Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Friday, April 30, 2010

ബംഗാളിലെ സ്ഥിതി ശോചനീയം

ജനപ്പെരുപ്പം ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക് മുഖ്യകാരണമാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടെങ്കിലും ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടെ മൂന്നിരട്ടിയാണ്. ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.2% മാത്രം വരുന്ന ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 17.5% വസിക്കുന്നു. ചൈനയുടേത് ലോകജനസംഖ്യയുടെ 19% വരുമെങ്കിലും ചൈന ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ 6.5% വരും. അത്രതന്നെ വലിപ്പമുള്ള അമേരിക്കയിലാവട്ടെ ലോകജനസംഖ്യയുടെ 4.5% മാത്രം ജനങ്ങളാണുള്ളത്.

നമ്മളെല്ലാവരും സ്ക്കൂളില്‍ പഠിച്ച സാമൂഹ്യശാസ്ത്രപാഠങ്ങളില്‍ ഒന്നാണിത്. ഇപ്പോഴും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാവണം. രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കൂടുന്നത് നല്ലതാണെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും വളരെ കൂടുതലായ ജനസാന്ദ്രത ഒരു പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമാവും, പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല.


ലോകത്തിന്റെ മൊത്തം കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും ഏറ്റവും വലിപ്പമുള്ള 13 എണ്ണത്തിന്റെ വികസനം താരതമ്യം ചെയ്തുനോക്കാം. കേരളം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സംസ്ഥാനമല്ല. എങ്കില്‍ക്കൂടി നമ്മുടെ സംസ്ഥാനമല്ലേ, അതുകൊണ്ട് കേരളത്തെയും ഉള്‍പ്പെടുത്തി. അങ്ങനെ 14 സംസ്ഥാനങ്ങള്‍. മാനദണ്ഡമായെടുത്തിരിക്കുന്നത് മൊത്തം ആഭ്യന്തര ഉത്പാദനം/അതിന്റെ ആളോഹരി എന്ന സൂചകമാണ്. അതെ, തികച്ചും ഒരു മുതലാളിത്ത സൂചകം തന്നെ.

ഇങ്ങനെയൊരു താരതമ്യത്തിനു മുതിരാന്‍ കാരണം, ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ബംഗാളിന്റെ ശോച്യാവസ്ഥയാണ് . ഈ പ്രപഞ്ചത്തിലെ ഏതുവിഷയമാകട്ടെ ബംഗാളിലെ ശോച്യാവസ്ഥയും കേരളത്തിന്റെ വികസന മുരടിപ്പും പരാമര്‍ശിക്കാതെ ഒരു ലേഖനവും കുറിപ്പും പ്രഭാഷണവും അവസാനിക്കുകയില്ല. ഒപ്പം ഗുജറാത്ത്, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നടത്തുന്ന കുതിപ്പിനെപ്പറ്റിയും കേള്‍ക്കാം.

കാര്യത്തിലേക്ക് വരാം. പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. ച. കി. മീറ്ററിന് 903 പേര്‍. ഇന്ത്യയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 2.7% മാത്രം വരുന്ന ബംഗാളില്‍ ഇന്ത്യന്‍ ജനതയുടെ 7.8% ആളുകളുണ്ട്. വിസ്തീര്‍ണ്ണത്തിന്റെയും ജനസംഖ്യയുടെയും ശതമാനങ്ങളുടെ അനുപാതം ഒരു സൂചകമായെടുക്കുന്നത് കൂടുതല്‍ സൌകര്യമായിരിക്കും. ഒരര്‍ത്ഥത്തില്‍ ഇത് ജനസാന്ദ്രത തന്നെയാണ്. എന്നാലും 903/ച. കി.മീ അല്ലെങ്കില്‍ 834/ച. കീ.മീ എന്നൊക്കെ പറയുന്നതിനെക്കാള്‍ ഒരു സംഖ്യ മാത്രമായ സൂചകം ഒരു സൌകര്യം തന്നെയല്ലേ. അതനുസരിച്ച് ബംഗാളിന്റെ സൂചിക 0.35 ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. തൊട്ടടുത്ത് ബീഹാര്‍, പിന്നെ കേരളം, പിന്നെ യു. പി. അതായത് ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടുന്ന സംസ്ഥാനങ്ങളാണിവ. ഈ സൂചികയുടെ ക്രമത്തില്‍ ഈ 14 സംസ്ഥാനങ്ങളെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക.


ഏറ്റവും കൂടിയത് രാജസ്ഥാന്‍- സൂചിക 1.9. താര്‍ മരുഭൂമിയെ ഒഴിവാക്കിയാല്‍ത്തന്നെ ഇത് 0.79 വരും. ഇന്ത്യയുടെ 9.4% വരുന്ന മധ്യപ്രദേശില്‍ 5.8% ജനതയാണുള്ളത്. 9.4% വരുന്ന മഹാരാഷ്ട്രയില്‍ ഏതാണ്ട് അതേ ശതമാനം ജനങ്ങള്‍. 8.4 % വിസ്തൃതിയുള്ള ആന്ധ്രയില്‍ 7.4% ജനങ്ങള്‍ മാത്രം. ഇന്ത്യയുടെ 6% വരുന്ന ഗുജറാത്തില്‍ 5% ജനങ്ങളേ ഉള്ളൂ. 5.8% വരുന്ന കര്‍ണ്ണാടകത്തില്‍ 5.1% ജനങ്ങള്‍. അതായത് വികസനത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇനി മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏത് ക്രമത്തില്‍ വരുന്നു എന്ന് നോക്കാം.


യു. പി ക്ക് രണ്ടാം സ്ഥാനം. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ല്‍ അധികം യു പിയിലാണല്ലോ. കൂടിയ ജനസംഖ്യ ആഭ്യന്തര ഉദ്പാദനത്തിന്റെ വലിപ്പം കൂട്ടും. പക്ഷെ ആളോഹരി എടുത്താലോ. ആളോഹരി ക്രമത്തിലുള്ള പട്ടികയും കാണാം.


ആഭ്യന്തര ഉദ്പാദനത്തില്‍ ആറാം സ്ഥാനമുള്ള ബംഗാളിന് ആളോഹരി ക്രമത്തില്‍ എട്ടാം സ്ഥാനം. ചെറീയ സംസ്ഥാനങ്ങളായ പഞ്ചാബും കേരളവും മുന്നോട്ട് കേറിയപ്പോള്‍ ബംഗാള്‍ രണ്ട് സ്ഥാനം പിറകോട്ട് പോയി. എത്ര സന്തുലിതം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു. പി ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്ത്. ബീഹാറിനുമാത്രം മുന്നില്‍.

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനമാണ് ബംഗാള്‍ എന്ന് പറഞ്ഞുവല്ലോ. ഇടതുഭരണത്തിനുമുമ്പ് അത് അങ്ങനെതന്നെയായിരുന്നു എന്നാണ് അറിയുന്നത്. ലിങ്കുകളോ റഫര്‍ന്‍സോ ഇടാനില്ല തല്‍ക്കാലം. അതിനെ ശരിവെക്കുന്നതാണ് ബംഗാളിനോട് ഏറ്റവും സമാനമായ സാഹചര്യമുള്ള ബീഹാറിന്റെ അവസ്ഥ. ഇന്ത്യയില്‍(ലോകത്തില്‍തന്നെ) ഏറ്റവും പിന്നോക്കം. ബംഗാളിന്റെ മൂന്നിലൊന്നുമാത്രം വരുന്ന സമ്പദ് വ്യവസ്ഥ.

ആഭ്യന്തര ഉദ്പാദനവും പ്രതിശീര്‍ഷവരുമാനവുമൊക്കെ മുതലാളിത്ത കാഴ്ചപ്പാടില്‍ വികസനം അളക്കാനുള്ളതാണല്ലോ. ഇനി ഇടതുപക്ഷം പറയുന്ന വികസന സൂചകങ്ങള്‍ - സാക്ഷരത, വിദ്യാഭ്യാസം, ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത, ആരോഗ്യം,സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയൊക്കെ ബംഗാളിന്റെ സ്ഥാനം ഗുജറാത്തിനും മഹാരാഷ്ട്രക്കും വരെ മുകളിലാണ്.

കേരളത്തില്‍ ഇടതുഭരണമുണ്ടാവുമ്പോള്‍ കേന്ദ്രം നമ്മോട് കാണിക്കുന്ന വിവേചനം നമുക്കറിയാം. സ്ഥിരമായ ഇടതുമുന്നണി ഭരിക്കുന്ന ബംഗാളിനോടും അങ്ങനെയൊരു നയം ഉണ്ടെന്ന് പരാതികളുണ്ട്. അര്‍ഹിച്ച കേന്ദ്രവിഹിതം ഈ സംസ്ഥാനത്തിന് കിട്ടാറില്ല എന്നതും കണക്കിലെടുത്താലോ. കടുത്ത പ്രാദേശികവാദം കൊണ്ട് തമിഴ്നാടും ഒരു പരിധിവരെ പഞ്ചാബും നേട്ടമുണ്ടാക്കിയത് അനര്‍ഹമായ കേന്ദ്രവിഹിതം നേടിയെടുത്തിട്ടാവാം എന്ന അനുമാനവും നടത്തേണ്ടിവരുന്നു.

ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും വലത് ഉദാരീകരണ സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളെയും ഏറ്റവും പിന്നില്‍തന്നെ നിര്‍ത്തിയിരിക്കുന്നു. അഭ്യന്തര ഉദ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്നവ പോലും പട്ടിണിയിലും ദാരിദ്ര്യത്തിലും കര്‍ഷക ആത്മഹത്യയിലും ശിശുവേലയിലും എല്ലാം മുന്നില്‍ത്തന്നെ. ഇനി പ്രതികൂലാവസ്ഥയിലുള്ള സംസ്ഥാ‍നങ്ങളില്‍ വലതു സര്‍ക്കാ‍രുകള്‍ ഭരിച്ചപ്പോഴോ - അതി ദയനീയം. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും എത്ര ഭേദപ്പെട്ട നിലയിലേക്ക് ബംഗാളിനെ എത്തിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ബംഗാളിലെ സ്ഥിതി ശോചനീയം, ശോചനീയം, ശോചനീയം. കേരളത്തില്‍ വികസന മുരടിപ്പ്, മുരടിപ്പ്, മുരടിപ്പ്.എല്ലാത്തിനും കാരണം ഇടത് പക്ഷം. ഇടത് ട്രേഡ് യൂനിയനിസം, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍,ബന്ദുകള്‍. ഈ പല്ലവിയും പാടിനടക്കുന്ന വലത് രാഷ്ട്രീയക്കാരേ, അരാഷ്ട്രീയ വികസന വാദികളേ, അബ്ദുള്ളക്കുട്ടികളേ, അഞ്ചരക്കണ്ടികളേ, കണക്കുകള്‍ നിങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നു.

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്കും പട്ടികകള്‍ക്കും അവലംബം:

Friday, April 16, 2010

തരൂര്‍ പരീക്ഷണം പരാജയം

ശശി തരൂരിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യങ്ങളെന്തൊക്കെയായിരുന്നൂ? സദുദ്ദേശമായിരുന്നു. മന്മോഹന്‍സിങ്ങ് എന്ന വിജയകരമായ പരീക്ഷണത്തിനുശേഷം അതിന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക. വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം, നല്ല ഇംഗ്ലീഷ്, അന്താരാഷ്ട്രലാവണങ്ങളിലെ ഉയര്‍ന്നജോലി - ഇതുമൂന്നും ഉള്ള ഒരാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ മിഡില്‍ക്ലാസ്സിന്റെ അരാധ്യപുരുഷനായിമാറും. ഇന്ത്യന്‍ മിഡില്‍ക്ലാസ്സില്‍ ഗണ്യമായ ഒരു വിഭാഗം തരൂര്‍ ഫാന്‍സ് അസോസിയേഷനും രൂപീകരിച്ച് പുള്ളി ചെയ്യുന്ന എന്തുകാര്യത്തിനും പിന്തുണയുമായി ഇവിടെയുണ്ട് എന്നകാര്യം ശരിതന്നെ, എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ ശരിക്കങ്ങ് ക്ലച്ച് പിടിച്ചു എന്ന് പറയാനാവില്ല. ഇന്ത്യന്‍ മിഡില്‍ക്ലാസിന്റെ 90%യും(ബാക്കി 10%ത്തെ ചേര്‍ക്കാനാവില്ല, ഏത് ക്ലാസ്സിലും മൂല്യങ്ങളുള്ളവര്‍ 10% കാണും) ഫാന്‍സ് അസോസിയേഷനില്‍ ചേര്‍ത്തതിനുശേഷം മതിയായിരുന്നു തരൂരിന്റെ എടുത്തുചാട്ടങ്ങള്‍. ഈ സന്ദര്‍ഭത്തില്‍ മന്മോഹന്റെ രണ്ടാം തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനായി പുതിയ റിക്രൂട്ട്മെന്റുകള്‍ വേണ്ടിവന്നേക്കും. ‍

മന്മോഹന്റെ രണ്ടാം തലമുറ എന്നുപറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും വ്യക്തി എന്ന നിലയില്‍ ക്ലീന്‍ ആയിരിക്കണം. ഐ പി എല്‍ വിവാദത്തോടെ തരൂരിന്റെ വ്യക്തിത്വത്തിന്റെ രണ്ട് സുന്ദരന്‍ കവിളിലും അടികിട്ടിയിരിക്കയാണ്. ഒന്നാമത്തെത് ഔദ്യോഗികം. കൊച്ചി ടീമിനായി നടത്തിയ ചരടുവലികളില്‍ അപ്പടി അഴിമതിയുടെ താളം. രണ്ടാമത്തെത് കുടുംബപരം. വേര്‍പെട്ട രണ്ട് ദാമ്പത്യങ്ങളുള്ള, പുതിയൊരു ദാമ്പത്യത്തിന്റെ വക്കില്‍ ഉള്ള ആളാണെന്നുമുള്ളത് എക്സ്പോസ് ചെയ്യപ്പെട്ടു. മറ്റൊരു പൈങ്കിളിക്കഥകൊണ്ട് ലളിത് മോഡിയെ നേരിടാന്‍ ശ്രമിച്ചത് അതിലും വലീയ നാണക്കേടായി.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരൂരിന്റെ ഭാവിയെ ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്നത് ഇത് രണ്ടുമല്ല, മലയാളികളായ ഫാന്‍സുകാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്. വടക്കേ ഇന്ത്യന്‍ ലോബിക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു തെക്കെ ഇന്ത്യക്കാരനാണ് തരൂര്‍ എന്ന നിലയില്‍ കക്ഷിയെ പ്രതിരോധിക്കുന്നത് ആത്മഹത്യാപരമാണ്. തരൂര്‍ ദല്‍ഹി നായരാണ് എന്ന നായര്‍ സമുദായ നേതാവ് സുകുമാരന്‍ നായരുടെ പ്രസ്താവനയെ നമ്മള്‍ പുച്ഛിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോസിറ്റീവ് സൈഡ് ഇപ്പോള്‍ ആലോചിച്ചു പോവുകയാണ്.

