Friday, August 21, 2009

ആസിയാന്‍ കരാറും ഉപഭോക്താക്കളും

'ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കും. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ വില ലഭിക്കും’

ഈ വാദം നമ്മള്‍ കേട്ടത് എപ്പോഴാണെന്ന് മറന്നിട്ടില്ലല്ലോ. ചില്ലറ വ്യാപാര മേഖല ബഹുരാഷ്ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത സന്ദര്‍ഭത്തില്‍. ആരാ ഈ വാദങ്ങള്‍ ഉയര്‍ത്തിയത്- നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ സാമ്പത്തിക വിദഗ്ധരും വലത് രാഷ്ട്രീയക്കാരും. അവരുടെ നായകസ്ഥാനത്ത് പതിവുപോലെ മന്മോഹനും ചിദംബരവും.

മറുപടിയായി എതിര്‍ക്കുന്നവര്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു-‘തുടക്കത്തില്‍ അങ്ങനെയൊക്കെയായിരിക്കും. കാലക്രമേണ എല്ലാ നിയന്ത്രണങ്ങളും ഈ ബഹുരാഷ്ട്രകമ്പനികളുടെ കയ്യിലാവും. ഉപഭോക്താക്കളും കര്‍ഷകരടക്കമുള്ള ഉല്പാദകരും ഇവരുടെ ചൊല്‍പ്പടിക്കാവും’.

എന്നിട്ടെന്താ കണ്ട കാഴ്ച? കാലം ഒട്ടും കഴിയേണ്ടിവന്നില്ല. തുടക്കം മുതല്‍തന്നെ കാര്യങ്ങള്‍ ഈ വമ്പന്മാരുടെ വരുതിയിലായി. ഉപഭോക്താവിന് വില കുറച്ചും കിട്ടിയില്ല, കര്‍ഷകന് വില കൂടുതലും കിട്ടിയില്ല. അരിയും ഗോതമ്പുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മുടെ പ്രധാനപ്രശ്നമാണ്. കാരണം മാത്രം കണ്ടെത്താനായിട്ടില്ല. ഇടതു പിന്തുണ നഷ്ടപ്പെട്ട് കഴിഞ്ഞ UPA സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ വേളയില്‍ ചിദംബരത്തിന്റെ പാര്‍ലമെന്റിലെ മറുപടി പ്രസംഗത്തില്‍ കേട്ടത് അരിക്കും ഗോതമ്പിനുമൊക്കെ റിക്കോഡ് ഉല്പാദനമുണ്ടായെന്നാണ്. ഈ വര്‍ഷം അതിനെയും മറികടന്ന് ഉല്പാദാനത്തില്‍ പുതിയ റെക്കോഡ് ഉണ്ടായെന്ന് ശര്‍ദ് പവാറിന്റെ പ്രസ്താവന ഇന്ന് വന്നിരിക്കുന്നു. ഇന്ത്യാക്കാരന്റെ ഉപഭോഗം കൂടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസം മുമ്പ് വരെ ഉയര്‍ന്ന നാണയപ്പെരുപ്പം കാരണമായി കേട്ടിരുന്നു.

ഇപ്പോഴോ - നാണ്യശോഷണം, സാമ്പത്തികമാന്ദ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വില കുറയേണ്ടതാണ്, സാമ്പത്തിക ശാസ്ത്രപ്രകാരം. എന്തു വിശദീകരണം നടത്താനുണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക്. ഓ, അദ്ദേഹം ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ. അദ്ദേഹത്തെ അങ്ങ് വിശ്വാസത്തിലെടുത്തേക്കണം. നമ്മളുടടുത്ത് വിശദീകരിക്കലും ചര്‍ച്ചചെയ്യലുമൊന്നും അദ്ദേഹത്തിന്റെ പണിയല്ല. അതൊക്കെ അദ്ദേഹം അമേരിക്കയുമൊത്ത് അല്ലെങ്കില്‍ മുതലാളിമാരുമൊത്ത് മാത്രമെ ചെയ്യാറുള്ളൂ.

ഈ കുറിപ്പിന്റെ ആദ്യവാചകത്തിലേക്ക് തിരിച്ചുവരാം- ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമാവും. ഇത് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ആസിയാന്‍ കരാറാണു വിഷയം.

