Saturday, August 29, 2009

അന്വേഷണാത്മക പത്രപാരായണം.

മലയാള മാധ്യമ പ്രവര്‍ത്തകര്‍ ബഹു മിടുക്കന്മാരാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി എന്തെല്ലാമാണ് അവര്‍ വെളിച്ചത്ത് കൊണ്ടുവന്നത്! പോള്‍ ജോര്‍ജ്ജ് മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ പോലീസ് കണ്ടെത്തുന്നതുമുമ്പെ എന്തെല്ലാം സത്യങ്ങള്‍ അവര്‍ മാലോകരെ അറിയിച്ചു! പോലീസ് കണ്ടെത്തിയതായി പറയുന്ന കാര്യങ്ങളാകട്ടെ വെറും കെട്ടുകഥകളാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കയല്ലേ! അന്വേഷണാത്മക പത്രപ്രവര്‍ത്തനം ജേര്‍ണലിസത്തിന്റെ അടിസ്ഥാനമാണ്. അത് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഏത് മന്ത്രിക്കാണ് അധികാരം? മിടുക്കന്മാരായ അവര്‍ക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവൂ. പോലീസിനും കഴിവുണ്ട്, മിടുക്കുണ്ട്. പക്ഷെ, പറഞ്ഞിട്ടെന്താ, രാഷ്ട്രീയ ഇടപെടലുകാരണം സത്യം മൂടിവെച്ച് തിരക്കഥ രചിക്കാനല്ലേ അവര്‍ക്കാവുന്നുള്ളൂ. ഇപ്പോള്‍ ഒരാഴ്ചയാ‍യി വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവികളാണ്. മനോരമ ന്യൂസിലാവട്ടെ പോലീസിനെ അഭിനന്ദിച്ച് ഭരണപക്ഷത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും മിണ്ടാന്‍ തുടങ്ങുമ്പോഴേ കൌണ്ടര്‍ പോയന്റുമായി വരും: “ഇതെല്ലാം പോലീസിനുമുമ്പെ ജനത്തെ അറിയിച്ചത് മാധ്യമങ്ങളല്ലെ ശ്രീ....., മാധ്യമങ്ങളുടെ ജാഗ്രതയില്ലാരുന്നെങ്കില്‍..........“

മാധ്യമങ്ങള്‍ എന്ന് പൊതുനാമം ഉപയോഗിക്കുന്നത് മനോരമയുടെ വിനയം കൊണ്ട് മാത്രം. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഏറ്റവും വലീയ ശിങ്കങ്ങള്‍ മനോരമക്കാര്‍ തന്നെയെന്ന് ആര്‍ക്കാണറിയാത്തത്? ഈ കാര്യത്തില്‍ അവരല്ലേ അന്വേഷണാത്മകമായി ജേര്‍ണലിസം നടത്തി ഏറ്റവുമധികം സത്യങ്ങള്‍ ജനങ്ങളെ അറിയിച്ചത്?

അപ്പോഴതാ കിടക്കുന്നു ഒരു ബോക്സ് വാര്‍ത്ത ഇന്നലെ, മനോരമയില്‍ത്തന്നെ. വാര്‍ത്ത ഇങ്ങനെ:

ഓം പ്രകാശിന്റെ ഭാര്യയെ രക്ഷിക്കാന്‍ വനിതാ പോലീസിനെ വേഷം കെട്ടിച്ച് നാടകം.

തിരുവന്തപുരം:·ഗുണ്ട ഓം പ്രകാശിന്റ ഭാര്യ പൂര്‍ണ്ണിമയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താതിരിക്കാന്‍ വനിതാ പോലീസുകാരെ ജീപ്പില്‍ കയറ്റി സിറ്റി പോലീസിലെ ഒരു അസി. കമ്മീഷണര്‍ നഗരത്തില്‍ നാടകം കളിച്ചു. ഓം പ്രകാശിന്റെ ഭാര്യയെ വിളിച്ചുവരുത്താന്‍ ഏതാനും ദിവസമായി പോലീസ് ശ്രമിക്കുകയായിരുന്നു. ബന്ധുക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്‍ ഇന്നലെ വൈകീട്ട് നാലോടെ അഭിഭാഷകനുമൊത്ത് അവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.

