Monday, March 1, 2010

മന്ത്രിപുത്രനും യുവതിയും

നാട്ടിലെ പ്രമുഖ തറവാടായ വെങ്ങാട്ട് ചെറുകുന്നത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ സുകുമാരന്‍ നായരുടെ രണ്ട് പെണ്മക്കളില്‍ മൂത്തവളുടെ കല്യാണമാണിന്ന്. നാട്ടുകാരെ മുഴുവന്‍, വകയിലെ വകയിലെ ബന്ധുക്കളെ മുഴുവന്‍, പൂരപ്പറമ്പില്‍ കണ്ട് പരിചയപ്പെട്ടവരെ മുഴുവന്‍ വിളിച്ചിട്ടുണ്ട് സുകുമാരന്‍ നായര്‍. ആള്‍ ഒത്തിരി ഒത്തിരി സന്തോഷത്തിലാണ്. എന്തുകൊണ്ടും നല്ല ബന്ധം. നല്ല തറവാട്ടിലെ പയ്യന്‍. സുന്ദരിയായ തന്റെ മകള്‍ക്കൊത്ത പയ്യന്‍. നല്ല വിദ്യാഭ്യാസം. നല്ല ജോ‍ലി.


വരനും ആളുകളും എത്തിക്കഴിഞ്ഞു. അവര്‍ ഉപചാരപ്പൂര്‍വ്വം സ്വീകരിക്കപ്പെട്ടു. വരന്‍ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും വരനെ കാണാം. ആരാണോ‍ ആ കാര്യം ആദ്യം ശ്രദ്ധിച്ചത്! വരന് നമ്മുടെ സുനീഷിന്റെ നല്ല ഛായ. ഏത് സുനീഷ്? പത്രം വായിക്കാത്തവരും ടി വി കാണാത്തവരും ചോദിച്ചു. പത്രം വായിക്കുന്നവരും ടിവി കാണുന്നവരും അവരുടെ ഡൌട്ട് ക്ലിയര്‍ ചെയ്തുകൊടുത്തു - സുനീഷ് എന്നാല്‍ സുനീഷ് മടിക്കേരി. മന്ത്രി പുത്രന്‍, മന്ത്രി പുത്രന്‍ - എല്ലാ വിവാദങ്ങളിലെയും നായകന്‍.


‘സ്വഭാവം അങ്ങനെയല്ലാണ്ടായാല്‍ മതി‘ - യൂത്ത് നേതാവ് ഷിബുമോന്‍ ഒന്നാന്തരം കോങ്ക്രസ്സ് വിറ്റടിച്ചു. തന്റെ ചുറ്റുമുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒരു ലിമിറ്റഡ് ഫലിതം. ഷിബുമോന്റെ ചുറുചുറുക്കിന്റെ ആരാധകരായ ഏതാനും കോങ്ക്രസ്സ് അമ്മാമന്മാര്‍ ഷിബുമോന്റെ ചുറ്റും എപ്പോഴുമുണ്ടാവും. അമ്മാമന്മാര്‍ക്ക് ഫലിതം നന്നെ ബോധിച്ചു. അധികം ഒച്ചവെക്കാനായില്ലെങ്കിലും അമ്മാമന്മാര്‍ ചിരിച്ചു. വീണ്ടും ചിരിച്ചു. ഷിബുമോന്റെ നര്‍മ്മബോധത്തിന്റെയും ആരാധകരായി അവര്‍ മാറി. ഷിബുമോന്റെ സമയം.


താലികെട്ടും സദ്യയും കഴിഞ്ഞു. വധുവിനെയും കൂട്ടി വരനും കൂട്ടരും പോയി. നാട്ടുകാരു മുഴുവന്‍ പോയി. വകയിലെ വകയിലെ ബന്ധുക്കള്‍ മുഴുവന്‍ പോയി. പൂരപ്പറമ്പില്‍‍ പരിചയപ്പെട്ടവര്‍ എല്ലാവരും പോയി. ഷിബുമോനും ചുറ്റും കൂടിയ അമ്മാമന്മാരും പോയി. വേങ്ങാട്ട് ചെറുകുന്നത്ത് വീട്ടില്‍ സുകുമാരന്‍ നായരും കുടുംബവും അടുത്ത ബന്ധുക്കളും അയല്‍ വാസികളും മാത്രം ബാക്കിയായി.