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഒരുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ അധികാരത്തിലേറാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പ്രയോരിറ്റീസ് എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് പൌരബോധമുള്ള നമ്മള്‍ ഇപ്പോഴേ ചിന്തിക്കേണ്ടേ? ഫസ്റ്റ് പ്രയോരിറ്റിയായി എനിക്കൊരുകാര്യം നിര്‍ദ്ദേശിക്കാനുണ്ട് - ഐ പി എല്‍ ടീം പോലെ വന്‍ വികസനസാധ്യതയുള്ള ഒരു കാര്യം നേടാനായി യത്നിച്ച സുനന്ദ പുഷ്കറിനു കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും 25% ഓഹരികള്‍ സ്വെറ്റ് ഇക്വിറ്റിയായി നല്‍കണം. നിങ്ങളെന്ത് പറയുന്നു?

ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍ എന്ന എന്റെ പഴയപോസ്റ്റുകൂടി വായിക്കാന്‍ താല്പര്യം.

Monday, March 1, 2010

മന്ത്രിപുത്രനും യുവതിയും

നാട്ടിലെ പ്രമുഖ തറവാടായ വെങ്ങാട്ട് ചെറുകുന്നത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ സുകുമാരന്‍ നായരുടെ രണ്ട് പെണ്മക്കളില്‍ മൂത്തവളുടെ കല്യാണമാണിന്ന്. നാട്ടുകാരെ മുഴുവന്‍, വകയിലെ വകയിലെ ബന്ധുക്കളെ മുഴുവന്‍, പൂരപ്പറമ്പില്‍ കണ്ട് പരിചയപ്പെട്ടവരെ മുഴുവന്‍ വിളിച്ചിട്ടുണ്ട് സുകുമാരന്‍ നായര്‍. ആള്‍ ഒത്തിരി ഒത്തിരി സന്തോഷത്തിലാണ്. എന്തുകൊണ്ടും നല്ല ബന്ധം. നല്ല തറവാട്ടിലെ പയ്യന്‍. സുന്ദരിയായ തന്റെ മകള്‍ക്കൊത്ത പയ്യന്‍. നല്ല വിദ്യാഭ്യാസം. നല്ല ജോ‍ലി.


വരനും ആളുകളും എത്തിക്കഴിഞ്ഞു. അവര്‍ ഉപചാരപ്പൂര്‍വ്വം സ്വീകരിക്കപ്പെട്ടു. വരന്‍ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും വരനെ കാണാം. ആരാണോ‍ ആ കാര്യം ആദ്യം ശ്രദ്ധിച്ചത്! വരന് നമ്മുടെ സുനീഷിന്റെ നല്ല ഛായ. ഏത് സുനീഷ്? പത്രം വായിക്കാത്തവരും ടി വി കാണാത്തവരും ചോദിച്ചു. പത്രം വായിക്കുന്നവരും ടിവി കാണുന്നവരും അവരുടെ ഡൌട്ട് ക്ലിയര്‍ ചെയ്തുകൊടുത്തു - സുനീഷ് എന്നാല്‍ സുനീഷ് മടിക്കേരി. മന്ത്രി പുത്രന്‍, മന്ത്രി പുത്രന്‍ - എല്ലാ വിവാദങ്ങളിലെയും നായകന്‍.


‘സ്വഭാവം അങ്ങനെയല്ലാണ്ടായാല്‍ മതി‘ - യൂത്ത് നേതാവ് ഷിബുമോന്‍ ഒന്നാന്തരം കോങ്ക്രസ്സ് വിറ്റടിച്ചു. തന്റെ ചുറ്റുമുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒരു ലിമിറ്റഡ് ഫലിതം. ഷിബുമോന്റെ ചുറുചുറുക്കിന്റെ ആരാധകരായ ഏതാനും കോങ്ക്രസ്സ് അമ്മാമന്മാര്‍ ഷിബുമോന്റെ ചുറ്റും എപ്പോഴുമുണ്ടാവും. അമ്മാമന്മാര്‍ക്ക് ഫലിതം നന്നെ ബോധിച്ചു. അധികം ഒച്ചവെക്കാനായില്ലെങ്കിലും അമ്മാമന്മാര്‍ ചിരിച്ചു. വീണ്ടും ചിരിച്ചു. ഷിബുമോന്റെ നര്‍മ്മബോധത്തിന്റെയും ആരാധകരായി അവര്‍ മാറി. ഷിബുമോന്റെ സമയം.


താലികെട്ടും സദ്യയും കഴിഞ്ഞു. വധുവിനെയും കൂട്ടി വരനും കൂട്ടരും പോയി. നാട്ടുകാരു മുഴുവന്‍ പോയി. വകയിലെ വകയിലെ ബന്ധുക്കള്‍ മുഴുവന്‍ പോയി. പൂരപ്പറമ്പില്‍‍ പരിചയപ്പെട്ടവര്‍ എല്ലാവരും പോയി. ഷിബുമോനും ചുറ്റും കൂടിയ അമ്മാമന്മാരും പോയി. വേങ്ങാട്ട് ചെറുകുന്നത്ത് വീട്ടില്‍ സുകുമാരന്‍ നായരും കുടുംബവും അടുത്ത ബന്ധുക്കളും അയല്‍ വാസികളും മാത്രം ബാക്കിയായി.


തന്റെ മരുമകന് സുനീഷ് മടിക്കേരിയുടെ ഛായയുണ്ടെന്നത് ഒരു കൌതുകമായാണ് സുകുമാരന്‍ നായര്‍ക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്നപ്പോഴും പിന്നെയും ഒന്നു രണ്ട് തവണ കണ്ടപ്പോഴും സുകുമാരന്‍ നായര്‍ക്കോ കൂടെയുണ്ടായിരുന്ന ഉറ്റവര്‍ക്കോ അങ്ങനെ തോന്നിയിരുന്നില്ല. സുകുമാരന്‍ നായര്‍ക്ക് ചിരി വന്നു. നാട്ടുകാരുടെ ഒരു കാര്യമേ, എന്തെല്ലാം ശ്രദ്ധിച്ചുകളയും!


തറവാട്ടില്‍ പിറന്ന ഏതൊരാളെയും പോലെ സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാലും വോട്ട് എപ്പോഴും കൈപ്പത്തിക്കേ ചെയ്യൂ. ഒരു തവണ കമ്മൂണിസ്റ്റുകാര്‍ക്കെതിരെ കൈപ്പത്തിയല്ല, റാന്തല്‍ അടയാളത്തില്‍ ഒരാള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സുകുമാരന്‍ നായര്‍ വോട്ടുചെയ്യാന്‍ പോയില്ല. എന്നിട്ടോ, വൈകിട്ട് കോങ്ക്ര്സ്സിന്റെ ബൂത്ത് ഏജന്റ് ജോയി പറഞ്ഞപ്പളല്ലേ അറിഞ്ഞത്‌ - തന്റെ വോട്ട് ഏതോ കമ്മുണിസ്റ്റുകാരന്‍ കള്ളവോട്ടായി ചെയ്തുകളഞ്ഞെന്ന്. ഇനി കമ്മുണിസ്റ്റുകാര്‍ക്കെതിരെ റാന്തലായാലും ഏണിയായാലും രാവിലെത്തന്നെ പോയി വോട്ട് ചെയ്യും എന്ന് അന്നേ തീരുമാനമെടുത്തയാളാണ് സുകുമാരന്‍ നായര്‍. ഇങ്ങനെയെല്ലാമായിരിന്നിട്ടും ഒരു കമ്മുണിസ്റ്റുകാരന്‍ മന്ത്രിയുടെ മകന്റെ ഛായയുണ്ട് തന്റെ മരുമകനെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ കേട്ടുനില്‍ക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. അതാണ് ഹൃദയ വിശാലത. തറവാട്ടില്‍ പിറന്നതിന്റെ ഗുണം.

രാഷ്ട്രീയമില്ലെങ്കിലും ലോകവിവരമില്ലെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ അതിന്റെ സൂഷ്മാംശങ്ങളിലേക്ക് വരെ കടന്നുചെന്ന് ചിന്തിക്കാന്‍ കഴിവുള്ളയാളാണ് സുകുമാരന്‍ നായര്‍. മക്കളുടെ കാര്യത്തില്‍ ഒന്നും അങ്ങേര്‍ക്ക് വെറും കൌതുകമല്ല. അതുകൊണ്ട് മരുമകനും സുനീഷ് മടിക്കേരിയുമായുള്ള സാദൃശ്യം തന്റെ മകളെ ബാധിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിയുമോ? ഇല്ല. അല്ലെങ്കില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു - തൊട്ടുമുന്നില്‍ത്തന്നെ അപകടങ്ങളല്ലേ!

ഇനിയിപ്പോള്‍ തന്റെ മകളും മരുമകനും കൂടി എവിടെയൊക്കെപ്പോവും - ചുരുങ്ങിയത് ഗുരുവായൂരിലും തിരുമാന്ധാംകുന്നിലും തൊഴാന്‍ പോകില്ലേ, അവിടെ ഹോട്ടലില്‍ തങ്ങേണ്ടിവരില്ലേ, നാട്ടില്‍ അഭ്യൂഹം പരക്കില്ലേ. കോങ്ക്രസ്സുകാരും ലീഗുകാരം ഹോട്ടല്‍ റെയ്ഡ് ചെയ്യില്ലേ. മരുമകനെ അടുത്തുനിന്നുകണ്ടാല്‍ സുനീഷ് മടിക്കേരിയല്ലെന്ന് അവര്‍ക്ക് മനസ്സിലാവും, പക്ഷെ തന്റെ മകളുടെ ചുരിദാറും ഹെയര്‍സ്റ്റൈലും കണ്ടാല്‍ സീരിയല്‍ നടിയല്ലെന്ന് ആരെങ്കിലും പറയുമോ! ഹൊ. പൊല്ലാപ്പാവൂലോ!

ബാക്കി അറിയില്ല. സുകുമാരന്‍ നായര്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തുമായിരിക്കും. രണ്ട് പെണ്മക്കളുടെ അച്ഛനായതുമുതല്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്ക് അയാള്‍ ചിന്തിച്ച് പോംവഴി കണ്ടെത്തിയിരിക്കുന്നു!
-------------------------------------------------------------------------------------------------
മന്ത്രിപുത്രന്‍ സിനിമാനടിക്കൊപ്പം ഹോട്ടലില്‍ തങ്ങുന്നുണ്ടന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോട്ടലില്‍ തിരച്ചില്‍ നടത്തി. ഹോട്ടല്‍ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി ഹോട്ടല്‍ വളഞ്ഞു. പോലീസെത്തി പോലീസും ഹോട്ടലില്‍ തിരച്ചില്‍ നടത്തി. മന്ത്രിപുത്രനോ യുവതിയോ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. തിരയാന്‍ പോയവര്‍ മന്ത്രിപുത്രനെയും കൊണ്ട് പുറത്തുവന്നാല്‍ മതിയെന്നും പറഞ്ഞ് ഡി വൈ എഫ് ഐ ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും യു ഡി എഫ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു.

ഇങ്ങനെയാണ് ദാറ്റ്സ് മലയാളം, വെബ് ദുനിയ, കൌമുദി ഓണ്‍ലൈന്‍, ഡെയിലി മലയാളം ഒക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസില്‍ യു ഡി എഫുകാര്‍ ഹോട്ടലില്‍ തിരയുന്നതിന്റെ ദൃശ്യം രണ്ട് സെക്കന്റ് കാണിക്കുകയും ചെയ്തു.

മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം. ഇവിടെ ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലല്ലോ.

എന്ന് ആരു പറഞ്ഞൂ? മനോരമ വായിച്ചുനോക്കൂ:

ഉന്നത സി പി എം നേതാവിന്റെ മകന്‍ യുവതിയോടൊപ്പം ബാര്‍ ഹോട്ടലില്‍ ഉണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

കച്ചേരിപ്പടി തുറയ്ക്കല്‍ ബൈപ്പാസ് റോഡിലാണു സംഭവം. യു ഡി എഫ് പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടല്‍ പടിക്കല്‍ തടിച്ചുകൂടിയതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തി. ഇരുവിഭാഗവും സംഘര്‍ഷവക്കിലെത്തിയപ്പോള്‍ പോലീസ് വിരട്ടി. നേതാവിന്റെ മകനോ യുവതിയോ ഹോട്ടലില്‍ ഇല്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്.

