Wednesday, January 13, 2010

ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്

ജയ് ഹിന്ദ് ടി വിയിലെ പുതിയ പ്രശ്നോത്തര പരിപാടിയാണ് രണാങ്കണം. അവതരിപ്പിക്കുന്നത് സാക്ഷാല്‍ ജി എസ് പ്രദീപ്. പണ്ട് കൈരളിയില്‍ അശ്വമേധം അവതരിപ്പിച്ച് താരമായ കക്ഷി. അശ്വമേധം പുതുമയുള്ള, ആകാംക്ഷയുണര്‍ത്തുന്ന ഒരു പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ നല്ല മലയാളിത്തമുള്ള നിര്‍ലോഭമായ ഇംഗ്ലീഷ് ആ പ്രോഗ്രാമിന്റെ ഒരു മേന്മ തന്നെയായിരുന്നു. ആളുകള്‍ക്ക് ബോറടിച്ചതുകൊണ്ട് മാത്രമാണ് കുറെക്കാലം കഴിഞ്ഞപ്പോള്‍ നിര്‍ത്തേണ്ടിവന്നത്.

ആശാന്‍ ഇപ്പോള്‍ ജയ്ഹിന്ദ് ടി വിയില്‍ രണാങ്കണവുമായി വരുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ. രണാങ്കണത്തിലും പുതുമയുണ്ട്. മത്സരാര്‍ത്ഥികള്‍ തിരഞ്ഞേടുക്കുന്ന വിഷയത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കും. അത് ശരിയോ തെറ്റോ എന്ന് പറഞ്ഞാല്‍ മതി. മത്സരാര്‍ത്ഥിയുടെ മറുപടി ശരിയായാല്‍ പണമായിട്ടാണ് പ്രതിഫലം. മാക്സിമം പത്തുലക്ഷം വരെ ഇങ്ങനെ നേടാമെന്ന് തോനുന്നു.ഉത്തരം തെറ്റിയാല്‍ പണം നെഗറ്റീവ് ആകും. ഒപ്പം അടുത്ത ചോദ്യമായിവരുന്ന സ്റ്റേറ്റ്മെന്റ് പ്രദീപ് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിന്നായിരിക്കും.

ഉദ്ഘാടന എപ്പിസോഡിനായി വന്നത് നമ്മുടെ ശശി തരൂര്‍. ശശി തരൂരിനേക്കാള്‍ സുന്ദരനായ ഒരു പുരുഷനെ ഗ്രാന്റ് മാസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ലത്രെ. സൌന്ദര്യം നോക്കുന്നവരുടെ കണ്ണിലാണല്ലോ. ഇതേ കണ്ണും തലയും കൊണ്ടാണല്ലോ ഇദ്ദേഹം ഈ വിജ്ഞാനമത്രയും ബൈഹാര്‍ട്ട് പഠിച്ചു കളഞ്ഞത്.

സാമ്രാജ്യത്തം, മുതലാളിത്തം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, ബഹുരാഷ്ട്രകുത്തക ആദിയായവയെ എല്ലാം പുറം കാലുകൊണ്ട് തൊഴിച്ചാണ് പണ്ട് അശ്വമേധത്തിന്റെ വേദിയിലേക്ക് ഇദ്ദേഹം കടന്നുവന്നിരുന്നത്. പ്രോഗ്രാമിനിടയില്‍ പ്ലാച്ചിമടയിലും ക്യൂബയിലും വിയറ്റ്നാമിലും ഒക്കെ നടക്കുന്ന സാമ്രാജ്യത്തെ പ്രതിരോധസമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കും, നല്ല മലയാളത്തില്‍. മലയാളിത്തമുള്ള ഇംഗ്ലീഷിനു അതു കഴിഞ്ഞേ ഉള്ളൂ സ്ഥാനം. വയലാറിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ മുഷ്ടിയുയര്‍ത്തി മുഴക്കിക്കൊണ്ട് പ്രോഗ്രാം അവസാനിപ്പിക്കയും ചെയ്യും.

രണാങ്കണത്തിന്റെ ഉദാഘാടന എപ്പിസോഡില്‍ പക്ഷെ, കൊക്കകോളയുടെ ഉപദേഷ്ടാവ് കൂടിയായ തന്റെ ജനപ്രതിനിധി ശശി തരൂരിനെക്കുറിച്ച് ഗ്രാന്റ് മാസ്റ്റര്‍ പുളകം കൊള്ളുന്നു. ക്രിക്കറ്റ്, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ തരൂര്‍ സെലക്റ്റ് ചെയ്യുന്നു. ഓരൊ വിഷയത്തിലും ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന വാചകം ശരിയോ തെറ്റോ എന്ന് ഒരു ശങ്കയുമില്ലാതെ തരൂര്‍ കണ്ടെത്തുന്നു. ഒടുവില്‍ പത്തുലക്ഷം സമ്മാനത്തിന് പുള്ളി അര്‍ഹനുമാവുന്നു. എന്നാല്‍ പണം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം പരിപാടിയില്‍നിന്നും വിരമിക്കുന്നു. തരൂര്‍ ഫാന്‍സ് കൂടുതല്‍ പുളകിതരായില്ലേ. ഇനിയും ഏതെങ്കിലും ‘അഭ്യസ്തവിദ്യര്‍‘ ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ സംശയിച്ചുനില്‍ക്കുന്നെങ്കില്‍ അതും മാറീല്ലേ?