തന്റെ മരുമകന് സുനീഷ് മടിക്കേരിയുടെ ഛായയുണ്ടെന്നത് ഒരു കൌതുകമായാണ് സുകുമാരന്‍ നായര്‍ക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്നപ്പോഴും പിന്നെയും ഒന്നു രണ്ട് തവണ കണ്ടപ്പോഴും സുകുമാരന്‍ നായര്‍ക്കോ കൂടെയുണ്ടായിരുന്ന ഉറ്റവര്‍ക്കോ അങ്ങനെ തോന്നിയിരുന്നില്ല. സുകുമാരന്‍ നായര്‍ക്ക് ചിരി വന്നു. നാട്ടുകാരുടെ ഒരു കാര്യമേ, എന്തെല്ലാം ശ്രദ്ധിച്ചുകളയും!


തറവാട്ടില്‍ പിറന്ന ഏതൊരാളെയും പോലെ സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാലും വോട്ട് എപ്പോഴും കൈപ്പത്തിക്കേ ചെയ്യൂ. ഒരു തവണ കമ്മൂണിസ്റ്റുകാര്‍ക്കെതിരെ കൈപ്പത്തിയല്ല, റാന്തല്‍ അടയാളത്തില്‍ ഒരാള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സുകുമാരന്‍ നായര്‍ വോട്ടുചെയ്യാന്‍ പോയില്ല. എന്നിട്ടോ, വൈകിട്ട് കോങ്ക്ര്സ്സിന്റെ ബൂത്ത് ഏജന്റ് ജോയി പറഞ്ഞപ്പളല്ലേ അറിഞ്ഞത്‌ - തന്റെ വോട്ട് ഏതോ കമ്മുണിസ്റ്റുകാരന്‍ കള്ളവോട്ടായി ചെയ്തുകളഞ്ഞെന്ന്. ഇനി കമ്മുണിസ്റ്റുകാര്‍ക്കെതിരെ റാന്തലായാലും ഏണിയായാലും രാവിലെത്തന്നെ പോയി വോട്ട് ചെയ്യും എന്ന് അന്നേ തീരുമാനമെടുത്തയാളാണ് സുകുമാരന്‍ നായര്‍. ഇങ്ങനെയെല്ലാമായിരിന്നിട്ടും ഒരു കമ്മുണിസ്റ്റുകാരന്‍ മന്ത്രിയുടെ മകന്റെ ഛായയുണ്ട് തന്റെ മരുമകനെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ കേട്ടുനില്‍ക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. അതാണ് ഹൃദയ വിശാലത. തറവാട്ടില്‍ പിറന്നതിന്റെ ഗുണം.

രാഷ്ട്രീയമില്ലെങ്കിലും ലോകവിവരമില്ലെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ അതിന്റെ സൂഷ്മാംശങ്ങളിലേക്ക് വരെ കടന്നുചെന്ന് ചിന്തിക്കാന്‍ കഴിവുള്ളയാളാണ് സുകുമാരന്‍ നായര്‍. മക്കളുടെ കാര്യത്തില്‍ ഒന്നും അങ്ങേര്‍ക്ക് വെറും കൌതുകമല്ല. അതുകൊണ്ട് മരുമകനും സുനീഷ് മടിക്കേരിയുമായുള്ള സാദൃശ്യം തന്റെ മകളെ ബാധിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിയുമോ? ഇല്ല. അല്ലെങ്കില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു - തൊട്ടുമുന്നില്‍ത്തന്നെ അപകടങ്ങളല്ലേ!

