Thursday, October 8, 2009

സ്വാശ്രയകോളജുകളിലെ ആത്മഹത്യകള്‍

“കാശെത്ര കൊടുത്താലെന്താ, എന്താ അവിടുത്തെ ഡിസിപ്ലിന്‍, എന്താ ഫെസിലിറ്റീസ്, ഇതൊനൊക്കെ പിന്നെ കാശുകൊടുക്കാതൊക്കുമോ?“

മലയാളി മധ്യവര്‍ഗ്ഗത്തിന്റെ നിരവധി പൊങ്ങച്ചഡയലോഗുകളില്‍ ഒന്നാണിത്. സന്ദര്‍ഭം സ്വന്തം മകന്റെയോ മകളുടെയോ സ്വാശ്രയ കോളജിനെക്കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭം.

ഇങ്ങനെ ആള്‍ക്കാര്‍ പറഞ്ഞുകിട്ടിയാല്‍ അത് അമൂല്യമായ ഒരു സ്വത്താണ് സ്വാശ്രയകോളജുകള്‍ക്ക്. തങ്ങള്‍ നടത്തുന്ന തീവെട്ടിക്കൊള്ളയെ തങ്ങളുടെ ‘ക്ലയന്റ്സ്’തന്നെ വെള്ളപൂശുന്നു. അതുകൊണ്ട് ഈ ‘ഡിസിപ്ലിന്‍’ കോളജ് മാനേജ്മെന്റുകള്‍ക്ക് പരമപ്രധാനമാണ്. അച്ചടക്കപാലനത്തിനായി അവര്‍ ചെയ്ത മനുഷ്യാവകാശ ധ്വംസനത്തിന്റെയും വ്യക്തിയുടെ സ്വകാര്യതയിലേക്ക് നടത്തിയ കുറ്റകരമായ കടന്നുകയറ്റത്തിന്റെയും പരിണതഫലമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം. ഒപ്പം പ്രണയം പോലുള്ള ‘ദുശ്ശീല’ങ്ങളില്‍നിന്ന് മക്കളെ മോചിതരാക്കാന്‍ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ നോക്കാതെ ഈ അച്ചടക്കക്കോട്ടകളിലേക്ക് അവരെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണിത്.

ഞാന്‍ പഠിച്ച സ്ക്കൂളുകളും കോളജുകളും അച്ചടക്കത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസകാലം അവസാനിച്ച് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. സ്ക്കൂളിലെയും കോളജിലെയും അടുത്ത സുഹൃത്തുക്കള്‍ ഇപ്പോഴും അങ്ങനെതന്നെ. (ഇന്റര്‍നെറ്റിനു നന്ദി). അല്ലാതെ സഹപാഠികളായിരുന്ന പലരെയും പലേടത്തും വച്ചും കണ്ടുമുട്ടിക്കോണ്ടേയിരിക്കുന്നു. ഈ ദുബായില്‍ വച്ചുതന്നെ എത്രപേരുമായി അങ്ങനെ പരിചയം പുതുക്കിയിരിക്കുന്നു! എല്ലാവരും സാമാന്യം ഭംഗിയായാണ് ജീവിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.

പറയുന്നത് നമുക്ക് വളരെ വിശദമായ ഒരു സര്‍വ്വെ ആവശ്യമാണ്. കഴിഞ്ഞ മുപ്പത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ താരതമ്യപഠനം. ഉയര്‍ന്ന അച്ചടക്കം നിഷ്ക്കര്‍ഷിക്കുന്ന അണ്‍ എയ്ഡഡ് - സ്വകാര്യമാനേജ്മെന്റ് വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും അച്ചടക്കപാലനത്തിനായി ഒരു എക്സ്ട്രാ എഫെര്‍ട്ടും നടത്താത്ത(അതുകൊണ്ട് അച്ചടക്കമില്ലാത്ത സ്ഥാപനങ്ങള്‍ എന്ന് അര്‍ത്ഥമില്ല) വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും തമ്മിലൊരു താരതമ്യപഠനം. വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ധാര്‍മ്മികത, തൊഴില്‍ രംഗത്തെ അഭിവൃദ്ധി, സാമൂഹ്യജീവിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെ പഠനവിധേയമാക്കണം. വലീയ ഒരു ടാസ്ക്ക് ആയിരിക്കും തീര്‍ച്ച. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അച്ചടക്കത്തെയും സൌകര്യങ്ങളെയും കുറിച്ചുള്ള മിഥ്യാധാരണകളില്‍നിന്ന് ഒരു ചെറീയശതമാനത്തെയെങ്കിലും മോചിപ്പിക്കാനായാല്‍ അതൊരു വലീയ നേട്ടമായിരിക്കും.

7 comments:

ഷിബു ചേക്കുളത്ത്‌ said...

