മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ബാലചന്ദ്രന് ചുള്ളിക്കാട് ആണ് ലേറ്റസ്റ്റ് അതിഥി. ചുള്ളിക്കാടുമായി ഒരു അഭിമുഖം ഇതിനുമുമ്പ് കണ്ടത് പീപ്പിള്‍ റ്റി വിയില്‍ ‘ക്വസ്റ്റ്യന്‍ റ്റൈം’മിലാണ്. ജോണ്‍ ബ്രിട്ടാസിനോടൊപ്പം. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണെന്ന് തോനുന്നു.
ചുള്ളിക്കാട് സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചുപോകും. സത്യങ്ങള്‍ പറയുന്ന ആളാണ് അദ്ദേഹം.
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുമല്ലോ. പ്രേക്ഷകര്‍ക്കും വലീയതാല്പര്യമുള്ളത് അത്തരം കാര്യങ്ങളില്‍തന്നെ. ചുള്ളിക്കാടിനോടും അത്തരം ചോദ്യങ്ങളുണ്ടായി രണ്ട് പരിപാടിയിലും. രണ്ടിടത്തും ചുള്ളിക്കാട് സത്യം പറഞ്ഞു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ - ഭര്‍ത്താവ് എന്ന നിലയിലും അച്ഛന് എന്ന നിലയിലും താന്‍ ഒട്ടും ഉത്തരവാദിത്വം കാണിച്ചിട്ടില്ല. അത്രയും രണ്ട് അഭിമുഖത്തിലും ഒന്നുതന്നെ. എന്ന് വെച്ചാല്‍ കുടുംബകാര്യം മാത്രമെടുത്താല്‍തന്നെ രണ്ടിടത്തുമായി ചില്ലറ വ്യത്യാസങ്ങളുണ്ടെന്ന്. രണ്ടും പരസ്പര വിരുദ്ധമാണോ? അല്ല. പിന്നെയെവിടെയാണ് വ്യത്യാസം - അത് ചാനലിന്റെ വ്യത്യാസം.
സര്‍ക്കാര്‍ സ്ക്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് റ്റ്യൂഷനും കോപ്പും ഒന്നും ഇല്ലാതെ പ്രവേശനപരീക്ഷയിലും തുടര്‍ന്ന് എഞ്ചിനീയറിങ്ങിലും ഉന്നതമാര്‍ക്കുവാങ്ങിയ മകന്. പഠനം കഴിഞ്ഞയുടന്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ഉന്നത ജോലി സമ്പാദിച്ച മകന്. ആ മകനെക്കുറിച്ച് അഭിമാനം കൊള്ളുന്ന ബാലചന്ദ്രന് ചുള്ളിക്കാടിനെയാണ് പീപ്പിള്‍ ചാനല്‍ കാണിച്ചുതന്നത്. മനോരമ ന്യൂസിലാകട്ടെ തന്റെ മകനെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലയക്കാതെ സര്‍ക്കാര്‍ സ്ക്കൂളിന്റെ പരിമിതികളിലേക്ക് തള്ളിവിട്ടതില്‍ ഖേദിക്കുന്ന ചുള്ളിക്കാടിനെയാണ് കണ്ടത്. ഒരു മലയാളകവിയായിരുന്നിട്ടും മകനെ ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷമായി എന്ന് തോനുന്നുണ്ടോ? ജോണി ലൂക്കാസിന്റെ ചോദ്യം. അതെ, ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷം ചെയ്തു എന്ന് വിശ്വസിക്കുന്നതായി ചുള്ളിക്കാടിന്റെ ഉത്തരം. അപ്പോള്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിച്ച് നല്ലനിലയില്‍ (എം എന്‍ സി യിലെ ഉയര്‍ന്ന ജോലിയില്‍ എന്ന് തന്നെ അര്‍ത്ഥം!) എത്തിയ ചുള്ളിക്കാടിന്റെ മകന് എവിടെപ്പോയി? മകന്റെ ആ നേട്ടത്തെക്കുറിച്ച് ചുള്ളിക്കാട് മിണ്ടിയില്ല എന്ന് ഞാന്‍ കരുതുന്നില്ല്ല. ആ ഭാഗത്ത് മനോരമ കത്രികവെച്ചു എന്ന് എന്റെ ഊഹം. അതോ രണ്ട് അഭിമുഖങ്ങള്‍ തമ്മിലുള്ള ഇടവേളയില്‍ ചുള്ളിക്കാടിന്റെ മകന് ജോലി നഷ്ടപ്പെട്ടോ, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാതിരുന്നതാണോ അങ്ങനെ സംഭവിക്കാന്‍ കാരണം എന്നൊക്കെ ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ നല്ലത്.
‘നേരെചൊവ്വേ’ ഇതു ചെയ്യുന്നത് ആദ്യമായല്ല. മുമ്പൊരിക്കല്‍ കാവ്യാ മാധവനോട് ജോണി ലൂക്കോസ് ചോദിച്ചത് ഇങ്ങനെ:
‘കാവ്യയുടെ സമപ്രായക്കാരായ മറ്റ് നായികനടിമാര്‍ നഗരങ്ങളിലെ കോണ്‍വെന്റ് സ്ക്കൂളുകളില്‍ പഠിച്ച, നല്ല ആക്സെന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. കാവ്യയാകട്ടെ ഒരു നാട്ടുമ്പുറത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച കുട്ടി. അതില്‍ അപകര്‍ഷതാബോധം തോന്നിയിട്ടില്ലേ കാവ്യക്ക്?‘
മലയാളിയുടെ അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഷ്ടപ്പെടുന്ന മാധ്യമമാണ് മനോരമ. അതിനായി എന്തുചെയ്യണമെന്നും മനോരമക്കറിയാം. പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങി ‘പൊതു‘വായുള്ളതിനെയെല്ലാം അങ്ങ് ഇല്ലാതാക്കണം. അതിനായി നേരെചൊവ്വേയിലെ മാന്യരായ അതിഥികളെയും ചട്ടുകമാക്കാം.
40 comments:
ഈ ചോദ്യങ്ങളെല്ലാം അവരുടെ ഉള്ളിലെ അപകര്ഷതാബോധത്തിനെ തുറന്നുകാട്ടി സ്കോര്‍ ചെയ്യാനുള്ള അടവുകളല്ലേ ജിവി
ആശംസകള്‍!
‘പൊതു‘വായുള്ളതിനെയെല്ലാം അങ്ങ് ഇല്ലാതാക്കണം..പൊതുജനത്തിനെയും..:)
ഇതൊക്കെ സ്ഥിരം പരിപാടി അല്ലേ മുത്തശ്ശി പത്രത്തിന്റെ പൈങ്കിളി ചാനെല്‍ .കുറെ പൈങ്കിളി പേരുകളുള്ള കുറെ പൈങ്കിളി പരിപാടികള്‍, അവരുടെ വാരികയുടെ നിലവാരം പോലും ആ ചാനനിലില്ല.
ഷാജി ഖത്തര്‍.
"..പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങി ‘പൊതു‘വായുള്ളതിനെയെല്ലാം അങ്ങ് ഇല്ലാതാക്കണം.."
അതെ അതാണ് കാര്യം. "പൊതു" എല്ലാം പൂട്ടണം എന്നിട്ട് നസ്രാണി പള്ളിക്കൂടങ്ങളും നായര്‍ ആശുപത്രികളും മാപ്ല ചന്തകളും കുടുമ്പ വക സര്‍ക്കാരും ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന രാഷ്ട്രീയക്കാരും.. ഹോ! ഓര്‍ത്തിട്ടു കുളിര് കോരുന്നു :)
കാണണമെന്നുണ്ടായിരുന്നു കണാകഴിഞ്ഞില്ല, എന്തി ഈ ആധരണീയരൊക്കെ ഈ ചെകുത്താന്റെ ആലയത്തിലേക്ക് പോകുന്നത്/തലവെച്ച് കൊടുക്കുന്നത്.(പക്ഷെ അദ്ദേഹം ചിന്തിച്ചത്, ഇഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്നെങ്കിൽ എന്റെ മകൻ ഇതിലും ഉയരത്തിൽ എത്തുമായിരുന്നു എന്നായിരിക്കുമോ എന്തോ??)
ഞാന്‍ മകനെ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചത് എന്റെ സ്വകാര്യ അഭിമാനവും അഹങ്കാരവുമാണ്. പക്ഷെ, അതുകൊണ്ട് അവനു പല കുറവുകളും ഉണ്ടായതായി അവന് പറയുന്നു.എന്റെ അഭിമാനത്തിനുവേണ്ടി അവനെ ഞാന്‍ പരീക്ഷണവസ്തുവാക്കി. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ കുറെക്കൂടി നല്ലനിലയിലെത്താമായിരുന്നു എന്ന് അവന് കരുതുന്നു. എന്റെ ഇഷ്ടത്തിനും അഭിമാനത്തിനുമായിരുന്നില്ല, അവന്റെ ഭാവിക്കായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കേണ്ടിയിരുന്നത്.വ്യത്യസ്ത കാഴചപ്പാടിലുള്ള ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ മറുപടി. രണ്ടു മറുപടികളും ഒരേകാര്യത്തിന്റെ രണ്ടു വശങ്ങള് വെളിപ്പടുത്തുന്നു.
