Sunday, January 18, 2009

പ്രൊ-ലൈഫ്, നിയമ പരിഷ്കരണം, സന്താനനിയന്ത്രണം

ജനുവരി 14ലെ ഏഷ്യാനെറ്റിന്റെ നേര്‍ക്ക്നേര്‍ ചര്‍ച്ച. നിയമപരിഷ്കരണകമ്മീഷന്റെ ശുപാര്‍ശകളാണ് വിഷയം. പ്രധാനമായും രണ്ട് കാര്യങ്ങളെ അധികരിച്ച്. ദയാവധവും രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആ‍ാനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നുമുള്ള ശുപാര്‍ശകള്‍.

പങ്കെടുത്തവരില്‍ പ്രൊ-ലൈഫ് എന്ന സംഘടനയുടെ വക്താവ് ശ്രീ ഏബ്രഹാം അവതരിപ്പിച്ച വാദങ്ങള്‍ കേട്ടപ്പോള്‍ ഇത്രയും എഴുതാതിരിക്കാന്‍ ആവുന്നില്ല.

പ്രൊ-ലൈഫുകാരന്‍ ഒരു കുടുംബത്തില്‍ നാല് കുട്ടികളെങ്കിലും വേണമെന്ന് ശഠിക്കുന്നു. അദ്ദേഹത്തിന്റെ വാദം

ഒന്ന്:

ജനസംഖ്യ രാജ്യത്തിന്റെ തന്നെ ശക്തിയാണ്. ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. വമ്പിച്ച ജനസംഖ്യയാണ് രണ്ട് രാജ്യങ്ങളുടെയും ശക്തി.

വാസ്തവം എല്ലാവര്‍ക്കും അറിയാം:

ഇന്ത്യയും ചൈനയും ഇപ്പോഴും വികസ്വര രാഷ്ട്രങ്ങളാണ്. ലോകത്ത് ഇപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്നിടത്തൊന്നും ഇന്ത്യയുടെയും ചൈനയുടെയും നാലിലൊന്ന് ജനസംഖ്യപോലുമില്ല. ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയെയും ചൈനയെക്കാളും മുമ്പെ ഇവരെങ്ങനെയാ വികസിതമായത്!!

വാദം രണ്ട്:

ജനനനിയന്ത്രണം കാരണം ഇപ്പോഴത്തെ തലമുറയില്‍നിന്നും നല്ല നേതാക്കന്മാരോ ബുദ്ധിമാന്മാരോ ഉണ്ടാവുന്നില്ല.

നാടന്‍ പ്രയോഗങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ടാണ് അദ്ദേഹം തുടരുന്നത്. എന്റെ അവിദഗ്ദ്ധമായ ഭാഷയില്‍ ഒന്നു വായിച്ചുനോക്കൂ, അത്യന്തം ലോജിക്കല്‍ ആയ ആ ആര്‍ഗ്യുമെന്റുകള്‍:

“നമ്മുടെ നാട്ടില്‍ കടിഞ്ഞൂല്‍ പൊട്ടന്‍ എന്ന പ്രയോഗമുണ്ട്. അതുപോലെ രണ്ടാമത്തെ കുട്ടിയെ അരപ്പൊട്ടന്‍ എന്നും വിളിക്കും. എന്താ കാര്യം? ആദ്യമായി ഗര്‍ഭിണിയാകുന്നതില്‍ അമ്മക്കുണ്ടാകുന്ന ആകുലതകള്‍ കുട്ടിയെ ബാധിക്കും. അതുകൊണ്ട് ആദ്യത്തെ കുട്ടി പൊട്ടന്‍. ആദ്യത്തെപ്പോലെയല്ലെങ്കിലും രണ്ടാം തവണ ഗര്‍ഭിണിയാകുമ്പോഴും അമ്മക്ക് ആകുലതകള്‍ ഉണ്ടാകും, ആയതിനാല്‍ രണ്ടാമത്തെ കുട്ടി അരപ്പൊട്ടന്‍. മൂന്നാം തവണമുതല്‍ ആകുലതകള്‍ ഉണ്ടാവില്ല. ആയതിനാല്‍ മൂന്നാമത്തെത് മുതലുള്ള കുട്ടികള്‍ ലോകജേതാക്കളായി വളരും”

