Thursday, February 18, 2010

കേരളം - കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലാത്തിടം

അറേബ്യന്‍ ഗള്‍ഫിലെ എണ്ണസമ്പന്നമായ കൊച്ചുരാജ്യമാണ് ഖത്തര്‍. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ രാജഭരണം നിലനില്‍ക്കുന്നു. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ സ്വതന്ത്രവിപണിയുടെ പ്രയോക്താക്കള്‍ എന്നുമാത്രം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയാവുകയില്ല. സ്വതന്ത്രവിപണിയുടെ ത്വരിതമായ വ്യാപനം ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ലോകവ്യാപാരസംഘടനയുടെ സുപ്രധാനസമ്മിറ്റുകള്‍ക്ക് സ്ഥിരം ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയാണത്.


ഖത്തറിന്റെ ജനസംഖ്യ ഇരുപത് ലക്ഷത്തില്‍താഴെയാണ്. അവിടത്തെ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും അടക്കം. കോട്ടയം ജില്ലയോളം ജനസംഖ്യ. വിസ്തീര്‍ണ്ണം പതിനൊന്നായിരം ചതുരശ്ര കി മീ. കോട്ടയം ജില്ലയുടെ അഞ്ചുമടങ്ങ്.


എന്താണിപ്പോള്‍ കോട്ടയവും ഖത്തറുമായി ഒരു താരതമ്യം! ഖത്തറിലും കൃഷിക്കാരുണ്ട്. കോട്ടയത്തും കൃഷിക്കാരുണ്ട്. ഖത്തറിലെ കൃഷിക്കാര്‍ക്കും പരാതികളുണ്ട്, കോട്ടയത്തെ കൃഷിക്കാരെപ്പോലെതന്നെ!


തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിലകിട്ടുന്നില്ലെന്നാണ് ഖത്തറിലെ കര്‍ഷകരുടെ പരാതി. ഉല്പാദനച്ചെലവുമായിതട്ടിച്ചുനോക്കുമ്പോള്‍ വമ്പന്‍ നഷ്ടം. ഖത്തറിലെ വിളവെടുപ്പ് കാലത്ത് വിദേശത്തുനിന്നുള്ള ഈ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നാണ് അവരുടെ ആവിശ്യം. ഏത് ബുദ്ധിയില്ലാത്ത ചീള് കമ്മുക്കളാണാവോ ഇമ്മാതിരി വിവരദോഷം ഇവരെ പഠിപ്പിച്ചത്! ആഗോളവിപണിയില്‍നിന്നും മാറിനില്‍ക്കാന്‍ ഖത്തറിനുമാത്രമായി സാധിക്കില്ലെന്ന് ഇവരെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമില്ലേ അവിടെ!


കോട്ടയം ജില്ലയുടെ അത്രയും ജനസംഖ്യയില്ലാത്ത ഖത്തറില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ റീടെയിലുകാര്‍ നിരവധിയുണ്ട്. Carrefour തന്നെ മൂന്നെണ്ണം. ലുലു, ജയന്റ് തുടങ്ങിയ ഇന്ത്യന്‍ ജയന്റുകള്‍ വേറെ. കര്‍ഷകരില്‍നിന്നും ഇത്രവിലകുറച്ച് സംഭരിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ എന്തുവിലയ്ക്കാണ് വിപണിയില്‍ കിട്ടുന്നത്? അഞ്ചുകിലോവിന്റെ ഒരു പെട്ടി ആറ് ഖത്തര്‍ റിയാലിനു താന്‍ വില്‍ക്കുന്നത് റീടെയ്ല് ഷോപ്പില്‍ കിലോവിനു ആറ് ഖത്തര്‍ റിയാലിനു എന്ന കണക്കിനു വില്‍ക്കുന്നതായി ഒരു കര്‍ഷകന്‍ പറയുന്നു. അഞ്ചിരട്ടി വില!


ചില്ലറ വ്യാപാരരംഗത്ത് വമ്പന്മാര്‍ ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്നവിലകിട്ടും, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ സാധനങ്ങള്‍ ലഭ്യമാവുകയും ചെയ്യും - ഇതാണ് പ്രപഞ്ചതത്വം. അതും തെറ്റുന്നുവോ!