ഈ സമയം കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി. പക്ഷെ ആരെയും അകത്തേക്ക് കയറ്റിയില്ല. ഏവരും ക്യാമറകളുമായി റോഡില്‍ തമ്പടിച്ചു. ഇതിനിടെ ചില പോലീസുകാര്‍ എത്തി പിരിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഒരു എസിയുടെ നേതൃത്വത്തില്‍ പോലീസ് നാടകം അരങ്ങേറിയത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് തിരക്കിട്ട് രണ്ടുമൂന്ന് വനിതാപോലീസുകാര്‍ എസിയുടെ ജീപ്പില്‍ കയറി. ഏവര്‍ക്കും മഫ്തി വേഷമായിരുന്നു. മുന്നിലെ ലൈറ്റും തെളിച്ച് ഹോണും മുഴക്കി പുറത്തേക്കൊരുപാച്ചില്‍.

സാധാരണ കമ്മീഷണര്‍ ഓഫീസില്‍നിന്നു പുറത്തേക്ക് വാഹനങ്ങള്‍ പോകുന്നത് ഔട്ട് എന്ന് രേഖപ്പെടുത്തിയ വഴിയിലൂടെയാണ്‍. എന്നാല്‍ എസിയുടെ വണ്ടി ക്യാമറാമാന്മാരെ കബളിപ്പിക്കാന് ഇന്‍ വഴി കടന്നു. ഓം പ്രകാശിന്റെ ഭാര്യയുമായി എസിയും സംഘവും പോയതാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതുകണ്ടു കുറെ ചാനലുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേവണ്ടി തിരിച്ചെത്തി. അതേ വനിതാപോലീസുകാര്‍ മാത്രമായിരുന്നു ജീപ്പില്‍. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനായിരുന്നു ഈ നാടകം. ഓം പ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പിന്നീടും തുടര്‍ന്നു.

മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്. നമുക്കും വേണ്ടേ ഒരു അന്വേഷണാത്മകത്വം. അതുശരി, അപ്പോ ഇത്ര എളുപ്പത്തില്‍ കബളിപ്പിക്കാവുന്ന പൈങ്ങോപ്പാടന്മാരാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ആരുടെയോ ആസനത്തില്‍ ആലുകിളിര്‍ത്താല്‍.... എന്നൊക്കെ പഴം ചൊല്ലില്‍ പറയുന്നതുപോലെ ഇതും ഒരു ബോക്സ് ന്യൂസായി കൊടുത്തിരിക്കുന്നു! ദോഷം പറയരുതല്ലോ, സ്വയം പുകഴ്ത്തിയിട്ടില്ല എവിടെയും, പോലീസിനെ ഇകഴ്ത്തി എന്ന് മാത്രം.

ബി ജെ പിക്കാരന്‍ 1997ലെ DYFI അംഗത്വകൂപ്പണ്‍ കാണിച്ചപ്പോള്‍ ഒരു സംശയം ഏത് പൊട്ടനും തോന്നാം. എനിക്കും തോന്നി. DYFIയുടെ അംഗത്വകൂപ്പണ്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്നതിനേക്കാള്‍ മുന്തിയ വല്ല ടെക്നോളജിവെച്ചാണോ? പത്തുവര്‍ഷം പഴക്കമുള്ള കടലാസുകഷണം മങ്ങിയിട്ടില്ല, പിഞ്ഞിയിട്ടില്ല, പോറിയിട്ടില്ല. പക്ഷെ ഇത്തരം സംശയം അന്വേഷണാത്മക മനോരമക്ക് ഉണ്ടാവാത്തത് നേരത്തെപ്പോലെ ശുദ്ധാത്മക്കളായതുകൊണ്ടൊന്നുമല്ലായിരിക്കാം. ഏത് വാര്‍ത്തയും നേരെ ചൊവ്വേ കൊടുക്കണമല്ലോ എന്ന മാധ്യമധര്‍മ്മം നിറവേറ്റിയതാവാം.