പൊതുസ്ഥാപനങ്ങള്ക്കുവേണ്ടി നിലകൊള്ളുന്ന നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മക്കളെ എവിടെയാണ് പഠിപ്പിക്കുന്നത് എന്ന് അന്വേഷിച്ചുനോക്കുന്നത് നന്നായിരിക്കും.
ബാലചന്ദ്രന് ചുള്ളിക്കാട്,
വ്യത്യസ്ത കാഴ്ചപ്പാടിലുള്ള ചോദ്യങ്ങള്‍ എന്ന് താങ്കള്ക്ക്തന്നെ ബോധ്യമുണ്ടല്ലോ. ആ കാഴ്ചപ്പാടിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. മനോരമയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നുവെങ്കില്ക്കൂടി താങ്കളുടെ മകന് നല്ലനിലയിലെത്തിയകാര്യം താങ്കള്‍ക്ക് പറയാമായിരുന്നു. പീപ്പിളില്‍ പറഞ്ഞതുപോലെ. കൂടുതല്‍ നല്ലനിലയിലെത്തുമായിരുന്നെന്ന് താങ്കളും മകനും ഇപ്പോള്‍ കരുതുന്നു. ആ കാര്യം അങ്ങനെപറയുന്നതായിരുന്നു ശരി.
കാവ്യാമാധവനോട് ചോദിച്ച ചോദ്യം മാത്രമല്ലേ ഞാന്‍ എഴുതിയുള്ളൂ. അതിന് കാവ്യ പറഞ്ഞ മറുപടിയും ഞാന്‍ ഓര്‍മ്മിച്ച് എഴുതട്ടെ.
“ഇംഗ്ലീഷ് സംസാരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. മലയാളം അറിയാത്ത ആളുകളോട് ആശയവിനിമയത്തിന് ഇംഗ്ലീഷ്തന്നെയാണ് ഞാന്‍ സംസാരിക്കാറുള്ളത്. ഇന്നുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല”
ശരിയാണ്, ഞാന്‍ അമേരിക്കയില്പോയപ്പോള് മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടി എന്ന മറുപടിയായിരുന്നു മനോരമക്ക് വേണ്ടിയിരുന്നത്. കാവ്യാമാധവനില്നിന്നും അതുണ്ടായില്ല. താങ്കളില്‍നിന്നും കൃത്യമായും അവര്‍ ഉദ്ദേശിച്ചത് തന്നെ കിട്ടി.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മക്കളെ എവിടെ പഠിപ്പിക്കുന്നു എന്നത് ഈ പോസ്റ്റിന്റെ വിഷയമേയല്ല. ഞാന്‍ അവരുടെ അഡ്വക്കേറ്റുമല്ല.
സര്‍ക്കര്‍ മലയാളം സ്ക്കൂളില്മാത്രമല്ല സര്‍ക്കാര്‍ കോളേജിലുമാണ് എന്റെ മകന് പഠിച്ചത്.അതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷെ അതുകൊണ്ട് തന്റെ തൊഴിലിന് ആവശ്യമായ ഇംഗ്ലീഷ് ഭാഷാഞാനത്തിലും പ്രയോഗത്തിലും വിഷയസ്വാംശീകരണത്തിലും പരിമിതികളുണ്ടായി എന്ന് എന്റെ മകന് പരാതിപ്പെടുന്നു.എന്റെ ആദര്‍ശം അവന്റെ മേല്‍ അടിച്ചേല്പിച്ചത് തെറ്റായി എന്നെനിക്കിപ്പോള്‍ തോന്നുന്നു.എത്രയോ കാലമായി കേരളത്തിലെ അനേകമനേകം സാഹിത്യകാരന്മാരും തൊഴിലാളികളും എന്‍.ജി. ഒ മാരും മലയാളം അധ്യാപകരും മക്കളെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചുപോരുന്നു.ഞാനും അതു ചെയ്താല്‍ മതിയായിരുന്നു.
താങ്കളെപ്പോലുള്ളവരുടെ ആക്ഷേപം കേള്‍ക്കേണ്ടിവരില്ലായിരുന്നു.
കാവ്യാ മാധവനോളം ബുദ്ധിശക്തി എനിക്കും എന്റെ മകനും ഇല്ല എന്നും അതുകൊണ്ടാണു അവരെപ്പോലെ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിയാത്തത് എന്നും സമ്മതിക്കുന്നു.
ബാലചന്ദ്രന് ചുള്ളിക്കാട്,
താങ്കളെ ആക്ഷേപിച്ച് ഞാന്‍ ഒന്നും എഴുതിയിട്ടില്ല. പോസ്റ്റില്‍നിന്നുള്ള ഒരു ഭാഗം ഒന്നുകൂടി വായിച്ചുനോക്കൂ:
...മകന്റെ ആ നേട്ടത്തെക്കുറിച്ച് ചുള്ളിക്കാട് മിണ്ടിയില്ല എന്ന് ഞാന്‍ കരുതുന്നില്ല്ല. ആ ഭാഗത്ത് മനോരമ കത്രികവെച്ചു എന്ന് എന്റെ ഊഹം
അതെ, അങ്ങനെയാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതല്ല ഉണ്ടായത്. മനോരമക്ക് വേണ്ട മറുപടിതന്നെ താങ്കള്‍ നല്കി എന്നാണ് താങ്കളുടെ കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്. അപ്പോളാണ് മനോരമയോടൊപ്പം താങ്കളെയും എനിക്ക് വിമര്‍ശിക്കേണ്ടിവരുന്നത്.
കഷ്ടിച്ച് നൂറുപേര് വായിക്കുന്നൊരു ബ്ലോഗാണിത്. ഒരു ബ്ല്ലോഗര്‍ കൂടിയായ താങ്കളുടെ ശ്രദ്ധയില്‍ ഈ പ്രത്യേക പോസ്റ്റ് വന്നേക്കാം എന്ന് തോന്നിയിരുന്നെങ്കിലും കമന്റ് പ്രതീക്ഷിച്ചതേയില്ല. നന്ദി.
സുനില്‍ ,ജനശക്തി, ഷാജി, ബിനോയ്, നന്ദന എല്ലാവര്ക്കും നന്ദി.
ഉപസംഹരിക്കുകയല്ല, കമന്റുകള്‍ ഇനിയും വരട്ടെ!
മനോരമയ്ക്കുവേണ്ട മറുപടിയല്ല, എനിക്കു പറയാനുള്ളതും എനിക്കു വേണ്ടതുമായ മറുപടിയാണു മനോരമയോടും താങ്കളോടും ഞാന്‍ പറഞ്ഞത്.എന്റെ തൊട്ട വീട്ടിലെ സെബാസ്റ്റ്യന്‍ ഇടപ്പള്ളിയില്‍ സി. ഐ. ടി. യു വിന്റെ കാര്‍ഡുള്ള ചുമട്ടു തൊഴിലാളിയാണ്.അയാള്‍ മക്കളെ സ്വകാര്യസ്ഥാപനത്തില്‍ സി. ബി. എസ്. ഇ. സിലബസ്സില്‍ ഇംഗ്ലീഷ് മീഡിയത്തിലാണു പഠിപ്പിക്കുന്നത്.ഞാനും അതുപോലെ ചെയ്തിരുന്നെങ്കില്‍ ഇന്നു താങ്കളെപ്പോലുള്ളവരുടെ പരദൂഷണത്തിന് ഇരയാവില്ലായിരുന്നു.എന്റെ മകന്റെ കുറ്റപ്പെടുത്തലിനു മുന്പില് ജീവിതകാലം മുഴുവന്‍ തലകുനിക്കേണ്ടിവരികയും ഇല്ലായിരുന്നു.കാര്യം മനസ്സിലാക്കാന്‍ താങ്കള്‍ തയ്യാറല്ലാത്ത സ്ഥിതിക്ക് ഇനി ഞാന്‍ എന്തു വിശദീകരിച്ചിട്ടും കാര്യമില്ലല്ലൊ.താങ്കള്‍ ഇഷ്ടം പോലെ ‘വിമര്‍ശിച്ചു’രസിച്ചുകൊള്ളുക.ഞാന്‍ നിര്‍ത്തുന്നു.
ബാലചന്ദ്രന് ചുള്ളിക്കാട്,
മനോരമയോട് മാത്രമല്ല, പീപ്പിള്‍ ടി വിയിലും താങ്കള്‍ പറഞ്ഞത് താങ്കള്‍ക്ക് പറയാനുണ്ടായിരുന്നതും താങ്കള്‍ക്ക് വേണ്ടതുമായ കാര്യങ്ങളായിരുന്നു എന്ന് കരുതട്ടെ. ആ കാര്യങ്ങള്‍ മനോരമയിലെത്തിയപ്പോള്‍ ഒഴിവായിപ്പോയതെങ്ങനെ എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്. വ്യത്യസ്ത കാഴ്ചപ്പാടിലുള്ള ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ മറുപടി എന്ന് താങ്കള്‍ തന്നെ പറഞ്ഞല്ല്ലോ. താങ്കള്‍ മനോരമയുടെ രാഷ്ട്രീയത്തിന്റെ ചട്ടുകമായി തല്‍ക്കാലത്തേക്കെങ്കിലും. അതിന് താങ്കളെയല്ല, മനോരമയെയാണ് ഞാന്‍ വിമര്‍ശിച്ചത്. മറുപടിയുമായി താങ്കളെത്തിയപ്പോള്‍ താങ്കളോടും വിയോജിക്കേണ്ടി(വിമര്‍ശനം എന്ന വാക്ക് തെറ്റാണെങ്കില്‍) വന്നു. അതിലെനിക്ക് ഒട്ടും രസം തോനുന്നില്ലെന്ന് മാത്രമല്ല, വിഷമം ഉണ്ട്താനും.