സംഘര്‍ഷത്തിനിടെ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഷംസീറിനെ ഡി വൈ എഫ് ഐക്കാര്‍ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഷംസീറിനെ മലപ്പുറത്ത് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thursday, January 28, 2010

ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍

2002-2003 വര്‍ഷങ്ങളില്‍ ഒരു മല്ലു ചാറ്റ് റൂമില്‍ കയറി അതുമിതും ചാറ്റ് ചെയ്തുകൊണ്ടിരിക്കുക എന്റെ പതിവ് പരിപാടിയായിരുന്നു. അന്ന് അവിടെ സ്ഥിരം വരുന്നവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു തരൂര്‍ ആയിരുന്നു. അതെ, തരൂര്‍ എന്നായിരുന്നു അയാളുടെ ചാറ്റ് റൂമിലെ പേര്.


ഒരിക്കല്‍ ഞാന്‍ പുള്ളിയോട് ചോദിച്ചു: എന്താണ് ഈ തരൂര്‍ എന്ന പേരിനു പിന്നില്‍?


ഉത്തരം: തരൂര്‍ എന്റെ നാടാണ്. പാലക്കാട് ജില്ലയിലെ മനോഹരമായ എന്റെ കൊച്ചുഗ്രാമം.


എന്റെ ചോദ്യം വീണ്ടും: അപ്പോള്‍ നിങ്ങള്‍ക്ക് ശശി തരൂരിനെ അറിയാമോ?


“ആരാണയാള്‍?“


“ആഹാ, അപ്പോള്‍ നിങ്ങളുടെ നാട്ടുകാരനായ ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന ലോകപ്രസിദ്ധ സാഹിത്യകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുപോലുമില്ലേ?“


സത്യത്തില്‍ ശശി തരൂരിനെക്കുറിച്ച് എനിക്കും ഒന്നും അറിയുമായിരുന്നില്ല. സാഹിത്യവാരഫലത്തില്‍ അല്ലെങ്കില്‍ അങ്ങനെ ഏതോ പംക്തിയില്‍ അദ്ദേഹത്തെക്കുറിച്ച് വളരെ ക്ലിപ്തമായ ഒരു ഖണ്ഡിക വായിച്ച അറിവുമാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്.


അന്ന് അഭ്യസ്തവിദ്യരായ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുപോലും അജ്ഞാതനായിരുന്നു ശശി തരൂര്‍ എന്ന് ചുരുക്കം. എന്നാലിന്ന്, വെറും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ പരമാധികാരത്തിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍‍ ശശി തരൂര്‍ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന ‘രാഷ്ട്രീയക്കാര‘നാണ്.


അറുപതു പിന്നിട്ട ഇന്ത്യന്‍ റിപ്പബ്ലിക് ലോകത്തിനുമുന്നില്‍ ഏറ്റവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അത് കൈവരിച്ച നേട്ടങ്ങളാണ്. അതിന് അടിത്തറയിട്ടത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നയങ്ങളാണ്. പ്രത്യേകിച്ച് സോവിയറ്റ് യൂനിയനുമായി അദ്ദേഹമുണ്ടാക്കിയ സഹകരണം. ആ വിദേശനയം വെറും ധാര്‍മിക വാചാടോപം മാത്രമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായാണ് ഇന്ന് ഇന്ത്യന്‍ വിദേശകാര്യ(സഹ)മന്ത്രിയുടെ കസേരയില്‍ ശശി തരൂര്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ മുടന്തന്‍ വിശദീകരണങ്ങള്‍ അപ്പാടെ അതേപടി മുഖവിലക്കെടുക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. നെഹ്രുവിന്റെ പേരമകന്റെ ഭാര്യയായ പാര്‍ട്ടി അധ്യക്ഷയും ശശി തരൂര്‍ നല്‍കുന്ന വിശദീകരണത്തില്‍ ഒരന്വേഷണത്തിനും മുതിരാതെ തൃപ്തയാവുന്നു. റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീ നല്‍കാന്‍ കേരളസര്‍ക്കാര്‍ ശുപാര്‍ശ നല്‍കാഞ്ഞതെന്ത് എന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമ പുംഗവന്മാരും ശശി തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ അധികം അന്വേഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.


എന്താണ് ഇതിന്റെയൊക്കെ പിന്നില്‍? ശശി തരൂര്‍ എന്തിനാണ്, എങ്ങിനെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രാജ്യാന്തര രാഷ്ട്രീയ രംഗത്ത് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന വലീയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാറില്ല. ഇന്ത്യ അത്തരത്തിലൊരു രാജ്യമാണ്. പോരാത്തതിന് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ ശക്തമായ ആവിശ്യപ്പെടുന്ന ഖട്ടവുമാണ്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു ഇന്ത്യാക്കാരന്‍ വരുന്നത് ഇത്തരം ആവിശ്യങ്ങളെ പൂര്‍ത്തീകരണത്തില്‍നിന്നും അകറ്റുകയേയുള്ളൂ. എന്നിട്ടും ശശി തരൂരിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാനും തോല്വി സുനിശ്ചിതമായിട്ടും ആവേശത്തോടെ അവസാന റൌണ്ടുകള്‍വരെ നിലനിര്‍ത്താനും ഇന്ത്യ തുനിഞ്ഞത് എന്തിനായിരുന്നു? ഒറ്റ ഉദ്ദേശ്യമേയുള്ളൂ. ഇങ്ങനെയൊരു ഇന്റര്‍നാഷണല്‍ ഇന്ത്യാക്കാരന്‍ ഈ ലോകത്തുണ്ടെന്ന് ഇന്ത്യന്‍ ജനസാമാന്യത്തെ അറിയിക്കുക. അദ്ദേഹത്തെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഹീറൊയാക്കുക. ശേഷം ഇന്ത്യയുടെ ഭരണരംഗത്ത് ഒരു സുപ്രധാനകസേരയില്‍ പ്രതിഷ്ഠിക്കുക. ഒന്നും മന്മോഹന്റെയും കോണ്‍ഗ്രസ്സിന്റെയോ ഐഡിയയല്ല. പക്ഷെ അവരുടെ യജമാനന്റെ ഐഡിയയാണ്. യജമാനന്റെ നയങ്ങള്‍, ആശയങ്ങള്‍ നടപ്പാക്കുക മാത്രമാണ് മന്മോഹന്റെ ജോലി.

അതെ അമേരിക്കന്‍ സാമ്രാജ്യത്തം അതിന്റെ അധീശത്വം ഉറപ്പിക്കുന്നത് പലരീതിയിലാണ്. ചിലയിടങ്ങളില്‍ തങ്ങളുടെ ആഞ്ജാനുവര്‍ത്തികളായ ഏകാധിപതികളെ വാഴിക്കും. അവരുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തും. മറ്റു ചിലയിടത്ത് തങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത ഏകാധിപതീകളുണ്ടെങ്കില്‍ അവിടെ ജനാധിപത്യസ്ഥാപനത്തിന് എന്നും പറഞ്ഞ് ഇടപെടും. ഒരു പാവ ഗവ. ഉണ്ടാക്കിയെടുക്കും. ഇന്ത്യയിലുണ്ടായിരുന്നത് യഥാര്‍ത്ഥ ജനാധിപത്യമായിരുന്നു. ആ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ തങ്ങളുടെ സാമ്രാജ്യത്തമോഹങ്ങള്‍ സഫലീകരിക്കുന്നു.

എന്തിന് ശശി തരൂര്‍, മന്മോഹന്‍ സിങ്ങ് ആരാണ്? ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് നമ്മള്‍ പറയും. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യാ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണിന്റെ ജനറല്‍ മാനേജരാണ്. ആ ഉദ്യോഗത്തിലിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്താനും. വെരി വെല്‍ ക്വാളിഫൈഡ്. പ്രൂവണ്‍ ട്രാക്ക് റെക്കഡ്!

അതുപോലെ ഇന്ത്യാ സ്പെഷ്യല്‍ എക്കണോമിക് സോണിന് ഏറ്റവും യോഗ്യരായ പബ്ലിക് റിലേഷന്‍സ് മാനേജര്‍മാരുണ്ട്. മാര്‍ക്കറ്റിംഗ് മാനേജര്‍മാരുണ്ട്. സെക്യൂരിറ്റി ഓഫീസര്‍മാരുണ്ട്. ഇല്ലാതെ പോയത് നല്ലൊരു ഫിനാന്‍സ് മാനേജരാണ്. യോഗ്യരുടെ അഭാവമല്ല. മുതലാളിക്കും ജി എംനും ഏറ്റവും ബോധിച്ച ഒരാളുണ്ടായിരുന്നു - മോണ്ടേംഗ്സിംഗ് ആലുവാലിയ. പക്ഷെ അദ്ദേഹത്തിന്റെ നിയമനം നടന്നില്ല. ആ കിളവന്‍, ഫിനാന്‍സ് തനിക്കുതന്നെ വേണം എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചുകളഞ്ഞു. എന്തു ചെയ്യും! ജനാധിപത്യത്തിന്റെ ഡ്രോബാക്ക്. സാരമില്ല, ഇത്തരം നശൂലങ്ങളെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും ഉന്മൂലനം ചെയ്യാനുള്ള പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ശശി തരൂരിന്റെ നേതൃത്വത്തില്‍ തന്നെ. മാനേജേര്‍സ് കോണ്‍ഗ്രസ്സ് അത്തരമൊരു പരിപാടിയാണ്.

തരൂരുകാരനായ എന്റെ പഴയ ചാറ്റ് റൂം സ്നേഹിതാ, താങ്കളിപ്പോള്‍ ശശി തരൂരിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ അഭിമാനം കൊള്ളുന്നുണ്ടോ? തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹം എപ്പോഴും വിജയം വരിച്ചു വരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്കിപ്പൊഴും ശശി തരൂരിനെ അറിയില്ലെന്ന് ഞാന്‍ പറയും.

Saturday, October 24, 2009

കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നവര്‍

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്തതിനുശേഷം പടിപടിയായി അവിടെ കോണ്‍ഗ്രസ്സ് ക്ഷയിക്കുന്നതിന്റെ കണക്കുകളാണ് കഴിഞ്ഞപോസ്റ്റില്‍ ഞാന്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്സ് തകരുന്നത് കണ്ണൂരുകാരനെ സംബന്ധിച്ച് വലീയ പ്രശ്നമല്ല. ഒരു കാലത്തും തങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ലാത്ത ഒരു പാര്‍ട്ടിയാണത് എന്ന് മറ്റെല്ലാത്തിടത്തെയും സാധാരണക്കാരെപ്പോലെ കണ്ണൂരുകാരായ സാധാരണക്കാര്‍ക്കും അറിയാം. വയലാര്‍ രവിതന്നെ കണ്ണൂരില്‍ വന്ന് പറഞ്ഞതെന്താ- സി പി എം കണ്ണൂരിലെ നെയ്ത്തുകാരെ മറന്നു എന്ന്. എന്ന് വെച്ചാല്‍ മുമ്പെങ്ങോ ഓര്‍ത്തിരുന്നു എന്നല്ലേ അര്‍ത്ഥം. പിന്നെ ഇപ്പോള്‍ മറന്നോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാവുന്ന കാര്യമാണ്. ഡിബേറ്റബള്‍ ആന്റ് അര്‍ഗ്യൂയബള്‍ സ്റ്റേറ്റ്മെന്റ്. പക്ഷെ, കണ്ണൂരിലെ നെയ്ത്തുകാരെയോ ബീഡിത്തൊഴിലാളികളിയോ ഏതെങ്കിലും തൊഴിലാളികളെയോ ഏതെങ്കിലും കാലത്ത് ഓര്‍ത്തിരുന്നു എന്ന് വയലാര്‍ രവിയോ ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവോ അവകാശപ്പെടാത്ത സ്ഥിതിക്ക് കോണ്‍ഗ്രസ്സ് അവരെയൊന്നും മറന്നു എന്ന് ആക്ഷേപം ഉന്നയിക്കേണ്ടതില്ല.

കോണ്‍ഗ്രസ്സിനെ തകര്‍ത്തതോടൊപ്പം സുധാകരന്‍ തകര്‍ത്തുകളഞ്ഞ മറ്റൊന്നുണ്ട്- കണ്ണൂരുകാരുടെ അന്തസ്സ്. തങ്ങള്‍ സംസ്കൃതചിത്തരാണെന്നും സൌഹാര്‍ദ്ദശീലരാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിനു പുറത്തുള്ള വലീയലോകത്ത് വിവിധകോണുകളില്‍ താമസിച്ച് ജോലിചെയ്യുന്ന ശരാശരി കണ്ണൂരുകാരന്‍ കഷ്ടപ്പെടുകയാണ്.

ഇന്നലെ കോണ്‍ഗ്രസ്സിന്റെ കടുത്ത അനുഭാവിയായ, കണ്ണൂര്‍ നഗരവാസിയായ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. പുള്ളി പറഞ്ഞത് മുമ്പൊക്കെ കണ്ണൂരിലെ സി പി എം ‘ഭീകരതാണ്ഡവ’ത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ മറുപടിയായി പറഞ്ഞിരുന്നത് ഇങ്ങനെയാണ് - അതൊക്കെ സി പി എംന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ അവര്‍ ചെയ്തുകൂട്ടുന്നതല്ലേ, കണ്ണൂര്‍ പട്ടണത്തില്‍ ഇമ്മാതിരി ഒരു പ്രശ്നവുമില്ല. അതു നമ്മുടെ കോണ്‍ഗ്രസ്സിന്റെ കോട്ടയല്ലേ.

ഇപ്പോഴെന്തു പറയും. ഈ നടക്കുന്നു എന്ന് പറയുന്ന കോലാഹലങ്ങളൊന്നും പാര്‍ട്ടിഗ്രാമങ്ങളിലല്ല. യു ഡി എഫ് നു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും.