ഇനി ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എഴുതാം:

രണ്ടാമത്തെ കുട്ടിയെ അരപ്പൊട്ടന്‍ എന്ന് വിളിക്കുന്ന ഏര്‍പ്പാട് നമ്മുടെ നാട്ടിലില്ല. ‘കടിഞ്ഞൂല്‍ പൊട്ടന്‍‘ മന:ശ്ശാസ്ത്ര ലേഖനങ്ങളില്‍ വിശദീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്.

കടിഞ്ഞൂല്‍ സന്താനം മിടുക്കനായാണ് ജനിക്കുന്നത്, വളരുന്നത്. എന്നാല്‍ അവന് ഒന്നരയോ രണ്ടോ വയസ്സാവുമ്പോള്‍ വീട്ടില്‍ രണ്ടാമത്തെ കുട്ടി ജനിക്കുന്നു. അതുവരെ തനിക്ക് കിട്ടിയിരുന്ന സര്‍വ്വവിധലാളനക്കും ശ്രദ്ധക്കും അവകാശി രണ്ടാമത്തെയാളാകുമ്പോള്‍ മൂത്തവന് ഉണ്ടാകുന്ന ‘ഒരിത്’. മറ്റുള്ളവരുടെ ശ്രദ്ധ നേറ്റിയെടുക്കാനും മറ്റും പല ‘പൊട്ടത്തര’ങ്ങളും കാട്ടും. എന്നാല്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് ഈ ‘പൊട്ടത്തരങ്ങള്‍’ അപ്രത്യക്ഷമാവും എന്ന് മാത്രമല്ല, ഇളയകുട്ടികളേക്കാള്‍ ഉത്തരവാദിത്ത്വബോധവും കാര്യശേഷിയും പ്രകടിപ്പിക്കുന്നത് അവനായിരിക്കും. പ്രൊ-ലൈഫുകാരന്‍ പറയുന്നത് വച്ച് നോക്കിയാല്‍ ഒരു കുട്ടിമാത്രമുള്ളിടത്തെ കുട്ടിയും പൊട്ടന്‍ തന്നെ. എന്നാല്‍ ഏകസന്താനങ്ങള്‍ ഈ ‘പൊട്ടത്തരം’ കാണിക്കാറില്ല, അവനെ ആരും അങ്ങനെ വിളിക്കാറുമില്ല.

ഇനി പഴയ തലമുറയിലെതന്നെ ലോകജേതാക്കളെയെടുത്താല്‍ അവരില്‍ നല്ലൊരു പങ്കും ഒന്നാമത്തെയൊ രണ്ടാമത്തെയോ സന്താനങ്ങളായിരുന്നു എന്ന് കാണാം. പതിഞ്ചാമനും പതിനാറാമനും ഒക്കെ ധാരാളമായുണ്ടായിരുന്ന ആ കാലത്ത് അവരോട് മത്സരിച്ച് ഈ ‘പൊട്ടന്മാര്‍’ എങ്ങനെ ഉന്നതങ്ങളിലെത്തി?

ഇപ്പൊഴത്തെ അണുകുടുംബങ്ങളിലെ ഒന്നോ രണ്ടോ വരുന്ന കുട്ടികളുടെ ഓവര്‍സ്മാര്‍ട്ട്നെസ്സിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാവുമ്പോഴാണ് ഈയൊരു കണ്ടുപിടുത്തം.