സി ഐ റ്റി യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ പി സഹദേവന്റെ മകന് എന്റെ കൂടെ സര്‍ക്കാര്‍ സ്ക്കൂളിലും പിന്നീട് എയ്ഡഡ് കോളജീലും പഠിച്ചയാളാണ്. പ്രീഡിഗ്രീയോടെ അയാള്‍ പഠിത്തം നിര്‍ത്തി. ഞാന്‍ കുറച്ചുകൂടി മുന്നോട്ട് പോയി. ഞങ്ങളോടൊപ്പം പ്രീഡിഗ്രിക്കുണ്ടായ ഇഗ്ല്ലീഷ് മീഡിയക്കാരും ഇതുപോലൊക്കെത്തന്നെ. പൊതുവിദ്യാലയങ്ങളിലും എയ്ഡഡ് സ്ക്കൂളികളിലും പഠിച്ചവര്‍ ഇന്ന് എവിടെ എങ്ങനെ എത്തിനില്‍ക്കുന്നു എന്നത് ഒരു വലീയ പഠനത്തിന് വിധേയമാക്കേണ്ടതാണ്. അത്തരമൊരു പഠനത്തിന്റെയും കണക്കുകളുടെയും അഭാവത്തില്‍ വ്യക്തിപരമായ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാനൊന്നും കഴിയില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ലനിലയിലെത്തിയേനെ എന്ന താങ്കളുടെയും മകന്റെയും തോന്നല്‍ ശരിയാവാം. എന്നാല്‍ ഇപ്പോള്‍ നല്ലനിലയില്ത്തന്നെയാണുള്ളത് എന്നകാര്യം മറച്ചുവെക്കുന്നതെന്തിന്?
ബ്ലോഗില്‍ താങ്കളുടെ പേര് തലക്കെട്ടില്‍തന്നെ നല്‍കിക്കൊണ്ട് പോസ്റ്റെഴുതുന്നത് എങ്ങനെ പരദൂഷണമാവും?
ജിവി പ്ലീസ്,
ഏതൊരച്ചനെപോലെയും തന്റെ മകൻ കൂടുതൽ ഉയരിത്തിൽ എത്താത്തതിലുള്ള പ്രയാസവും തന്റെ കഴിഞ്ഞകാല തീരുമാനങ്ങളോടുള്ള അമർഷവും ചുള്ളിക്കാടിന്റെ കമണ്ടിൽ വായിക്കാൻ കഴിയുന്നു.
ഒരഛന്റെ വേധന ജിവി മനസ്സിലാക്കണം.
പക്ഷെ ജിവി ഒരുകാര്യം കൂടി മൻസ്സിലാക്കണം ഇങ്ങനെയുള്ള ചുള്ളിക്കാടുമരുടെ ജീവിതം ബലികൊടുത്താണ് പൊതുവിദ്യാഭ്യാസം നിലനിർത്തിയത്, അത് കൊണ്ടെങ്കിലും ചെറിയൊരഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അദ്ദേഹത്തെപോലുള്ളവരെ കുറ്റപ്പെടുത്താൻ ശ്രമിക്കരുത്.
സ്വന്തം മകന്റെ ഭാവി ബലികൊടുത്താണ് സമൂഹത്തിൽ നന്മ വരുത്താൻ ശ്രമം നടത്തിയത്. ഇതുപോലുള്ളവരെ നമ്മൾ കുറ്റപ്പെടുത്തുമ്പോൾ വരും തലമുറ സമൂഹത്തിൽ ഇതുപോലുള്ള നന്മ ചെയ്യാൻ അറച്ചുപോകുമെന്ന സത്യം താങ്കൾ മനസ്സിലാക്കണം.
പക്ഷെ എനിക്ക് മൻസ്സിലായത്, ഒരുപാട് മക്കൾ ഇഗ്ലീഷിന്റെ കുറവുകൊണ്ട് ഉയർന്ന ജോലിയും ഉയർന്ന വിദ്യാഭ്യാസവും ലഭിക്കാതെ പോയിട്ടുണ്ട്.
നന്ദന,
തന്റെ മകന് സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയകാര്യം ചുള്ളിക്കാട് പറഞ്ഞുതന്നെയാണ് നമ്മള് അറിയുന്നത്. പീപ്പിള്‍ റ്റി വി യിലൂടെ. അതേസമയം മനോരമയിലെ അഭിമുഖത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ മകനെ പഠിപ്പിക്കാത്തത് ദോഷം ചെയ്തുഎന്നും പറയുന്നു. പീപ്പിള്‍ റ്റി വിയിലെ അഭിമുഖം കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുക പൊതുവിദ്യാലയത്തില്‍ പഠിച്ച അദ്ദേഹത്തിന്റെ മകന് എവിടെയുമെത്താതെപോയി എന്നല്ലേ! ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഉയരത്തിലെത്താമായിരുന്നു എന്ന ചുള്ളിക്കാടിന്റെയും മകന്റെയും അഭിപ്രായത്തെ ഖണ്ഡിക്കാന്‍ എന്റെ കൈയ്യില്‍ എന്തെങ്കിലും കണക്കുകളോ റിപ്പോര്‍ട്ടുകളോ ഇല്ല. അത് ശരിയായിരിക്കാം, ചുള്ളിക്കാടിന് അത് പറയുകയും ചെയ്യാം. പക്ഷെ അങ്ങനെതന്നെ പറയണമായിരുന്നു.
പൊതുവിദ്യാലയത്തില്‍ മക്കളെ വിടുന്നത് അവരുടെ ഭാവി ബലികൊടുത്താണ് എന്നൊക്കെയുള്ള അഭിപ്രായം നന്ദനയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് മനോരമാദികളുടെ വിജയം. ഇംഗ്ലീഷിന്റെ കുറവുകൊണ്ട് വേണ്ടത്ര ശോഭിക്കാതെപോയ ഒരുപാട് മക്കളെക്കുറിച്ച് പറഞ്ഞു. വരുമാനം മുഴുവന്‍ മക്കളെ മുന്തിയ അണ് എയ്ഡഡ് വിദ്യാലയങ്ങളിലും സ്വാശ്രയ കോളജിലും പഠിപ്പിക്കാന്‍ ചെലവഴിച്ച് അവര്‍ എങ്ങുമെത്താതെപോയ അനുഭവങ്ങളും നമുക്ക് ധാരാളമുണ്ടല്ലോ. അത്തരം അച്ഛനമ്മമാര്‍ നമ്മുടെ ഓരോരുത്തരുടെയും ചുറ്റുവട്ടത്തുണ്ട്.
അത് അങ്ങനെയാണ്. പൊതുവിദ്യാലയങ്ങളിലെ വിജയകഥകള്‍ മറച്ചുവെക്കണം. സ്വകാര്യ വിദ്യാലയങ്ങളിലെ പരാജയകഥകള്‍ മറച്ചുവെക്കണം. പൊതുവിദ്യാലയങ്ങളിലെ പരാജയകഥകള്‍ കൊട്ടിഘോഷിക്കണം. സ്വകാര്യവിദ്യാലയങ്ങളിലെ വിജയകഥകള്‍ കൊട്ടിഘോഷിക്കണം.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മക്കളെ എവിടെ പഠിപ്പിക്കുന്നു എന്നത് ഈ പോസ്റ്റിന്റെ വിഷയമേയല്ല. ഞാന്‍ അവരുടെ അഡ്വക്കേറ്റുമല്ല. :) :) :)
പീപ്പിൾ ചാനൽ ആരുടേതെന്ന് ജിവിക്ക് അറിയില്ലായിരിക്കും. എനിക്കുമറിഞ്ഞൂട. :)
ഇനി കാവ്യാമാധവനും കൂടി വന്നു ഉത്തരം പറഞ്ഞാൽ കത്രിക എത്ര ഊഹാപോഹങ്ങളിൽ കുടുങ്ങി കിടക്കുന്നു എന്നു അങ്ങട് തീരുമാനിക്കാം
ആദ്യമായാണ് ഈ ബ്ലോഗില്‍. അഭിനന്ദനങ്ങള്‍, ജീവിയ്ക്കും ചുള്ളിക്കാടിനും. ഇങ്ങനെ ഒരു ചര്‍ച്ച സജീവമാക്കിയതിന്. ജീവിയുടെ ചാനലിന് നേരെയുള്ള വിമര്‍ശനം പ്രസക്തമെന്ന് കരുതുന്നു.ചുള്ളിക്കാടിന് സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ച് നില്ക്കാം.പക്ഷേ അത് ചിലപ്പോഴെങ്കിലും ഇത്തരം ധാരണകള്‍ സൃഷ്ടിയ്ക്കുന്നു. താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്ന ഉത്തരം കൈരളിയില്‍ പറഞ്ഞതാണ്. അങ്ങനെ പ്രതീക്ഷിയ്ക്കരുത് അല്ലെ? കുട്ടിയുടെ ആശങ്ക നില്ക്കെത്തന്നെ മലയാളത്തിന്റെ പ്രസക്തിയെ താഴ്ത്താതെയുള്ള ഒരു മറുപടി.