ലുങ്കി ന്യൂസ് എന്താണെന്ന് ഗള്‍ഫുകാരനോട് വിശദീകരിക്കേണ്ടതില്ല. ജോലിയും കഴിഞ്ഞ് മലയാളി ഗള്‍ഫന്‍ തന്റെ കെടക്കമഡേഷനില്‍ വന്നണഞ്ഞയുടന്‍ കളസവും ഊരിയെറിഞ്ഞ് ലുങ്കിയെടുത്ത് ചുറ്റും. രണ്ടെണ്ണം വിട്ട്കൊണ്ട് പാചകവും ഒപ്പം സഹമുറിയന്മാരുമായി സമകാലീക വിഷയങ്ങളില്‍ ചര്‍ച്ചയും വിവരങ്ങള്‍ പങ്കുവെക്കലും. അതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിവിടും. അതുപിന്നെ ഗള്‍ഫിലാകമാനം വ്യാപിക്കാന്‍ ഇപ്പോഴത്തെ നിലക്ക് മിനിറ്റുകള്‍ . ഇതാണ് ലുങ്കി ന്യൂസ്. ഈ ലുങ്കി ന്യൂസും ഇപ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേരയില്‍ ഓം പ്രകാശിന്റെ ഛായയുള്ള ഒരു കക്ഷിയെകണ്ടെന്ന് ഏതോ ഒരുത്തന്‍ ലുങ്കി ചുറ്റുന്നതിനിടയില്‍ പറഞ്ഞുകാണും. അതുപിന്നെ ഓം പ്രകാശാകാന്‍ എത്ര സമയം വേണം? ദേരയിലാവുമ്പോള്‍ എവിടെയായിരിക്കും ഇവര്‍ താമസിക്കുക എന്നതിലും സംശയിക്കേണ്ടതില്ല. ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വരുമ്പോള്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ആ ഹോട്ടലില്ലേ, അവിടത്തന്നെ! ലാവ്ലിന്‍ കത്തി നിന്നപ്പോള്‍ ഉന്നത സി പി എം നേതാക്കള്‍ ദുബായില്‍ വന്നാല്‍ താമസം ദിലീപ് രാഹുലന്റെ വീട്ടിലായിരുന്നു. ഇപ്പോഴത് ഇവിടെയായി! യേത്?

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഈ നിലയില്‍ പോകുമ്പോള്‍ പൊതുജനത്തിന് അന്വേഷണാത്മക പത്രപാരായണം നടത്താതെ പറ്റുമോ?

6 comments:

മൂര്‍ത്തി said...

ഈ ലുങ്കി ന്യൂസ് പ്രയോഗം ആദ്യമായി കേള്‍ക്കുകയാണ്.

ഓം പ്രകാശിന്റെ ഭാര്യയുടെ ചിത്രത്തിനു ഈ കേസുമായി എന്ത് ബന്ധമാണാവോ? കുടുംബാംഗങ്ങളെ അനാവശ്യമായി ചിത്രത്തിലാക്കുവാന്‍ ശ്രമിക്കുന്ന ഇവരെന്താ പാപ്പരാസികളാണെന്ന് സമ്മതിക്കുകയാണോ?

manoj pm said...

അഴിമതി ആരോപണം, കോടതി വിധി, ശിക്ഷ എന്നതൊക്കെ യുഡിഎഫിനെതിരെ വന്നാല്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്നത് ഞങ്ങള്‍ കാലാകാലമായി കാത്തുസൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അനിഷേധ്യ തത്വമാണ്. അഹമ്മദിന് ഹാജിമാരെയും ആകാന്‍ പോകുന്നവരെയും കൊള്ളയടിക്കാം, മുനീറിന് റോഡില്‍ കുഴി മാന്താം, ഉമ്മന്‍ചാണ്ടിക്ക് ഹൈവേയില്‍ ബോര്‍ഡുവയ്പിക്കാം- ഒന്നും വാര്‍ത്തയാകരുത്. അഥവാ അത്തരമൊരു വാര്‍ത്ത കെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ അതിന് സിപിഎമ്മിന്റെ ഔദ്യോഗികപക്ഷവുമായി ബന്ധമുണ്ടെന്ന് ഒരു ടിപ്പണി ചാര്‍ത്തണം എന്നും നിയമമുണ്ട്. സിപിഎമ്മിന്റെ അനുഭാവി വീട്ടില്‍കയറാന്‍ വഴിവെട്ടിയാല്‍ അത് അക്രമം, അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, പൊലീസിനെ സ്വാധീനിക്കല്‍ തുടങ്ങിയ തൂക്കിക്കൊല്ലേണ്ട കുറ്റകൃത്യമാണ്.

