Saturday, November 22, 2008

കപില്‍ദേവ് പറഞ്ഞതിനെക്കുറിച്ച്- repost

ഹര്‍ത്താലുകള്‍ ഇല്ലാതായാല്‍ കേരളത്തില്‍ നിക്ഷേപമിറക്കുന്ന കാര്യം പറിഗണിക്കുമെന്ന് കപില്‍ദേവ്.

ആള്‍ ഒരു ബിസിനസ്സുകാരന്‍ കൂടിയാണല്ലോ.

ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ട സമയമാണ്. ഹര്‍ത്താലുകളെക്കുറിച്ചല്ല. അതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണല്ലോ.

വികസനവാദികള്‍, ഹര്‍ത്താല്‍ വിരോധികള്‍ എന്നൊക്കെ പറഞ്ഞുനടക്കുന്ന, നമ്മുടെ ഇടയില്‍ത്തന്നെയുള്ള ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിനുണ്ടാക്കിക്കൊടുത്ത ചീത്തപ്പേരിനെക്കുറിച്ച്. ഹര്‍ത്താല്‍ നടത്തു ന്നവരാണോ അതൊ ഇപ്പറഞ്ഞ കൂട്ടരാണോ നമ്മുടെ നാടിന്റെ വികസനം മുടക്കുന്നതെന്ന്.

എല്ലാ മേഖലയിലും പെട്ട ആള്‍ക്കാര്‍ ഈ കൂട്ടത്തിലുണ്ടെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല എന്ന് അവകാശപ്പെടുമെങ്കിലും സംശയിക്കാതെ പറയാം അന്ധമായ CPM വിരുദ്ധതയാണ് ഇവരുടെ മുഖമുദ്ര. CITU എന്ന ‘ഭീകര’ സംഘടനയാണ് കേരളം നേരിടുന്ന എറ്റവും വലീയ പ്രശ്നം എന്നാണ് ഇവര്‍ പറയാതെ പറയുന്നത് എപ്പൊഴും.

വികസനത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളെ നോക്കിപ്പഠിക്കുക എന്നതാണ് ഒരു സ്ഥിരം വാചകം. അതെ, അവരെ നോക്കിപ്പഠിക്കണമെന്നുതന്നെയാണ് എനിക്ക് ഇവരോടും പറയാറുള്ളത്. അവര്‍ ഇത്തരത്തില്‍ സ്വന്തം പല്ലിനിടയില്‍ക്കുത്തി മറ്റുള്ളവരെക്കൊണ്ട് മണപ്പിക്കാറില്ല. നമ്മുടെ ആള്‍ക്കാരാവട്ടെ, ഇല്ലാത്ത നാറ്റം ഉണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.

ഓര്‍മ്മയുണ്ടോ മുമ്പ് ഉമ്മന്‍ ചാണ്ടി, BMWക്കാരെ കൊണ്ടുവന്ന് കേരളം കൊള്ളില്ല എന്നു പറയിപ്പിച്ചത്. കേരളത്തിന്റെ കാഴ്ച ഗൂഗള്‍ എര്‍ത്തില്‍ കണ്ടാല്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ നമ്മുടെ സംസ്ഥാനം ഇത്തരം പരിപാടികള്‍ക്ക് പറ്റിയതല്ലെന്ന്. മാത്രവുമല്ല, നമ്മുടെ വികസനവഴികള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതിലെവിടെയാണ് ഓട്ടോമൊബയ്ല്‍ വ്യവസായം? എണ്ണക്കമ്പിനികളെ ഇങ്ങോട്ട് വിളിച്ചുവിരുത്തി അവരെക്കൊണ്ടും രിജെക്റ്റ് ചെയ്യിക്കാഞ്ഞത് ഭാഗ്യം എന്നെ പറയണ്ടൂ.

കപില്‍ദേവിന്റെ ഹരിയാനയും പഞ്ചാബും എവിടെയാണ്? പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് തൊട്ട്. അപ്പോള്‍ അവിടെ നിക്ഷേപമിറക്കുന്നവര്‍ക്ക് അതിര്‍ത്തിയിലെ അസ്വാസ്ഥ്യങ്ങളെ പേടിക്കേണ്ടെ? ഈ കാര്യം ഹരിയാനക്കാരും പഞ്ചാബുകാരും ലോകം മുഴുവന്‍ പാടിനടക്കുന്നുണ്ടോ?

നമ്മുടെ തൊട്ടടുത്ത് കര്‍ണ്ണാടകയില്‍, രാജ്കുമാര്‍ എന്ന സിനിമാനടനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പൊള്‍ എത്ര ദിവസമാണ് ബാംഗ്ലൂര്‍ നഗരമടക്കം നിശ്ചലമായത്? ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കുമോ?

നമ്മുടെ വികസനവാദികള്‍ ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ഹര്‍ത്താലുകള്‍ എത്ര, ഇതുമൂലം നമുക്കുണ്ടായ നഷ്ടം എത്ര കോടി എന്നൊക്കെ കണക്കാക്കാന്‍ 101% ആക്യുറേറ്റായ ടൂള്‍സുണ്ട് ഇവരുടെ കൈയ്യില്‍. രാമപുരം അങ്ങാടിയില്‍ കീരിക്കാടന്‍ ജോസും സേതുമാധവനും തല്ലുണ്ടാക്കിയപ്പോള്‍ ഇറച്ചിക്കടക്കാരന്‍ ഹൈദ്രോസ് കടയടച്ചാല്‍ ഹര്‍ത്താല്‍ കണക്കില്‍ ഒരു സംഖ്യ കൂടി കൂട്ടാമല്ലോ എന്നു സന്തോഷിക്കുന്നവരാണിവര്‍.

എനിക്കറിയേണ്ടുന്ന മറ്റുചില കണക്കുകളുണ്ട്. ഇതുവായിക്കുന്നവര്‍ക്ക് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ കമന്റായി ഇടണം.
കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ സമരങ്ങള്‍ കാരണം എത്ര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതില്‍ എത്ര സമരങ്ങള്‍ അനാവശ്യമായിരുന്നു?

ഒരു ജനുയിന്‍ ഇന്‍വെസ്റ്റര്‍ സംഘടിത തൊഴില്‍ശക്തിയെ ഭയപ്പെടുകയില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലത്ത് നിക്ഷേപമിറക്കാനാണ് അയാള്‍ താല്പര്യപ്പെടുക. കാരണം നക്സലിസം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ അവിടെ കഴിയുകയില്ല.(ആന്ധ്രപ്രദേശ് ഉദാഹരണം. നമ്മുടെ കക്ഷികളുടെ അഭിപ്രായത്തില്‍ അതും ഒരു വലീയ നിക്ഷേപസൌഹൃദ പ്രദേശമാണ്)

ഇവരോടു പൊറുക്കേണമേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല എന്നു പ്രാര്‍ഥിക്കാന്‍ എനിക്കുകഴിയുന്നില്ല. കാരണം ഇവര്‍ ചെയ്യുന്നത് ദേശദ്രോഹമാണ് എന്നതുകൊണ്ട് തന്നെ.