മുത്തൂറ്റ് പോള്‍ വധക്കേസില്‍ അന്വേഷണത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ നിഷ്കരുണം, നിഷ്പ്രയാസം പോലീസ് കബളിപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ പോസ്റ്റിന്റെ പശ്ചാത്തലം. എന്നാലിതാ പോലീസ് നടത്തുന്ന കള്ളത്തരങ്ങളെ അസാമാന്യമായ മിടുക്കോടെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു ഏഷ്യാനെറ്റ്!
പോളിനെ കുത്താനുപയോഗിച്ച കത്തി പോലീസ് പണിയിച്ചതാണെന്ന് 'അത്' പണിഞ്ഞ കൊല്ലനെ ഹാജരാക്കിക്കൊണ്ട് ഏഷ്യാനെറ്റ് ഒരു കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുന്നു.
സമാന്തര അന്വേഷണം നടത്തരുതെന്ന് മാധ്യമങ്ങളോടുള്ള കോടിയേരിയുടെ അഭ്യര്‍ത്ഥന ഏഷ്യാനെറ്റ് ഏതായാലും പാലിച്ചിരിക്കുന്നു. സമാന്തര അന്വേഷണമെന്നാല്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരലാണ്. ബിനീഷ് കൊടിയേരിയെങ്കില്‍ ബിനീഷ് കൊടിയേരി, അതല്ല മുത്തൂറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ആരെങ്കിലുമെങ്കില്‍ അയാള്‍, അതല്ല അവരുടെ ബിസിനസ്സ് വൈരികളാരെങ്കിലുമെങ്കില്‍ അയാള്‍, അങ്ങനെയങ്ങനെ ആരുമാവാം. പോലീസ് കണ്ടെത്തുന്നതിന് മുമ്പെ അക്കാര്യം വെളിപ്പെടുത്താം. അല്ലെങ്കില്‍ പോലീസ് കുറ്റവാളികളെ അവതരിപ്പിച്ചതിനുശേഷം അതിനെ ഖണ്ഡിച്ചോ കൂട്ടിച്ചേര്‍ത്തോ ഒക്കെ തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് അവതരിപ്പിക്കാം.
ഇവിടെ പോലീസിനെ ഓഡിറ്റ് ചെയ്യുകയാണ് ഏഷ്യാനെറ്റ്. ഓഡിറ്റിംഗ് എന്നാല്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് എന്നുമാത്രമാണ് എന്ന പൊതുധാരണ തിരുത്തേണ്ട കാലമാണിത്. സോഷ്യല്‍ ഓഡിറ്റിംഗ് പോലുള്ള കാര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കൊണ്ടുവരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പോലീസിനെ അത്തരത്തില്‍ ഓഡിറ്റ് ചെയ്യേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷെ, പോലീസ് ജോലി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്തുകളയരുത്. പോലീസിന്റെ അന്വേഷണ രീതി, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങി ഏതെങ്കിലും ബന്ധപ്പെട്ട ശാഖകളില്‍ എന്തെങ്കിലും പ്രാഥമികമായ അറിവെങ്കിലും ഉള്ളവരാണോ ഇങ്ങനെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ഇതൊന്നും ഇല്ലാത്തവര്‍ക്കും തങ്ങളുടെ സാമാന്യയുക്തിയും സാമര്‍ത്ഥ്യവും ഒക്കെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാം. സത്യം കണ്ടെത്തുകയുമാവാം. എന്നാല്‍ നാട്ടിലെ യോഗ്യതയുള്ള ഔദ്യോഗിക സേന കേസന്വേഷണം നടത്തുന്നതിനിടയില്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കത്തരത്തില്‍ തങ്ങളുടെ 'കണ്ടെത്തലുകള്‍' ഇങ്ങനെ വിളിച്ചുപറയരുത്.
ചുരുക്കിപ്പറഞ്ഞാല്‍, ഒന്നുകില്‍ കുറ്റാന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുക. അല്ലെങ്കില്‍ പോലീസിന്റെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കുക. അതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിക്കരുത്. അത് അപക്വമാണ്, അപകടകരമാണ്.