അഹമ്മദ് സാഹിബിനെതിരെ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്ത അഴിമതി വാര്‍ത്ത ഏറ്റെടുക്കാന്‍ ദേശാഭിമാനിയും കൈരളിയുമുണ്ട്. ഞങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കള്‍ തരുന്നത് ക്രൈം, ജനശക്തി തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ സ്റ്റാന്‍ഡേര്‍ഡുള്ള മാധ്യമങ്ങളാണ്. അല്ലെങ്കിലും ജനശക്തിക്കുമുന്നില്‍ എന്തോന്ന് ഐബിഎന്‍? ക്രൈം നന്ദകുമാറിനുമുന്നില്‍ ഏത് രാജ്ദീപ് സര്‍ദേശായ്! അഭിനവ വക്കം മൌലവിയെ കോടതി പിടിച്ച് ശിക്ഷയും പിഴയും വിധിച്ച വാര്‍ത്ത അഭിനവ സ്വദേശാഭിമാനി നികേഷിന്റെ നാവില്‍നിന്ന് കേള്‍ക്കാന്‍ ശതമന്യു കൊതിച്ചിരുന്നു. രാത്രി വൈദ്യുതി തകരാറായതുകൊണ്ടാകണം, അതിന് സാധിച്ചില്ല. ലാവ്ലിന്‍ രേഖകള്‍ എന്ന മഹത്തായ പുസ്തകം ഐഎന്‍എസ് വിരാടുകാരനുവേണ്ടി പ്രസിദ്ധീകരിച്ചുകൊടുത്തത് മുനീര്‍ മൌലവി സാഹിബിന്റെ എന്തരോ ഒരു പ്രസിദ്ധീകരണശാലയാണ്. ഇനി അവര്‍ റോഡുപണിയുടെ രേഖകള്‍, അഥവാ വണ്ടിച്ചെക്കിന്റെ ആത്മകഥ എന്ന ഹാസ്യനോവല്‍ പ്രസിദ്ധീകരിക്കട്ടെ.

അഴിമതിവിരുദ്ധ പോരാട്ടനായകര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ ആവോ

ജിവി/JiVi said...

അങ്ങനെയൊരു പ്രയോഗമുണ്ട് മൂര്‍ത്തി.

വായനക്കും കമന്റിനും നന്ദി, മനോജ്

മുക്കുവന്‍ said...

yeaaa... they are not DYFI members! how about hariprasad? read recently that he is acting president!

hmm.. last week muthukad mentioned a story in star singer show. I guess that is good fit here!

ബിനോയ്//HariNav said...

"..മടങ്ങിപ്പോയ കൂട്ടത്തില്‍ മനോരമയുടെ ശിങ്കങ്ങളും ഉണ്ടായിരുന്നെന്ന് നമുക്ക് എഴുതാപ്പുറം വായിക്കാവുന്നതാണ്.."

ഹ ഹ അതാണ്, അത് തന്നെയാണ് സംഭവിച്ചിട്ടുണ്ടാകുക :)

ജിവി/JiVi said...

മുക്കുവന്‍,

ആക്റ്റിംഗ് പ്രസിഡണ്ട് ഹരിപ്രസാദും മുതുകാടും ഒന്നുമല്ല വിഷയം.

ബിനോയ്,

അല്ലെങ്കില്‍ ഓം പ്രകാശിന്റെ ഭാര്യയുടെ പടം മനോരമയുടെ ഒന്നാം പേജില്‍ കാണാമായിരുന്നല്ലോ.