പിന്നെ ഒരു കാര്യം, ഈ ചര്‍ച്ചയുടെ പ്രാധാന്യം മനസ്സിലാക്കാന്‍...
ഈ ലിങ്ക്നോക്കുക. കാണാന്‍ തടസ്സം വന്നാലോ... പറയാം, ഇത് ഏപ്രില്‍ 2 ലെ മനോരമ tv page ആണ്. ഇതില്‍ ബോക്സ് ആയി കൊടുത്തിട്ടുള്ളത് ഇങ്ങനെ,(ചിത്രസഹിതം)
മലയാളം മീഡിയം - മകനോട് ചെയ്ത അനീതി.
എന്നാണ്. മലയാള ഐക്യവേദിയുടെ ചടങ്ങില്‍ പ്രസംഗിച്ചപ്പോഴും താങ്കള്‍ ഈ സംഭവം സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ സന്ദര്‍ഭവും ഇത്തരം പരസ്യങ്ങളുമെല്ലാം ഇവിടെ അതിന് നല്കുന്ന അര്‍ത്ഥം നോക്കേണ്ടതാണ്. അത് ജീവി ചാനലിനെതിരായി ഉന്നയിയ്ക്കുന്ന വാദങ്ങളെ ശരി വയ്ക്കുന്നു. മലയാളത്തിലെ പ്രശസ്ത കവി മലയാളത്തിനെതിരെ എന്ന മട്ടാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. താങ്കള്‍ മലയാളത്തിന് എതിരല്ല എന്ന് എനിയ്ക്കറിയാം. എന്നാല്‍ ഈ പരിപാടി കാണുന്ന, ഈ പരസ്യം കാണുന്ന, ഒരു ഭൂരിപക്ഷം അതല്ല കരുതുക. അവര്‍ പറയും, " നോക്ക് ചുള്ളിക്കാട് പോലും മോനെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ടാ മതിയായിരുന്നു എന്നാ പറയണത്." ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനമല്ല പ്രധാനം മറിച്ച് ഇംഗ്ലീഷ് പഠിയ്ക്കുകയാണ് വേണ്ടത് എന്ന് ഞാന്‍ കരുതുന്നു.
ജീവി,
താങ്കളുടെ ഇടത്തിലെ മറുപടി ചുള്ളിക്കാടിനായത് ക്ഷമിയ്ക്കുക. മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടക്കുന്ന ഈ ലിങ്ക്നോക്കുക. ചര്‍ച്ചയില്‍ ഇടപെടുക.
മാധ്യമവിമര്‍ശനത്തിന് ഒരിയ്ക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍
നന്ദന,
"സ്വന്തം മകന്റെ ഭാവി ബലികൊടുത്താണ് സമൂഹത്തിൽ നന്മ വരുത്താൻ ശ്രമം നടത്തിയത്. ഇതുപോലുള്ളവരെ നമ്മൾ കുറ്റപ്പെടുത്തുമ്പോൾ വരും തലമുറ സമൂഹത്തിൽ ഇതുപോലുള്ള നന്മ ചെയ്യാൻ അറച്ചുപോകുമെന്ന സത്യം താങ്കൾ മനസ്സിലാക്കണം."- ഇപ്പറയുന്നതിനെ അല്ലല്ലൊ ഇപ്പോള്‍ പറയുന്നതിനെയല്ലെ ജീവി വിമര്‍ശിച്ചത്?
അത് അങ്ങനെയാണ്...
പൊതുവിദ്യാലയങ്ങളിലെ വിജയകഥകള്‍ മറച്ചുവെക്കണം.
സ്വകാര്യ വിദ്യാലയങ്ങളിലെ പരാജയകഥകള്‍ മറച്ചുവെക്കണം.
പൊതുവിദ്യാലയങ്ങളിലെ പരാജയകഥകള്‍ കൊട്ടിഘോഷിക്കണം.
സ്വകാര്യവിദ്യാലയങ്ങളിലെ വിജയകഥകള്‍ കൊട്ടിഘോഷിക്കണം.
അത് അങ്ങനെയാണ്...
കമന്റുകള്‍ മുഴുവന്‍ വായിക്കാന്‍ സമയം കിട്ടുന്നില്ല്. വായിച്ചിടത്തോളം തോന്നിയത് ഈ പോസ്റ്റ് തെറ്റിധരിക്കപ്പെട്ടു എന്നാണ്. പ്രത്യേകിച്ച് പലരും ഇവിടെ കമന്റില്‍ പറയുന്ന വിധത്തില്‍ ചുള്ളിക്കാടിനെ ജിവി വിമര്ശിച്ചതായൊന്നും തോന്നിയില്ല. ഇതില്‍ വിമര്‍ശനം മുഴുവന്‍ മനോരമയുടെയും,
നേരേ ചൊവ്വേ എന്ന പ്രോഗ്രാമിനും നേരേയല്ലേ.
ചുള്ളിക്കാടിന്റെ കമന്റുകള്‍ വായിച്ചിട്ട് വിഷമം തോന്നുന്നു.
ആത്മന്,
ആ ലിങ്കിനു വളരെ നന്ദി. സ്ക്രീന്‍ഷോട്ടെടുത്ത് പോസ്റ്റില്‍തന്നെ ചേര്‍ത്തു. ഇവിടെ ആരുടെയും കമന്റുകളോട് പ്രതികരിക്കാം. യഥാര്‍ത്ഥത്തില്‍ മൂന്നാമതൊരാളുടെ അഭിപ്രായത്തിന് ഞാന്‍ കാത്തിരിക്കയായിരുന്നു.
റനീസ്, നന്ദി.
ഇഞ്ചിപ്പെണ്ണ്, ഇതെന്താ ഇങ്ങനെ? വല്ലപ്പോഴും മാത്രം കമന്റിടുന്നു. അതും ഒന്നും പുടികിട്ടുന്നില്ല. വായനക്കും കമന്റിനും നന്ദി.
കേരളത്തിലെ അണ് എയ്ഡഡ് സ്ക്കൂളുകളുടെ പരസ്യനോട്ടീസുകള്‍ - കൈപ്പള്ളിയുടെ സീരീസ്
ഒന്ന്
രണ്ട്
മൂന്ന്
സാമൂഹ്യ സാംസ്കാരിക രംഗത്ത് 'മനോരമ' ഉദ്ദേശിക്കുന്ന പുരോഗതി സെക്സും ഫാഷ്യനുമാണ്. പത്രധര്മ്മത്തിലെ അനീതിയാണ് അച്ചായന് പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. പൈങ്കിളി മാത്രം ജീവിത വൃതമാക്കിയ ഈ ഭൂര്‍ഷ്വ സിണ്ടിക്കേട്ടിനെതിരെ പ്രതികരിക്കാന്‍ ഒരു സാംസ്കാരിക 'നായ'കന് പോലുമില്ല. അങ്ങനെ പ്രതികരിച്ചാല്‍ പിന്നെ കേരളത്തില്‍ പേരുണ്ടാകില്ലെന്നു 'നായ'കള്‍ക്കറിയാം..
ശ്രീ ചുള്ളിക്കാടിന്റെ ഉത്തരം മഹാ സംഭവമാ ക്കി മാറ്റാന്‍ 'അച്ചായന്' ശ്രമിച്ചിട്ടുന്ടാകണം..!!
_________________________________
www.oyemmar.blogspot.com
ഹഹഹഹ.......
ഇതെന്താണു ജീവി !!!!
ചുള്ളിക്കാടിന് ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍
ജീവിയുടെ അനുമതി വേണ്ടിവരുമോ ?
ചുള്ളിക്കാടിന്റെ അഭിപ്രായവും, അയാളുടെ മകന്റെ
അഭിപ്രായവും വ്യത്യസ്തമായപ്പോഴുണ്ടായ
ചുള്ളിക്കാടിന്റെ മനസ്സിലുണ്ടായ കുറ്റബോധത്തിന്റെ
ഏറ്റുപറച്ചില്‍ എന്ന ശുദ്ധിയേറിയ സംഭാഷണ ശകലത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്.
ഒരു വ്യക്തിയെന്ന നിലയില്‍ മകന്റെ വ്യക്തിത്വത്തേയും,അഭിപ്രായത്തേയും ബഹുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും കുറച്ചു കവിതയെഴുതി, മലയാള ഭാഷയുടെ കൈത്തോടില്‍ ചെറിയൊരു ഒഴുക്കുണ്ടാക്കാന്‍ ശ്രമിച്ച ചുള്ളിക്കാടിന്
ഇല്ലാതെവരുമോ ?
