Friday, June 5, 2009

നിലനില്‍പ്പിന്റെ മാത്രം ചിരി.

സെബിന്റെ പോസ്റ്റിന് ജോജുവിന്റെ മറുപടി. അതിനോട് എന്റെ പ്രതികരണങ്ങള്‍.

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ആദര്‍ശങ്ങളോ അതിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങളോ ആവിശ്യമില്ലെന്ന് കരുതുന്നവര്‍. അന്നന്നത്തെ പ്രശ്നങ്ങള്‍ക്ക് നയതന്ത്രങ്ങളോ പ്രായോഗികതയോ മാത്രം നോക്കി പരിഹാരം കാണണമെന്ന് വാദിക്കുന്നവര്‍. അതേസമയം കമ്മ്യൂണിസമടക്കം എല്ലാ ദര്‍ശനങ്ങളെയും പുകഴ്ത്തുകയും ചെയ്യും, നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍.

മന്‍മോഹന്‍സിംഗ്
താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുമെന്ന് വൃഥാ കരുതുന്നയാള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും സാമ്പത്തിക പഠനങ്ങള്‍ നടത്തിയതായി അറിവില്ല. പല പദവികള്‍ വഹിച്ചപ്പോഴും ചെയ്തത്, സ്വതന്ത്രവിപണി എന്ന ഇതിനകം പരാജയം എന്ന് തിരിച്ചറിയപ്പെട്ട നിയോ ലിബറല്‍ ആശയം നടപ്പാക്കാന്‍ പരിശ്രമിക്കുക മാത്രം.

തലയിലെഴുത്ത് കൊള്ളാം. സംഭാവന നെഗറ്റീവ് ആണെങ്കില്‍ കൂടി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റിസഷന്‍ നേരിടാന്‍ സാധിച്ചത് എന്നിവയുടെ വിജയത്തൂവല്‍ സ്വന്തം തലയില്‍ ചാര്‍ത്തപ്പെട്ടു. അങ്ങനെ ചാര്‍ത്തിക്കൊടുക്കേണ്ടത്, ഇദ്ദേഹത്തെ ലോകോത്തര സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്ന് വാഴ്ത്തിക്കൊണ്ടേയിരിക്കേണ്ടത് ഒക്കെ തല്പരകക്ഷികളുടെ ആവിശ്യം.


കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
സ്വാതന്ത്ര്യം ഒരു വലീയ സംഗതിയാണ്. സന്നദ്ധതയും കഴിവും ഉള്ളവന് കമ്പോളത്തില്‍ മത്സരിച്ച് വലീയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് മുതലാളിത്ത വ്യവസ്ഥിതി. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നതിനാലാണ് ആത്യന്തികമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തത്. പക്ഷെ, അവരുടെ കൂട്ടത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ(സംശയമുണ്ടോ, അങ്ങനെയുള്ളവരാണ് കൂടുതലും) കണ്ടുമുട്ടുമ്പോള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയെക്കുറിച്ച് ചോദിച്ച് നോക്കൂ. അവര്‍ പറയും അതൊരു സ്വര്‍ഗ്ഗമായിരുന്നെന്ന്. പക്ഷെ, ചോദിച്ചാലേ പറയൂ. പരമാവധി ഉള്ളിലോട്ട് ഉള്ളിലോട്ട് വലിഞ്ഞുകഴിഞ്ഞവരാണവര്‍.
വിജയിച്ചവരോ? അവര്‍ തങ്ങളുടെ മണിമാളികപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കയാണ്. കമ്മ്യൂണിസ്റ്റ് മാതൃരാജ്യത്ത് തങ്ങള്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്നെന്നും മുതലാളിത്തമാണ് എല്ലാം നല്‍കിയതെന്നും.

ഇടതുമുന്നണിയും അധികാരവും
2004ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാതിരുന്നത് ഒരു ചരിത്രപരമായ വിഡ്ഡിത്തം തന്നെയായിരുന്നു. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥതയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വടക്കേ ഇന്ത്യന്‍ മാസ്സിനെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസ‍രമാണ് കളഞ്ഞുകുളിച്ചത്.