ഈ കേസ് കേരളപോലീസ് അന്വേഷിച്ചാല്‍ ശരിയാവുകയില്ല, പ്രതികളും യു ഡി എഫും പറയുന്നതുപോലെ സി ബി ഐ അന്വേഷിക്കുന്നതാണ് നല്ലത് എന്ന് പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടാന്‍ ഇത്തരം വികൃതമാധ്യമറിപ്പോര്‍ട്ടുകള്‍ കാരണമാവും. അങ്ങനെവന്നാല്‍ കോടതികള്‍ക്കോ സംസ്ഥാന സര്‍ക്കാരിനുതന്നെയോ ആ ജനവികാരത്തെ തള്ളിക്കളയാനാവില്ല. ഈ കേസ് സി ബി ഐ അന്വേഷിച്ചാല്‍ സത്യം കുഴിച്ചുമൂടപ്പെടും. പോള്‍ മുത്തൂറ്റ് ഡെല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍നിന്നും സ്ത്രീപീഡനക്കേസില്‍നിന്നും കുറ്റവിമുക്തനായതിനുപിന്നില്‍ ഏതെങ്കിലും തല്പരകക്ഷികള് ഇടപെട്ടിട്ടുണ്ടെങ്കില്‍ ആ ശക്തികള്‍ക്ക് സി ബി ഐ അന്വേഷണത്തിലും ഇടപെടാനാവും. ഇനി അങ്ങനെ ഈ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ പുറത്തുവരരുത് എന്നതാണ് മറ്റ് പലരെയും പോലെ ഏഷ്യാനെറ്റിന്റെയും ലക്ഷ്യമെങ്കില്‍ ആ കൊല്ലനെ കണ്ടെത്തിയതിനുപിന്നിലെ സാമര്‍ത്ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
5 comments:
ഈ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ പുറത്തുവരരുത് എന്നതാണ് മറ്റ് പലരെയും പോലെ ഏഷ്യാനെറ്റിന്റെയും ലക്ഷ്യമെങ്കില്‍ ആ കൊല്ലനെ കണ്ടെത്തിയതിനുപിന്നിലെ സാമര്‍ത്ഥ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
എനിക്കൊന്നേ പറയാനുള്ളൂ..ഈ ശുഷ്കാന്തി എല്ലാ കൊലപാതങ്ങളിലും കാണണം. അന്വേഷണ പത്ര പ്രവര്‍ത്തനവും വേണം. അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട ജോണിന്റെ കേസില്‍ കൂടെ അമേരിക്കന്‍ പോലീസിനെതിരെ ഒരു അന്വേഷണം കൂടി ആവാമായിരുന്നു.
സത്യം തെളിയിക്കാന്‍ ആനന്ദ് ജോണിന് മലയാളി മാധ്യമങ്ങളെ ആശ്രയിക്കാമെന്ന് തോനുന്നു!!
കമന്റിനു നന്ദി, ജോക്കര്‍. മരത്തലയന് പറഞ്ഞതുപോലെ പ്രത്യേക നന്ദി. ആകെ കിട്ടിയ ഒരേ ഒരു കമന്റല്ലേ!
വിഷമിക്കേണ്ട..ഒരു കമന്റ് കൂടി...
തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് മാറ്റിയും മറിച്ചും കഥയെഴുതുന്നതാണ് പ്രശ്നം. തങ്ങള്‍ തന്നെ മുന്‍പ് എന്ത് പറഞ്ഞിരുന്നു എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. സത്യം കണ്ടു പിടിക്കാനുള്ള ശ്രമത്തിലല്ല മാധ്യമങ്ങള്‍ എന്നതിനു തെളിവാണ് പരസ്പരവിരുദ്ധമായി എഴുതിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാനുള്ള അവരുടെ (കൂട്ടായ)ശ്രമം. എന്തെഴുതിയാലും ഒരു ‘മുന’ അവര്‍ തിരിച്ചിരിക്കും.
:)
കമന്റിനു നന്ദി മൂര്‍ത്തി,
മാധ്യമക്കഥകളുടെ ആ മുനകളെക്കുറിച്ച് സി പി എം വിരുദ്ധര്‍ക്കും അനുകൂലികള്‍ക്കും ബോധ്യമുള്ളതുകൊണ്ടാവണം രണ്ടുകൂട്ടര്‍ക്കും നിസ്സംഗത.
Post a Comment