പക്ഷെ ശരിക്കും തമാശ കണ്ടത്, ഇന്നലത്തെ എപ്പിസോഡിലാണ്. ഏതാണ്ട് ഒരു വനിതാ ബുദ്ധിജീവിയുടെ ലക്ഷണങ്ങളുള്ള ഒരു പെണ്‍കുട്ടിയാണ് മത്സരാര്‍ത്ഥി. ഒരു ഉത്തരാധുനിക കവിതയും ചൊല്ലി കേള്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെ ചെറുപ്പത്തിലെ ഫോട്ടോയെ ഓര്‍മ്മിപ്പിക്കുന്ന മുഖം. അതുകൊണ്ടാണൊ എന്നറിയില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാകലാണ് തന്റെ ആംബിഷന്‍ എന്ന് ആ പെണ്‍കുട്ടിയെകൊണ്ട് പറയിപ്പിച്ചുകളഞ്ഞു ജയ്ഹിന്ദ് ടി വി. ആദ്യ ചോദ്യം നേരിടാനായി ഈ മത്സരാര്‍ത്ഥി തെരെഞ്ഞെടുത്ത വിഷയം കേട്ടോളൂ: ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്!!

ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ് - പ്രശസ്തരുടെ അവസാന വാചകം. അങ്ങനെയൊരു വിഷയമുണ്ടോ!

യേശുകൃസ്തു കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് - കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്.

വെടിയേറ്റുവീണപ്പോള്‍ മഹാത്മാഗാന്ധി ഹേ രാം എന്ന് മന്ത്രോച്ചാരണം നടത്തിയിട്ടുണ്ടത്രെ.

പല വിപ്ലവകാരികളും ദേശാഭിമാനികളും കൊലക്കയര്‍ അവരുടെ കഴുത്തിലണിയിക്കുമ്പോള്‍ സുധീരം തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചിട്ടുണ്ട്.

സദ്ദാം ഹുസൈന്‍ വധശിക്ഷ ഏറ്റുവാങ്ങിയത് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്.

അങ്ങനെ ഏതാനും പേര്‍ വേറെയുമുണ്ടാകും. അതല്ലാതെ ബാക്കി ഇന്നേവരെ ഈ ലോകത്ത് നിന്നും മറഞ്ഞുപോയ പ്രശസ്തര്‍ക്കെല്ലാം സ്വാഭാവിക മരണമോ അപകടമരണമോ ഒക്കെയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ മരിക്കുന്നതിനുമുമ്പ് ഈ ലോകത്തോട് അവരുടേതായ എന്തെങ്കിലും പറഞ്ഞിട്ടാണ് അവര്‍ പോയതെന്നുണ്ടോ.

ഈ സബ്ജെക്റ്റില്‍ ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന സ്റ്റേറ്റ്മെന്റ് കേട്ടപ്പോഴാണ് ഈ പ്രത്യേക സബ്ജെക്റ്റിന്റെ ഗുട്ടന്‍സ് പിടികിട്ടുക. ഗ്രാന്റ് മാസ്റ്ററുടെ സ്റ്റേറ്റ്മെന്റ് എന്താണെന്നോ:“ഈ വാക്കുകള്‍ തന്നെ എനിക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് മരണപ്പെട്ട മലയാള സാഹിത്യകാരന്റെ കൃതിയാണ് അടയാളങ്ങള്‍”

അലപ്ം ശങ്കിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മറുപടി- യെസ്, ഇറ്റ്സ് ട്രൂ.

ഗ്രാന്റ് മാസ്റ്ററുടെ കൈയ്യടിയും ഒപ്പം ആവേശം നിറഞ്ഞ വാചകങ്ങളും:“ ശരിയാണ് ദീര്‍ഘകാലം താന്‍ സേവിച്ച പ്രസ്ഥാനം തന്നെ തള്ളിപ്പറയുമ്പോഴും അഴിമതിക്കെതിരെ നിര്‍ഭയം ശ്ബ്ദിച്ചുകൊണ്ട് തൃശ്ശൂര്‍ പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തവെ മരണമടഞ്ഞ പ്രൊഫ: എം എന്‍ വിജയന്റെ കൃതിതന്നെയാണ് അടയാളങ്ങള്‍“

എന്റെ ജയ്ഹിന്ദേ, ജി എസ് പ്രദീപേ എന്ത് തറനാടകമാണിത്?