കേരളത്തിലെയും ബംഗാളിലെയും ഇടതു സര്‍ക്കാരുകള്‍ കേന്ദ്രത്തിലെയൊ മറ്റ് വലതുപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെയോ അതേ പാതയാണ് സ്വീകരിക്കുന്നത് എന്ന് പറയാന്‍ വയ്യ. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും പൊതുവിതരണ സമ്പ്രദായവുമൊക്കെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളാണ് ഇതുരണ്ടും. പാലായനം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ കാര്യമെടുത്താല്‍തന്നെ ആന്ധ്രക്കാരനോ തമിഴനോ ബീഹാറിക്കോ കൊടുക്കുന്ന അത്ര കുറഞ്ഞ വേതനത്തിന് മലയാളിയെക്കിട്ടില്ല ഗള്‍ഫില്‍.

ഇന്ത്യയില്‍ ബംഗാളില്‍ മാത്രമാണ് ദാരിദ്ര്യമുള്ളത് എന്ന മട്ടിലാണ് ഇപ്പോള്‍ മാധ്യമറിപ്പോര്‍ട്ടുകള്‍. യു പി യിലോ ബീഹാറിലോ ആന്ധ്രയിലോ ഉള്ളതില്‍കൂടുതല്‍ എന്ത് ദാരിദ്ര്യമാണ് ബംഗാളിലുള്ളതെന്ന് മനസ്സിലാവുന്നില്ല. ബംഗാളിലെ ദാരിദ്ര്യം, അതില്‍ തന്നെ കൂടുതല്‍ ദാരിദ്ര്യം അവിടത്തെ മുസ്ലീങ്ങളുടെ ഇടയില്‍ എന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കണം ഇതില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന്. വോട്ടിനുവേണ്ടി രാജ്യ സുരക്ഷ പണയം വെച്ച് ബംഗ്ലാദേശികളെ സ്വീകരിക്കുന്നു എന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ അവരുടെ ദാരിദ്ര്യം പറഞ്ഞ് ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ, ജനം എതിരായി വിധിയെഴുതുകയും ചെയ്തു.

ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസ്സ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര കടുത്ത ദാരിദ്ര്യം ഇന്ത്യയിലുണ്ടാവുമായിരുന്നില്ലല്ലോ!! കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ ഇടതിനുണ്ടായ സ്വാധീനം ഇന്ത്യാ രാജ്യത്തിന്റെ ഭാഗ്യമായിരുന്നു. ഈ തെരെന്നെടുപ്പില്‍ അത് ബലപ്പെടമായിരുന്നു. പക്ഷെ ദുര്‍ബലപ്പെടുകയാണുണ്ടായത്. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളുടെ പരിശ്രമങ്ങള്‍ വിജയം കണ്ടു തല്‍ക്കാലം. നമ്മുടെ രാജ്യത്തിന് വിജയമുണ്ടാവുക പക്ഷെ, ഇടതിന് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാവുമ്പോളാണ്. അത് ഉണ്ടാവുകതന്നെ ചെയ്യും.

9 comments:

Calvin H said...

Nice Notes!

N.J Joju said...

"താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുമെന്ന് വൃഥാ കരുതുന്നയാള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും സാമ്പത്തിക പഠനങ്ങള്‍ നടത്തിയതായി അറിവില്ല".
പഠനം നടത്തുക എന്നതുകൊണ്ട് എന്താണ്‌ താങ്കള്‍ ഉദ്ദ്യേശിയ്ക്കുന്നത്. ഏതെങ്കിലും ജേര്‍ണ്ണലില്‍ തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിയ്ക്കുക എന്നോ? അതോ റിസേര്‍ച്ച് എന്ന പേരില്‍ ഏതെങ്കിലും ഏജന്‍സിയുടെ സ്കോളര്‍ഷിപ്പു കൈപ്പറ്റുക എന്നോ?

82ല്‍ റിസേര്‍വ് ബാങ്ക് ഗര്‍ണര്‍ണ്ണാര്‍ ആയതുമുതലിങ്ങോട്ട് രാജ്യത്തിന്റെ സുപ്രധാനമായ സാമ്പത്തിക തീരുമാനങ്ങളില്‍ മന്‍മോഹന്‍സിംഗിനു പങ്കുണ്ടായിരുന്നു. അതായത് കഴിഞ്ഞ 27 കൊല്ലങ്ങളായെങ്കിലും ഇന്ത്യയുടെ സമ്പത്തിക രംഗത്തെക്കുറിച്ച് പഠിയ്ക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയുമായിരുന്നു. ഇതിനപ്പുറമുള്ള ഏതുപഠനത്തിനാണ്‌ മന്‍മോഹന്‍സിംഗ് വിധേയനാകേണ്ടത്?!

