ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.
ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786
കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.
അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.
കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?
ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം
എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?
ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.