തുലോം കുറവായ വ്യാപാരികളെയല്ല, ഉപഭോക്താക്കള്‍ എന്ന സാധാരണജനത്തിനാണ് പരിഗണന നല്‍കേണ്ടത് എന്ന് അന്ന് പറഞ്ഞുകേട്ടു. അതേ വാദം ഇപ്പോഴും. ഏതാനും കര്‍ഷകരെയല്ല, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ സാധാരണജനം കര്‍ഷകരല്ല. വിദേശത്ത് ജോലിചെയ്യുന്നവരുടെ കുടുംബങ്ങളാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അവരുടെ ക്ഷേമമാണ് മുഖ്യം.

ചെറുകിട വ്യാപാരികള്‍ മത്സരക്ഷമമായാല്‍ ബഹുരാഷ്ട്രകുത്തകകളെ പേടിക്കേണ്ടതില്ല എന്ന ഉപദേശവും അന്ന് കേട്ടിരുന്നു. ആ ഉപദേശം ഇപ്പൊഴും. കര്‍ഷകര്‍ കോമ്പീറ്റന്റ് ആകണം.

അന്ന് ചെറുകിട വ്യാപാരികളെ കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ അധിക്ഷേപിക്കാനുള്ള സമാനപദങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമായിരിക്കാം.

ഇനി വമ്പന്‍ വ്യാപാരികള്‍ക്ക് ഉല്പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഇറക്കുമതി ചെയ്യാം. അതുകൊണ്ട് അവയൊക്കെ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുമോ? ഇല്ല. ആ ചിന്തയേ മാറ്റി വെച്ചേര്. വില കുറക്കാനല്ല, മാനം മുട്ടെ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു!! അതാണ് വരള്‍ച്ച!!! വരള്‍ച്ചയുണ്ട് ശരി. പക്ഷെ അതിന് ഇത്ര മുഴം മുമ്പെ ഇത്ര ശക്തിയായി എറിയണോ?- പ്രധാനമന്ത്രിയുടെ പ്രസ്താവന, കൃഷി മന്ത്രിയുടെ പ്രസ്താവന, കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഉഗ്രന്‍ നിര്‍ദ്ദേശങ്ങള്‍. എന്റമ്മേ!!!

മുമ്പ് നമ്മുടെ നാട്ടില്‍ കൃത്രിമ വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ചിരുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തുള്ളതന്നെയുള്ള മൊത്തം/ചില്ലറ വില്പനക്കാരായിരുന്നു. അവര്‍ക്ക് സാമൂഹ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു. അവരുടെ ശേഷി പരിമിതമായിരുന്നു. രാഷ്ട്രീയ സ്വാധീനം പ്രാദേശികതലത്തില്‍ മാത്രമായിരുന്നു. അവരെ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടായിരുന്നു. ഇന്ന് നമ്മുടെ പട്ടണത്തില്‍ അരിയും പച്ചക്കറിയും മീനും വില്‍ക്കുന്നത് നമ്മള്‍ വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന അംബാനിമാരാണ്. അവര്‍ക്ക് ശതകോടികളുടെ ആസ്തിയുണ്ട്. ഏത് പാതിരാത്രിയിലും പ്രധാനമന്ത്രിയുടെ വരെ വീട്ടിലേക്ക് നടന്നുകയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരെ നിയന്ത്രിക്കാമായിരുന്ന നിയമങ്ങള്‍ എടുത്തുകളയപ്പെട്ടിരിക്കുന്നു.

അല്ലയോ ഉപഭോക്താവേ, ആസിയാന്‍ കരാറുകൊണ്ടൊന്നും നിങ്ങള്‍ക്കൊരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍ക്കാലം നിങ്ങള്‍ക്ക് സംഘടിക്കാനാവുമാവില്ല. തെളിഞ്ഞ ബുദ്ധിയുമായി അടുത്ത തലമുറ ഉപഭോക്താവ് വരും. അവര്‍ക്ക് അണിചേരാന്‍ സംഘടന ഇന്നലെത്തന്നെ ഇവിടെയുണ്ട്. ഇന്നുമുണ്ട്, നാളെയുമുണ്ടാവും. ഈ കരാറുകളെ, നയങ്ങളെ, അതിന്റെ വക്താക്കളെ എല്ലാം അവര്‍ ചവറ്റുകുട്ടയില്‍ തള്ളും.