ഇന്നും ഇന്ത്യയിലെ ഒരു വലിയശതമാനം ഞാനുള്‍പ്പെടെ കഞ്ഞികുടിച്ചുപോകുന്നത് മന്‍മോഹന്‍സിംഗിന്റെ നയങ്ങള്‍ കൊണ്ടുകൂടിയാണെന്ന വിശ്വാസം എനിയ്ക്കുണ്ട്. ഉദാരണത്തിന്റെയും ആഗോളീകരണത്തിന്റെയും ഫലമായി ഇന്ത്യന്‍ വ്യാവസായിക മേഖലയിലുണ്ടായ വളര്‍ച്ച, അതു പുതുതായി ഉണ്ടാക്കിയ തൊഴിലവസരങ്ങള്‍ എത്രയാണെന്നു മനസിലാകണെങ്കില്‍ അവയില്ലായിരുന്നെങ്കില്‍ എന്താണ്‌ പകരമായി നിര്‍ദ്ദേശിയ്ക്കാനുണ്ടാവുക എന്നു ചിന്തിച്ചാല്‍ മതി.

N.J Joju said...

"കോണ്‍ഗ്രസ്സ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര കടുത്ത ദാരിദ്ര്യം ഇന്ത്യയിലുണ്ടാവുമായിരുന്നില്ലല്ലോ!!"

അറിയില്ല. കേട്ടുകേള്‍വിയല്ലാതെ പഴയ കോണ്‍ഗ്രസ്സ് മന്ത്രിസഭകളെക്കുറീച്ചോ അവയുടെ നയങ്ങളെക്കുറിച്ചോ അറിയില്ല. കുറച്ചെങ്കിലും പരിചയുമുള്ള സര്‍ക്കാരുകള്‍ കേരളത്തിലെ നയനാര്‍, ആന്റണി, ഉമ്മന്‍ചാണ്ടി, അച്യുതാനന്ദന്‍ സര്‍ക്കാരുകള്‍, കേന്ദ്രത്തിലെ നരസിംഹറാവൂ മുതലുള്ള സര്‍ക്കാരുകള്‍. നരസിംഹറാവൂ സര്‍ക്കാരുമുതലിങ്ങോട്ട് സാമ്പത്തിക നയത്തില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. അതിന്റെ ഗുണവുമുണ്ടായിട്ടൂണ്ട്.

ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 3 രൂ നിരക്കില്‍ അരി വാഗ്ദാനം ചെയ്യാനെങ്കിലും കഴിയുന്ന രീതിയില്‍ നാം സാമ്പത്തികമായി വളര്‍ന്നു, ദാരിദ്രം കുറഞ്ഞു എന്നു വേണം മനസിലാക്കാന്‍.

ജിവി/JiVi said...

"അതായത് കഴിഞ്ഞ 27 കൊല്ലങ്ങളായെങ്കിലും ഇന്ത്യയുടെ സമ്പത്തിക രംഗത്തെക്കുറിച്ച് പഠിയ്ക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയുമായിരുന്നു."

എന്ത് പഠനം? എന്ത് ഉചിതമായ നടപടികള്‍? നമ്മുടെ ജനകീയാസൂത്രണമോ കുടുംബശ്രീയോ പോലുള്ള എന്തെങ്കിലും ഇന്നൊവേറ്റിവ് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇക്കഴിഞ്ഞ നാളുകളിലെ കാര്യം തന്നെ എടുത്തുനോക്കൂ. നാണയപ്പെരുപ്പം കുതിച്ചുയര്‍ന്ന നാളുകളില്‍ അത് നിയന്ത്രിക്കാന്‍ സാധിച്ചോ, ഇപ്പോള്‍ നേരെ തിരിച്ച് 1%ലും താഴെ നില്‍ക്കുന്നു. ഇത് ഒട്ടും അഭിലഷണീയമല്ല എന്ന് വിദഗ്ധര്‍. എന്നാല്‍ അവിശ്യസാധനങ്ങളുടെ വില ഒട്ടും കുറഞ്ഞതുമില്ല. ഇതിനെ നിയന്ത്രിക്കാന്‍ പോയിട്ട് വിശദീകരിക്കാന്‍പോലും ഈ ലോകോത്തര സാമ്പത്തിക ശാസ്ത്രഞ്ജന് കഴിയുന്നില്ലല്ലോ!! ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുന്നുണ്ട്. ഭാഗ്യം.