ഇനിയിപ്പോള്‍ തന്റെ മകളും മരുമകനും കൂടി എവിടെയൊക്കെപ്പോവും - ചുരുങ്ങിയത് ഗുരുവായൂരിലും തിരുമാന്ധാംകുന്നിലും തൊഴാന്‍ പോകില്ലേ, അവിടെ ഹോട്ടലില്‍ തങ്ങേണ്ടിവരില്ലേ, നാട്ടില്‍ അഭ്യൂഹം പരക്കില്ലേ. കോങ്ക്രസ്സുകാരും ലീഗുകാരം ഹോട്ടല്‍ റെയ്ഡ് ചെയ്യില്ലേ. മരുമകനെ അടുത്തുനിന്നുകണ്ടാല്‍ സുനീഷ് മടിക്കേരിയല്ലെന്ന് അവര്‍ക്ക് മനസ്സിലാവും, പക്ഷെ തന്റെ മകളുടെ ചുരിദാറും ഹെയര്‍സ്റ്റൈലും കണ്ടാല്‍ സീരിയല്‍ നടിയല്ലെന്ന് ആരെങ്കിലും പറയുമോ! ഹൊ. പൊല്ലാപ്പാവൂലോ!

ബാക്കി അറിയില്ല. സുകുമാരന്‍ നായര്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തുമായിരിക്കും. രണ്ട് പെണ്മക്കളുടെ അച്ഛനായതുമുതല്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്ക് അയാള്‍ ചിന്തിച്ച് പോംവഴി കണ്ടെത്തിയിരിക്കുന്നു!
-------------------------------------------------------------------------------------------------
മന്ത്രിപുത്രന്‍ സിനിമാനടിക്കൊപ്പം ഹോട്ടലില്‍ തങ്ങുന്നുണ്ടന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോട്ടലില്‍ തിരച്ചില്‍ നടത്തി. ഹോട്ടല്‍ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി ഹോട്ടല്‍ വളഞ്ഞു. പോലീസെത്തി പോലീസും ഹോട്ടലില്‍ തിരച്ചില്‍ നടത്തി. മന്ത്രിപുത്രനോ യുവതിയോ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. തിരയാന്‍ പോയവര്‍ മന്ത്രിപുത്രനെയും കൊണ്ട് പുറത്തുവന്നാല്‍ മതിയെന്നും പറഞ്ഞ് ഡി വൈ എഫ് ഐ ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും യു ഡി എഫ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു.

ഇങ്ങനെയാണ് ദാറ്റ്സ് മലയാളം, വെബ് ദുനിയ, കൌമുദി ഓണ്‍ലൈന്‍, ഡെയിലി മലയാളം ഒക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസില്‍ യു ഡി എഫുകാര്‍ ഹോട്ടലില്‍ തിരയുന്നതിന്റെ ദൃശ്യം രണ്ട് സെക്കന്റ് കാണിക്കുകയും ചെയ്തു.

മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം. ഇവിടെ ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലല്ലോ.

എന്ന് ആരു പറഞ്ഞൂ? മനോരമ വായിച്ചുനോക്കൂ:

ഉന്നത സി പി എം നേതാവിന്റെ മകന്‍ യുവതിയോടൊപ്പം ബാര്‍ ഹോട്ടലില്‍ ഉണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

കച്ചേരിപ്പടി തുറയ്ക്കല്‍ ബൈപ്പാസ് റോഡിലാണു സംഭവം. യു ഡി എഫ് പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടല്‍ പടിക്കല്‍ തടിച്ചുകൂടിയതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തി. ഇരുവിഭാഗവും സംഘര്‍ഷവക്കിലെത്തിയപ്പോള്‍ പോലീസ് വിരട്ടി. നേതാവിന്റെ മകനോ യുവതിയോ ഹോട്ടലില്‍ ഇല്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്.

സംഘര്‍ഷത്തിനിടെ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഷംസീറിനെ ഡി വൈ എഫ് ഐക്കാര്‍ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഷംസീറിനെ മലപ്പുറത്ത് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.