വോട്ടര്‍ പട്ടികയില്‍ അസ്വഭാവികയുണ്ടത്രെ! ഉണ്ടായിരുന്നു, ഇല്ലാത്ത ആറായിരത്തോളം വോട്ടുകളുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് അതു സംബന്ധിച്ച് പരാതി കിട്ടി. അവരത് അന്വേഷിച്ച് ബോധ്യപ്പെട്ട് നീക്കം ചെയ്തു. അതിന്റെ വര്‍ക്ക് ഷീറ്റ് എല്ലാ രാഷ്റ്റ്രീയകക്ഷികള്‍ക്കും അയച്ചുകൊടുത്തു. ഒബ്ജെക്ഷനുകള്‍ കേള്‍ക്കാന്‍ ദിവസവും നല്‍കി. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നാടകം. വിശദാംശങ്ങളിലേക്ക് ആഴത്തില്‍ കടക്കാന്‍ വിമുഖരായ ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനായി, നിര്‍ലോഭമായ മാധ്യമസഹായത്തോടെ ഒരു ആക്ഷന്‍ ത്രില്ലര്‍. സമയം കഴിഞ്ഞും ഓഫീസിലിരുന്ന് ജോലിചെയ്യുന്ന തഹസീല്‍ദാരടുത്ത്ചെന്ന് ഭീഷണി. നേരത്തെ ലഭ്യമായതിനുശേഷമുള്ള അപ്ഡേറ്റഡ് വര്‍ക്ക്ഷീറ്റ് അപ്പൊത്തന്നെ കിട്ടണമത്രെ.

പതിനായിരക്കണക്കിന് ട്രാന്‍സ്ഫര്‍ വോട്ടുകള്‍ എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. അന്തിമവോട്ടര്‍ പട്ടിക വന്നിരിക്കുന്നു. ആകെ 1370 ട്രാന്‍സ്ഫര്‍ വോട്ടുകള്‍. എ പി അബ്ദുള്ളക്കുട്ടിയും കെ സുധാകരനും ഈ 1370ല്‍ പെടും. അവരുടെ കുടുംബങ്ങളും. കൂടാതെ കോണ്‍ഗ്രസ്സിന്റെ വേറെയും പ്രാദേശിക നേതാക്കളുടെ പേരുകളും കേള്‍ക്കുന്നു. നാലഞ്ചുവര്‍ഷമായി സുധാകരന്‍ കണ്ണൂര്‍ പട്ടണത്തില്‍തന്നെയാണത്രെ താമസം. ഈ നാലഞ്ചുവര്‍ഷത്തിനിടയില്‍ എത്ര തെരെഞ്ഞെടുപ്പുകള്‍ നടന്നു? അപ്പോഴൊന്നും വോട്ട് മാറ്റാതിരുന്നതെന്തുകൊണ്ട്? കാരണം വ്യക്തം. തങ്ങള്‍ക്ക് ആറായിരത്തോളം വ്യാജവോട്ടുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലേക്ക് വോട്ട് മാറ്റേണ്ടതില്ല, പകരം സി പി എം കേന്ദ്രമായ എടക്കാട്തന്നെ ‍ തന്റെ വോട്ട് കിടന്നോട്ടെ എന്ന് കരുതി. ഇപ്പോള്‍ വാശിയേറിയ തെരെഞ്ഞെടുപ്പ് കണ്ണൂരില്‍മാത്രമായി നടക്കുമ്പോള്‍ വോട്ട് എടക്കാട്നിന്നും കണ്ണൂരിലേക്ക് മാറ്റി.

കോണ്‍ഗ്രസ്സിന്റെ ചിലവില്‍ സുധാകരന്‍ ആക്ഷന്‍ ത്രില്ലറുകള്‍ നിര്‍മ്മിക്കുന്നു. സംവിധാനവും ഹീറോയുടെ വേഷവും സുധാകരനുതന്നെ. വില്ലന്‍ കഥാപാത്രം എപ്പോഴും സി പി എം. പടം പൊളിഞ്ഞ് നിര്‍മ്മാതാവ് കുത്തുപാളയെടുക്കുമ്പോഴും ഹീറോ ഹീറോയായി വിലസുന്നു. പല ആക്ഷന്‍ ഹീറോകളും യഥാര്‍ത്ഥത്തില്‍ വില്ലന്മാരാണെന്നും വില്ലന്മാരായി സ്ക്രീനില്‍ നിറയുന്നവരില്‍ പലരും ജീവിതത്തില്‍ നല്ല മനുഷ്യരാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണൂരിലെ സുധാകരന്‍ - സി പി എം ത്രില്ലറുകളുടെ കാര്യത്തിലെങ്കിലും അത് ശരിയാണെന്ന് അടുത്ത്നിന്ന് നോക്കുമ്പോള്‍ പറയേണ്ടിവരുന്നു. നിലവാരമില്ലാത്ത സിനിമകള്‍ സിനിമാരംഗത്തെതന്നെ അധപതിപ്പിക്കുന്നതുപോലെ സുധാകരന്റെ നിലവാരമില്ലാത്ത കളികള്‍ കണ്ണൂരിന്റെ അന്തസ്സ് കെടുത്തുന്നു.‍

Friday, October 16, 2009

കെ സുധാകരന്റെ അവകാശവാദങ്ങള്‍

കണ്ണൂരില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുകയാണ്. കണ്ണൂര്‍ എന്നാല്‍ മാഹിപ്പാലത്തിനുതെക്കുള്ളവര്‍ക്ക് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ ജില്ലയെന്നാല്‍ മൊത്തത്തില്‍ സി പി എം ഭീകരവാഴ്ച നടക്കുന്നസ്ഥലം. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. തെരെഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും കള്ളവോട്ടും ഒക്കെയായി എപ്പോഴും സി പി എം ജയിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു സ്ഥലത്ത്, സിംഹത്തിനെ അതിന്റെ മടയില്‍ക്കയറി വെല്ലുവിളിച്ച് കീഴ്പ്പെടുത്തി ഒരു വീരശൂരപരാക്രമി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി- കെ. സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു പിടിച്ചു നില്‍ക്കണമെങ്കില്‍ ഗാന്ധിയന്‍ രീതിയല്ല, തന്റെ മാര്‍ഗ്ഗം മാത്രമാണ് വഴിയെന്ന് അദ്ദേഹം തെളിയിച്ചു. തത്ഫലമായി കണ്ണൂര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നു. കാരണം ഇദ്ദേഹം അവിടുത്തെ എം എല്‍ എ ആയിരുന്നു. ആ മണ്ഡലം മറ്റേതുമല്ല- ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം.

മുകളില്‍ സുധാകരനെപ്പറ്റി എഴുതിയതെല്ലാം അദ്ദേഹത്തിന്റെ തന്നെ അവകാശവാദങ്ങളാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണങ്ങളാണ്. കണ്ണൂരിനകത്തും പുറത്തുമുള്ള ഒരു വലീയവിഭാഗത്തിന്റെ ധാരണയും അങ്ങനെതന്നെ. പക്ഷെ, എന്താണ് സത്യം?

തെരെഞ്ഞെടുപ്പ് കണക്കുകളിലൂടെ ഒരു അന്വേഷണം നടത്തിനോക്കാം.കണ്ണൂര്‍ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലുടെ. 1982 മുതല്‍ 2006 വരെ നടന്നിട്ടുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകള്‍. 1982 ഒരു നല്ലവര്‍ഷമാണ്. രണ്ട് മുന്നണികളുടെയും അടിസ്ഥാന ഘടന രൂപപ്പെട്ടത് അന്ന് മുതലാണ്. കൂടാതെ കെ സുധാകരന്‍ ജനാതാപാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ചേര്‍ന്നത് 1982ന് ശേഷമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് - സുധാകരന്‍ വരുന്നതിനു മുമ്പും വന്നതിനുശേഷവും എന്ന രീതിയില്‍ കൃത്യമായി താരതമ്യം ചെയ്യാന്‍ നല്ല സൌകര്യം.

ഒരു കണ്‍ഫ്യൂഷന്‍ ആദ്യമേ ഒഴിവാക്കേണ്ടതുണ്ട്. കണ്ണൂര്‍ എന്ന് ഞാന്‍ എഴുതുന്നത് കണ്ണൂര്‍ നിയമസഭാമണ്ഡലത്തെ മാത്രമാണ്. കണ്ണൂര്‍ജില്ലയെ മൊത്തത്തില്‍ പരാമര്‍ശിക്കുമ്പോള്‍ ജില്ല എന്ന് മാത്രമായിരിക്കും എഴുതുക. അതായത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജില്ലയിലെ പത്ത് നിയമസഭാമണ്ഡലങ്ങളില്‍ ഒന്ന് മാത്രമായ കണ്ണൂരിലാണ്.

ഇനി പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ്കണക്കുകളിലൂടെ ഒന്ന് സഞ്ചരിക്കാം. ഔദ്യോഗികക്രമമല്ല, എനിക്ക് സൌകര്യം എന്ന് തോന്നിയ ക്രമത്തിലാണ് സഞ്ചാരം. ക്രമനിയമം ബാധകമല്ലാത്ത ഗണിതക്രിയയാണിത്.

1.എടക്കാട്
1982 മുതല്‍ 2006 വരെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക:


സത്യത്തില്‍ സുധാകരന്റെ സ്വന്തം തട്ടകം എടക്കാടാണ്. 1982ല്‍ ജനതാപാര്‍ട്ടിക്കാരനായി ഇവിടെ മത്സരിച്ച് തോറ്റു. 91ല്‍ സി പി എം കരുത്തന്‍ ഒ. ഭരതനെതിരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തി. ഇരുന്നൂറ്റി ചില്ല്വാനം വോട്ടിന്റെ തോല്വി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട്, കള്ളവോട്ട് ഒക്കെ ആരോപിച്ച് ഈ ഫലത്തിനെതിരെ സുധാകരന്‍ കോടതിയിലെത്തി. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയും സമ്പാദിച്ചു. മനോരമയുടെ നേരെ ചൊവ്വേയില്‍ ഈ വിധിയെപ്പറ്റിയാണെന്ന് തോനുന്നു, കേരളത്തില്‍ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയില്‍ വിജയം കണ്ടവനാണ് താന്‍ എന്ന് സുധാകരന്‍ വീരവാദം പറയുന്നത്കേട്ടു. പക്ഷെ കഥയുടെ ശേഷഭാഗം എന്തെന്നാല്‍ ഒ ഭരതന്‍ സുപ്രീംകോടതിയില്‍ പോവുകയും ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും ചെയ്തു. ഈ 91ലെ തെരെഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പും ഒപ്പം നടന്ന വര്‍ഷമാണത്. സുധാകരനെ തോല്‍പ്പിച്ചപ്പോള്‍തന്നെ ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഭൂരിപക്ഷം നല്‍കുകയും ചെയ്തു. സുധാകരന്‍ ഉശിരുള്ള ആണ്‍കുട്ടിയായിരുന്നെങ്കില്‍ 1996ല്‍ ഇവിടെ വീണ്ടും മത്സരിച്ച് ജയിക്കണമായിരുന്നു. അതല്ല ഉണ്ടായത്. അദ്ദേഹം സുരക്ഷിതമണ്ഡലമായ കണ്ണൂരിലേക്ക് മാറി. 1996ല്‍ എം വി ജയരാജന്‍ മത്സരിക്കുന്നതോടെ എടക്കാട് പൂര്‍ണ്ണമായും ഒരു സി പി എം കോട്ടയായി മാറി. 2001 ലും വന്‍ വിജയം ആവര്‍ത്തിച്ച സി പി എം 2006ല്‍ ഈ മണ്ഡലം രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കുകയായിരുന്നു.


കണ്ണൂര്‍
കോണ്‍ഗ്രസ്സിന്റെ കേരളത്തിലെതന്നെ ഏറ്റവും വലീയ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ഇന്നേവരെ ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടില്ല. ലീഗ് ഇടതുപക്ഷത്തായിരുന്നപ്പോള്‍പോലും. കണ്ണൂരിന്റെ പോക്ക് എങ്ങനെയായിരുന്നെന്ന് പട്ടിക കാണുക


91ല്‍ വീരശൂരപരാക്രമി സുധാകരന്‍ സുരക്ഷിതത്വം തേടി ഇവിടെയെത്തുന്നതിനുമുമ്പ് സൌമ്യപ്രകൃതക്കാരനായ എന്‍ രാമകൃഷണനായിരുന്നു ഇവിടത്തെ എം എല്‍ എ. അതിനും മുമ്പ് മറ്റൊരു പാവം മനുഷ്യന്‍. ചെരുപ്പുപോലും ഇടാതെ കണ്ണൂര്‍ മുഴുവന്‍ നടന്നുസഞ്ചരിച്ചിരുന്ന ഗാന്ധിയന്‍ പി. ഭാസ്കരന്‍. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു സി പി എം ഭീകരതയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ പൊതുസമ്മതനായ ഒരാള്‍ കണ്ണൂരിലെ സി പി എം ല്‍ ഉണ്ടായിരുന്നു - ടി കെ ബാലന്‍. ബാലേട്ടന്റെ വീട് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകന്റെ ഒരു കണ്ണ് പോയി.


96ല്‍ എടക്കാട് സുധാകരന്‍ കാണിക്കാതിരുന്നതിലും വലീയ ധീരത പക്ഷെ ഇത്തവണ സി പി എം കാണിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വന്‍ കോട്ടയില്‍ ഒരു സംസ്ഥാനനേതാവായ എം വി ജയരാജനെ മത്സരിപ്പിക്കുന്നു.



