മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര് തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?
അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:
ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.
തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.
ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.
സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന്‍ ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര് പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.
മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.
ബി ജെ പിക്കാരന് 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള് മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.
ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്ഫന് തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന് ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന് കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?
അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?