മരിച്ച കുട്ടിയുടെ ബന്ധു പറഞ്ഞു- ഗ്രീഷ്മയ്ക്ക്‌ മൊബൈല്‍ ഇല്ല എന്നു. അവളുടെ കൂട്ടുകാര്‍ പറയുന്നു ഉണ്ട്‌ എന്നു, അതില്‍ കാമുകണ്റ്റെ മെസ്സേജ്‌ ഉണ്ടായിരുന്നുവെന്ന്‌. ഗ്രീഷ്മയ്ക്കു മൊബൈല്‍ വീട്ടുകാര്‍ വാങ്ങിക്കൊടുത്തില്ലായിരുന്നുവെങ്കില്‍ ആ കുട്ടിയുടേ കയ്യ്യില്‍ എങ്ങനെ മൊബൈല്‍ വന്നു? ആരു വാങ്ങി കോടുത്തു? ചിന്തിക്കൂ. എപ്പോഴും കൊളേജ്‌ തല്ലിപ്പൊളിക്കാതെ ചിന്തിക്കാന്‍ മറന്നുപോയ അല്ലെങ്കില്‍ മനപ്പൂര്‍വ്വം മറന്ന കാര്യങ്ങള്‍. പകല്‍ പോലെ വ്യക്തമാകുന്ന കാര്യങ്ങളാണു

ഉറുമ്പ്‌ /ANT said...

ജിവി, ഒരു പി.എച്ച്.ഡി ക്കുള്ള് സ്കോപ്പുണ്ട്.

ജിവി/JiVi said...

ഷിബു, വായനക്കും കമന്റിനും നന്ദി.

ഉറുമ്പ്, അയ്യോ അതിനൊന്നുമുള്ള ഒന്നും നമ്മുടെ കയ്യിലില്ല. ഏതെങ്കിലും നല്ല സ്വതന്ത്ര ഏജന്‍സി അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സി അല്ലെങ്കില്‍ ഏതെങ്കിലും യൂനിവെഴ്സിറ്റി ഇങ്ങനെയൊരു പഠനം നടത്തണമെന്ന് ആഗ്രഹിച്ചുപോയി.

പാര്‍ത്ഥന്‍ said...

എന്റെ സുഹൃത്തിന്റെ എഞ്ചിനീയറിംഗിനു പഠിക്കുന്ന മകളുടെ റൂമേറ്റിന് സെല്ഫോണുണ്ട്. ഇവർ അതിൽ പലപ്പോഴും വിളിക്കാറുണ്ട്. ഒരു ദിവസം ഇവർ കോളേജിൽ ചെല്ലുമ്പോൾ ആ കുട്ടിയുടെ രക്ഷിതാക്കളും അവിടെയുണ്ടായിരുന്നു. മകളെ വിവരം അറിയിച്ചോ എന്നു ചോദിച്ചപ്പോൾ, അവൾക്ക് സെൽ ഫോൺ ഇല്ല എന്ന് അവർ. ഉണ്ട് എന്ന് ഇവർ. അവസാനം എല്ലാവരും കണ്ടുമുട്ടിയപ്പോൾ അത് വേറെ ഒരു കുട്ടിയുടെയാണെന്ന് പറഞ്ഞ് രംഗം ഭംഗിയാക്കി. ആ ഫോൺ അവൾക്ക് ഒരു ബോയ്ഫ്രണ്ട് സമ്മാനിച്ചതാണെന്ന് പിന്നീടാണറിയുന്നത്. ഇങ്ങനെയുള്ള ചതിയിൽ പെടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

ജിവി/JiVi said...

തീര്‍ച്ചയായും പാര്‍ത്ഥന്‍. പക്ഷെ അതിനവരെ ജയിലിലയ്യക്കാമോ?

ഇ.എ.സജിം തട്ടത്തുമല said...

ഉയര്‍ന്ന അച്ചടക്കം നിഷ്ക്കര്‍ഷിക്കുന്ന അണ്‍ എയ്ഡഡ് - സ്വകാര്യമാനേജ്മെന്റ് വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും അച്ചടക്കപാലനത്തിനായി ഒരു എക്സ്ട്രാ എഫെര്‍ട്ടും നടത്താത്ത(അതുകൊണ്ട് അച്ചടക്കമില്ലാത്ത സ്ഥാപനങ്ങള്‍ എന്ന് അര്‍ത്ഥമില്ല) വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരും തമ്മിലൊരു താരതമ്യപഠനം.
ഒന്നു നിരീക്ഷിച്ചാൽ തന്നെ മനസിലാകുമല്ലോ. അച്ചടക്കം എന്നാൽ ഇന്ന് സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരിയ്ക്കുന്നു!

ജിവി/JiVi said...

അതാണ് ശരി, സജിം