സമുദായചിന്ത തീരെയില്ലാത്ത കുഞ്ഞാടുകളുടെ ഒരു കൂട്ടമാണ് പ്രൊ-ലൈഫ്. എന്നാലും അവര്‍ ഇവിടുത്തെ ഹിന്ദുക്കളോട് പ്രത്യേകിച്ച് നായന്മാരോട് ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് - ഇന്ന് സന്താനനിയന്ത്രണം പാലിക്കുന്നതിന്റെ പേരില്‍ നാളെ നിങ്ങള്‍ ദു:ഖിക്കേണ്ടിവരും!! കരക്റ്റ്, സംഘപരിവാരങ്ങള്‍ സാധൂകരിക്കപ്പെട്ടു.

പ്രൊ-ലൈഫുകാര്‍ ദൈവവിശ്വാസികളാണ്. ദൈവം തരുന്നത്, ദൈവം എടുക്കുന്നത് എന്നതിനപ്പുറം ചിന്തിക്കുന്നത് തന്നെ പാപമാണ് അവര്‍ക്ക്. അതുകൊണ്ട് ദൈവവിചാരത്തില്‍ ഊന്നിക്കൊണ്ടുതന്നെ ഞാനും ഒന്ന് ചിന്തിച്ചുനോക്കി.

പഴയകാലത്ത് ശിശുമരണനിരക്ക് വളരെകൂടുതലായിരുന്നു. കൂടാതെ ആയുര്‍ദൈര്‍ഘ്യം തന്നെ വളരെ കുറവായിരുന്നു. ദൈവം തരുന്നു, ദൈവം എടുക്കുന്നു. എന്നാല്‍ ഇതൊരു പ്രശ്നമാണെന്ന് മനുഷ്യരാശിയെക്കൊണ്ട് തോന്നിപ്പിക്കുവാനും അതിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ നല്‍കാനും ദൈവം തയ്യാറായി. വൈദ്യശാസ്ത്രം അതാണ്. ദൈവം തന്ന അതേ ശാസ്ത്രങ്ങളും വിശേഷബുദ്ധിയും ഉപയോഗിച്ചാണ് മനുഷ്യന്‍ സന്താനനിയന്ത്രണം ആവിശ്യമെന്ന് കണ്ടെത്തി അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്. ആഗോളാടിസ്ഥാനത്തില്‍ തന്നെ ജനനനിരക്ക് കുറഞ്ഞു. എങ്കില്‍തന്നെ ലോകം ഇന്ന് ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണെന്ന് പറയപ്പെടുന്നു.

പ്രൊ-ലൈഫ് എന്ന പേരും വെച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ ‘ജീവന്‍‘ സംബന്ധമായ കേരളത്തിലെ പ്രധാനപ്രശ്നം കണ്ടോ എന്നറിയില്ല- വന്ധ്യത. അസംബന്ധവാദങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറയുന്നതിനുപകരം ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങളോ ഗവേഷണങ്ങള്‍ക്ക് സഹായമോ മറ്റോ ചെയ്താല്‍ ദൈവം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തന്നേക്കാം.

8 comments:

ജിവി/JiVi said...

നിയമപരിഷ്കരണകമ്മീഷ്ന്റെ ശുപാര്‍ശകളല്ല, പ്രൊ-ലൈഫുകാരന്റെ വാദങ്ങളാണ് വിഷയം.

മൂര്‍ത്തി said...

പ്രോ-ലൈഫിന്റെ ലൈഫ് ഇല്ലാതാക്കല്ലെ ജിവി.

- സാഗര്‍ : Sagar - said...

ശ്രീ ഏബ്രഹാമിനെ നമുക്ക് പ്രൊ-ലൈഫ് പൊട്ടന്‍ എന്ന് വിളിക്കേണ്ടി വരും..

Suraj said...

വാദം രണ്ട്: “ജനനനിയന്ത്രണം കാരണം ഇപ്പോഴത്തെ തലമുറയില്‍നിന്നും നല്ല നേതാക്കന്മാരോ ബുദ്ധിമാന്മാരോ ഉണ്ടാവുന്നില്ല.”...
..മൂന്നാം തവണമുതല്‍ ആകുലതകള്‍ ഉണ്ടാവില്ല. ആയതിനാല്‍ മൂന്നാമത്തെത് മുതലുള്ള കുട്ടികള്‍ ലോകജേതാക്കളായി വളരും”...


