Thursday, February 18, 2010

കേരളം - കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലാത്തിടം

അറേബ്യന്‍ ഗള്‍ഫിലെ എണ്ണസമ്പന്നമായ കൊച്ചുരാജ്യമാണ് ഖത്തര്‍. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ രാജഭരണം നിലനില്‍ക്കുന്നു. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ സ്വതന്ത്രവിപണിയുടെ പ്രയോക്താക്കള്‍ എന്നുമാത്രം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയാവുകയില്ല. സ്വതന്ത്രവിപണിയുടെ ത്വരിതമായ വ്യാപനം ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ലോകവ്യാപാരസംഘടനയുടെ സുപ്രധാനസമ്മിറ്റുകള്‍ക്ക് സ്ഥിരം ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയാണത്.


ഖത്തറിന്റെ ജനസംഖ്യ ഇരുപത് ലക്ഷത്തില്‍താഴെയാണ്. അവിടത്തെ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും അടക്കം. കോട്ടയം ജില്ലയോളം ജനസംഖ്യ. വിസ്തീര്‍ണ്ണം പതിനൊന്നായിരം ചതുരശ്ര കി മീ. കോട്ടയം ജില്ലയുടെ അഞ്ചുമടങ്ങ്.


എന്താണിപ്പോള്‍ കോട്ടയവും ഖത്തറുമായി ഒരു താരതമ്യം! ഖത്തറിലും കൃഷിക്കാരുണ്ട്. കോട്ടയത്തും കൃഷിക്കാരുണ്ട്. ഖത്തറിലെ കൃഷിക്കാര്‍ക്കും പരാതികളുണ്ട്, കോട്ടയത്തെ കൃഷിക്കാരെപ്പോലെതന്നെ!


തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിലകിട്ടുന്നില്ലെന്നാണ് ഖത്തറിലെ കര്‍ഷകരുടെ പരാതി. ഉല്പാദനച്ചെലവുമായിതട്ടിച്ചുനോക്കുമ്പോള്‍ വമ്പന്‍ നഷ്ടം. ഖത്തറിലെ വിളവെടുപ്പ് കാലത്ത് വിദേശത്തുനിന്നുള്ള ഈ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നാണ് അവരുടെ ആവിശ്യം. ഏത് ബുദ്ധിയില്ലാത്ത ചീള് കമ്മുക്കളാണാവോ ഇമ്മാതിരി വിവരദോഷം ഇവരെ പഠിപ്പിച്ചത്! ആഗോളവിപണിയില്‍നിന്നും മാറിനില്‍ക്കാന്‍ ഖത്തറിനുമാത്രമായി സാധിക്കില്ലെന്ന് ഇവരെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമില്ലേ അവിടെ!


കോട്ടയം ജില്ലയുടെ അത്രയും ജനസംഖ്യയില്ലാത്ത ഖത്തറില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ റീടെയിലുകാര്‍ നിരവധിയുണ്ട്. Carrefour തന്നെ മൂന്നെണ്ണം. ലുലു, ജയന്റ് തുടങ്ങിയ ഇന്ത്യന്‍ ജയന്റുകള്‍ വേറെ. കര്‍ഷകരില്‍നിന്നും ഇത്രവിലകുറച്ച് സംഭരിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ എന്തുവിലയ്ക്കാണ് വിപണിയില്‍ കിട്ടുന്നത്? അഞ്ചുകിലോവിന്റെ ഒരു പെട്ടി ആറ് ഖത്തര്‍ റിയാലിനു താന്‍ വില്‍ക്കുന്നത് റീടെയ്ല് ഷോപ്പില്‍ കിലോവിനു ആറ് ഖത്തര്‍ റിയാലിനു എന്ന കണക്കിനു വില്‍ക്കുന്നതായി ഒരു കര്‍ഷകന്‍ പറയുന്നു. അഞ്ചിരട്ടി വില!


ചില്ലറ വ്യാപാരരംഗത്ത് വമ്പന്മാര്‍ ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്നവിലകിട്ടും, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ സാധനങ്ങള്‍ ലഭ്യമാവുകയും ചെയ്യും - ഇതാണ് പ്രപഞ്ചതത്വം. അതും തെറ്റുന്നുവോ!


ഖത്തര്‍ ഒരു കാര്‍ഷികരാജ്യമല്ല. അവിടെ കര്‍ഷകര്‍ തീരെ ചെറീയ ഒരു വിഭാഗമാണ്. മൈക്രോ‍ മൈക്രോ മൈനോറിറ്റി. അതില്‍ത്തന്നെ ഭൂരിപക്ഷവും മറ്റ് പലവരുമാനമാര്‍ഗ്ഗങ്ങളുള്ള കോടീശ്വര്‍ന്മാരാണ്. കൃഷിയില്‍ നഷ്ടം പറ്റിയാല്‍ ആര്‍ക്കും ആത്മഹത്യചെയ്യേണ്ടിവരില്ല. പട്ടിണികിടന്ന് ജീവിക്കേണ്ടിയും വരില്ല. കോട്ടയത്തെ അല്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ അങ്ങനെയാണോ? എന്നാലും ഖത്തറിലെ കര്‍ഷകന്‍ ഉയര്‍ത്തുന്ന പ്രതിഷേധം പോലും നമ്മുടെ കര്‍ഷകര്‍ ഉയര്‍ത്തരുതെന്ന്. കര്‍ഷകന്റെ പ്രതിഷേധം നമ്മള്‍ ഉപഭോക്താക്കള്‍ക്കെതിരാണെന്ന്. എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നത് നമ്മുടെ ജനാധിപത്യം, സുതാര്യമായ നമ്മുടെ (കേന്ദ്ര)ഭരണകൂടം സ്വതന്ത്രവും നിഷ്പക്ഷവുമാ‍യ നമ്മുടെ മാധ്യമങ്ങള്‍. എല്ലാത്തിനെയും നമിക്കുക.

Related Posts: എന്റെ തന്നെ ഒരു പഴയപോസ്റ്റ്: ആസിയാന്‍ കരാറും ഉപഭോക്താക്കളും

2 comments:

smitha adharsh said...

അപ്പൊ,ഖത്തറിലെ കര്‍ഷകരും കടം കയറി തുടങ്ങിയോ? എന്നാലും,ഇവിടത്തെ കര്‍ഷകര്‍ക്ക് നമ്മുടെ നാട്ടില്ലേ കര്‍ഷകരെ പ്പോലെ ആത്മഹത്യ ചെയ്യേണ്ട ഗതികേട് വരില്ലെന്ന് തോന്നുന്നു..

ജിവി/JiVi said...

ഖത്തറിലെ കര്‍ഷകര്‍ കടക്കെണിയിലല്ല, കൃഷിയില്‍ അവര്‍ക്ക് നഷ്ടം പറ്റി എന്നുമാത്രം. ഖത്തറില്‍ താമസിക്കുന്നു എന്നതാവണം ഇത് വായിക്കാനും കമന്റിടാനും സ്മിതയ്ക്ക് പ്രേരണ നല്‍കിയത്. നന്ദി.