8 comments:

സുബിന്‍ പി റ്റി said...

Hi Hi .. Pradeep saarinte thamaashakal.. Addeham munpu paripaadikalkku kaashu vaangi prasangikkan pokunna aalallaayirunno..kittikkaanum ivideyum.

Umesh::ഉമേഷ് said...

അശ്വമേധം പോലെ ഇനിയും ഷോ കാണിക്കാൻ തറപ്പരിപാടികൾ വരുന്നു, അല്ലേ?

ശശി തരൂർ പോലെയുള്ള (എം. ജി. ശ്രീകുമാർ നടത്തുന്ന പരിപാടിയിൽ സിനിമാതാരങ്ങൾ വരുമ്പോഴും) ആളുകൾ നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളാണു് ഉപയോഗിക്കുന്നതു് എന്നു് അശ്വമേധത്തിലേ വ്യക്തമായിരുന്നതാണു്.

പിന്നെ, യേശുവിന്റെ ലാസ്റ്റ് വേർഡ്സ് ആ പറഞ്ഞതല്ല. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു്?" എന്നാണു്. ("ഏലീ, ഏലീ,..." എന്നോ മറ്റോ ആണു് ഒറിജിനൽ.) ക്രൂശാരോഹണം ഒക്കെ കഴിഞ്ഞു് പിറ്റേ ദിവസം പ്രാണൻ പോകുന്നതിനു തൊട്ടു മുമ്പു്.

Calvin H said...

മലയാളികൾക്ക് മൊത്തത്തിൽ ഒരു ബുദ്ധിജീവിനാട്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. (ഞാനുൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് തന്നെയാണ്). അത്തരം നാട്യങ്ങൾക്കുള്ള ഇന്ധനമായി പ്രവർത്തിക്കാനാണ് ഇത്തരം ഷോകൾ അരങ്ങേറുന്നതെന്ന് കരുതിപ്പോവുന്നു. ആത്മപ്രശംസയുടെയും ജാഡയുടേയും കൊടുമുടിയായ ഈ അവതാരത്തെ(അവതാരകനെ) സഹിക്കാൻ എങ്ങിനെ സാധിക്കുന്നോ എന്തോ പ്രേക്ഷകർക്ക്.

ടെലിവിഷൻ കാ‍ണുന്ന ഏർപ്പാട് നിർത്താൻ ഉള്ള പ്രചോദനം ആയതിൽ അശ്വമേധവും പെടും (സ്റ്റാർ സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളും ഇരുപത്തിനാലു മണിക്കൂർ വാർത്താ ചാനാലുകളിലെ വാർത്താഭാസങ്ങളുമാണ് മറ്റ് പ്രേരണകൾ)

ജിവി/JiVi said...

വായനക്കും കമന്റിനും നന്ദി, സുബിന്‍.

ഉമേഷ്ജി,
മറ്റേത് വിഷയവുമെന്നപോലെ കൃസ്തുചരിതവും ഒട്ടും അറിയില്ല. ഈ വിവരത്തിനു നന്ദി. പക്ഷെ പോസ്റ്റ് തിരുത്തുന്നില്ല. അത് വെറുതെ കിടന്നോട്ടെ എന്നുമാത്രം കരുതി എഴുതിയതാണ്. അല്ലെങ്കിലും കൃസ്തു ഒരു ചരിത്രപുരഷനല്ലല്ലോ. അങ്ങനെയും ഒരു അപാകത ആ എഴുതിയതിലുണ്ട്.

കാല്വിന്‍,
അങ്ങനെ ടി വി പൂര്‍ണ്ണമായും ഉപേക്ഷിക്കല്ല. ഇത്തരം ബുദ്ധിജീവിപ്പരിപാടികളും വാര്‍ത്താഭാസങ്ങളും നല്ല കോമഡികളല്ലേ.

ബിനോയ്//HariNav said...

നാടകമേ (ചാനല്‍)ഉലകം :)

പട്ടേപ്പാടം റാംജി said...

എനിക്കും കിട്ടണം പണം.
ചാനല്‍ കഥകളെ കുറിച്ച് പറയാതിരിക്കുന്നതാണ്
ഭേദം.
ആശംസകള്‍.

ജിവി/JiVi said...

ബിനോയ്, രാംജി,

വായനക്കും കമന്റിനും നന്ദി

ഒടിയന്‍ said...

thinna chorinodu kooru kanikkanulla oro thathrappatu allathenthu parayaan