മനോരമയുടെ സിന്‍ഡിക്കേറ്റിനെ വിമര്ശിക്കാനെന്ന പേരിലാണെങ്കിലും അവരേക്കാള്‍ സിന്‍ഡിക്കേറ്റ്
സ്വഭാവത്തോടെ ചുള്ളിക്കാട് ഇങ്ങനെയല്ല പറയേണ്ടിയിരുന്നത് എന്ന് പറഞ്ഞ് അയാളുടെ വ്യക്തിപരമായ സൌകര്യാസൌകര്യങ്ങളിലേക്ക്
അതിക്രമിച്ചു കടക്കുകയാണല്ലോ നിങ്ങള്‍ ?
മനോരമ പച്ചക്കറികൊണ്ട് ഇറച്ചിക്കറിവച്ചു :)
കുശിനിപ്പണിയില്‍ മസാലയുടെ സ്വാധീനത്തെക്കുറിച്ച്
അറിയാതെ പച്ചക്കറിയെ ദൂഷണം പറയണോ ?
ചര്‍ച്ച നടക്കട്ടെ !!!
മറുപടി കമന്റുകളില്ല. ആശംസകള്‍ !!!
ഇവിടെ ഞാന്‍ കമന്റിയത് മനോരമയുടെ വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനത്തിനെതിരെ
ആണ് ചുള്ളികാടിന്റെ പ്രതികരണത്തോട് അല്ല. ഈ പോസ്റ്റിനോട് അദ്ദേഹം പ്രതികരിച്ചതുകണ്ട് ദുഖിക്കുന്നു.പക്ഷേ അദ്ദേഹത്തെ
മനോരമ തെട്ടിദ്ദരിപ്പിച്ചു അവര്‍ക്കാവശ്യമുള്ള ഉത്തരം നേടിയെടുത്തു ആ പരിപാടിയുടെ പരസ്യത്തിനു പോലും ഉപയോകിച്ചു എന്നുള്ളതുകൊണ്ട് മാധ്യമ വിമര്‍ശനം ആവശ്യമാണ്.ഇംഗ്ലീഷ് മീഡിയത്തോടും മലയാള മീഡിയത്തോടും ഓരോരുത്തര്‍ക്കും പല കാഴ്ച്ച്യപാടുകള് ആണ്. അത് തികച്ചും വ്യക്തിപരമാണ്. ഞാന്‍ എന്റെ പിതാവിനോട് എന്താ എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാഞ്ഞത് എന്ന് ചോദിച്ചാല്‍ വലിയ ഒരു ചിരി ആയിരുന്നേനെ മറുപടി,അന്നത്തെ
സാമ്പത്തിക ചുറ്റുപാടില്‍ മലയാളം മീഡിയം തന്നെ വലിയ കാര്യം. അതില്‍ എന്റെ പിതാവിന് കുറ്റബോധം ഒന്നും തോന്നേണ്ട കാര്യം ഇല്ല. നമ്മുടെ മക്കളുടെ പഠിപ്പില്‍ നമ്മുടെ ആദര്‍ശവും കാഴ്ച്ചപാടുകളും പ്രതിഫലിക്കും. മനോരമ വിഷയത്തില്‍ നിന്നും പുറത്തു വന്നു ചിന്തിച്ചാല്‍ ചുള്ളികാട് സാര്‍ ഉയര്‍ത്തിയ വിഷയം പ്രസക്തമാണ്. പിന്നെ എന്റെ നാട്ടില്‍ ആദര്‍ശം പറഞ്ഞ് പ്രസംഗിച്ചു നടന്നിരുന്ന മുന്‍ തലമുറക്കാര്‍ അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തി പൊതു വിദ്യാഭ്യാസത്തോട് നീതി പുലര്‍ത്തി, എല്ലാവര്ക്കും വിപ്ലവകാരികള്‍ ആവാന്‍ കഴിയില്ലല്ലോ.സമൂഹത്തിന്റെ നന്മ മലയാളത്തിന്റെ ഭാവി എന്ന് പറഞ്ഞ് വിലപിക്കാം അത്ര തന്നെ.
ഷാജി ഖത്തര്‍.
ചിത്രകാരന്,
ചുള്ളിക്കാടിനെപ്പോലുള്ളവരെപ്പോലും മനോരമ തങ്ങളുടെ രാഷ്ട്രീയത്തിന്റെ ചട്ടുകമാക്കുന്നു എന്നാണ് ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞത്. പീപ്പിള്‍ റ്റി വി യില്‍ ചുള്ളിക്കാട്തന്നെ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാണത്. പക്ഷെ മനോരമ അഭിമുഖത്തില്‍ ഒരു അപാകതയും കാണാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല എന്ന് അദ്ദേഹത്തിന്റെ കമന്റുകളിലൂടെ വ്യക്തമായപ്പോള്‍ അതിനും മറുപടിയെഴുതി എന്നുമാത്രം. പോസ്റ്റിലും കമന്റുകളിലും ഈ കാര്യം ഒന്നിലധികം തവണ ഞാന്‍ തന്നെ എഴുതി. റനീസും ഈ കാര്യം എഴുതുകയുണ്ടായി. എന്നിട്ടും ദൂഷണം എന്നവാക്ക് ആവര്‍ത്തിക്കപ്പെടുന്നതില്‍ ഖേദമുണ്ട്.
ആത്മന്റെ കമന്റിനും ലിങ്കിനും നന്ദി. ഇംഗ്ലീഷ്/മലയാളം മീഡിയം തര്ക്കമായതു കൊണ്ട് കുഴപ്പമില്ല. “എനിക്ക് പഠിക്കുകയേ വേണ്ടായിരുന്നു, അച്ഛനെന്നെ വെറുതെ പഠിപ്പിച്ച് നശിപ്പിച്ചു“ എന്ന് ഭാവിയില്‍ ഒരു മകന് പറഞ്ഞാല്‍, അത് വിദ്യാഭ്യാസത്തിനെതിരായി സംസാരിക്കാനുള്ള കാരണമാകുമോ? :) ആരെങ്കിലും അതിനെ വിദ്യാഭ്യാസത്തിനെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ നാം അതിനെ ശരി വെക്കേണ്ടതുണ്ടോ?
"എന്റെ തൊട്ട വീട്ടിലെ സെബാസ്റ്റ്യന്‍ ഇടപ്പള്ളിയില്‍ സി. ഐ. ടി. യു വിന്റെ കാര്‍ഡുള്ള ചുമട്ടു തൊഴിലാളിയാണ്.അയാള്‍ മക്കളെ സ്വകാര്യസ്ഥാപനത്തില്‍ സി. ബി. എസ്. ഇ. സിലബസ്സില്‍ ഇംഗ്ലീഷ് മീഡിയത്തിലാണു പഠിപ്പിക്കുന്നത്.ഞാനും അതുപോലെ ചെയ്തിരുന്നെങ്കില്‍ ഇന്നു താങ്കളെപ്പോലുള്ളവരുടെ പരദൂഷണത്തിന് ഇരയാവില്ലായിരുന്നു.എന്റെ മകന്റെ കുറ്റപ്പെടുത്തലിനു മുന്പില് ജീവിതകാലം മുഴുവന്‍ തലകുനിക്കേണ്ടിവരികയും ഇല്ലായിരുന്നു..."
ചുള്ളിക്കാടിന്റെ കൂറ്റസമ്മതം ...ഹാ ഹാ രസകരം തന്നെ....മലയാള ഭാഷയ്കുവേണ്ടി കൈ പൊക്കുവാന്‍ മലയാള സാഹിത്ത്യകാര്‍ കൂടി തയ്യാറല്ല..
ശ്രീ. ചുള്ളിക്കാട് ഇത് വായിയ്ക്കുന്നുവെങ്കില് മറുപടിയ്ക്കായി ഞാന്‍ മുന്‍പ് പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു,
"സന്ദര്‍ഭവും ഇത്തരം പരസ്യങ്ങളുമെല്ലാം ഇവിടെ അതിന് നല്കുന്ന അര്‍ത്ഥം നോക്കേണ്ടതാണ്. അത് ജീവി ചാനലിനെതിരായി ഉന്നയിയ്ക്കുന്ന വാദങ്ങളെ ശരി വയ്ക്കുന്നു. മലയാളത്തിലെ പ്രശസ്ത കവി മലയാളത്തിനെതിരെ എന്ന മട്ടാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. താങ്കള്‍ മലയാളത്തിന് എതിരല്ല എന്ന് എനിയ്ക്കറിയാം. എന്നാല്‍ ഈ പരിപാടി കാണുന്ന, ഈ പരസ്യം കാണുന്ന, ഒരു ഭൂരിപക്ഷം അതല്ല കരുതുക. അവര്‍ പറയും, " നോക്ക് ചുള്ളിക്കാട് പോലും മോനെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ടാ മതിയായിരുന്നു എന്നാ പറയണത്." ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനമല്ല പ്രധാനം മറിച്ച് ഇംഗ്ലീഷ് പഠിയ്ക്കുകയാണ് വേണ്ടത് എന്ന് ഞാന്‍ കരുതുന്നു."
കുമാര്‍ പറഞ്ഞത് സംസാരിയ്ക്കുന്ന തെളിവായി,
"ചുള്ളിക്കാടിന്റെ കൂറ്റസമ്മതം ...ഹാ ഹാ രസകരം തന്നെ....മലയാള ഭാഷയ്കുവേണ്ടി കൈ പൊക്കുവാന്‍ മലയാള സാഹിത്ത്യകാര്‍ കൂടി തയ്യാറല്ല.."
ഓഫ് ടോക്ക്,
ജനശക്തി ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. (മറ്റെല്ലാരോടും കൂടിയാണ്...)
OMR,
സാംസ്കാരിക നായകര്‍ എല്ലായ്പ്പോഴും നമ്മളോരുത്തരും അനീതി എന്ന് കരുതുന്നതിനെയെല്ലാം നിരന്തരം എതിര്ത്തുകൊള്ളണം എന്നതിനോട് യോജിപ്പില്ല. അതിന്റെ പേരില്‍ അവരെ തെറിവിളിക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട് താനും. താങ്കളുടെ എതിര്‍പ്പ് എന്നോടൊപ്പം ഇവിടെ പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.
ചര്‍ച്ച ശ്രദ്ധിച്ചു. ഈ ചര്‍ച്ചയുടെ സ്വഭാവത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്തിനാണ് ഈ പോസ്റ്റ്, മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ് എന്നു പറയുന്നു. പക്ഷേ ഫലത്തില്‍ ഈ വിഷയം ഏതുതരത്തിലാണ് ചര്‍ച്ചയില്‍ ഇടം നേടുന്നത്? മനോരമയുടെ പൊളിറ്റിക്സിനെ കുറിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. അവര്‍ പോലും അതു നിഷേധിക്കില്ല. അതേ സമയം ഇവിടെ മറ്റേതു വിഷയത്തിലുമുള്ള മലയാളിയുടെ കാല്പനിക സങ്കല്പം സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു. ഇവിടെ ചര്‍ച്ചയില്‍ ചരിത്രപരമായി തുടര്‍ന്നു പോരുന്ന ചില മുന്ബോധങ്ങളെ ഉറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. (ബോധപൂര്‍വ്വമല്ലെങ്കിലും) ഇടതുപക്ഷം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ സമര്‍ത്ഥമായി മറച്ചുവെക്കാനേ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സാധിക്കൂ. ഇടതുപക്ഷത്തോടുള്ള ക്ലാസിക്കല്‍, റൊമാന്റിക് സമീപനമാണ് ഇവിടെ വന്ന കമന്റുകളില്‍ പലതിലും കാണാന്‍ കഴിയുന്നത്. (ജനശക്തി, ബിനോയ് എന്നിവ നോക്കുക)അതിനു വേണ്ടി മുതലാളത്തത്തിന്റെ പ്രതിനിധിയായി ഒരു അന്യത്തെ - മനോരമയെ - കല്പിപ്പിക്കുകയും അതിനെ തെറിവിളിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ആത്മന് ചേര്‍ത്ത ലിങ്ക് നോക്കുക. പുതിയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന മലയാള ഐക്യവേദിയെക്കുറിച്ചുള്ള വാര്‍ത്ത ഏതു മാധ്യമമാണ് ഏറ്റെടുക്കുന്നത് എന്ന് അതില്‍ നിന്നു മനസ്സിലാക്കാം. അങ്ങനെ നമ്മള് സൌകര്യാര്‍ത്ഥം മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്.
ചുള്ളിക്കാടിന്റെ അഭിപ്രായത്തെക്കുറിച്ച് - ഒരേ സമയം രണ്ടു ചിന്തയും അതിലുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മലയാളത്തില്‍ പഠിച്ചാലും ഇംഗ്ലീഷില്‍ പഠിച്ചാലും എത്തേണ്ടുന്ന സ്ഥാനം ഒന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നുണ്ടല്ലോ. "മലയാളത്തില്‍ പഠിച്ചതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഉന്നത സ്ഥാനത്ത് എത്തിയത്" എന്ന് വിചാരിക്കുന്ന ബോധം പണ്ടേയില്ലല്ലോ.
ഞാന്‍ മലയാളസാഹിത്യത്തില്‍ ഉന്നതവിദ്യാഭ്യാസം ചെയ്തൊരാളാണ്. ജോലികിട്ടുമോ എന്നൊരുറപ്പും ഇല്ല. അങ്ങനെയാണെങ്കിലും പഠിച്ചതിലൊട്ടും നിരാശ തോന്നിയിട്ടില്ല, അഭിമാനിക്കുന്നുമുണ്ട്.
സംശയലേശമെന്യേ സ്വീകരിക്കപ്പെട്ടുപോരുന്ന ഒരുപാടു മുന്ബോധങ്ങള് (മുന്ധാരണയല്ല) മലയാളിക്കുണ്ട്. അവ മാറേണ്ടവയാണ്.
ആദര്‍ശ്,
മാധ്യമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചല്ല ഈ പോസ്റ്റ്. മനോരമയുടെ രാഷ്ട്രീയം ഇന്നതാണ് എന്ന് പറയാനുമല്ല. തങ്ങളുടെ രാഷ്ട്രീയത്തിന്റെ പ്രചരണത്തിനായി എന്തെല്ലാം വൃത്തികെട്ട കളികള്‍ മനോരമ നടത്തുന്നു എന്നതാണ്. ചുള്ളിക്കാടിനെയും അദ്ദേഹത്തിന്റെ മകനെയും മാറ്റിനിര്‍ത്താം.പീപ്പിള്‍ റ്റി വിയിലെ അഭിമുഖത്തില്‍ പൊതുവിദ്യാലയത്തിലെ ഒരു വിജയകഥയാണ് നമ്മള് കേട്ടത്. അതേ കഥയെ എത്ര സമര്‍ത്ഥമായി ഒരു പരാജയമായി മനോരമ അവതരിപ്പിച്ചിരിക്കുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിനുപോലും അത് മനസ്സിലാവുന്നില്ല!
ചര്‍ച്ച താഴെപ്പറയുന്ന രണ്ട് ദിശകളില്‍ ഏതെങ്കിലുമൊന്നില്‍ മുന്നേറണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്.
1.പൊതുമേഖലക്കെതിരെ മൊത്തത്തില്‍ മനോരമയും വലതുമാദ്ധ്യമങ്ങളും നടത്തുന്ന അക്രമണങ്ങളെക്കുറിച്ച്. വമ്പന്‍ കമ്പനികള്‍ റീറ്റെയ്ല്‍ വ്യാപാരത്തിലെത്തിയാലുള്ള ഗുണഗണങ്ങളെക്കുറിച്ച് വാചാലമായിട്ടുള്ള മനോരമ ഏതാനും ആഴ്ചമുമ്പ് സപ്ലൈക്കോക്കെതിരെ നടത്തിയ കളി ഓര്‍ക്കുക.
2. പൊതു(സര്‍ക്കാര്‍-എയ്ഡഡ്)മലയാളം മീഡിയം വിദ്യാഭ്യാസം, ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, അന് എയ്ഡഡ് വിദ്യാഭ്യാസം ഇവയിലൊക്കെ പഠിച്ചിറങ്ങുന്നവര്‍ ഏതൊക്കെ തൊഴില്‍മേഖലകളില്‍ എത്രകണ്ട് ഉയരങ്ങളില്‍ എത്തുന്നു എന്നതിനെക്കുറിച്ച്.
ജനശക്തിയും ബിനോയിയും ആത്മനുമൊക്കെ എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. എതിരഭിപ്രായങ്ങളുമായി ആരും വരാത്തതുകൊണ്ടാണ് ചര്‍ച്ച കൂടുതല്‍ മുന്നോട്ട് പോകാതിരുന്നത്. ചുള്ളിക്കാട് മറുപടിയുമായി വന്നതുകൊണ്ടാണ് ഇത്രയെങ്കിലും ചര്‍ച്ച ഉണ്ടായതുതന്നെ.
പൊതുവിദ്യാഭ്യാസമേഖലയില്‍ ഇടതുപക്ഷം നടത്തുന്ന അക്രമങ്ങളെക്കുറിച്ച് എനിക്കറിയില്ല. അതിനെക്കുറിച്ച് താങ്കളൊരു പോസ്റ്റിട്ടാല്‍ അവിടെ ചര്‍ച്ച നടക്കുമായിരിക്കാം.
ആദര്‍ശ്,
"ഇടതുപക്ഷം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ സമര്‍ത്ഥമായി മറച്ചുവെക്കാനേ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സാധിക്കൂ."
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് വിശദമായി ഒന്ന് നോക്കുന്നത് നന്നായിരിയ്ക്കും. ഒപ്പം "കേരളത്തിലെ അണ് എയ്ഡഡ് സ്ക്കൂളുകളുടെ പരസ്യനോട്ടീസുകള്‍ - കൈപ്പള്ളിയുടെ സീരീസ്" എന്ന പേരില്‍ ജീവി നല്കിയ ലിങ്കുകളും നോക്കുക. ഇത്തരം ഇടങ്ങളിലേയ്ക്കാണ് 25 ശതമാനം കുട്ടികളെ കേന്ദ്രം സ്പോണ്സര് ചെയ്യാന്‍ പോകുന്നത്. നമ്മുടെ സമീപത്ത് തന്നെയുള്ള CBSC സ്കൂളുകളുടെ അധ്യാപകനിയമന മാനദണ്ഡങ്ങള്‍ അന്വേഷിച്ച് നോക്കണം.