ദൈവം തന്ന ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യനവകാശമില്ല എന്ന് പറഞ്ഞാണ് വാദിക്കുന്നതെങ്കില്‍ വിശ്വാസത്തെ ഓര്‍ത്തെങ്കിലും ക്ഷമിക്കാമായിരുന്നു. ഈ “ലോജിക്”...അമ്പമ്പോ..അപാരം!

സബ്ജക്റ്റ് എക്സ്പേര്‍ട്ട് എന്ന വ്യാജേന വിഷയത്തെപ്പറ്റി അടിസ്ഥാന വിവരം പോലുമില്ലാത്ത കിഴങ്ങന്മാരെയും മന്ദബുദ്ധികളെയും സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി ഇമ്മാതിരി വാദങ്ങള്‍ പൊതുജനത്തിന്റെ തൊള്ളയിലേക്ക് തിരുകി കൊടുക്കുന്ന ചാനലിനെയാണ് തെരണ്ടി വാലിന് പെടയ്ക്കേണ്ടത്.

Inji Pennu said...

അയാളു പറഞ്ഞേലും കാര്യമില്ലാതില്ല. ഈ ലോകത്തിലെ ഏറ്റവും വലിയ സര്‍ട്ടിഫൈഡ് കടിഞ്ഞൂല്‍ പൊട്ടന്‍ ജോര്‍ജ് ബുഷ് ആദ്യത്തെ സല്‍‌പുത്രനാണ് :)

പ്രോ-ലൈഫ് എന്ന് പറയുന്നത് ജീവനെടുക്കരുത് എന്നല്ലേ അല്ലാണ്ട് ഒരാള്‍ക്ക് നാലു പേരു വീതം വേണമെന്നാണോ? അങ്ങിനെയെങ്കില്‍ നാലു പേരു കഴിഞ്ഞാല്‍ ബാക്കിയൊക്കെ ലൈഫല്ലേ?

ബിനോയ്//HariNav said...

സൂരജിന്റെ കമന്റിനു താഴെ ഒരൊപ്പ്.

സാമാന്യബുദ്ധിയല്ലാത്തവന് നാണം കൂടിയില്ലാതായല്‍ എന്താകും?
എബ്രഹാം‌പൊട്ടനാകും.
ഇവനെയൊക്കെപ്പോലുള്ള ബ്രഹ്മാണ്ഡവിഡ്ഡികളെ ആനയിച്ചിരുത്തി പ്രേക്ഷകര്‍ക്കു മുന്‍പില്‍ എഴുന്നെള്ളിക്കുന്ന ചാനലുകളുടെ തൊലിക്കട്ടിയാണ് അപാരം.

ജിവി/JiVi said...

മൂര്‍ത്തി, സാഗര്‍, സൂരജ്, ബിനോയ് വായനക്കും കമന്റിനും നന്ദി.

ഇഞ്ചി,
മിനിമം നാല്. അതിനുമുകളില്‍ എത്രയും ആകാം. എല്ലാം കൂടുതല്‍ വിലപ്പെട്ട ലൈഫുകള്‍

ജിവി/JiVi said...

ശന്തനു,

എതിര്‍വാദങ്ങള്‍ തീര്‍ച്ചയായും ഉന്നയിച്ചിരിക്കണം. പക്ഷെ, ഇദ്ദേഹം പറയുന്ന ന്യായങ്ങളെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങള്‍ മുഖ്യ വിഷയത്തില്‍നിന്നുമുള്ള വ്യതിചലനങ്ങള്‍ ആകുമെന്നതുകൊണ്ട് അരമണിക്കൂറില്‍ പ്രക്ഷേപണം ചെയ്ത ആ റിക്കോഡഡ് ചര്‍ച്ചയില്‍നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകാം.