Monday, March 1, 2010

മന്ത്രിപുത്രനും യുവതിയും

നാട്ടിലെ പ്രമുഖ തറവാടായ വെങ്ങാട്ട് ചെറുകുന്നത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ സുകുമാരന്‍ നായരുടെ രണ്ട് പെണ്മക്കളില്‍ മൂത്തവളുടെ കല്യാണമാണിന്ന്. നാട്ടുകാരെ മുഴുവന്‍, വകയിലെ വകയിലെ ബന്ധുക്കളെ മുഴുവന്‍, പൂരപ്പറമ്പില്‍ കണ്ട് പരിചയപ്പെട്ടവരെ മുഴുവന്‍ വിളിച്ചിട്ടുണ്ട് സുകുമാരന്‍ നായര്‍. ആള്‍ ഒത്തിരി ഒത്തിരി സന്തോഷത്തിലാണ്. എന്തുകൊണ്ടും നല്ല ബന്ധം. നല്ല തറവാട്ടിലെ പയ്യന്‍. സുന്ദരിയായ തന്റെ മകള്‍ക്കൊത്ത പയ്യന്‍. നല്ല വിദ്യാഭ്യാസം. നല്ല ജോ‍ലി.


വരനും ആളുകളും എത്തിക്കഴിഞ്ഞു. അവര്‍ ഉപചാരപ്പൂര്‍വ്വം സ്വീകരിക്കപ്പെട്ടു. വരന്‍ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും വരനെ കാണാം. ആരാണോ‍ ആ കാര്യം ആദ്യം ശ്രദ്ധിച്ചത്! വരന് നമ്മുടെ സുനീഷിന്റെ നല്ല ഛായ. ഏത് സുനീഷ്? പത്രം വായിക്കാത്തവരും ടി വി കാണാത്തവരും ചോദിച്ചു. പത്രം വായിക്കുന്നവരും ടിവി കാണുന്നവരും അവരുടെ ഡൌട്ട് ക്ലിയര്‍ ചെയ്തുകൊടുത്തു - സുനീഷ് എന്നാല്‍ സുനീഷ് മടിക്കേരി. മന്ത്രി പുത്രന്‍, മന്ത്രി പുത്രന്‍ - എല്ലാ വിവാദങ്ങളിലെയും നായകന്‍.


‘സ്വഭാവം അങ്ങനെയല്ലാണ്ടായാല്‍ മതി‘ - യൂത്ത് നേതാവ് ഷിബുമോന്‍ ഒന്നാന്തരം കോങ്ക്രസ്സ് വിറ്റടിച്ചു. തന്റെ ചുറ്റുമുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒരു ലിമിറ്റഡ് ഫലിതം. ഷിബുമോന്റെ ചുറുചുറുക്കിന്റെ ആരാധകരായ ഏതാനും കോങ്ക്രസ്സ് അമ്മാമന്മാര്‍ ഷിബുമോന്റെ ചുറ്റും എപ്പോഴുമുണ്ടാവും. അമ്മാമന്മാര്‍ക്ക് ഫലിതം നന്നെ ബോധിച്ചു. അധികം ഒച്ചവെക്കാനായില്ലെങ്കിലും അമ്മാമന്മാര്‍ ചിരിച്ചു. വീണ്ടും ചിരിച്ചു. ഷിബുമോന്റെ നര്‍മ്മബോധത്തിന്റെയും ആരാധകരായി അവര്‍ മാറി. ഷിബുമോന്റെ സമയം.


താലികെട്ടും സദ്യയും കഴിഞ്ഞു. വധുവിനെയും കൂട്ടി വരനും കൂട്ടരും പോയി. നാട്ടുകാരു മുഴുവന്‍ പോയി. വകയിലെ വകയിലെ ബന്ധുക്കള്‍ മുഴുവന്‍ പോയി. പൂരപ്പറമ്പില്‍‍ പരിചയപ്പെട്ടവര്‍ എല്ലാവരും പോയി. ഷിബുമോനും ചുറ്റും കൂടിയ അമ്മാമന്മാരും പോയി. വേങ്ങാട്ട് ചെറുകുന്നത്ത് വീട്ടില്‍ സുകുമാരന്‍ നായരും കുടുംബവും അടുത്ത ബന്ധുക്കളും അയല്‍ വാസികളും മാത്രം ബാക്കിയായി.


തന്റെ മരുമകന് സുനീഷ് മടിക്കേരിയുടെ ഛായയുണ്ടെന്നത് ഒരു കൌതുകമായാണ് സുകുമാരന്‍ നായര്‍ക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്നപ്പോഴും പിന്നെയും ഒന്നു രണ്ട് തവണ കണ്ടപ്പോഴും സുകുമാരന്‍ നായര്‍ക്കോ കൂടെയുണ്ടായിരുന്ന ഉറ്റവര്‍ക്കോ അങ്ങനെ തോന്നിയിരുന്നില്ല. സുകുമാരന്‍ നായര്‍ക്ക് ചിരി വന്നു. നാട്ടുകാരുടെ ഒരു കാര്യമേ, എന്തെല്ലാം ശ്രദ്ധിച്ചുകളയും!


തറവാട്ടില്‍ പിറന്ന ഏതൊരാളെയും പോലെ സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാലും വോട്ട് എപ്പോഴും കൈപ്പത്തിക്കേ ചെയ്യൂ. ഒരു തവണ കമ്മൂണിസ്റ്റുകാര്‍ക്കെതിരെ കൈപ്പത്തിയല്ല, റാന്തല്‍ അടയാളത്തില്‍ ഒരാള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സുകുമാരന്‍ നായര്‍ വോട്ടുചെയ്യാന്‍ പോയില്ല. എന്നിട്ടോ, വൈകിട്ട് കോങ്ക്ര്സ്സിന്റെ ബൂത്ത് ഏജന്റ് ജോയി പറഞ്ഞപ്പളല്ലേ അറിഞ്ഞത്‌ - തന്റെ വോട്ട് ഏതോ കമ്മുണിസ്റ്റുകാരന്‍ കള്ളവോട്ടായി ചെയ്തുകളഞ്ഞെന്ന്. ഇനി കമ്മുണിസ്റ്റുകാര്‍ക്കെതിരെ റാന്തലായാലും ഏണിയായാലും രാവിലെത്തന്നെ പോയി വോട്ട് ചെയ്യും എന്ന് അന്നേ തീരുമാനമെടുത്തയാളാണ് സുകുമാരന്‍ നായര്‍. ഇങ്ങനെയെല്ലാമായിരിന്നിട്ടും ഒരു കമ്മുണിസ്റ്റുകാരന്‍ മന്ത്രിയുടെ മകന്റെ ഛായയുണ്ട് തന്റെ മരുമകനെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ കേട്ടുനില്‍ക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. അതാണ് ഹൃദയ വിശാലത. തറവാട്ടില്‍ പിറന്നതിന്റെ ഗുണം.

രാഷ്ട്രീയമില്ലെങ്കിലും ലോകവിവരമില്ലെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ അതിന്റെ സൂഷ്മാംശങ്ങളിലേക്ക് വരെ കടന്നുചെന്ന് ചിന്തിക്കാന്‍ കഴിവുള്ളയാളാണ് സുകുമാരന്‍ നായര്‍. മക്കളുടെ കാര്യത്തില്‍ ഒന്നും അങ്ങേര്‍ക്ക് വെറും കൌതുകമല്ല. അതുകൊണ്ട് മരുമകനും സുനീഷ് മടിക്കേരിയുമായുള്ള സാദൃശ്യം തന്റെ മകളെ ബാധിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിയുമോ? ഇല്ല. അല്ലെങ്കില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു - തൊട്ടുമുന്നില്‍ത്തന്നെ അപകടങ്ങളല്ലേ!