പിന്നെ, വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകളില്‍ ഇടതുപക്ഷവും പൂര്‍ണ്ണ ശരിയെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അവര്‍ പൊതുമേഖലയെ തകര്‍ക്കാന്‍ ഇത്രകണ്ട് ശ്രമിയ്ക്കില്ലെന്ന് തോന്നുന്നു.
(ചര്‍ച്ച മാധ്യമവിമര്‍ശനം മാത്രമല്ലാതായ ശേഷമാണ് എന്റെ ഇടപെടല്‍. അത് കൊണ്ട് എന്റെ കമന്റുകളില്‍ അതിനെക്കാള്‍ മലയാളമാധ്യമപഠനത്തെ കൊണ്ടുവരാന്‍ ആണ് ശ്രമിച്ചത്.ചര്‍ച്ചയുടെ തുടര്‍ച്ച അത്തരത്തില്‍ ആകണമെന്ന് ആഗ്രഹിയ്ക്കുന്നു.)
http://malayaalavedi1.blogspot.com/2009/04/blog-post_08.html
http://www.malayaalavedi.blogspot.com/
നോക്കുക
ശ്രീ ചുള്ളിക്കാട് പറയുന്നതില്‍,മുമ്പേ എടുത്ത നിലപാടുമായി വൈരുധ്യമുണ്ടാകാം,അദ്ദേഹത്തെ കുറ്റപ്പെടുത്താം.എങ്കിലും ഹിപ്പോക്രസി ഇല്ലാത്ത നിലപാടാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ അന്നത്തെ തീവ്രരാഷ്ട്രീയ സമശീര്ഷരു ടെ ഇന്നത്തെ അവസ്ഥ നമുക്കറിയാം. അജിത,വേണു,ഫിലിപ് പ്രസാദ്...കാപട്യം കുറഞ്ഞ നാട്യം കുറച്ചു കുറെയൊക്കെ സത്യമായി അഭിപ്രായം പറഞ്ഞു അദ്ദേഹം.
ഇവിടെ ചോദ്യം അതല്ല. എത്ര സമര്‍ഥമായി ഏറ്റവും വലിയ ജനവിരുദ്ധത ഉള്ളില്‍ ഒതുക്കുമ്പോഴും ജനപ്രീയത നടിക്കാനും അത് ജനങ്ങളില്‍ നല്ലൊരളവ് വരെ പ്രക്ഷേപിക്കാനും ഈ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നു എന്നതിന് ഉദാഹരണമാണ് "ഇടതുപക്ഷം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ.."
എന്ന രീതിയില്‍ പൊലിപ്പിക്കുന്നത്.നോക്കൂ, സ്വാശ്രയ നിയമം യു.ഡി എഫ് പോലും അങ്ഗീകരിച്ചാണ് നിയമസഭ പാസാക്കിയത്.എന്നാല്‍ ആ ദിവസങ്ങളില്‍ തന്നെ സാധാരണകാരനെ സഹായിക്കാന്‍ ഉദ്ധേശിച്ച ആ ബില്ലിനോടു എങ്ങനെ ആണ് മനോരമ മാതൃഭൂമി അടക്കം പെരുമാറിയത് എന്ന് നാം കണ്ടു.കോടതിയി അത് തോല്‍ക്കുമെന്ന പൊതുബോധം കടഞ്ഞെടുത്തും എതിരായ ഒരു പരാമര്‍ശം കോടതിയില്‍ നിന്ന് വരുമ്പോള്‍ ഒരുതരം നിഗൂഡമായ ആനന്ദം അവര്‍ അനുഭവിക്കുന്നതായി അന്നത്തെ പേജുകള്‍ വായിക്കുമ്പോള്‍ മനസ്സിലായി.(ജാതി നോക്കി പ്രേമിക്കണം എന്ന് കോടതി പറയുന്ന,ഈ കാലത്ത് സാക്ഷാല്‍ വൈകുണ്ടേശ്വരന് ആ ബില്ല് കൊണ്ടുവന്നാലും കോടതിയില്‍ തോക്കുമായിരുന്നു.അതാണ് ഇന്നത്തെ "കാലം"). മതമില്ലാത്ത ജീവന് നാടകങ്ങളും നാം കണ്ടു. നമ്മുടെ പോക്കറ്റിലെ ചില്ലി കാശ് കൊണ്ട് പടുത്തുയര്‍ത്തിയ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലാണ്. യു.ഡി.എഫ് കാലത്ത് 12 ആയിരുന്നു. അതായത് ജനത്തിന്റെ പോക്കറ്റടി കുറക്കാന്‍ വലിയ തോതില്‍ ഇത് സഹായിക്കും എന്നര്‍ത്ഥം.എന്നാല്‍ അതൊരു വാര്‍ത്തയല്ല. മറുവശത്ത്, ഇതാ ഇന്ന് വായിച്ചത് 35% റയില്‍വേ സ്വകാര്യവല്‍ക്കരണം വരാന്‍ പോകുന്നു. വൈദ്യുതമേഖല സ്വകാര്യവല്‍ക്കരിച്ചു ദല്‍ഹിയിലും ബോംബയിലും 12 മണിക്കൂര്‍ പവര്‍കട്ടാണ് ഇപ്പോള്‍. അങ്ങനെ ഒരുപാടു കാര്യങ്ങള്‍. എന്നിട്ടും പറയുന്നതോ.------- "ഇടതുപക്ഷം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ.."
സംഘടിതമായി സമ്മതം(consent) ഉല്പാദിപിച്ചു വില്‍ക്കുന്നതിന്റെ ഗുണമാണിത്
മകനെ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിപ്പിച്ച് പൊതുമേഖലയോടും മയാളത്തോടും നീതി ചെയ്ത ഒരാളാണു ചുള്ളിക്കാട്.അതിനെക്കുറിച്ച് ഒരു നല്ലവാക്കുപോലും ആർക്കും പറയാനില്ല.
പൊതുമേഖലയ്ക്കും മലയാളത്തിനും വേണ്ടി നിലകൊള്ളുന്നു എന്നു ഭാവിക്കുകയും മക്കളെ സ്വകാര്യസ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുകയും ചെയ്യുന്ന കൈരളി.ടി.വി.ഡയറക്ടർബോർഡ് അംഗങ്ങളെക്കുറിച്ചും ഇടതുപക്ഷ നേതാക്കളെക്കുറിച്ചും മലയാളം അദ്ധ്യാപകരെക്കുറിച്ചും ആർക്കും ഒരു വിമർശനവുമില്ല.
മലയാളിക്കുട്ടികൾ മലയാളഭാഷ പഠിക്കേണ്ടത് തീർച്ചയായും ആവശ്യം തന്നെ.പക്ഷെ ശാസ്ത്ര വിഷയങ്ങളും മാനവികവിഷയങ്ങളുമൊക്കെ മലയാളഭാഷയിൽ പഠിച്ചിട്ട് എവിടെപ്പോകാനാണ്? എന്തുകിട്ടാനാണ്? ആ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിന് ആവശമായതും ആധികാരികവും അന്താരാഷ്ട്ര നിലവാരമുള്ളതും ആയ ഒരു പുസ്തകം പോലും
മലയാളഭാഷയിലില്ല.
(കൈരളി.ടി.വിക്കാരുടെ കാപട്യം നിറഞ്ഞപ്രച്ഛന്ന മുതലാളിത്തത്തേക്കാൾ എത്രയോ ഭേദമാണ് മലയാളമനോരമയുടെ സത്യസന്ധമായ തുറന്ന മുതലാളിത്തം.)
മി. ചുള്ളിക്കാട്, അച്ചുതാനന്ദനെപ്പോലെ, പിണറായിയെപ്പോലെ, ഇടതു നേതാക്കളെപ്പോലെ, കൈരളി ഡയറക്ടർബോർഡ് അംഗങ്ങളെപ്പോലെ താങ്കളും സ്വന്തംജീവിതത്തിലെ മുതലാളിത്തം ഒളിച്ചുവെച്ച് സോഷ്യലിസവും മലയാളപ്രേമവും പ്രസംഗിക്കൂ. പുരോഗാമികളാരും താങ്കളെ വിമർശിക്കാൻ വരില്ല.
നരിമാന്,
താങ്കള്‍ ചര്‍ച്ച മുഴുവന്‍ വായിച്ചില്ല എന്നു തോനുന്നു. ഇവിടെയാരും ചുള്ളിക്കാടിനെ കുറ്റപ്പെടുത്തിയിട്ടില്ല. മനോരമയുടെ നിലപാടില്‍ തെറ്റൊന്നും കാണാന്‍ ചൂള്ളിക്കാടിനു കഴിയുന്നില്ലെന്ന് അദ്ദേഹത്തിന്റെ കമന്റിലൂടെ വ്യക്തമായപ്പോള്‍ മറുപടിയിട്ടു എന്നുമാത്രം. ഇതുഞാന്‍ ഒന്നിലധികം തവണ ഇവിടെ എഴുതിക്കഴിഞ്ഞു.
മനോരമ മുതലാളിത്തം പ്രചരിപ്പിക്കാന്‍ ഇറങ്ങിയവരാണെങ്കില്‍ അവര്ക്കതുചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് അങ്ങനെതന്നെ പറയണം. സ്വതന്ത്ര നിഷ്പക്ഷ മാദ്ധ്യമം എന്ന അവകാശം ഉപേക്ഷിക്കണം. പിന്നെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ സത്യസന്ധത കാണിക്കണം. സത്യം മുഴുവന്‍ പറയാതെ /പറയിപ്പിക്കാതെയല്ല തങ്ങളുടെ രാഷ്ട്രീയത്തിന് ആളെക്കൂട്ടേണ്ടത്.