ഖത്തര്‍ ഒരു കാര്‍ഷികരാജ്യമല്ല. അവിടെ കര്‍ഷകര്‍ തീരെ ചെറീയ ഒരു വിഭാഗമാണ്. മൈക്രോ‍ മൈക്രോ മൈനോറിറ്റി. അതില്‍ത്തന്നെ ഭൂരിപക്ഷവും മറ്റ് പലവരുമാനമാര്‍ഗ്ഗങ്ങളുള്ള കോടീശ്വര്‍ന്മാരാണ്. കൃഷിയില്‍ നഷ്ടം പറ്റിയാല്‍ ആര്‍ക്കും ആത്മഹത്യചെയ്യേണ്ടിവരില്ല. പട്ടിണികിടന്ന് ജീവിക്കേണ്ടിയും വരില്ല. കോട്ടയത്തെ അല്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ അങ്ങനെയാണോ? എന്നാലും ഖത്തറിലെ കര്‍ഷകന്‍ ഉയര്‍ത്തുന്ന പ്രതിഷേധം പോലും നമ്മുടെ കര്‍ഷകര്‍ ഉയര്‍ത്തരുതെന്ന്. കര്‍ഷകന്റെ പ്രതിഷേധം നമ്മള്‍ ഉപഭോക്താക്കള്‍ക്കെതിരാണെന്ന്. എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നത് നമ്മുടെ ജനാധിപത്യം, സുതാര്യമായ നമ്മുടെ (കേന്ദ്ര)ഭരണകൂടം സ്വതന്ത്രവും നിഷ്പക്ഷവുമാ‍യ നമ്മുടെ മാധ്യമങ്ങള്‍. എല്ലാത്തിനെയും നമിക്കുക.

Related Posts: എന്റെ തന്നെ ഒരു പഴയപോസ്റ്റ്: ആസിയാന്‍ കരാറും ഉപഭോക്താക്കളും

Monday, February 8, 2010

അതിനും കുറ്റം ഇടതിനുതന്നെ!

വലതുപക്ഷ മുതലാളിത്ത നവ ലിബറല്‍ രാഷ്ട്രീയത്തിന് നിരവധി കൂലിയെഴുത്തുകാരുണ്ട് മലയാള മാധ്യമരംഗത്ത്. അക്കൂട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് കെ എം റോയ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തില്‍ ഒരുഗ്രന്‍ ലേഖനം എഴുതപ്പെട്ടത് വായിക്കാനിടയായി - ഈ ബ്ലോഗുവഴി. ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതിന്റെ പരോക്ഷകാരണം ഇന്ത്യയിലെ ഇടതുപക്ഷത്തിനാണെന്നാണ് മാധ്യമവിശാരദന്റെ കണ്ടുപിടുത്തം. വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ വരുന്നതിനെ ഇടതുപക്ഷം എതിര്‍ത്തു. അങ്ങനെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ നേടുവാനുള്ള അവസരം മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടുപോലും. അതുകൊണ്ട് അവര്‍ മികച്ച പഠനത്തിനായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളിലെ അത്യുന്നത നിലവാരമുള്ള സര്‍വ്വകലാശാലകളില്‍ പോകേണ്ടിവരുന്നുപോലും. അവിടത്തുകാരായ പിടിച്ചുപറിക്കാരുടെ ആക്രമണം നേരിടേണ്ടി വരുന്നുപോലും. എല്ലാത്തിന്റെയും പരോക്ഷമായ കാരണം ഇവിടെ ചുവന്നകൊടി പിടിച്ചുനടക്കുന്നവര്‍.

ആസ്ത്രേലിയയില്‍ ചുവന്നകൊടി കാണണമെങ്കില്‍ റെയില്വെ സ്റ്റേഷനില്‍ നോക്കണമെന്ന പരിഹാസം ലേഖനത്തിന്റെ തുടക്കത്തില്‍തന്നെയുണ്ട്. ഇന്ത്യയുടെ ഇരട്ടിയിലധികം വലിപ്പമുള്ള രാജ്യമാണ് ആസ്ത്രേലിയ. കൃഷിക്കും എല്ലാത്തരം വ്യവസായങ്ങള്‍ക്കും പറ്റിയ ഭൂമി ഇഷ്ടം പോലെ. മിതോഷ്ണകാലാവസ്ഥ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറില്ല എന്നുതന്നെ പറയാം. ജനസംഖ്യ ഇന്ത്യയുടെ അമ്പതിലൊന്നുമാത്രം. എന്നിട്ടും അവിടെ ദാരിദ്ര്യമുണ്ട്, ദാരിദ്ര്യത്തില്‍നിന്നും ഉണ്ടാവുന്ന പിടിച്ചുപറിയുണ്ട്, അക്രമങ്ങളുണ്ട്. അപ്പോള്‍ അവിടത്തെ വ്യവസ്ഥിതിക്ക് കുഴപ്പമുണ്ടെന്ന് കണ്ട് അതിനെതിരെ കൊടിപിടിക്കണമെന്ന് - ചുവന്നകൊടി വേണ്ട- ആഗ്രഹിക്കുന്ന ഒരാളെങ്കിലും ആസ്ത്രേലിയയില്‍ കാണുമെന്ന് എനിക്കുറപ്പുണ്ട്.