ഇനിയിപ്പോള്‍ തന്റെ മകളും മരുമകനും കൂടി എവിടെയൊക്കെപ്പോവും - ചുരുങ്ങിയത് ഗുരുവായൂരിലും തിരുമാന്ധാംകുന്നിലും തൊഴാന്‍ പോകില്ലേ, അവിടെ ഹോട്ടലില്‍ തങ്ങേണ്ടിവരില്ലേ, നാട്ടില്‍ അഭ്യൂഹം പരക്കില്ലേ. കോങ്ക്രസ്സുകാരും ലീഗുകാരം ഹോട്ടല്‍ റെയ്ഡ് ചെയ്യില്ലേ. മരുമകനെ അടുത്തുനിന്നുകണ്ടാല്‍ സുനീഷ് മടിക്കേരിയല്ലെന്ന് അവര്‍ക്ക് മനസ്സിലാവും, പക്ഷെ തന്റെ മകളുടെ ചുരിദാറും ഹെയര്‍സ്റ്റൈലും കണ്ടാല്‍ സീരിയല്‍ നടിയല്ലെന്ന് ആരെങ്കിലും പറയുമോ! ഹൊ. പൊല്ലാപ്പാവൂലോ!

ബാക്കി അറിയില്ല. സുകുമാരന്‍ നായര്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തുമായിരിക്കും. രണ്ട് പെണ്മക്കളുടെ അച്ഛനായതുമുതല്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്ക് അയാള്‍ ചിന്തിച്ച് പോംവഴി കണ്ടെത്തിയിരിക്കുന്നു!
-------------------------------------------------------------------------------------------------
മന്ത്രിപുത്രന്‍ സിനിമാനടിക്കൊപ്പം ഹോട്ടലില്‍ തങ്ങുന്നുണ്ടന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോട്ടലില്‍ തിരച്ചില്‍ നടത്തി. ഹോട്ടല്‍ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി ഹോട്ടല്‍ വളഞ്ഞു. പോലീസെത്തി പോലീസും ഹോട്ടലില്‍ തിരച്ചില്‍ നടത്തി. മന്ത്രിപുത്രനോ യുവതിയോ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. തിരയാന്‍ പോയവര്‍ മന്ത്രിപുത്രനെയും കൊണ്ട് പുറത്തുവന്നാല്‍ മതിയെന്നും പറഞ്ഞ് ഡി വൈ എഫ് ഐ ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും യു ഡി എഫ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു.

ഇങ്ങനെയാണ് ദാറ്റ്സ് മലയാളം, വെബ് ദുനിയ, കൌമുദി ഓണ്‍ലൈന്‍, ഡെയിലി മലയാളം ഒക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസില്‍ യു ഡി എഫുകാര്‍ ഹോട്ടലില്‍ തിരയുന്നതിന്റെ ദൃശ്യം രണ്ട് സെക്കന്റ് കാണിക്കുകയും ചെയ്തു.

മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം. ഇവിടെ ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലല്ലോ.

എന്ന് ആരു പറഞ്ഞൂ? മനോരമ വായിച്ചുനോക്കൂ:

ഉന്നത സി പി എം നേതാവിന്റെ മകന്‍ യുവതിയോടൊപ്പം ബാര്‍ ഹോട്ടലില്‍ ഉണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

കച്ചേരിപ്പടി തുറയ്ക്കല്‍ ബൈപ്പാസ് റോഡിലാണു സംഭവം. യു ഡി എഫ് പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടല്‍ പടിക്കല്‍ തടിച്ചുകൂടിയതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തി. ഇരുവിഭാഗവും സംഘര്‍ഷവക്കിലെത്തിയപ്പോള്‍ പോലീസ് വിരട്ടി. നേതാവിന്റെ മകനോ യുവതിയോ ഹോട്ടലില്‍ ഇല്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്.

സംഘര്‍ഷത്തിനിടെ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഷംസീറിനെ ഡി വൈ എഫ് ഐക്കാര്‍ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഷംസീറിനെ മലപ്പുറത്ത് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

19 comments:

VINOD said...

imagine if manthri puthran was inside the hotel , media could have celeberated it for one week, and atleast 20 blog articles we can expect

അനില്‍@ബ്ലോഗ് // anil said...

എന്തു പറയാനാ !!!
:)

ഒളിഞ്ഞു നോട്ടത്തില്‍ താത്പര്യമുള്ള വരിക്കാരനെ തൃപ്തനാക്കാന്‍ ചാനലുകാരും ഒളിഞ്ഞു നോക്കാനോടിനടക്കുന്നു എന്ന് പറയേണ്ടി വരുമെന്ന് തോന്നുന്നു.

Editor said...

താങ്കൾക്ക് ഇപ്പോഴെങ്കിലും മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും മോബ് ജസ്റ്റിസ് സിനെപറ്റിയും വിഷമമുണ്ടായല്ലോ,ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലെങ്കിലെന്ത്..ഡി വൈ എഫ് ഐ യുടെ പുറത്ത്കിടക്കുന്ന പലതും കഴുകിക്കളയാനുള്ള ശ്രമം എങ്കിലും ഈ സംഭവങ്ങൾ കോണ്ട് താങ്കൾക്ക് ഉണ്ടായല്ലോ അത് പോരേ സഖാവേ..എന്റെ ഒരു ഇമാജിനേഷൻ കൂടി മന്ത്രിപുത്രൻ അതിനകത്ത് ഉണ്ടായിരുന്നെങ്കിൽ എനിക്കും വിനോദിനും ഈ പോസ്റ്റ് വായിക്കാനും കമന്റ് എഴുതാനും ഉള്ള ഭാഗ്യം ഉണ്ടാകുമോ.ജിവി അതിനെപ്പറ്റി ഒരക്ഷരം മിണ്ടുമോ??

മൂര്‍ത്തി said...

മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം.

Anonymous said...

ഉണ്ണിത്താനോട് ചെയ്ത ജനകൂട്ട വിചാരണ മലയാളികള്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ തന്നെയാണ് പോകുന്നത് എന്നാണ് ഈ സംഭവം കാണിക്കുന്നത് .മാതൃക മുന്‍പേ വേറൊരു പാര്‍ട്ടിക്കാര്‍ കാണിച്ചു കൊടുത്തില്ലേ, ഇപ്രാവശ്യം ഇര വീണില്ല എന്ന് വെച്ച് വേറെ ആരെങ്കിലും എന്നെങ്കിലും വീഴാതിരിക്കില്ല. ഇനി മന്ത്രി പുത്രനായാലും തന്ത്രി പുത്രനായാലും
ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നത് ഇനി വളരെ ശ്രദ്ധിക്കണം. സാംസ്കാരിക കേരളമേ കേഴുക...

ഷാജി ഖത്തര്‍.

പാമരന്‍ said...

:)

karimeen/കരിമീന്‍ said...

ബാര്‍ ഹോട്ടലില്‍ ലാപ്ടോപ്പ് ഇല്ലാത്തത് കഷ്ടായി.അല്ലെങ്കില്‍ അതില്‍ നിന്ന് മന്ത്രിപുത്രന്റെ പടം കിട്ടിയാലും ആഘോഷിക്കാമായിരുന്നു.

കണ്ണനുണ്ണി said...

പാപ്പരാസി എന്ന് പടിഞ്ഞാറ് രണ്ടാം കിട മാധ്യമങ്ങളെ വിളിച്ചിരുന്നു..
ഇവിടെ ഒന്നാം നിരക്കാരെ തന്നെ അങ്ങനെ സംബോധന ചെയ്യാം

ജിവി/JiVi said...

രാഹുല്‍,
മന്ത്രിപുത്രന്‍ അതിനകത്ത് ഉണ്ടായിരുന്നെങ്കില്‍ ഒളിഞ്ഞുനോട്ടമെങ്കിലും വശമുള്ളവര്‍ എന്ന അംഗീകാരം ഞാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്‍കിയേനെ. ഡി വൈ എഫ് ഐയുടെ പുറത്ത്കിടക്കുന്ന ഒന്നും കഴുകിക്കളയലല്ല എന്റെ ഉദ്ദേശം. ഉണ്ണിത്താന്‍ സംഭവത്തിന്റെ പേരില്‍ ഡി വൈ എഫ് ഐയുടെ മേല്‍ കറപുരട്ടാന്‍ ശ്രമമുണ്ടായി. ആ സംഘടന അപ്പോള്‍തന്നെ അതിന് മറുപടി നല്‍കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിഹീനമായ രീതിയില്‍ ഇല്ലാത്ത മന്ത്രിപുത്രനായി ഒരു സംഘടന ആസൂത്രിത തിരച്ചില്‍ നടത്തിയപ്പോള്‍ ഒരുത്തനും മിണ്ടുന്നില്ല. മനോരമ ഒരല്‍പ്പം കടത്തി വാര്‍ത്തയില്‍പ്പോലും യു ഡി എഫ് തെണ്ടിത്തത്തെ മൃദുഭാഷയില്‍ തലോടി ഇല്ലാതാക്കുന്നു. ചന്ദ്രികക്കാരന്‍ ആശുപത്രിയില്‍ പോയി കിടന്നതിന്റെ പേരില്‍ കൊട്ട് ഡിഫിക്ക് തന്നെ. ഇത് പിതൃശൂന്യ മാധ്യമപ്രവര്‍ത്തനമല്ല. പിതൃശൂന്യരുടെ മാധ്യമപ്രവര്‍ത്തനം.

ജിവി/JiVi said...

വിനോദ്, അനില്‍, കമന്റിനു നന്ദി.

ഷാജി,
മന്ത്രിപുത്രനും തന്ത്രിപുത്രനും ശ്രദ്ധിച്ചുമാത്രം ഹോട്ടലില്‍ മുറിയെടുത്തോട്ടെ. മന്ത്രിപുത്രന്‍ മുറിയെടുത്തിട്ടുണ്ടെന്ന് അഭ്യൂഹം പര്‍ക്കുമോ എന്ന ഭയത്തോടെമാത്രമെ ഇനി എനിക്കും ഷാജിക്കുമടക്കമുള്ള സാധാരണക്കാര്‍ക്ക് കേരളത്തില്‍ ഹോട്ടല്‍ മുറിയെടുക്കാന്‍ പറ്റൂ. അതാണ് വിഷയം.

മൂര്‍ത്തീ,
കമന്റിനു നന്ദി. ഒപ്പം ഈയിടെയായി പോസ്റ്റുകളൊന്നും കാണാത്തതിലുള്ള അനിഷ്ടവും അറിയിക്കട്ടെ.

പാമര്‍ന്‍, കണ്ണനുണ്ണീ,
കമന്റിനു നന്ദി.

കരിമീന്‍,
ലാപ്പ്ടോപ്പ് വേണമെന്നില്ല്ല. ഹോട്ടലിന്റെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞത് എന്നും പറഞ്ഞ് ഒരു ചിത്രം ആദ്യമേ റെഡിയാക്കിയിട്ട് ഇവരീപ്പണിക്ക് ഇറങ്ങിയാല്‍ മതിയായിരുന്നു. ഓ, അതൊന്നും ധാര്‍മ്മികതക്ക് നിരക്കുന്നതല്ലല്ലോ!

Editor said...

“ഉണ്ണിത്താന്‍ സംഭവത്തിന്റെ പേരില്‍ ഡി വൈ എഫ് ഐയുടെ മേല്‍ കറപുരട്ടാന്‍ ശ്രമമുണ്ടായി. ആ സംഘടന അപ്പോള്‍തന്നെ അതിന് മറുപടി നല്‍കുകയുണ്ടായിട്ടുണ്ട്“ എന്ത് മറുപടിയാണു നൽകിയത്.എത് സംഘടനകൾക്കെതിരേ ആരോപണം വന്നാലും തടിറ്റപ്പാനായി പല ന്യായീകരണങ്ങളും പറഞ്ഞെന്നിരിക്കും.പിന്നെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മരിക്കാത്ത സഹോദരിയെ കോല്ലുന്നവരുടെ പത്രപ്രവർത്തനം ആയിരിക്കും താങ്ങൾ പറഞ്ഞ പോലെ പിതൃശൂന്യരുടെ മാധ്യമപ്രവര്‍ത്തനം എന്നതിനു കൂടുതൽ യോജിക്കുക

ജിവി/JiVi said...

മറ്റേത് കാര്യത്തിലിമെന്നപോലെ ഉണ്ണിത്താന്‍ വിഷയത്തിലും മനോരമാദികളുടെ വാര്‍ത്തകള്‍ മാത്രമെ രാഹുല്‍ വായിച്ചിരിക്കാന്‍ ഇടയുള്ളൂ എന്നാണ് തോനുന്നത്. ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച് സി പി എം ഭാഷ്യം താഴെക്കൊടുക്കുന്നു. എനിക്ക് ഇപ്പോള്‍ തപ്പിയപ്പോള്‍ mywebduniaയില്‍നിന്നും കിട്ടിയത്.

“യുവതിയുമായി മഞ്ചേരിയിലെ വീട്ടിലെത്തിയ കെപിസിസി എക്സിക്യൂട്ടീവ്‌ അംഗം രാജ്മോഹന്‍ ഉണ്ണിത്താനെ വളഞ്ഞത്‌ കോഗ്രസ്‌, മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍. യൂത്ത്‌ കോഗ്രസ്‌ ജില്ലാ സെക്രട്ടറി വി ഫിറോസിന്റെ നേതൃത്വത്തില്‍ കോഗ്രസുകാരാണ്‌ ആദ്യം വീട്ടിലെത്തിയത്‌. ഉണ്ണിത്താനാണെന്ന്‌ മനസ്സിലായതോടെ കോഗ്രസുകാര്‍ പകുതിയും മുങ്ങി. ശേഷിച്ചവര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്‍വാങ്ങി.

കോഗ്രസിനും ലീഗിനും സ്വാധീനമുള്ള പ്രദേശമാണിത്‌. ഈ വീട്‌ വ്യഭിചാരത്തിന്‌ ഉപയോഗിക്കുന്നെന്ന സൂചനയെ തുടര്‍ന്ന്‌ ഈ രാഷ്ട്രീയകക്ഷികളുടെ പ്രാദേശികനേതാക്കള്‍ വീട്‌ വാടകയ്ക്കെടുത്ത മഞ്ചേരി സ്വദേശി തലാപ്പില്‍ അഷ്‌റഫിനെ താക്കീത്‌ ചെയ്തിരുന്നു. മാത്രമല്ല, സ്ത്രീകളുമായി വരുന്നവരെ പിടിക്കാനും അവര്‍ തീരുമാനിച്ചു. ഉണ്ണിത്താനെ പിടികൂടുമ്പോള്‍ കേസിലെ ഒന്നാംപ്രതി കൂടിയായ അഷ്‌റഫും മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെട്ടു“

ഇത് തൊടുന്യായമെന്ന് പറയാനുള്ള രാഹുലിന്റെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. തൊടുന്യായങ്ങള്‍പോലും ഉണ്ടാവില്ല എന്നതുകൊണ്ടാവുമോ പുതിയ മഞ്ചേരി സംഭത്തില്‍ യു ഡി എഫ്നുനേരെ ആരും ആരോപണം ഉയര്‍ത്താത്തത്?

ദേശാഭിമാനി ചിലപ്പോഴെങ്കിലും ഭീമാബദ്ധങ്ങള്‍ എഴുതിയിട്ടുള്ള പത്രമാണ്. അതുകൊണ്ട് മനോരമ എന്ന ‘സ്വതന്ത്ര നിഷ്പക്ഷ‘ മാധ്യമത്തിന്റെ ബോധപൂര്‍വ്വമായ കുത്സിതത്വങ്ങള്‍ ന്യായീകരിക്കപ്പെടുമോ?

Editor said...

മാതൃഭൂമിക്കൊപ്പം ദേശാപമാനിയും ദിവസവും വായിക്കാറുണ്ട് മാഷേ..പിന്നെ പിഡിപി ക്കും ഡിഫി ക്കാർക്കും ലീഗുകാരും കോൺഗ്രസ് കാരുമാണോ മുദ്രാവാക്യം വിളിച്ചത്..ഇനി ആര് ആദ്യമെത്തിയാലും അവസാനമെത്തിയാലും ഈ ഒളിഞ്ഞ് നോട്ടത്തെ ന്യായീകരിക്കാനാകില്ല അത് ഉണ്ണിത്താൻ ആയാലും ബിനീഷ് ആയാലും.താങ്കൾ പറഞ്ഞ പോലെ ഈ മനോരമാദികളുടെ ശ്രമഫലമാണോ ബാഗ്ലൂരിലെ മാധ്യമങ്ങൾ ഒരാഷ്ച മന്ത്രി പുത്രനെ കോണ്ടാടിയത് അതോ ഇതൊരു ആഗോള പ്രതിഭാസമാണോ

ജിവി/JiVi said...

ദേശാപമാനി എന്ന പ്രയോഗത്തിലൂടെതന്നെ രാഹുല്‍ ആ പത്രം ഏതുതരത്തില്‍ വായിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. അനാശാസ്യം നടക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു വീട്ടില്‍ ഉണ്ണിത്താനെപ്പോലെ എതിരാളികള്‍ക്ക് നേരെ നിരന്തരം അശ്ലീലം പറഞ്ഞുനടക്കുന്ന ഒരു രാഷ്ട്രീയനേതാവ് നാട്ടുകാരാല്‍ വലയം ചെയ്യപ്പെടുന്നതും നിയമപ്രകാരം നടത്തപ്പെടുന്നഒരു ഹോട്ടലില്‍ നേതാവിന്റെ മകന്‍ എന്ന നിലയില്‍മാത്രം അറിയപ്പെടുന്ന ഒരു സ്വകാര്യവ്യക്തിക്കായി യു ഡി എഫ് തെരച്ചില്‍ നടത്തുന്നതും ഒരേ രീതിയിലുള്ള ഒളിഞ്ഞുനോട്ടമാണെന്ന് പറയാന്‍ രാഹുലിനെപ്പോലുള്ളവര്‍ക്കേ കഴിയൂ. ഇനി രണ്ടും ഒരുപോലെയാണെന്ന് സമ്മതിച്ചാല്‍തന്നെ ഒരുപോലെ രണ്ടും വിമര്‍ശിക്കപ്പെടേണ്ടേ?

Editor said...

ഭീമാബദ്ധങ്ങള്‍ എഴുതുന്നു എന്ന് താങ്കൾ തന്നെ വിശേഷിപ്പിച്ച പത്രത്തെപ്പറ്റി ഞാനെന്താണു പറയേണ്ടത്..താങ്കൾ പറഞ്ഞ വ്യക്തി ഒരു നേതാവിന്റെ മകൻ മാത്രമല്ലല്ലോ കേരളം ഭരിക്കുന്ന ഒരു മന്ത്രിയുടെ പുത്രൻ കൂടിയാണു കൂടാതെ മന്ത്രിയച്ചന്റെ പദവി നല്ല പോലെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോപണങ്ങൾ നേരിട്ട വ്യക്തി കൂടിയാണു കൊലപാതക്കേസ് ഉൾപ്പെടെ.പിന്നെ എതിരാളികള്‍ക്ക് നേരെ നിരന്തരം അശ്ലീലം പറഞ്ഞുനടക്കുന്ന ഒരു രാഷ്ട്രീയനേതാവിനെ ഇതു പോലെ കൈകാര്യം ചെയ്തതിൽ പ്രശ്നമില്ലെന്നാണല്ലോ താങ്കൾ പറഞ്ഞത്..അത്തരത്തിൽ മോബ് ജസ്റ്റിസ് നടപ്പാക്കുകയാണെങ്കിൽ ജയരാജാദികളെ പോലെയുള്ളവർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്ന് കൂടി താങ്കൾ ആലോചിക്കണം

പിന്നെ ഞാൻ ആദ്യം തന്നെ പറഞ്ഞതാണു ഈ ഒളിഞ്ഞ് നോട്ടം യുഡിഎഫ് നടത്തിയാലും ഡിഫിക്കാരും മദനി സഖാക്കളും കൂടിച്ചേർന്ന് നടത്തിയാലും അംഗീകരിക്കാനാകില്ലെന്ന്

ജിവി/JiVi said...

ഇത്രയും ഭയങ്കര ആരോപണവിധേയനായ മന്ത്രിപുത്രനെ അവിടെവച്ച് പിടിച്ചിട്ട് ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ രസമുണ്ടായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനൊന്നും ആവിശ്യപ്പെടുന്നില്ല. ജയരാജാദികള്‍ എന്തുചെയ്യുന്നതായാണ് രാഹുലിന്റെ അറിവ്?

പിന്നെ ആരു ഒളിഞ്ഞുനോട്ടം നടത്തിയാലും അതിനെ അംഗീകരിക്കാത്ത രാഹുല്‍ എന്തിനാണ് ഇവിടെ എന്നോട് വിയോജിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. യു ഡി എഫ് കാരുടെ ഒളിഞ്ഞുനോട്ടത്തിനെതിരെ ഒരു രോഷവും ആരും പ്രകടിപ്പിക്കുന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

Editor said...

ഉണ്ണിത്താൻ എതിരാളികള്‍ക്ക് നേരെ നിരന്തരം അശ്ലീലം പറയുന്നു എന്ന് താങ്കൾ പറഞ്ഞല്ലോ ഇത് തന്നെയാണു ജയരാജാദികള്‍ കാ‍ട്ടുന്നതു ഇത്രയേ ഉദ്ദേശിച്ചുള്ളൂ അവർ കാട്ടുന്ന മറ്റ് കാര്യങ്ങൾ ഒന്നു ഉദ്ദേശിച്ചല്ല പറഞ്ഞത്,ഉണ്ണിത്താനോട് ചെയ്തത് ശരി മറ്റുള്ളവരോട് ചെയ്യുന്നത് തെറ്റ് എന്ന രീതിയിലുള്ള കമന്റുകൾ കണ്ടത് കോണ്ട് പ്രതികരിച്ചെന്ന് മാത്രം

ജിവി/JiVi said...

ജയരാജന്മാരോ ഏതെങ്കിലും സി പി എം നേതാക്കളോ അശ്ലീല പ്രയോഗങ്ങള്‍ വഴി എതിരാളികളെ ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഉണ്ണിത്താന്‍ തെറ്റുചെയ്യുന്നു. അത് പിടിക്കപ്പെടുമ്പോള്‍ പിടിച്ചവര്‍ തെറ്റുകാര്‍. മറ്റു ചിലര്‍ തെറ്റുചെയ്യുന്നതായി സംശയിക്കപ്പെടുന്നു, അതിന്റെ പേരില്‍ അവരല്ല ഏതെല്ലാമോ പാവപ്പെട്ടവര്‍ ബുദ്ധിമുട്ടിലാവുന്നു. ആരുടെയും പേരില്‍ കുറ്റമില്ല. അതാണ് ഇവിടെ വിഷയം.

പരീക്ഷയെഴുതാനെത്തിയ ഒരു പെണ്‍കുട്ടിയും ഒപ്പം വന്ന പിതാവും അല്ലെങ്കില്‍ ഒരു സഹോദരനും സഹോദരിയും ഹോട്ടലില്‍ സദാചാര റെയ്ഡ് നടത്തുന്ന ഒരു ആള്‍ക്കൂട്ടത്തിനുമുന്നില്‍ നില്‍ക്കുന്നത് സങ്കല്പിച്ചുനോക്കൂ. അല്ലെങ്കില്‍ പുറത്ത് DND ബോര്‍ഡ് വെച്ച നവദമ്പതികള്‍ ലൈംഗികകേളി‍ക്കിടയില്‍ പുറത്തേക്ക് വരാന്‍ ആവിശ്യപ്പെടുന്നത് ആലോചിച്ചുനോക്കൂ.

ഗൗരിനാഥന്‍ said...

മല്ലു‌= ഒളിഞ്ഞ് നോട്ടം

കഷ്ടം :(