പൊതുവിദ്യാഭ്യാസത്തെയും പൊതുമേഖലെയെയും ശക്തിപ്പെടുത്താന്‍ ഇടതുപക്ഷം പരിശ്രമിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എനിക്കതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള ഒരു കാരണവും ഇതാണ്. കൈരളി ഡയരക്റ്റര് ബോഡഗം മക്കളെ സ്വകാര്യവിദ്യാലയങ്ങളില്വിട്ടു പഠിപ്പിക്കുന്നു, സി ഐ റ്റി യു നേതാവ് റിലയന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നു ആദിയായവക്കപ്പുറം കാമ്പുള്ള എതിര്‍വാദങ്ങളുമായി താങ്കളെത്തിയാല്‍ സന്തോഷം.
മലയാളം മീഡിയത്തില്‍ പഠിച്ച ആരും ശസ്ത്രവിഷയങ്ങളില് ഉന്നത നിലയിലെത്തിയിട്ടില്ല ഇതുവരെ. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതുകൊണ്ടുമാത്രം ആ നിലയിലെത്തിയവര്‍ ധാരാളമൂണ്ട്. മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ക്ക് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ടാണ്. ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുടെ നോട്ടീസുകള്‍ വായിച്ച് ഏതാണ് കൂടുതല്‍ നല്ലത് എന്നറിയാതെ ബുദ്ധിമുട്ടുകയാണ് പാവം രക്ഷിതാക്കള്‍.
ഏതു വിഷയത്തിലും കേരളത്തിലെ സർവ്വകലാശാലകളിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ് ആണ്.cultural theory യും social theory മലയാളം എം.എ.യുടെ സിലബസ്സിന്റെ ഭാഗമായത് അറിഞ്ഞില്ലെ?ആ വിഷയങ്ങളിലെ ആധികാരികഗ്രന്ഥങ്ങളെല്ലാം ഇംഗ്ലീഷിലാണ്. അതായത് ഇനിമേൽ മലയാളം എം.ഏ. പരീക്ഷയിൽ തിയറി ചേദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നെഴുതണമെങ്കിൽപ്പോലും ഇംഗ്ലീഷ് ഭാഷയിൽ സാമാന്യത്തിലും കവിഞ്ഞ പരിശീലനം വേണം.
പൊതുമേഖലയ്ക്കുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷനേതാക്കൾ മക്കളെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കാം.
(വലിയ മീൻ വരുമ്പോൾ കൊക്ക് കണ്ണടയ്ക്കും.)മകനെ സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പ്ഠിപ്പിച്ച ചുള്ളിക്കാട്,താനും ഇടതുപക്ഷനേതാക്കളുടെ പാത പിന്തുടർന്നു മകനെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിച്ചാൽ മതിയായിരുന്നു എന്നുപറഞ്ഞതാണു മഹാപരാധം!കൊള്ളാം!!
നരിമാന്,
ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസ്സിലാകുന്നില്ല. ശരി. എന്നാല്‍ താങ്കളെന്താണ് പറയുന്നത് എന്നകാര്യത്തിലും വലീയ നിശ്ചയമില്ലല്ലോ താങ്കള്‍ക്ക്!
മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ക്ക് ശാസ്ത്രവിഷയങ്ങള്‍ ഉന്നതനിലയില്‍ പഠിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ താങ്കള്‍ ഇപ്പോള്‍ പറയുന്നു കേരളത്തിലെ സര്‍വകലാശാലകളില്‍ ഏതുവിഷയവും പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണെന്ന്. എന്ന് വെച്ചാല്‍ ഇക്കാലമത്രയും മലയാളം മീഡിയത്തില്‍ സ്ക്കൂളില്‍ പഠിച്ചവര്‍ പിന്നീട് സര്‍വകലാശാലകളിലെത്തി പലവിധങ്ങളായ വിഷയങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു എന്നല്ലേ. അവരില്‍ പലരും തങ്ങളുടെ മേഖലകളില്‍ വലീയ ഉയരങ്ങളിലെത്തി എന്നത് വസ്തുത. ചുള്ളിക്കാടിന്റെ മകന് അത്തരത്തില്‍ ഒരു വിജയഗാഥ രചിക്കാന്‍ കെല്പ്പുള്ളവന് എന്നാണ് ക്വസ്റ്റ്യന്‍ റ്റൈമിലെ അഭിമുഖത്തിലൂടെ ഞാന്‍ മനസ്സിലാക്കിയത്. മനോരമയില്‍ പക്ഷെ അതേ മകന് ഒരു പരാജിതന്റെ പ്രതിച്ഛായ നല്കപ്പെടുന്നു. കുറ്റം മലയാളം മീഡിയം വിദ്യാഭ്യാസത്തിനും.
മലയാളത്തില്‍ എം എ നേടണമെങ്കില്‍ ഇംഗ്ലീഷിലുള്ള ഗഹനമായ പുസ്തകങ്ങള്‍ പഠിക്കണമെന്നത് എനിക്ക് പുതിയ അറിവാണ്. സന്തോഷകരമായ അറിവ്. മലയാളം പഠിക്കുന്നവരും മലയാളം മീഡിയത്തില്‍ പഠിക്കുന്നവരും ഇംഗ്ലീഷ് എന്ന മഹത്തായ ഭാഷയുടെ സാധ്യതകളും ശക്തിയും സൌന്ദര്യവും അറിഞ്ഞും അനുഭവിച്ചും വളരട്ടെ.
നരിമാന്,
"ശാസ്ത്രം ഉള്‍പ്പെടെ സര്‍വവിഷയങ്ങളും മാതൃഭാഷയിലാണ് പഠിയ്ക്കേണ്ടത്" എന്ന അഭിപ്രായം ഐ.എസ്.ആര്.ഓ. മുന്‍ ചെയര്മാന് ജി.മാധവന്നായരുടേതാണ്.
"ശരിയായ രീതിയിലുള്ള പഠനത്തിന് ഒരു വിദേശഭാഷയ്ക്ക് ഉചിതമായ മാധ്യമം ആകാന്‍ കഴിയില്ല" എന്ന് പറഞ്ഞത് രവീന്ദ്രനാഥടാഗൂര്‍ ആണ്.
പിന്നെ, എം.എ.മലയാളപഠനത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉപയോഗിയ്ക്കേണ്ടി വരുന്നു എന്നുള്ളത്, പല വിഷയങ്ങള്‍ക്കും ഇത്തരം ആവശ്യങ്ങള്‍ വരുന്നുണ്ട്. മലയാളം ക്ലാസ്സുകള്‍ പല വിഷയങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിയ്ക്കുന്നുണ്ട്. വ്യാകരണ ഭാഷാശാസ്ത്ര പഠനങ്ങളിലും ഇത് സംഭവിയ്ക്കുന്നുണ്ട്. ഇതും ശാസ്ത്രവിഷയങ്ങള്‍ അടക്കമുള്ളവ മാതൃഭാഷയില്‍ അല്ലാതെ പഠിയ്ക്കുന്നതും ഒന്നായി കാണുന്നത് നിര്‍ഭാഗ്യകരമാണ്.
ജീവിയുടെ, "മലയാളത്തില്‍ എം എ നേടണമെങ്കില്‍ ഇംഗ്ലീഷിലുള്ള ഗഹനമായ പുസ്തകങ്ങള്‍ പഠിക്കണമെന്നത് എനിക്ക് പുതിയ അറിവാണ്. സന്തോഷകരമായ അറിവ്. മലയാളം പഠിക്കുന്നവരും മലയാളം മീഡിയത്തില്‍ പഠിക്കുന്നവരും ഇംഗ്ലീഷ് എന്ന മഹത്തായ ഭാഷയുടെ സാധ്യതകളും ശക്തിയും സൌന്ദര്യവും അറിഞ്ഞും അനുഭവിച്ചും വളരട്ടെ." ഈ മറുപടി വളരെ ശരിയാണ്...
ഇംഗ്ലീഷില്‍ ഗഹനമായ പുസ്തകങ്ങള്‍ വായിയ്ക്കുകയാണ് ചെയ്യാന്‍ കഴിയുന്നവര്‍ ചെയ്യുക. അതിന്റെ വിശകലനവും പഠനവും മലയാളത്തില്‍ തന്നെ എന്നത് നരിമാന് മനസ്സിലാക്കുക. ചുരുക്കത്തില്‍ ഇംഗ്ലീഷിനെ അറിവ് സ്വീകരിയ്ക്കുന്നതിനായി ആശ്രയിക്കുന്നതിലോ, ഇംഗ്ലീഷ് ഭാഷയില്‍ അറിവ് ഉണ്ടാകുന്നതിലോ ആര്‍ക്കും എതിര്‍പ്പില്ല.
വെറുതെയല്ല ഇത്തരം ‘ബുദ്ധിജീവി’കളുടെ വാക്കുകൾക്ക് മലയാളികൾ പുല്ലുവിലപോലും കല്പിക്കാത്തതും,മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നതും.
Post a Comment