Sunday, August 17, 2014

കോറോത്തുവളപ്പില്‍ ചാത്തുക്കുട്ടി അന്തരിച്ചു


കോറോത്ത് വളപ്പില്‍ ചാത്തുക്കുട്ടി(92) നിര്യാതനായി. ഇളയ സഹോദരന്റെ വീട്ടിലായിരുന്നു അന്ത്യം. അവിവാഹിതനാണു.

ചാത്തുക്കുട്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ വലീയ ജനാവലി ഉണ്ടായില്ല. അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ചാത്തുക്കുട്ടിയുടേയും സഹോദരന്റെയും അടുത്ത പരിചയക്കാര്‍... കഴിഞ്ഞു. തന്റെ മൃതശരീരം പരിയാരം മെഡിക്കല്‍ കോളജിനു കൊടൂക്കാനുള്ള കടലാസുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ റെഡിയാക്കിയിരുന്നു ചാത്തുക്കുട്ടി. സഹോദരന്‍ അതുപ്രകാരം മെഡിക്കല്‍ കോളജിനെ അറിയിച്ചു. അവരുടെ വാഹനം വന്നു മൃതദേഹം കൊണ്ടുപോയി.

നാല്പതുവര്‍ഷം മുമ്പാണു കോറോത്ത് വളപ്പില്‍  മാതി- ചാത്തുക്കുട്ടിയുടെ അമ്മ - അന്തരിച്ചത്. ഇതേ നാട്ടില്‍.. അന്ന് നാട്ടുകാര്‍ അവരോടുള്ള ആദരവില്‍ ഹര്‍ത്താല്‍ ആചരിച്ചു. നൂറുകണക്കിനു കോടിമുണ്ടുകള്‍ മാതിയുടെ മൃതദേഹത്തില്‍ പുതപ്പിക്കപ്പെട്ടു. നാടിന്റെ മുഴുവന്‍ സ്നേഹാദരങ്ങളും ഏറ്റുവാങ്ങിയാണു കോറോത്ത് വളപ്പില്‍  മാതി അന്ത്യയാത്ര ചെയ്തത്.

മാതി നിരക്ഷരയായ ഒരു സാധാരണക്കാരിയായിരുന്നു. എന്തിനാണു പിന്നെ അവരുടെ മരണത്തില്‍ ആ നാടുമുഴുവന്‍ ശോകമൂകമായത്? പറയാം.

കോറോത്ത് വളപ്പില്‍  കുടുംബം നാട്ടിലെ ഏറ്റവും പ്രമുഖ തീയകുടുംബമായിരുന്നു. എന്നുവെച്ചാല്‍ അന്നാട്ടില്‍ കൃഷിത്തൊഴിലാളികളായിരുന്ന മറ്റ് തീയ്യര്‍, പിന്നോക്ക നായന്മാര്‍, ചില മുസ്ലീം കുടുംബങ്ങള്‍ എന്നിവരുടെയെല്ലാം മൂപ്പന്‍ സ്ഥാനം കോറോത്ത് വളപ്പില്‍ കുടുംബത്തിലെ കാരണവര്‍ക്കായിരുന്നു. നാടിന്റെ സിംഹഭാഗവും വയലുതന്നെ. നിലം മുഴുവന്‍ ഭഗവതി അമ്പലത്തിന്റേത്. അമ്പലമോ? ഇല്ലത്തിന്റേത്. വയലില്‍ ആളുകളെക്കൊണ്ട് കൃഷി ചെയ്യിക്കുക. പിന്നെ വിളവ് ഇല്ലത്തെത്തിക്കുക. തമ്പ്രാന്‍ അതില്‍നിന്നും പണിക്കാര്‍ക്ക്, ഓരോ കുടൂംബത്തിനും വേണ്ടത് അളന്ന് കൊടുക്കും. അത് ആ തിരിച്ച് ആ കുടികളിലെത്തിക്കുക. ഇതെല്ലാം കോറോത്ത് വളപ്പില്‍ കുടുംബകാരണവരുടെ ഉത്തരവാദിത്വമാണു.


വര്‍ഷം 1939. വിളവ് നന്നേ കുറവ്. പണിയെടുത്തവര്‍ക്ക് തിന്നാന്‍ തന്നെ തികയില്ല. നെല്ലിന്റെ അളവ് കണ്ടതും തമ്പ്രാനു കലികയറി. നായിന്റെ മക്കള്. പണിയെടുക്കൂല, പിന്നെങ്ങനാ നെല്ലുണ്ടാവുന്നേ. ഒരുമണി തരില്ല. പട്ടിണികെടക്കുമ്പം പഠിക്കും.

കൊടും വറുതിയില്‍ ആ വര്‍ഷം കടന്നുപോയി. അടുത്തവര്‍ഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിളവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം. അതിനകം വിധവയായിക്കഴിഞ്ഞ മാതിയായിരുന്നു കോറോത്ത് വളപ്പില്‍ തറവാട്ടിലെ കാര്‍ന്നോത്തി. മാതി ഉറച്ച തീരുമാനമെടുത്തു. ഇല്ലത്തേക്ക് നെല്ല് കൊടുക്കുന്നില്ല. നാട്ടുകാര്‍ക്ക് മുഴുവന്‍ ഒരുനേരം കഞ്ഞി കോറോത്ത് വളപ്പില്‍ വീട്ടില്‍ വെക്കും, വിളമ്പും!

അങ്ങനെ ആ വീട്ടുവരാന്തയിലിരുന്ന് കഞ്ഞി കുടിച്ച കുഞ്ഞുങ്ങള്‍ വളര്‍ന്നതായിരുന്നു നാല്പതുവര്‍ഷം മുമ്പത്തെ ആ നാട്ടിലെ സചേതന തലമുറ. കോറോത്ത് വളപ്പില്‍ മാതി അവര്‍ക്ക് ദേവതയോ വിപ്ലവനായികയോ ആയിരുന്നു. അതുകൊണ്ടാണു നൂറുകണക്കിനു പട്ടുകള്‍ ദേഹത്തുപുതച്ച്, നാടിനെ മുഴുവന്‍ നിശ്ചലമാക്കി മാതി അന്ത്യയാത്ര ചെയ്തത്.

അന്ന് ഇല്ലത്തെക്ക് നെല്ല് കൊടുക്കില്ല, ഉള്ള നെല്ല് വീട്ടില്‍ വെച്ച് നാട്ടുകാര്‍ക്ക് വിളമ്പും എന്ന തീരുമാനം മാതി ഒറ്റക്ക് എടുത്തതാണോ? അറിയില്ല. പക്ഷെ ആ തീരുമാനം ഇല്ലത്തുചെന്ന് തമ്പ്രാന്റെ മുഖത്ത്നോക്കി അറിയിച്ച ഒരു ധീരനുണ്ടായിരുന്നു. അന്ന് പതിനെട്ടുകാരനായിരുന്ന മാതിയുടെ മൂത്തമകന്‍ ചാത്തുക്കുട്ടി. അതെ ഇന്നലെ അന്തരിച്ച കോറോത്ത് വളപ്പില്‍ ചാത്തുക്കുട്ടി തന്നെ.

പക്ഷെ നാല്പതുവര്‍ഷം മുമ്പത്തെ നാടും നാട്ടുകാരമല്ലല്ലോ ഇന്ന്. ഇന്നത്തെ തലമുറക്ക് ഈ ചരിത്രമൊന്നും അറിയില്ലല്ലോ. അതുകൊണ്ട് അവര്‍ക്ക് ചാത്തുക്കുട്ടിയെ അറിയില്ലായിരുന്നു. മാത്രമല്ല, അവര്‍ക്ക് വേറെ തിരക്കുകളുണ്ടായിരുന്നു. ഭഗവതി അമ്പലത്തില്‍ സപ്താഹയഞ്ജമോ അങ്ങനെയെന്തോ നടക്കുന്നുണ്ടായിരുന്നു, അല്ലെങ്കില്‍ വയലുവാങ്ങാന്‍ താല്പര്യപ്പെട്ട ബില്‍ഡറുമായി അവര്‍ക്ക് മീറ്റിംഗ് ഉണ്ടായിരുന്നു, അതുമല്ലെങ്കില്‍ റേഡിയോ മാംഗോയുടെ പാട്ടുവണ്ടി അവിടെ കവലയില്‍ വന്നിട്ടുണ്ടായിരുന്നു,....അങ്ങനെയങ്ങനെ.

No comments: