍നിന്നും എനിക്ക് മറുപടികിട്ടി.
ആദ്യത്തെയാള്‍, സി പി എം കാരന്‍ ഇങ്ങനെയെഴുതി:
ഇതൊരു കള്ളപ്രചാരണമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ല്ലാം ഇതയച്ചില്ലെങ്കില്‍ എനിക്കിത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കും. ഇതിനിടയില്‍ സത്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടുമെന്നും അറിയാം. അത് ഉദ്ദേശിച്ചുതന്നെയാണ് എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്തത്. തന്റെ മറുപടി ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇവന്മാര്‍ ഈ ചെറ്റത്തരം കാണിക്കുന്നത്?
രണ്ടാമത്തെയാള്‍-കടുത്ത പാര്‍ട്ടി വിരോധി- ഒരു വരിയില്‍ ഒരു മറുപടി - സത്യം അറിയിച്ചതിനു നന്ദി.
മറ്റ് മൂന്നുപേരും സത്യം അറിയിച്ചതിന്റെ നന്ദിയും ഒപ്പം ഈ വ്യാജപ്രചാരകര്‍ക്ക് തെറിയും സമ്മാനിച്ചുകൊണ്ടുള്ള മറുപടിയെഴുതി.
ഇതാണ് ജനാധിപത്യം.
അസത്യവും അര്‍ധസത്യവും പച്ചക്കള്ളവും വ്യാജവാര്‍ത്തകളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ഒരിക്കലും അവസാനിക്കാത്ത കൂരിരുട്ടുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ, എല്ലാറ്റിനുമിടയിലൂടെ സത്യത്തിന്റെ നിലാമഴ പെയ്യും. ഒരു അണുമാത്രയെങ്കിലും തുറസ്സുള്ള എല്ലാ മനസ്സുകളിലേക്കും അതിന്റെ തുള്ളികള്‍ ഇറ്റുവീഴും. ഒടുവില്‍ നേരിന്റെ പുലരി വിരിയും.
സത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നവനാണ് ജനാധിപത്യവാദി. അസത്യങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുന്നവനാണ് ജനാധിപത്യവാദി. അപ്പൊ ഈ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള ആളുകളുടെ ഉത്സാഹത്തെ വിശകലനും ചെയ്യുന്നവരോ? അവര്‍ ജനാധിപത്യത്തിലെ കോമാളികളാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ചവരോളം വലീയ ജനാധിപത്യധ്വംസകരാണ്. കോമാളിത്തത്തിനെതിരെ കുറിക്കുകൊള്ളുന്ന പരിഹാസം വന്നപ്പോള്‍ വ്യാജമായ കാരണങ്ങള്‍ കാണിച്ച് ഡിലീറ്റ് ചെയ്യുകകൂടി ചെയ്യുമ്പോള്‍ അവര് ആരായി മാറി? എന്നിരുന്നാലും ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.
ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമായിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. സത്യത്തിന്റെ നിലാവെളിച്ചം പരന്നുകഴിഞ്ഞുള്ള രാവിനുശേഷമുള്ള നേരിന്റെ പുലരി ഇനിയും ഇവിടെ വിരിഞ്ഞിട്ടില്ല. ജാതീയതയും മറ്റ് നിരവധികാരണങ്ങളാലും ഇരുട്ടില്‍തന്നെയായിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്യശക്തികളും സൃഷ്ടിച്ചെടുക്കുന്ന വ്യാജപ്രചരണങ്ങളുടെ കൂരിരിട്ടിലേക്ക് പോകുകയാണോ എന്ന് തോന്നിപ്പോകുന്നു. പക്ഷെ, ഇല്ല അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും.