Thursday, November 19, 2009

പിണറായിയുടെ വീട്

പിണറായിയുടെ വീടിന്റെ ഫോട്ടോ എന്നും പറഞ്ഞ് ഒരു ആര്‍ഭാട വീടിന്റെ ഫോട്ടോ എനിക്ക് ഇ-മെയില്‍ ഫോര്‍വേഡായി അയച്ചുതന്നത് അഞ്ച്പേരാണ്.

അതിലൊരാള്‍ എസ് എഫ് ഐയില്‍ സജീവമായിരുന്ന ഇപ്പോഴും ഒരു കടുത്ത സി പി എം അനുഭാവിയായ ഒരു സുഹൃത്താണ്.

മറ്റൊരാള്‍ കോളജില്‍ എ ബി വി പി ഭാരവാഹിയായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ള ഒരു ക്ലാസ്സ്മേറ്റ്. സി പി എം വിഭാഗീയത മാധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ഒരു ‘അച്യുതാന്ദന്‍ ഗ്രൂപ്പു‘കാരനായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നിലമ്പരിശാക്കാന്‍ ഏത് കാലത്ത് എന്ത് നിലപാടാണോ കരണീയം അത് കൈക്കൊള്ളുന്ന ഒരു പൂര്‍ണ്ണ പാര്‍ട്ടി വിരുദ്ധന്‍ എന്ന് ചുരുക്കം.

മറ്റ് മൂന്നുപേര്‍ക്കും പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അരാഷ്ട്രീയവാദികള്‍ എന്ന്തന്നെ വിളിക്കാം.

അതോടൊപ്പം സത്യം എന്താണെന്ന് വ്യക്തമാക്കിയ മെയിലും എനിക്ക് ഫോര്‍വേഡായി കിട്ടുകയുണ്ടായി. അത് ഞാന്‍ അവര്‍ക്ക് തിരിച്ച് അയച്ചുകൊടുത്തു. ഒപ്പം കൂതറ അവലോകനത്തിലെ ചര്‍ച്ചയുടെയും സൂരജിന്റെ പോസ്റ്റിന്റെയും ലിങ്കുകള്‍ അയച്ചുകൊടുത്തു.

എല്ലാവരില്‍നിന്നും എനിക്ക് മറുപടികിട്ടി.

ആദ്യത്തെയാള്‍, സി പി എം കാരന്‍ ഇങ്ങനെയെഴുതി:
ഇതൊരു കള്ളപ്രചാരണമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ല്ലാം ഇതയച്ചില്ലെങ്കില്‍ എനിക്കിത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരിക്കും. ഇതിനിടയില്‍ സത്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി കിട്ടുമെന്നും അറിയാം. അത് ഉദ്ദേശിച്ചുതന്നെയാണ് എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്തത്. തന്റെ മറുപടി ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇവന്മാര്‍ ഈ ചെറ്റത്തരം കാണിക്കുന്നത്?

രണ്ടാമത്തെയാള്‍-കടുത്ത പാര്‍ട്ടി വിരോധി- ഒരു വരിയില്‍ ഒരു മറുപടി - സത്യം അറിയിച്ചതിനു നന്ദി.

മറ്റ് മൂന്നുപേരും സത്യം അറിയിച്ചതിന്റെ നന്ദിയും ഒപ്പം ഈ വ്യാജപ്രചാരകര്‍ക്ക് തെറിയും സമ്മാനിച്ചുകൊണ്ടുള്ള മറുപടിയെഴുതി.

ഇതാണ് ജനാധിപത്യം.

അസത്യവും അര്‍ധസത്യവും പച്ചക്കള്ളവും വ്യാജവാര്‍ത്തകളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ഒരിക്കലും അവസാനിക്കാത്ത കൂരിരുട്ടുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ, എല്ലാറ്റിനുമിടയിലൂടെ സത്യത്തിന്റെ നിലാമഴ പെയ്യും. ഒരു അണുമാത്രയെങ്കിലും തുറസ്സുള്ള എല്ലാ മനസ്സുകളിലേക്കും അതിന്റെ തുള്ളികള്‍ ഇറ്റുവീഴും. ഒടുവില്‍ നേരിന്റെ പുലരി വിരിയും.
സത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നവനാണ് ജനാധിപത്യവാദി. അസത്യങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുന്നവനാണ് ജനാധിപത്യവാദി. അപ്പൊ ഈ വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള ആളുകളുടെ ഉത്സാഹത്തെ വിശകലനും ചെയ്യുന്നവരോ? അവര്‍ ജനാധിപത്യത്തിലെ കോമാളികളാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ചവരോളം വലീയ ജനാധിപത്യധ്വംസകരാണ്. കോമാളിത്തത്തിനെതിരെ കുറിക്കുകൊള്ളുന്ന പരിഹാസം വന്നപ്പോള്‍ വ്യാജമായ കാരണങ്ങള്‍ കാണിച്ച് ഡിലീറ്റ് ചെയ്യുകകൂടി ചെയ്യുമ്പോള്‍ അവര് ആരായി മാറി? എന്നിരുന്നാലും ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമായിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. സത്യത്തിന്റെ നിലാവെളിച്ചം പരന്നുകഴിഞ്ഞുള്ള രാവിനുശേഷമുള്ള നേരിന്റെ പുലരി ഇനിയും ഇവിടെ വിരിഞ്ഞിട്ടില്ല. ജാതീയതയും മറ്റ് നിരവധികാരണങ്ങളാലും ഇരുട്ടില്‍തന്നെയായിരുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്യശക്തികളും സൃഷ്ടിച്ചെടുക്കുന്ന വ്യാജപ്രചരണങ്ങളുടെ കൂരിരിട്ടിലേക്ക് പോകുകയാണോ എന്ന് തോന്നിപ്പോകുന്നു. പക്ഷെ, ഇല്ല അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും.

7 comments:

ജിവി/JiVi said...

ഇവരുടെ കുത്സിതത്വങ്ങളെയല്ലാതെ ഇവരെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ജനാധിപത്യം അനുവദിക്കുന്നില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഇവരുടെ ഇരകളായവരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതക്കും നൂറുമാര്‍ക്ക്.

VINOD said...

i wonder why party is not able to remove other allegations like this , so is it because there is some truth or party dont think these allegations are not important

ജിവി/JiVi said...

വിനോദ് നായര്‍,

മറ്റെന്ത് ആരോപണങ്ങള്‍ക്കാണ് പാര്‍ട്ടി വിശദീകരണം നല്‍കാത്തത് എന്ന് പറഞ്ഞില്ലല്ലോ!

ജനശക്തി said...

കാണാനിത്തിരി വൈകിപ്പോയി. എത്ര വിശദീകരിച്ചാലും പിന്നെയും പിന്നെയും ‘സംശയങ്ങള്‍‘ ഉയര്‍ന്നുകൊണ്ടിരിക്കും. ഇനി അടുത്തത് വരും..അധികം വൈകില്ല.:)

ജിവി/JiVi said...

ജനശക്തി,
എത്ര വിശദീകരിച്ചാലും സംശയങ്ങള്‍ വീണ്ടും ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളി.

Indian-Spartucus said...

ഇന്നത്തെ മംഗലം സുവിശേഷം...

പിണറായിയുടെ വീട്‌ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനേക്കാള്‍ വലുതെന്ന്‌ പി.സി ജോര്‍ജ്‌

കൊച്ചി: സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചാരിച്ച ചിത്രത്തിനു പിന്നില്‍ ദേശാഭിമാനിയിലെ ഒരു റിപ്പോര്‍ട്ടറാണെന്ന്‌ പി.സി ജോര്‍ജ്‌ എം.എല്‍.എ. പിണറായിയുടെ അനുമതിയോടെയാണ്‌ ഈ ചിത്രം പ്രചരിച്ചത്‌. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റില്‍ വന്ന ചിത്രത്തിലുള്ളതിനേക്കള്‍ വലിയ വീടാണ്‌ പിണറായിയുടെത്‌. ദേശാഭിമാനിക്ക്‌ ധൈര്യമുണ്ടെങ്കില്‍ തൊഴിലാളി നേതാവിന്റെ ചിത്രം പ്രസിദ്ധീകരിക്കണം.

പിണറായിക്ക്‌ മുന്‍പുണ്ടായിരുന്ന വീടിന്റെ സ്‌ഥാനത്ത്‌ മണിമാളികയാണ്‌ ഇന്നുള്ളത്‌. റിമോര്‍ട്ട്‌ കണ്‍ട്രോള്‍ ഗേറ്റ്‌, ഇറ്റാലിയന്‍ മാര്‍ബിള്‍ തുടങ്ങിയ ആഢംബര സൗകര്യങ്ങളാണ്‌ പിണറായിയുടെ വസതിയിലുള്ളതെന്നും ജോര്‍ജ്‌ പറഞ്ഞു.


ലിങ്ക് ഇവിടെ

പിന്നേം ശങ്കരന്‍ തെങ്ങില്‍ തന്നെ!!!

mukthaRionism said...

:)