Related Posts
ഉപഭോക്താവിനെ വഞ്ചിക്കുന്നത് ആര്? by Manoj
ഉപഭോക്താക്കള്‍ സംഘടിക്കണം by K P സുകുമാരന്‍
കുമാരേട്ടാ...എന്റെ കുമാരേട്ടാ by മരത്തലയന്‍

7 comments:

ജനശക്തി said...

നന്നായി പറഞ്ഞിരിക്കുന്നു.

Manoj മനോജ് said...

ഈ കരാര്‍ കൊണ്ടും ഭീമന്മാര്‍ക്കല്ലാതെ ആര്‍ക്കാണ് ലാഭം കിട്ടുക? ഉപഭോക്താക്കള്‍ ഭരണതലവന്മാരില്‍ വിശ്വാസവും അര്‍പ്പിച്ചിരുന്നാല്‍ മതി.

2003ല്‍ വാജ്പെയി ആസിയാന്‍-ഇന്ത്യ കരാറിന്റെ ഫ്രെയിം വര്‍ക്കില്‍ ഒപ്പിടുമ്പോള്‍ 1500ഓളം സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇന്ന് മന്മോഹന്റെ മന്ത്രി പഴയ ഫ്രെയിം വര്‍ക്കിന്റെ കൂടെയുള്ള ട്രേഡ് ഇന്‍ ഗുഡ്സില്‍ (ടിഗ്) ഒപ്പിടുമ്പോള്‍ വെറൂം 489 സാധനങ്ങള്‍ മാത്രമേയുള്ളൂ. 10 ആസിയന്‍ രാജ്യങ്ങള്‍ക്കും കൂടി 4890 നെഗറ്റീവ് സാധനങ്ങള്‍ ഓരോ രാജ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് 50 ഓളം സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ വ്യത്യാസം ഉണ്ടാകുമത്രേ!!!! നെഗറ്റീവ് ലിസ്റ്റിലുണ്ടായിരുന്ന കാപ്പി, തേയില, പാം ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ “സെന്‍സിറ്റിവ്” പട്ടികയിലാണ്. ഇവയ്ക്കെല്ലാം 10 കൊല്ലത്തിനുള്ളില്‍ തീരുവ 35% ആക്കി മാറ്റും എന്ന് കരാറീല്‍ സമ്മതിക്കുന്നു! ആസിയന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ധത്തിന് ഇന്ത്യ തല കുനിച്ചത് സര്‍വീസ്, ഇന്വെസ്റ്റ്മെന്റ് മേഖലയിലെ അവസരം കണ്ടത് കൊണ്ടാണ്. പക്ഷേ അതില്‍ ലാഭം ലഭിക്കുക ആര്‍ക്കാണ്? ഇന്ത്യയിലെ ഉപഭോക്താവിനോ?

ആരോ എഴുതിയത് കണ്ടു ഇടത് ആണ് എതിര്‍ക്കുന്നുവെങ്കില്‍ ആ കരാറില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്ന്. ഇടത് താമസിച്ചാണ് എതിര്‍ക്കുന്നുവെങ്കില്‍ ആ കരാറില്‍ കുഴപ്പങ്ങളേ ഉണ്ടാകൂ എന്ന് ഇത് വരെ മനസ്സിലായിട്ടും മനസ്സിലാക്കാത്ത പോലെ ഇരിക്കുന്നവരെ മനസ്സിലാക്കുവാന്‍ കഴിയില്ലല്ലോ :)

മന്മോഹന് പുറകേ വന്ന ബി.ജെ.പി. ഗവണ്മെന്റ് പല വിനാശങ്ങളും ചെയ്ത് വെച്ചിട്ടിട്ടാണ് ഇറങ്ങിയത്. പുറകേ വന്ന മന്മോഹനും അതില്‍ പിടിച്ച് കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്കാണ് ഇന്ത്യയെ തള്ളിയിടുന്നത്. ഇതിനെയൊക്കെ എതിര്‍ക്കേണ്ട ഇടതിനാകട്ടെ കേരളത്തിലെ തമ്മിലടി തീര്‍ക്കുവാന്‍ സമയമില്ല...