മുഖ്യവിഷയത്തിലേക്ക് തിരിച്ചുവരാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത് ഇവിടെയില്ലാത്ത ലോകോത്തര ഉന്നതവിദ്യാഭ്യാസം നേടാനാണ് എന്നാണല്ലോ റോയ്സാര്‍ പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ മഹാരഥന് മറുപടികൊടുക്കാന്‍ ഈയുള്ളവന്‍ ആര്? എന്നാല്‍ നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാരനായ മറ്റൊരു മഹാരഥന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതിനു മറുപടി പറഞ്ഞതുപോലുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ എസ് എം കൃഷ്ണ. നമ്മുടെ വിദേശകാര്യ(മുഖ്യ)മന്ത്രി.

എന്തിനാണ് ഈ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത്? എസ് എം കൃഷ്ണ അദ്ഭുതം കൂറുന്നു: ഇവിടെ ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ എല്ലാ മിടുക്കര്‍ക്കും പ്രവേശനം കിട്ടിയെന്നുവരില്ല. അപ്പോള്‍ ആസ്ത്രേല്യയിലോ എവിടെയെങ്കിലുമോ അതിനുസമാനമായ നിലവാരത്തിലുള്ള കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടുമെങ്കില്‍ പോകുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയല്ല. കേശാലങ്കാരം പോലുള്ളവ പഠിക്കാനാണ് ഭൂരിഭാഗവും പോയിരിക്കുന്നത്. ലിങ്ക്
ദാ

അതെ, ആസ്ത്രേല്യയില്‍ മിക്കവരും പോയിരിക്കുന്നത് എഞ്ചിനീയറിങ്ങോ മെഡിസിനോ ശാസ്ത്രമോ ഒന്നും ഉയര്‍ന്ന നിലയില്‍ കൂടുതല്‍ സൌകര്യത്തില്‍ പഠിക്കാനല്ല. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ബിസിനസ്സുകാരുടെ ശരാശരിയിലോ അതിലും താഴയോ പഠനനിലവാരം പുലര്‍ത്തിയ മക്കള്‍. പണം കൊടുത്ത് ബി കോം എന്ന അലങ്കാരം വാങ്ങി, മീതെ ആസ്ത്രേല്യന്‍ എം ബി എയുടെ ആര്‍ഭാടവും പണം കൊടുത്തുവാങ്ങാന്‍ പോയവര്‍‍. ബി കോം പണം കൊടുത്തുപോലും നേടാനാവാത്തവര്‍ കേശാലങ്കാരവും കളിനറിയും പഠിക്കാന്‍ പോകും. കളിനറിയെന്നാല്‍ ചെറുനാരങ്ങാ കട്ടുചെയ്യുന്നതില്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെയുണ്ട്. മക്കള്‍ ഈ കോഴ്സുകള്‍ പഠിക്കുന്നു. നാട്ടില്‍ അച്ഛനുമമ്മക്കും മകന്‍ ആസ്ത്രേല്യയില്‍ പഠിക്കുന്നതിന്റെ അന്തസ്സ്!

ഇതൊക്കെ അവിടെപോയി എന്തിനാ‍ാ‍ാ പഠിക്കുന്നത് എന്ന് എസ് എം കൃഷ്ണ ചോദിക്കുമ്പോള്‍ ഈ കാര്യത്തിലും ഇടതിനെ കൊട്ടി യജമാനപ്രീതി സമ്പാദിച്ച് വിരാജിക്കുന്നു മാധ്യമവിശാരദന്‍ കെ എം റോയ്.