ഇരിക്കൂര്‍
ജില്ലയുടെ പേര് ഇരിക്കൂര്‍ എന്നായിരുന്നെങ്കില്‍ പിണറായിയുടെ തട്ടകത്തില്‍ അങ്ങോരെ മലര്‍ത്തിയടിച്ചവന്‍ എന്ന് വിശേഷിപ്പിക്കാന്‍ സുധാകരനേക്കാള്‍ യോഗ്യനായ ഒരാളുണ്ടാകുമായിരുന്നു - കെ സി ജോസഫ്!! കാരണം തെരെഞ്ഞെടുപ്പ്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിന്നും വണ്ടികയറി കെ സി ജോസഫ് ഇവിടെയെത്തും. ജയിച്ചുപോകും. അത്രകണ്ട് യു ഡി എഫ് മണ്ഡലമാണ് ഇത്. ഇനി കണക്കുകള്‍ നോക്കാം.
പേരാവൂര്‍
പേരാവൂര്‍ കോണ്‍ഗ്രസ്സ് മുന്നണിക്ക് നേരിയ മുന്തൂക്കം ഉണ്ടായിരുന്നതായി കാണാം. പട്ടിക കാണുക.

പെരിങ്ങളം
പെരിങ്ങളത്ത് 82ല്‍ ഇടതിന് വലീയ വോട്ട് കിട്ടി. 87 മുതലുള്ള പാറ്റേണാണ് മണ്ഡലത്തിന്റെ സ്വഭാവമായി കണക്കാക്കാവുന്നത്. ഇരുമുന്നണികളും തുല്യശക്തികളായിരുന്നു ഇവിടെ.


തലശ്ശേരി
പെരിങ്ങളത്തേത് പോലെ തലശ്ശേരിയിലും 82ല്‍ ഇടതിന് വന്‍ മാര്‍ജിന്‍ ഉണ്ടായി. മണ്ഡലത്തിന്റെ സ്വഭാവം 87മുതലുള്ള പാറ്റേണ്‍ അനുസരിച്ച് നിര്‍ണ്ണയിക്കാനാവും.



അഴീക്കോട്
ഇടത്പക്ഷത്തിന് വ്യക്തമായ മുന്തൂക്കമുള്ള എന്നാല്‍ യു ഡി എഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന മണ്ഡലമാണ് അഴീക്കോട്. 87ല്‍ സി എം പി രൂപീകരിച്ചവേളയില്‍ എം വി രാഘവനിലൂടെ യു ഡി എഫ് ജയിച്ചിട്ടുമുണ്ട്.

അടുത്ത മൂന്ന് മണ്ഡലങ്ങള്‍ - കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍- മൂന്നും സി പി എംന്റെ ശക്തികേന്ദ്രങ്ങളാണ്.


കൂത്തുപറമ്പ്

തളിപ്പറമ്പ്

10. പയ്യന്നൂര്‍



പത്തുമണ്ഡലങ്ങളുടെയും ചിത്രം ആയി. ഇനി ജില്ലയെ മൊത്തത്തിലെടുത്താലുള്ള കണക്കുകള്‍ എങ്ങനെയെന്ന് നോക്കുക.

1982നെയും 2006നെയും മാത്രം നോക്കുമ്പോള്‍ നേരിയരീതിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി എന്ന് തോന്നാം. എന്നാല്‍ 82ലെ തെരെഞ്ഞെടുപ്പുല്‍ തലശ്ശേരി, പെരിങ്ങളം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ അത്യധികമായ മാര്‍ജിനിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ആ വലീയ മാര്‍ജിന്‍ ശരാശരിയെ സ്വാധീനിച്ചതാണ്. എന്തായിരുന്നു അന്ന് അങ്ങനെ സംഭവിക്കാനുള്ള കാരണം എന്നറിയില്ല. എന്തായാലും അത് വേറിട്ട ഒരു കാര്യം എന്നല്ലാതെ ഒരു വോട്ടിംഗ് പാറ്റേണില്‍ ഉള്‍പ്പെടുത്താനാവില്ല. അതുകൊണ്ട്തന്നെ ജില്ലയുടെ സ്വഭാവപരിണാമം മനസ്സിലാക്കാന്‍ 1987 മുതലുള്ള കണക്കുകളാണ് ഉത്തമം.

കണ്ണൂരിലെ കോണ്‍ഗ്രസ്സ്, സുധാകരന്റെ വരവിനു ശേഷം - ഇങ്ങനെ സമ്മറൈസ് ചെയ്യാം.

  • ഉറച്ച കോണ്‍ഗ്രസ്സ് കോട്ടകളായിരുന്ന കണ്ണൂരിലും ഇരിക്കൂറിലും കനത്ത വെല്ലുവിളി നേരിടുന്നു
  • നേരിയ മുന്തൂക്കം ഉണ്ടായിരുന്ന പേരാവൂരും പെരിങ്ങളവും ഇടത്തോട്ട് ചാഞ്ഞുകഴിഞ്ഞിരിക്കുന്നു
  • ഒന്നാഞ്ഞുപിടിച്ചാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്ന എടക്കാടും അഴീക്കോടും ഉറച്ച ഇടതുമണ്ഡലങ്ങളായി മാറിയിരിക്കുന്നു
  • തലശ്ശേരിയില്‍മാത്രം അല്പം മുന്നേറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ബി ജെ പിക്ക് 65% വോട്ടിന്റെ കുറവുണ്ടായി എന്നോര്‍ത്താല്‍ ഈ മുന്നേറ്റത്തിന്റെ കാരണം വ്യക്തം
  • അല്പമൊക്കെ പൊരുതിയിരുന്ന പരമ്പരാഗത സി പി എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ അതി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നു

എല്ലാം കള്ളവോട്ടും ബൂത്തുപിടുത്തവുമല്ലേ എന്ന സ്ഥിരം പല്ലവി പാടാനൊരുങ്ങുന്നവര്‍ക്ക് 2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പത്രസമ്മേളനം ഓര്‍ക്കാം. കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ് സണ്ണി പറഞ്ഞത്. ഏറ്റവും ദയനീയ പരാജയവും കോണ്‍ഗ്രസ്സിനുകിട്ടിയത് ആ തെരെഞ്ഞെടുപ്പില്‍!

നാല്‍പ്പതുകളിലെയോ മറ്റോ കാര്യമാണ്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപ്പിള്ള കണ്ണൂരില്‍ ബസ്സിറങ്ങുന്നു. കാത്തിരുന്ന ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ മര്‍ദ്ദിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി പദ്മനാഭന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നത്രെ. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു കഥയും എഴുതിയിട്ടുണ്ട്. ടി പദ്മനാഭന്റെ ഒരഭിമുഖത്തില്‍നിന്നും അദ്ദേഹം തന്നെ പറയുന്നത് കേട്ടതാണ്. അതെന്തോ ആവട്ടെ, വാര്‍ത്താവിനിമയോപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കൃഷ്ണപ്പിള്ളയെപ്പോലെ ഒരു നേതാവ് പട്ടാപ്പകല്‍ ഇത്ര ആസൂത്രിതമായി ആക്രമിക്കപ്പെടുമെങ്കില്‍ അന്നാട്ടിലെ സാദാ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എത്രകണ്ട് അനുഭവിച്ചിട്ടുണ്ടാവും എന്ന് ആലോചിച്ചുനോക്കൂ. സി പി എം എന്ന പാര്‍ട്ടിയെ അന്നത്തെ അതേ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം കോണ്‍ഗ്രസ്സിലുണ്ട്. അവരുടെ ഊര്‍ജ്ജവും ആവേശവും കേടാതെ സൂക്ഷിക്കുക എന്നതാണ് കെ സുധാകരന്‍ ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറുകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുക. അതില്‍ ഹീറോയായി അഭിനയിക്കുക. ഇതിനിടയില്‍‍‍ കണ്ണൂരിലെ കോണ്‍ഗ്രസ്സ് ആരോഗ്യം ചോര്‍ന്ന് ശുഷ്കിച്ചുകോണ്ടേയിരിക്കുന്നു.

ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാവില്ല. അല്ലെങ്കിലും നേരാംവണ്ണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയുമോ. പിന്നെ പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാനാവുമെങ്കില്‍ അതിനായി ഒരു ശ്രമം.

തെരെഞ്ഞെടുപ്പ് കണക്കുകള്‍ക്ക് അവലംബം keralaassembly.org

Thursday, September 17, 2009

തരൂറും ജിംനേഷ്യവും പിന്നെ ഇക്കണൊമി ക്ലാസ്സ് യാത്രയും

എന്തുകൊണ്ട് താങ്കള്‍ക്ക് കേരള ഹൌസില്‍ താമസിച്ചുകൂടാ? ട്വിറ്ററില്‍ തരൂര്‍ജിയോട് ചോദ്യം.

മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ ഫാന്‍സിനെ കോരിത്തരിപ്പിച്ച് കൊണ്ട് ഉത്തരം:രണ്ട് കാരണങ്ങള്‍, കേരളഹൌസില്‍ ജിംനേഷ്യമില്ല. പിന്നെ ഓവര്‍ക്രൌഡഡ്. എന്നാലും ജനങ്ങളോട് ഇടപെടാന്‍ ഞാന്‍ ദിവസവും ഏതാനും സമയം അവിടെ ചിലവഴിക്കുന്നുണ്ട്.

ശശി തരൂര്‍ വര്‍ഷങ്ങളായി ജിംനേഷ്യത്തിലെ അഭ്യാസം ശീലമാക്കിയ ആളാണ്. ഒട്ടും ദുര്‍മേദസ്സിലാത്ത ശരീരമാണങ്ങേരുടേത്.

ഇനി ഇദ്ദേഹത്തിന് ഇങ്ങനെയൊരു ശീലം ഇല്ലായിരുന്നെങ്കിലോ? ഇപ്പോഴുള്ളതില്‍നിന്നും ഒരു പത്തുകിലോയെങ്കിലും കൂടുതലുണ്ടാവുമായിരുന്നു എന്ന് കരുതാം. അങ്ങനെവന്നാല്‍ നിസ്സംശയം ഇദ്ദേഹം ശര‍ദ് പവാറിനോടും ഫാറൂഖ് അബ്ദുള്ളയോടും മത്സരിക്കാവുന്ന ഒരു ഉരുപ്പടിയായേനെ.

എന്നാലോ, തികച്ചും ന്യായമായ പവാറും ഫാറൂഖും പറഞ്ഞ എക്സ്യൂസ് അവതരിപ്പിക്കാമായിരുന്നു, മാഡത്തിനുമുന്നില്‍- തടിയും പൊക്കവും കാരണം കാറ്റ്ല് ക്ലാസ് പറ്റില്ല. എന്തെങ്കിലും ന്യായം പറഞ്ഞ് കോണ്‍ഗ്രസ്സ് ഇങ്ങേരെ ഒഴിവാക്കിക്കൊടുത്തേനെ.

ശശി തരൂറിന്റെ കാറ്റ്ല് ക്ലാസ്, ഹോളി കൌ പ്രയോഗങ്ങളെക്കുറിച്ച് ചര്‍ച്ച പലയിടത്തും നടക്കുന്നുണ്ട്. ഇംഗ്ലീഷ് അറിയുന്നവരും അറിയാത്തവരുമായ ശശി തരൂര്‍ ഫാന്‍സുകാര്‍ ആ പ്രയോഗങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുക മാത്രമല്ല, മഹത്വം കല്പിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കുന്നു! കഷ്ടം. ഇത്തരക്കാരുടെ മസ്തിഷ്കം പുഷ്ടിപെട്ടാലേ തരൂര്‍ജിക്ക് മന്ത്രിപ്പണിയും വിവാദങ്ങളുമില്ലാതെ സ്വസ്ഥമായി ഏതെങ്കിലും ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ദുര്‍മേദസ്സിനെ പ്രതിരോധിക്കാനുള്ള വ്യായാമത്തിലേര്‍പ്പെടാന്‍ കഴിയൂ.

എന്റെ വിഷയം അതല്ല. ഈ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നത് അത്ര അഭിലഷണീയമാണോ. ഒരു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് യാത്രചെയ്യുമ്പോള്‍ അങ്ങേരുടെ മൂന്ന് മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തുന്നതല്ലേ ഇക്കണൊമി സീറ്റ്. മര്യാദക്ക് ഒന്ന് ഉറങ്ങാനെങ്കിലും പറ്റുമോ. അതേ സമയം ബിസിനസ്സ് ക്ലാസ്സില്‍ സ്വസ്ഥതയോടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും വായനയോ പഠനമോ ആവാം. അല്ലെങ്കില്‍ ഏതെങ്കിലും കീറാമുട്ടി പ്രശ്നത്തിന്റെ ചുരളഴിക്കാനുള്ള ക്രിയാത്മകമായ ചിന്തകളിലേര്‍പ്പെടാം. യാത്രക്ക് ശേഷമുള്ള പരിപാടികളില്‍ ഊര്‍ജ്ജസ്വലമായി പൂര്‍ണ്ണമായ ഇന്‍-വോള്‍മെന്റോടെ പങ്കെടുക്കാം. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് ലാഭമല്ലേ ഉണ്ടാവൂ. ഇനി ഇതൊന്നും ചെയ്യാതെ കന്നാലികളെപ്പോലെ യാത്രചെയ്യുന്നവരാണോ നമ്മുടെ മന്ത്രിമാര്‍. കൂടുതല്‍ വിഷമകരം ഇങ്ങനെയൊരുവാദം ഉയര്‍ത്താന്‍ യു പി എയില്‍ ഒരു മന്ത്രിയും ഒരു എം പി യും ഉണ്ടായില്ല എന്നതാണ്. എതിര്‍ത്തവര്‍ പറഞ്ഞത് തങ്ങളുടെ ദുര്‍മേദസ്സിന്റെ കാര്യം!

മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. ലളിതജീവിതത്തെയും ഒരു പരിധിവരെ ദാരിദ്ര്യത്തെയും ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുന്നത് മാധ്യമങ്ങളുടെ ഒരു ശീലമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയൊരു ഗിമ്മിക്കുമായി രംഗത്ത് വന്നപ്പോള്‍ ഈ നടപടികൊണ്ട് ഉദ്ദേശം എന്ത്മാത്രം ചെലവ് ചുരുക്കാം എന്നതിനെക്കുറിച്ചൊന്നും അവര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താത്തത്. ചുരുങ്ങിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തോടെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നത്. വിമാനം ആകാശത്തുകൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള ദരിദ്രകോടികളുടെ രാജ്യമാണ് ഇന്ത്യ. ആ ജനതയോട് അനുഭാവം പ്രകടിപ്പിക്കാന്‍ വരള്‍ച്ചാക്കാലത്ത് ഇക്കണോമി ക്ലാസ്സില്‍ യാത്രചെയ്യുന്നു മന്ത്രിമാര്‍! ഹൊ! മഹത്തരം! ഇങ്ങനെയൊരു ചിന്തമാത്രം മുന്നോട്ട് വെക്കാന്‍ കഴിയുന്നതരത്തില്‍ സ്വയം പരിമിതി തീര്‍ത്ത ഒന്നാണ് നമ്മുടെ മീഡിയ.

ശശി തരൂറിനെപ്പോലുള്ളവര്‍ നമുക്ക് പറ്റിയ വിഡ്ഡിത്തമാകുന്നത് അവരുടെ ആര്‍ഭാടജീവിതം കൊണ്ടുമാത്രമല്ല. അവരുടെ ആവിശ്യങ്ങള്‍ എന്തെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കറിയാത്തതുകൊണ്ടുകൂടിയാണ്. അതെങ്ങനെ? അതിനെക്കുറിച്ച് അവര്‍ക്ക്തന്നെ ബോധ്യമില്ലല്ലോ. ആവിശ്യങ്ങള്‍ എന്നാല്‍ അവര്‍ക്ക് ജിംനേഷ്യവും സ്വകാര്യതയും മാത്രമല്ലേ.

Tuesday, September 8, 2009

കൊല്ലനും പോലീസും

മുത്തൂറ്റ് പോള്‍ വധക്കേസില്‍ അന്വേഷണത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ നിഷ്കരുണം, നിഷ്പ്രയാസം പോലീസ് കബളിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ പോസ്റ്റിന്റെ പശ്ചാത്തലം. എന്നാലിതാ പോലീസ് നടത്തുന്ന കള്ളത്തരങ്ങളെ അസാമാന്യമായ മിടുക്കോടെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു ഏഷ്യാനെറ്റ്!

പോളിനെ കുത്താനുപയോഗിച്ച കത്തി പോലീസ് പണിയിച്ചതാണെന്ന് 'അത്' പണിഞ്ഞ കൊല്ലനെ ഹാജരാക്കിക്കൊണ്ട് ഏഷ്യാനെറ്റ് ഒരു കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുന്നു.

സമാന്തര അന്വേഷണം നടത്തരുതെന്ന് മാധ്യമങ്ങളോടുള്ള കോടിയേരിയുടെ അഭ്യര്‍ത്ഥന ഏഷ്യാനെറ്റ് ഏതായാലും പാലിച്ചിരിക്കുന്നു. സമാന്തര അന്വേഷണമെന്നാല്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരലാണ്. ബിനീഷ് കൊടിയേരിയെങ്കില്‍ ബിനീഷ് കൊടിയേരി, അതല്ല മുത്തൂറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ആരെങ്കിലുമെങ്കില്‍ അയാള്‍, അതല്ല അവരുടെ ബിസിനസ്സ് വൈരികളാരെങ്കിലുമെങ്കില്‍ അയാള്‍, അങ്ങനെയങ്ങനെ ആരുമാ‍വാം. പോലീസ് കണ്ടെത്തുന്നതിന് മുമ്പെ അക്കാര്യം വെളിപ്പെടുത്താം. അല്ലെങ്കില്‍ പോലീസ് കുറ്റവാളികളെ അവതരിപ്പിച്ചതിനുശേഷം അതിനെ ഖണ്ഡിച്ചോ കൂട്ടിച്ചേര്‍ത്തോ ഒക്കെ തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് അവതരിപ്പിക്കാം.

ഇവിടെ പോലീസിനെ ഓഡിറ്റ് ചെയ്യുകയാണ് ഏഷ്യാനെറ്റ്. ഓഡിറ്റിംഗ് എന്നാല്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് എന്നുമാത്രമാണ് എന്ന പൊതുധാരണ തിരുത്തേണ്ട കാലമാണിത്. സോഷ്യല്‍ ഓഡിറ്റിംഗ് പോലുള്ള കാര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കൊണ്ടുവരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പോലീസിനെ അത്തരത്തില്‍ ഓഡിറ്റ് ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷെ, പോലീസ് ജോലി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്തുകളയരുത്. പോലീസിന്റെ അന്വേഷണ രീതി, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങി ഏതെങ്കിലും ബന്ധപ്പെട്ട ശാഖകളില്‍ എന്തെങ്കിലും പ്രാഥമികമായ അറിവെങ്കിലും ഉള്ളവരാണോ ഇങ്ങനെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ഇതൊന്നും ഇല്ലാത്തവര്‍ക്കും തങ്ങളുടെ സാമാന്യയുക്തിയും സാമര്‍ത്ഥ്യവും ഒക്കെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാം. സത്യം കണ്ടെത്തുകയുമാവാം. എന്നാല്‍ നാട്ടിലെ യോഗ്യതയുള്ള ഔദ്യോഗിക സേന കേസന്വേഷണം നടത്തുന്നതിനിടയില്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കത്തരത്തില്‍ തങ്ങളുടെ 'കണ്ടെത്തലുകള്‍' ഇങ്ങനെ വിളിച്ചുപറയരുത്.

ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍ കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുക. അല്ലെങ്കില്‍ പോലീസിന്റെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കുക. അതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിക്കരുത്. അത് അപക്വമാണ്, അപകടകരമാണ്.

ഈ കേസ് കേരളപോലീസ് അന്വേഷിച്ചാല്‍ ശരിയാവുകയില്ല, പ്രതികളും യു ഡി എഫും പറയുന്നതുപോലെ സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലത് എന്ന് പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടാന്‍ ഇത്തരം വികൃതമാധ്യമറിപ്പോര്‍ട്ടുകള്‍ കാരണമാവും. അങ്ങനെവന്നാല്‍ കോടതികള്‍ക്കോ സംസ്ഥാന സര്‍ക്കാരിനുതന്നെയോ ആ ജനവികാരത്തെ തള്ളിക്കളയാനാവില്ല. ഈ കേസ് സി ബി ഐ അന്വേഷിച്ചാല്‍ സത്യം കുഴിച്ചുമൂടപ്പെടും. പോള്‍ മുത്തൂറ്റ് ഡെല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍നിന്നും സ്ത്രീപീഡനക്കേസില്‍നിന്നും കുറ്റവിമുക്തനായതിനുപിന്നില്‍ ഏതെങ്കിലും തല്പരകക്ഷികള്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ആ ശക്തികള്‍ക്ക് സി ബി ഐ അന്വേഷണത്തിലും ഇടപെടാനാവും. ഇനി അങ്ങനെ ഈ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ പുറത്തുവരരുത് എന്നതാണ് മറ്റ് പലരെയും പോലെ ഏഷ്യാനെറ്റിന്റെയും ലക്ഷ്യമെങ്കില്‍ ആ കൊല്ലനെ കണ്ടെത്തിയതിനുപിന്നിലെ സാമര്‍ത്ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

Saturday, August 29, 2009

അന്വേഷണാത്മക പത്രപാരായണം.

മലയാള മാധ്യമ പ്രവര്‍ത്തകര്‍ ബഹു മിടുക്കന്മാരാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി എന്തെല്ലാമാണ് അവര്‍ വെളിച്ചത്ത് കൊണ്ടുവന്നത്! പോള്‍ ജോര്‍ജ്ജ് മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കണ്ടെത്തുന്നതുമുമ്പെ എന്തെല്ലാം സത്യങ്ങള്‍ അവര്‍ മാലോകരെ അറിയിച്ചു! പോലീസ് കണ്ടെത്തിയതായി പറയുന്ന കാര്യങ്ങളാകട്ടെ വെറും കെട്ടുകഥകളാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കയല്ലേ! അന്വേഷണാത്മക പത്രപ്രവര്‍ത്തനം ജേര്‍ണലിസത്തിന്റെ അടിസ്ഥാനമാണ്. അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഏത് മന്ത്രിക്കാണ് അധികാരം? മിടുക്കന്മാരായ അവര്‍ക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ. പോലീസിനും കഴിവുണ്ട്, മിടുക്കുണ്ട്. പക്ഷെ, പറഞ്ഞിട്ടെന്താ, രാഷ്ട്രീയ ഇടപെടലുകാരണം സത്യം മൂടിവെച്ച് തിരക്കഥ രചിക്കാനല്ലേ അവര്‍ക്കാവുന്നുള്ളൂ. ഇപ്പോള്‍ ഒരാഴ്ചയാ‍യി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവികളാണ്. മനോരമ ന്യൂസിലാവട്ടെ പോലീസിനെ അഭിനന്ദിച്ച് ഭരണപക്ഷത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും മിണ്ടാന്‍ തുടങ്ങുമ്പോഴേ കൌണ്ടര്‍ പോയന്റുമായി വരും: “ഇതെല്ലാം പോലീസിനുമുമ്പെ ജനത്തെ അറിയിച്ചത് മാധ്യമങ്ങളല്ലെ ശ്രീ....., മാധ്യമങ്ങളുടെ ജാഗ്രതയില്ലാരുന്നെങ്കില്‍..........“

മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര്‍ തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?

അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:

ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.

തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്‍ ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.

ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.

സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്‍. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന് ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.

മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.

ബി ജെ പിക്കാരന്‍ 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള്‍ മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.

ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്‍ഫന്‍ തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന്‍ ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന്‍ കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?

Friday, August 21, 2009

ആസിയാന്‍ കരാറും ഉപഭോക്താക്കളും

'ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കും. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ വില ലഭിക്കും’

ഈ വാദം നമ്മള്‍ കേട്ടത് എപ്പോഴാണെന്ന് മറന്നിട്ടില്ലല്ലോ. ചില്ലറ വ്യാപാര മേഖല ബഹുരാഷ്ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത സന്ദര്‍ഭത്തില്‍. ആരാ ഈ വാദങ്ങള്‍ ഉയര്‍ത്തിയത്- നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധരും വലത് രാഷ്ട്രീയക്കാരും. അവരുടെ നായകസ്ഥാനത്ത് പതിവുപോലെ മന്മോഹനും ചിദംബരവും.

മറുപടിയായി എതിര്‍ക്കുന്നവര്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു-‘തുടക്കത്തില്‍ അങ്ങനെയൊക്കെയായിരിക്കും. കാലക്രമേണ എല്ലാ നിയന്ത്രണങ്ങളും ഈ ബഹുരാഷ്ട്രകമ്പനികളുടെ കയ്യിലാവും. ഉപഭോക്താക്കളും കര്‍ഷകരടക്കമുള്ള ഉല്പാദകരും ഇവരുടെ ചൊല്‍പ്പടിക്കാവും’.

എന്നിട്ടെന്താ കണ്ട കാഴ്ച? കാലം ഒട്ടും കഴിയേണ്ടിവന്നില്ല. തുടക്കം മുതല്‍തന്നെ കാര്യങ്ങള്‍ ഈ വമ്പന്മാരുടെ വരുതിയിലായി. ഉപഭോക്താവിന് വില കുറച്ചും കിട്ടിയില്ല, കര്‍ഷകന് വില കൂടുതലും കിട്ടിയില്ല. അരിയും ഗോതമ്പുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ പ്രധാനപ്രശ്നമാണ്. കാരണം മാത്രം കണ്ടെത്താനായിട്ടില്ല. ഇടതു പിന്തുണ നഷ്ടപ്പെട്ട് കഴിഞ്ഞ UPA സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ വേളയില്‍ ചിദംബരത്തിന്റെ പാര്‍ലമെന്റിലെ മറുപടി പ്രസംഗത്തില്‍ കേട്ടത് അരിക്കും ഗോതമ്പിനുമൊക്കെ റിക്കോഡ് ഉല്പാദനമുണ്ടായെന്നാണ്. ഈ വര്‍ഷം അതിനെയും മറികടന്ന് ഉല്പാദാനത്തില്‍ പുതിയ റെക്കോഡ് ഉണ്ടായെന്ന് ശര്‍ദ് പവാറിന്റെ പ്രസ്താവന ഇന്ന് വന്നിരിക്കുന്നു. ഇന്ത്യാക്കാരന്റെ ഉപഭോഗം കൂടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസം മുമ്പ് വരെ ഉയര്‍ന്ന നാണയപ്പെരുപ്പം കാരണമായി കേട്ടിരുന്നു.

ഇപ്പോഴോ - നാണ്യശോഷണം, സാമ്പത്തികമാന്ദ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വില കുറയേണ്ടതാണ്, സാമ്പത്തിക ശാസ്ത്രപ്രകാരം. എന്തു വിശദീകരണം നടത്താനുണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക്. ഓ, അദ്ദേഹം ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ. അദ്ദേഹത്തെ അങ്ങ് വിശ്വാസത്തിലെടുത്തേക്കണം. നമ്മളുടടുത്ത് വിശദീകരിക്കലും ചര്‍ച്ചചെയ്യലുമൊന്നും അദ്ദേഹത്തിന്റെ പണിയല്ല. അതൊക്കെ അദ്ദേഹം അമേരിക്കയുമൊത്ത് അല്ലെങ്കില്‍ മുതലാളിമാരുമൊത്ത് മാത്രമെ ചെയ്യാറുള്ളൂ.

ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്ക് തിരിച്ചുവരാം- ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമാവും. ഇത് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ആസിയാന്‍ കരാറാണു വിഷയം.