മന്മോഹന്‍സിങ്ങിന്റെ നടപടികളെല്ലാം ഒറ്റ ലക്ഷ്യത്തിലേക്കുള്ളതാണ്-സ്വതന്ത്രവിപണി. വിപണിയിലെ മത്സരം ജനങ്ങളുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ അങ്ങ് പരിഹരിച്ചുകളയും. അതാണ് അദ്ദേഹം പഠിച്ചിരിക്കുന്നത്. ഇത് വെറും അസംബന്ധ തിയറിയാണെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മന്മോഹന്റെ വൃദ്ധമനസ്സിന് അത് അംഗീകരിക്കാനായിട്ടില്ല. അദ്ദേഹം വലീയ സാമ്പത്തികശാസ്ത്രഞ്ജനാണ്, വേണ്ടത് വേണ്ട സമയത്ത് ചെയ്തുകൊള്ളും, അദ്ദേഹമാണ് തനിക്ക് കഞ്ഞികുടിച്ച് ജീവിക്കാനുള്ള വകയുണ്ടാക്കിതന്നത് എന്ന് വിചാരിച്ചിരിക്കുന്ന ജോജുവിനെപ്പോലുള്ളവരോട് തല്‍ക്കാലം സലാം.

Suraj said...

കിഴക്കന്‍ ജര്‍മ്മനി-പടിഞ്ഞാറന്‍ ജര്‍മ്മനി താരതമ്യത്തിലെ ആ കാവ്യാത്മകത ഞെട്ടിച്ചു...ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

ജിവി/JiVi said...

സൂരജ്,

കാവ്യാത്മകമായി ഞാനും എഴുതിപ്പോയി എന്നറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. പ്രചോദനം ഉള്‍ക്കൊണ്ട് ആ ഭാഗത്ത് ചില്ലറകൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.

N.J Joju said...

ജിവി,

ഒരു പ്രത്യേകതരത്തിലുള്ള പഠനമേ താങ്കള്‍ക്കാവശ്യമുള്ളൂ, ഒരു പ്രത്യേകതരത്തിലുള്ള നടപടികളേ താങ്കള്‍ക്കു സ്വീകാര്യമാവുകയുള്ളൂ. അതിനപ്പുറമുള്ളതെല്ലാം വിഡ്ഢിത്തം എന്നും വിവരക്കേടെന്നു കരുതുന്നതു തന്നേ തെറ്റ്. പരീക്ഷിച്ചു പരാജയമടഞ്ഞ ഒരു സാമ്പത്തിക ശാസ്ത്രത്തെ ഇപ്പോഴും താലോലിയ്ക്കുന്നുണ്ടെങ്കില്‍ അത് ഒരു പക്ഷേ സുദൃഢമായ ഒരു കക്ഷിരാഷ്ട്രീയ 'പക്ഷപാതി'ത്വം കൊന്ടായിരിയ്ക്കും.

"വിപണിയിലെ മത്സരം ജനങ്ങളുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ അങ്ങ് പരിഹരിച്ചുകളയും. " ഒറ്റയടിയ്ക്കു ചിരിച്ചുതള്ളാവുന്ന ഒരു വാചകമല്ലിത്. താങ്കളുടെ ഇടതുപക്ഷമനസാക്ഷിയ്ക്കൊപ്പം തുറന്നുപിടിച്ച കണ്ണൂകളും കൂടെയുണ്ടായിരുന്നെങ്കില്‍...

ജിവി/JiVi said...

ഒരുതരം പഠനവും നടന്നിട്ടില്ല, എന്നാണ് ഞാന്‍ പറഞ്ഞത്. അകെ നടന്നത് മന്മോഹന്‍ സിങ്ങിന് അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍’ ചൊല്ലിക്കൊടുത്ത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക മാത്രം ചെയ്തു. എന്റെ പക്ഷപാതക്കണ്ണുകൊണ്ട് ഞാന്‍ നോക്കിയത് ആ നടപടികള്‍ നമ്മുടെ രാജ്യത്തെ ദരിദ്ര്യകോടികളെ ഏത് രീതിയില്‍ ബാധിച്ചു എന്നാണ്.

Sudhi|I|സുധീ said...

Kollaam.. :)