ജനശക്തി said...

ഉമ്മഞ്ചാണ്ടി തന്റെ മാതൃഭൂമി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത് നാലു ഉല്പന്നങ്ങള്‍ക്ക് വേണ്ടിയാണ് ഈ എതിര്‍പ്പെന്നാണ്. സെന്‍സിറ്റീവ് ലിസ്റ്റിനെയൊക്കെ എന്തോ വലിയ കാര്യം പോലെ അവതരിപ്പിച്ച് പ്രശ്നമൊന്നുമില്ല എന്ന് വരുത്തുന്നു. സംരക്ഷിത പട്ടികയും രക്ഷിക്കില്ലെന്ന് സാംബന്‍ ദേശാഭിമാനി പത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ജാഗ്രത ബ്ലോഗില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചില ലേഖനങ്ങളും വാ‍ര്‍ത്തകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

ജിവി/JiVi said...

ജനശക്തി,

ജാഗ്രത ബ്ലോഗിലെ ലേഖനങ്ങള്‍ കണ്ടിരുന്നു എന്നല്ല, സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗാണത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് കമന്റാറില്ല. വിരുദ്ധ അഭിപ്രായമുണ്ടാകുമ്പോഴാണ് പലപ്പോഴും ഞാന്‍ കമന്റുന്നത്.

ഈ പോസ്റ്റ് കൊണ്ട് ആസിയാന്‍ കരാര്‍ കര്‍ഷകരെ ബാധിക്കുന്നതിനേക്കാളേറെ ഞാന്‍ ഫോക്കസ്ചെയ്തത് ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ എന്ന കാര്യത്തിലാണ്. ബ്ലോഗിലും മാധ്യമങ്ങളിലുമെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച് ഈ കരാര്‍ ഒരനുഗ്രഹമാവും എന്ന രീതിയില്‍ പലരും പ്രതികരിച്ചു കണ്ടു.

മനോജ്,

അതെ, ഭീമന്മാര്‍ക്ക് മാത്രമാവും ഈ കരാറിന്റെ ഗുണം. അഞ്ചുവര്‍ഷത്തെ ഗൌരവതരമായ ചര്‍ച്ചകള്‍ക്കുശേഷം ശ്രദ്ധാപൂര്‍വ്വം ഒപ്പിട്ട കരാര്‍ എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നതിനെ നമിക്കണം അപ്പോള്‍. അഞ്ചുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നെഗറ്റീവ് ലിസ്റ്റ് മൂന്നിലൊന്നായി ചുരുങ്ങി!!!

ബിനോയ്//HariNav said...

ആസിയാന്‍ കരാറുകൊണ്ട് നമ്മുടെ കര്‍ഷകരൊക്കെ മല്‍സരബുദ്ധിയുള്ളവരാകും എന്ന് കണ്ടെത്തിയിരിക്കുന്നു മക്കുണന്‍‌മന്ത്രി വയലാര്‍ രവി. നാണമില്ലാത്തവന്‍റെ ആസനത്തില്‍...

ജിവി, നല്ല ലേഖനം :)

Kaniyapuram Noushad said...

കേരള മലയോര കേര കര്‍ഷകന്റെ നെഞ്ഞത്തടിക്കുന്ന കരാര്‍ നിലവില്‍ വന്നതോടെ പരുങ്ങലിലായ
കോണ്ഗ്രസ് കേന്ദ്ര മന്ത്രിമാരെ ഇറക്കി കളിക്കുകയാണ്.പ്രവാസികളെ വടിയാക്കിയ വയലാര്‍ രവി വീണ്ടും വാ തുറന്നത് അടുത്ത കള്ളം പറയാനാണ്.

ജിവി/JiVi said...

ബിനോയ്, നൌഷാദ്,

വയലാര്‍ രവിക്ക് എന്തും പറയാം. അങ്ങേരുടെ പേര് ഇവിടെ വലിച്ചിട്ട് എന്റെ ബ്ലോഗ് വൃത്തികേടാക്കല്ലെ