തുലോം കുറവായ വ്യാപാരികളെയല്ല, ഉപഭോക്താക്കള്‍ എന്ന സാധാരണജനത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് അന്ന് പറഞ്ഞുകേട്ടു. അതേ വാദം ഇപ്പോഴും. ഏതാനും കര്‍ഷകരെയല്ല, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ സാധാരണജനം കര്‍ഷകരല്ല. വിദേശത്ത് ജോലിചെയ്യുന്നവരുടെ കുടുംബങ്ങളാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അവരുടെ ക്ഷേമമാണ് മുഖ്യം.

ചെറുകിട വ്യാപാരികള്‍ മത്സരക്ഷമമായാല്‍ ബഹുരാഷ്ട്രകുത്തകകളെ പേടിക്കേണ്ടതില്ല എന്ന ഉപദേശവും അന്ന് കേട്ടിരുന്നു. ആ ഉപദേശം ഇപ്പൊഴും. കര്‍ഷകര്‍ കോമ്പീറ്റന്റ് ആകണം.

അന്ന് ചെറുകിട വ്യാപാരികളെ കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ അധിക്ഷേപിക്കാനുള്ള സമാനപദങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമായിരിക്കാം.

ഇനി വമ്പന്‍ വ്യാപാരികള്‍ക്ക് ഉല്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഇറക്കുമതി ചെയ്യാം. അതുകൊണ്ട് അവയൊക്കെ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുമോ? ഇല്ല. ആ ചിന്തയേ മാറ്റി വെച്ചേര്. വില കുറക്കാനല്ല, മാനം മുട്ടെ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു!! അതാണ് വരള്‍ച്ച!!! വരള്‍ച്ചയുണ്ട് ശരി. പക്ഷെ അതിന് ഇത്ര മുഴം മുമ്പെ ഇത്ര ശക്തിയായി എറിയണോ?- പ്രധാനമന്ത്രിയുടെ പ്രസ്താവന, കൃഷി മന്ത്രിയുടെ പ്രസ്താവന, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉഗ്രന്‍ നിര്‍ദ്ദേശങ്ങള്‍. എന്റമ്മേ!!!

മുമ്പ് നമ്മുടെ നാട്ടില്‍ കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ചിരുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുള്ളതന്നെയുള്ള മൊത്തം/ചില്ലറ വില്പനക്കാരായിരുന്നു. അവര്‍ക്ക് സാമൂഹ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു. അവരുടെ ശേഷി പരിമിതമായിരുന്നു. രാഷ്ട്രീയ സ്വാധീനം പ്രാദേശികതലത്തില്‍ മാത്രമായിരുന്നു. അവരെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായിരുന്നു. ഇന്ന് നമ്മുടെ പട്ടണത്തില്‍ അരിയും പച്ചക്കറിയും മീനും വില്‍ക്കുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന അംബാനിമാരാണ്. അവര്‍ക്ക് ശതകോടികളുടെ ആസ്തിയുണ്ട്. ഏത് പാതിരാത്രിയിലും പ്രധാനമന്ത്രിയുടെ വരെ വീട്ടിലേക്ക് നടന്നുകയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരെ നിയന്ത്രിക്കാമായിരുന്ന നിയമങ്ങള്‍ എടുത്തുകളയപ്പെട്ടിരിക്കുന്നു.

അല്ലയോ ഉപഭോക്താവേ, ആസിയാന്‍ കരാറുകൊണ്ടൊന്നും നിങ്ങള്‍ക്കൊരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍ക്കാലം നിങ്ങള്‍ക്ക് സംഘടിക്കാനാവുമാവില്ല. തെളിഞ്ഞ ബുദ്ധിയുമായി അടുത്ത തലമുറ ഉപഭോക്താവ് വരും. അവര്‍ക്ക് അണിചേരാന്‍ സംഘടന ഇന്നലെത്തന്നെ ഇവിടെയുണ്ട്. ഇന്നുമുണ്ട്, നാളെയുമുണ്ടാവും. ഈ കരാറുകളെ, നയങ്ങളെ, അതിന്റെ വക്താക്കളെ എല്ലാം അവര്‍ ചവറ്റുകുട്ടയില്‍ തള്ളും.

Related Posts
ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്? by Manoj
ഉപഭോക്താക്കള്‍ സംഘടിക്കണം by K P സുകുമാരന്‍
കുമാരേട്ടാ...എന്റെ കുമാരേട്ടാ by മരത്തലയന്‍

Monday, July 13, 2009

നിയമത്തിനുമുന്നിലെ നിരപരാധി

“പിണറായി വിജയന്‍ കുറ്റവാളിയാണോ എന്നത് ഒന്നാമത്തെ ചോദ്യമല്ല. എന്തുകൊണ്ട് അദ്ദേഹം നിയമത്തിന്റെ മുന്നില്‍വരാന്‍ ഭയക്കുന്നു? രേഖാമൂലം കുറ്റാരോപിതനായ ഒരു പൊതുപ്രവര്‍ത്തകന് സ്വയം കുറ്റവാളിയല്ല എന്ന് പ്രഖ്യാപിക്കാനാവുമെങ്കില്‍ കരുണാകരനും ബാലക്രിഷണപിള്ളക്കുമെല്ലാം അങ്ങനെ ചെയ്യാമായിരുന്നല്ലൊ“

വാക്ക് എന്ന കമ്മ്യൂണിറ്റിയില്‍ നടക്കുന്ന വി എസ്സിനെ തരം താഴ്ത്തിയത് ശരിയോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഫൈസല്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റില്‍നിന്നും എടുത്ത വാചകങ്ങളാണ് മുകളില്‍. ഒറ്റനോട്ടത്തില്‍ യുക്തിഭദ്രം, ലളിതം.

നിയമത്തിനുമുന്നില്‍ വരാന്‍ ആര്‍ക്കാണ് ഭയം? കോടതിയില്‍ നിരപരാധിത്വം ആര്‍ക്കാണ് തെളിയിച്ചുകൂടാത്തത്? ലാലുപ്രസാദ് യാദവ് മുതല്‍ ബാലകൃഷ്ണപ്പിള്ള വരെ എത്രയോ പേര്‍ അത് ചെയ്തിട്ടില്ലേ? അതുകൊണ്ട് അവരെല്ലാം ശുദ്ധാത്മക്കളാണെന്ന് പൊതുസമൂഹം കരുതുന്നുണ്ടോ? തങ്ങള്‍ക്കെതിരെയുണ്ടായിട്ടുള്ള കേസുകളെക്കുറിച്ച് അവര്‍ ജനങ്ങളോട് എന്തെങ്കിലും വിശദീകരിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം തങ്ങളുടെ പാര്‍ട്ടി അണികളോടെങ്കിലും.

ഇന്ത്യാരാജ്യത്ത് അസംഖ്യം നേതാക്കള്‍ക്കെതിരെ ദിനേനയെന്നോണം അഴിമതി ആരോപണങ്ങള്‍ വരുന്നൂ, കേസുകളുണ്ടാവുന്നു. അവര്‍ക്കെല്ലാം പ്രതികരിക്കാന്‍ പൊതുവാചകങ്ങള്‍- എന്റെ കൈകള്‍ ശുദ്ധമാണ്. ഏതന്വേഷണത്തെയും നേരിടും. നിയമത്തിനുമുന്നില്‍ നിരപരാധിത്വം തെളിയിക്കും.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ചിലര്‍ക്കെങ്കിലും ഒരു അഡീഷണല്‍ വാചകമുണ്ട്: ജനകീയകോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ഈ ജനകീയ കോടതി ഏതാണെന്നുള്ളത് അണ്ടര്‍സ്റ്റുഡ്.

കേരളത്തിലും ചിലര്‍ ഈ അഡീഷണല്‍ വാചകം പറഞ്ഞുനടന്നിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ. ഇപ്പോള്‍ പറയാറില്ല. പറയാന്‍ തുടങ്ങുമ്പോഴേക്ക് കുറ്റിപ്പുറം, കുറ്റിപ്പുറം, കുറ്റിപ്പുറം എന്ന് ബസ്സ് കിളിയുടെ ഈണത്തില്‍ മനോമുകരത്തില്‍ അലയടിക്കും.

അപ്പോള്‍ പറഞ്ഞുവന്നത്, കോടതി മുറിക്കുള്ളില്‍ എന്തോ നടക്കട്ടെ. കേസ് ശവപ്പെട്ടിക്കച്ചവടത്തിലായാലും മിസൈല്‍ കച്ചവടത്തിലായാലും നേരിട്ട് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും അവിടെ നിരപരാധിത്വം തെളിയിക്കാനും നേതാക്കളും പാര്‍ട്ടികളും സന്നദ്ധമാകണം എന്നല്ല, അതാണവര്‍ ആദ്യം ചെയ്യേണ്ടത്. ജനത്തിന്റെ സാമാന്യബുദ്ധിക്ക് നിയമത്തിന്റെ സാങ്കേതികള്‍ ബാധ്യതകളാവുന്നില്ല. സത്യം തിരിച്ചറിയാന്‍ അവര്‍ക്കാവും.

മുഴുവന്‍ ജനത്തോടും വിശദീകരിക്കണമെന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടെങ്കിലും പറയണ്ടേ? പാര്‍ട്ടി തെറ്റുതിരുത്തിക്കുന്ന മാതാപിതാക്കന്മാരാണെന്ന് പറഞ്ഞത് വി എസ് അച്യുതാനന്ദനാണ്. നാട്ടില്‍ പ്രമാദമായ കേസില്‍ ഉള്‍പ്പെട്ട് മകന്‍ വീട്ടിലെത്തുമ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: എന്താടാ മോനേ ഈ കേള്‍ക്കുന്നത്? ഇതൊക്കെ ശരിയാണോടാ. അപ്പോള്‍ മകന്‍ എന്തു പറയണം - ഒക്കെ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം എന്നോ???!!!!

നാട്ടില്‍ പ്രമാദമായ കേസല്ല, കള്ളക്കേസ് നടക്കുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളുടെ സമ്മതത്തോടെ മകന്‍ ചെയ്ത കാര്യം, അന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ശരി എന്ന് അന്നും ഇന്നും ആ കുടുംബം വിലയിരിത്തിയിട്ടുള്ള, നാട്ടുകാരോട് പലതവണ വിശദീകരിച്ചുകഴിഞ്ഞ കാര്യം. ആ വിശദീകരണങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല, കോടതിയില്‍ തെളിയിച്ചുവരട്ടെ എന്ന നിലപാട് ഉത്തരവാദിത്വമുള്ള ഒരു സാമൂഹ്യജീവിക്ക് ചേര്‍ന്നതോ? ഓര്‍ക്കുക, കോടതി നിരപരാധിയെന്ന് വിധിച്ച് വെറുതെവിട്ട മകനെ കുറ്റക്കാരനെന്ന് കണ്ട് പടിക്ക് പുറത്താക്കിയ പാരമ്പര്യമുള്ള കുടുംബമാണത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും പാര്‍ട്ടിയെ മാതാപിതാക്കള്‍ക്ക് തുല്യരായി കാണുന്നുവോ എന്നറിയില്ല. എന്നാലും ഒരു താരതമ്യത്തിന്റെ സൌകര്യത്തിനായി അങ്ങനെ കരുതാം. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി ഉത്തരവ് വന്നിരിക്കുന്നു. ആന്റണിയും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെന്ന മാതാപിതാക്കള്‍ ആരൊടും ഒന്നും ചോദിക്കുന്നില്ല. അന്വേഷണം നേരിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മകന്‍ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം നമ്മളെന്ത് നോക്കണം! ഇങ്ങനെയാകണം മാതാപിതാക്കള്‍. ഇതാണ് അന്തസ്സുള്ള കുടുംബം.

ഇനി കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളുടെ വിധി കൂടി എഴുതിക്കൊണ്ട് ഉപസംഹരിക്കാം. ബി ജെ പിയും കോണ്‍ഗ്രസ്സും ഭരിച്ചിരുന്ന നാളുകളില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാള്‍. കോടതി വെറുതെ വിട്ടപ്പോള്‍ അയാള്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോടതിയിലെ വിചാരണയെയും വിധിയെയും പുറം കാലുകൊണ്ട് തൊഴിച്ച് പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും വിചാരണ തുടങ്ങി. നിരവധി ‘തെളിവുകള്‍’ നിരത്തപ്പെട്ടു. കൊടും ഭീകരനാണ് അയാളെന്ന് വിധിയെഴുതപ്പെട്ടു.

നിരപരാധിയാകാന്‍ എന്തു ചെയ്യണം, അറിയില്ല. അപരാധിയാവാന്‍ എന്തു ചെയ്യണം? ഉത്തരം ലളിതം, സി പി എം ല്‍ പിണറായി പക്ഷമാവുക.

Thursday, June 18, 2009

നമുക്കിനി രണ്ടാം ലാവലിനെപ്പറ്റി സംസാരിക്കാം

രണ്ടാം ലാവലിന്‍ ഏതാണന്നറിയില്ലേ? അതാണ് ലാന്കൊ- ലാന്കൊ കൊണ്ടപ്പള്ളി.

ആരാണ് അങ്ങനെ നാമകരണം നടത്തിയത്? സാക്ഷാല്‍ രമേഷ് ചെന്നിത്തല.

എപ്പോള്‍, എന്താണ് കാരണം? കഥ ചുരുക്കിപ്പറയാം.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മ്മാണത്തിന് ലാന്കൊ കൊണ്ടപ്പള്ളി എന്ന കമ്പനി നിയമിതമായി. സംസ്ഥാനത്തിന് കൂടൂതല്‍ ഗുണപ്രദമായ തങ്ങളുടെ ടെണ്ടര്‍ തള്ളിയത് ദുരൂഹമാണെന്ന് ആരോപിച്ച് ഈ തീരുമാനത്തിനെതിരെ അവര്‍ ഹൈക്കോടതിയിലെത്തി. സൂം ഡെവലപ്പേഴ്സിന് ടെക്ക്നിക്കല്‍ യോഗ്യതകളില്ലെന്ന് ഗവ. കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഗവ. തീരുമാനം ശരിവച്ചു. കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി സൂം ഡെവലപ്പേഴ്സിന് അനുകൂലമായി വിധിച്ചു. സൂം ഡെവലപ്പേഴ്സിനെ തള്ളിയതിനുപിന്നില്‍ വന്‍ അഴിമതിയാണെന്ന് യു ഡി എഫ്. നഷ്ടവും കണക്കാക്കപ്പെട്ടു - 332 കോടി. ലാവലിന്‍-ലാന്കൊ, പേരില്‍ സാമ്യം. ‘അഴിമതി‘ തുകയും ഏതാണ്ട് തുല്യം. കൂടാതെ തെരെഞ്ഞെടുപ്പ്കാലവും. രണ്ടാം ലാവലിന്‍ പിറവിയെടുത്തു.

തിരഞ്ഞെടുപ്പില്‍ രണ്ടാം ലാവലിന്‍ എന്നല്ല, ഒന്നാം ലാവലിന്‍തന്നെ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിലും ‘പ്രധാനമായ’ കാര്യങ്ങള്‍ വേറെയുണ്ടായിരുന്നല്ലോ! അതുകൊണ്ട് രക്ഷപ്പെട്ടത് യു ഡി എഫ് തന്നെ! അതവിടെ നില്‍ക്കട്ടെ.

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നടക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സൂം ഡെവലപ്പേഴ്സ് എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമെന്നും ചുമതലക്കാരനായ മന്ത്രി വിജയകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

ഇക്കാര്യത്തില്‍ എന്താ പുതിയ വാര്‍ത്ത? സൂം ഡെവലപ്പേഴ്സിന്റെ ടെണ്ടര്‍ വീണ്ടും തള്ളി. മതിയായ യോഗ്യത ആ കമ്പനിക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സായ എല്‍ & ടി രാംബോള്‍ കണ്ടെത്തി. കരാര്‍ വീണ്ടും ലാന്കൊയ്ക്ക്തന്നെ നല്‍കപ്പെട്ടിരിക്കുന്നു.

ഒന്നാം ലാവലിനും രണ്ടാം ലാവലിനും തമ്മില്‍ വെറെയും സാദൃശ്യങ്ങളുണ്ട്. മന്ത്രിമാരുടെ പേരുകള്‍തന്നെ നോക്കൂ- വിജയന്‍, വിജയകുമാര്‍. രണ്ടുപേര്‍ക്കും ഉത്സാഹം കുറച്ചുകൂടിപ്പോയി. വിജയനു കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഉത്സാഹം. അത് അങ്ങേര്‍ ചെയ്തുകളഞ്ഞു. കൂടാതെ സ്വന്തം നാട്ടില്‍ ഒരു കാന്‍സര്‍ ആശുപത്രിയും സാധിച്ചെടുത്തുകളഞ്ഞു. വിജയകുമാര്‍ വിഴിഞ്ഞം പദ്ധതിക്കായി ഉത്സാഹിച്ചു. അത് തുടങ്ങാനിരിക്കുന്നു. ഇനി ഈ മന്ത്രിപ്പണി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് പാര്‍ട്ടിയില്‍ എന്തെങ്കിലും ചുമതലകള്‍ കിട്ടുമായിരിക്കും. ആ കസേരയിലിരുന്നു പാര്‍ട്ടി വളര്‍ത്താനുള്ള എന്തെങ്കിലും കാര്യങ്ങള്‍കൂടി വിജയകരമായി ചെയ്താല്‍ പുള്ളി തെണ്ടിയതുതന്നെ!

വിജയകുമാര്‍ മാത്രമല്ല, ഈ മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഉത്സാഹം കാണിക്കുന്ന വേറെയും ചിലരുണ്ട്. കൊണ്ടാലേ ഇവന്മാരൊക്കെ പഠിക്കൂ.

രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നു എന്ന കുറ്റം ഇടതുമുന്നണിക്കാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. ഒന്നാം ലാവലിനും രണ്ടാം ലാവലിനും ഒന്നും രാഷ്ട്രീയം കളിക്കലല്ല. അതുകൊണ്ടൊന്നും നമ്മുടെ സംസ്ഥാനത്ത് വികസനത്തിന് ഒരു കോട്ടവും പറ്റുന്നുമില്ല!!

Tuesday, August 26, 2008

കപില്‍ദേവ് പറയുമ്പോള്‍....






ഹര്‍ത്താലുകള്‍ ഇല്ലാതായാല്‍ കേരളത്തില്‍ നിക്ഷേപമിറക്കുന്ന കാര്യം പറിഗണിക്കുമെന്ന് കപില്‍ദേവ്.


ആള്‍ ഒരു ബിസിനസ്സുകാരന്‍ കൂടിയാണല്ലോ.

ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ട സമയമാണ്. ഹര്‍ത്താലുകളെക്കുറിച്ചല്ല. അതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.

വികസനവാദികള്‍, ഹര്‍ത്താല്‍ വിരോധികള്‍ എന്നൊക്കെ പറഞ്ഞുനടക്കുന്ന, നമ്മുടെ ഇടയില്‍ത്തന്നെയുള്ള ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിനുണ്ടാക്കിക്കൊടുത്ത ചീത്തപ്പേരിനെക്കുറിച്ച്. ഹര്‍ത്താല്‍ നടത്തു ന്നവരാണോ അതൊ ഇപ്പറഞ്ഞ കൂട്ടരാണോ നമ്മുടെ നാടിന്റെ വികസനം മുടക്കുന്നതെന്ന്.

എല്ലാ മേഖലയിലും പെട്ട ആള്‍ക്കാര്‍ ഈ കൂട്ടത്തിലുണ്ടെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല എന്ന് അവകാശപ്പെടുമെങ്കിലും സംശയിക്കാതെ പറയാം അന്ധമായ CPM വിരുദ്ധതയാണ് ഇവരുടെ മുഖമുദ്ര. CITU എന്ന ‘ഭീകര’ സംഘടനയാണ് കേരളം നേരിടുന്ന എറ്റവും വലീയ പ്രശ്നം എന്നാണ് ഇവര്‍ പറയാതെ പറയുന്നത് എപ്പൊഴും.

വികസനത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളെ നോക്കിപ്പഠിക്കുക എന്നതാണ് ഒരു സ്ഥിരം വാചകം. അതെ, അവരെ നോക്കിപ്പഠിക്കണമെന്നുതന്നെയാണ് എനിക്ക് ഇവരോടും പറയാറുള്ളത്. അവര്‍ ഇത്തരത്തില്‍ സ്വന്തം പല്ലിനിടയില്‍ക്കുത്തി മറ്റുള്ളവരെക്കൊണ്ട് മണപ്പിക്കാറില്ല. നമ്മുടെ ആള്‍ക്കാരാവട്ടെ, ഇല്ലാത്ത നാറ്റം ഉണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.

ഓര്‍മ്മയുണ്ടോ മുമ്പ് ഉമ്മന്‍ ചാണ്ടി, BMWക്കാരെ കൊണ്ടുവന്ന് കേരളം കൊള്ളില്ല എന്നു പറയിപ്പിച്ചത്. കേരളത്തിന്റെ കാഴ്ച ഗൂഗള്‍ എര്‍ത്തില്‍ കണ്ടാല്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ നമ്മുടെ സംസ്ഥാനം ഇത്തരം പരിപാടികള്‍ക്ക് പറ്റിയതല്ലെന്ന്. മാത്രവുമല്ല, നമ്മുടെ വികസനവഴികള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതിലെവിടെയാണ് ഓട്ടോമൊബയ്ല്‍ വ്യവസായം? എണ്ണക്കമ്പിനികളെ ഇങ്ങോട്ട് വിളിച്ചുവിരുത്തി അവരെക്കൊണ്ടും രിജെക്റ്റ് ചെയ്യിക്കാഞ്ഞത് ഭാഗ്യം എന്നെ പറയണ്ടൂ.

കപില്‍ദേവിന്റെ ഹരിയാനയും പഞ്ചാബും എവിടെയാണ്? പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് തൊട്ട്. അപ്പോള്‍ അവിടെ നിക്ഷേപമിറക്കുന്നവര്‍ക്ക് അതിര്‍ത്തിയിലെ അസ്വാസ്ഥ്യങ്ങളെ പേടിക്കേണ്ടെ? ഈ കാര്യം ഹരിയാനക്കാരും പഞ്ചാബുകാരും ലോകം മുഴുവന്‍ പാടിനടക്കുന്നുണ്ടോ?

നമ്മുടെ തൊട്ടടുത്ത് കര്‍ണ്ണാടകയില്‍, രാജ്കുമാര്‍ എന്ന സിനിമാനടനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പൊള്‍ എത്ര ദിവസമാണ് ബാംഗ്ലൂര്‍ നഗരമടക്കം നിശ്ചലമായത്? ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കുമോ?

നമ്മുടെ വികസനവാദികള്‍ ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ഹര്‍ത്താലുകള്‍ എത്ര, ഇതുമൂലം നമുക്കുണ്ടായ നഷ്ടം എത്ര എന്നൊക്കെ കണക്കാക്കാന്‍ 101% ആക്യുറേറ്റായ ടൂള്‍സുണ്ട് ഇവരുടെ കൈയ്യില്‍. രാമപുരം അങ്ങാടിയില്‍ കീരിക്കാടന്‍ ജോസും സേതുമാധവനും തല്ലുണ്ടാക്കിയപ്പോള്‍ ഇറച്ചിക്കടക്കാരന്‍ ഹൈദ്രോസ് കടയടച്ചാല്‍ ഹര്‍ത്താല്‍ കണക്കില്‍ ഒരു സംഖ്യ കൂടി കൂട്ടാമല്ലോ എന്നു സന്തോഷിക്കുന്നവരാണിവര്‍.

എനിക്കറിയേണ്ടുന്ന മറ്റുചില കണക്കുകളുണ്ട്. ഇതുവായിക്കുന്നവര്‍ക്ക് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ കമന്റായി ഇടണം.

കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ സമരങ്ങള്‍ കാരണം എത്ര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതില്‍ എത്ര സമരങ്ങള്‍ അനാവശ്യമായിരുന്നു?

ഒരു ജനുയിന്‍ ഇന്‍വെസ്റ്റര്‍ സംഘടിത തൊഴില്‍ശക്തിയെ ഭയപ്പെടുകയില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലത്ത് നിക്ഷേപമിറക്കാനാണ് അയാള്‍ താല്പര്യപ്പെടുക. കാരണം നക്സലിസം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ അവിടെ കഴിയുകയില്ല.(ആന്ധ്രപ്രദേശ് ഉദാഹരണം. നമ്മുടെ കക്ഷികളുടെ അഭിപ്രായത്തില്‍ അതും ഒരു വലീയ നിക്ഷേപസൌഹൃദ പ്രദേശമാണ്)

ഇവരോടു പൊറുക്കേണമേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല എന്നു പ്രാര്‍ഥിക്കാന്‍ എനിക്കുകഴിയുന്നില്ല. കാരണം ഇവര്‍ ചെയ്യുന്നത് ദേശദ്രോഹമാണ് എന്നതുകൊണ്ട് തന്നെ.

Friday, August 22, 2008

തൃണമൂലം



20ന് വൈകീട്ട് ഇടതുപണിമുടക്ക് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ കേട്ടത് :

‘വയനാട്ടില്‍ സ്ക്കൂളില്‍ കേറി വിദ്യാര്‍ത്ഥിയേയും അധ്യാപകനേയും ആ‍ക്രമിച്ചു... കണ്ണൂരില്‍ തപ്പാലാപ്പീസ് ആക്രമിച്ചു..കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു..കോട്ടയത്ത് ഏജീസ് ഓഫീസ് ആക്രമിച്ചു....
25000കോടിയുടെ നിക്ഷേപം കോണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എങ്ങ്ങ്ങ്ങ്ങ്നെ വരും?????

ആ‍ാ‍ാ‍ാ‍ാര് വരും?????‘
(ശ്ശേ.... എഴുത്തില്‍ ഒരു പഞ്ച് കിട്ടുന്നില്ല. വായിക്കുമ്പോള്‍ കോട്ടയം നസീറിനെ ഓര്‍ത്താല്‍ മതി)


22ന് വാര്‍ത്തയില്‍ കേട്ടത്:

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ത്രുണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തുന്ന പ്രക്ഷോഭം കാരണം തങ്ങളുടെ കാര്‍ നിര്‍മ്മാണ ഫാ‍ക്റ്ററി അവിടെ നിന്നും മാറ്റാന്‍ ടാറ്റ ആലോചിക്കുന്നു.
(അറിഞ്ഞിടത്തോളം, ഇന്ത്യയില്‍ ഇന്നെവരെയുണ്ടായിട്ടുള്ളതിലും ഏറ്റവും മെച്ചപ്പെട്ട കോംപന്‍സേഷന്‍ കൊടുത്തുകൊണ്ടാണ് അവിടെ ആള്‍ക്കാരെ കുടിയൊഴിപ്പിച്ചത്. മറ്റു പല പ്രശ്നങ്ങളിലും CPMമായി ഇടഞ്ഞുനില്‍ക്കുന്ന CPI, RSP, Forward Block എന്നീ പാര്‍ട്ടികളും സിംഗൂര്‍ വിഷയത്തില്‍ CPMനോടൊപ്പമാണ്. )

ഇടതുപക്ഷവിരോധം മാത്രം വിസര്‍ജ്ജിക്കുന്ന ബൂലോകത്തെ തൃണമൂലങ്ങള്‍(ആസ് ഹോള്‍സ് എന്നു മലയാളം)
എന്തു പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.