Wednesday, November 11, 2009

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍

കെ. സുധാകരന്റെ അവകാശവാദങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. അത് വായിച്ചു വന്നാല്‍ നന്നായിരിക്കും.

ഉപതെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ഫലം വന്നു. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് 12043 വോട്ടിന്റെ ജയം. 2006ല്‍ കെ. സുധാകരന്‍ നേടിയതിനേക്കാള്‍ മൂവായിരത്തിഅഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷം. പതിവുപോലെ അവലോകനങ്ങള്‍ വന്നു- അബ്ദുള്ളക്കുട്ടിയുടേതിനേക്കാള്‍ ഇത് സുധാകരന്റെ വിജയം. സി പി എം ഭീകരവാഴ്ചയെ എതിരിട്ട് സുധാകരന്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം നേടി എന്നുതന്നെ വിലയിരുത്തലുകള്‍. ഇന്നുവരെ സി പി എം ജയിക്കാത്ത മണ്ഡലമാണിത് എന്ന് പറയുന്നതോടൊപ്പംതന്നെയാണ് ആ വിലയിരുത്തലും. എന്തുപറയാന്‍ - കണ്ണൂര്‍ എന്ന സംജ്ഞയെ സി പി എം ഭീകരത എന്നതിന്റെ ഒറ്റവാക്കാക്കി നിലനിര്‍ത്തുകതന്നെവേണം എന്ന നിര്‍ബന്ധബുദ്ധി.

ബ്ലോഗിലെ ഒരു വലതുപക്ഷചിന്തകന്‍ പറയുന്നത് ഈ പന്ത്രണ്ടായിരമൊന്നുമല്ല അബ്ദുള്ളക്കുട്ടിയുടെ യഥാര്‍ത്ഥ ഭൂരിപക്ഷം. 12043+പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍(9357)+അനധികൃതമായി തള്ളിയ വോട്ടുകള്‍(6386) = 27,786


കെ സുധാകരന് അദ്ദേഹം മത്സരിച്ച നാല് അവസരങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഈ മണ്ഡലം നല്‍കിയത് 23207 വോട്ടാണ്. അതിലും നാലായിരം കൂടുതല്‍ അബ്ദുള്ളക്കുട്ടിക്ക് കിട്ടിയെങ്കില്‍ ഇത് അബ്ദുള്ളക്കുട്ടിയുടെ വിജയമാണ്. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ചു എന്ന ക്രെഡിറ്റ് മാത്രമേ സുധാകരനുള്ളൂ. ഏ! രണ്ടരപതിറ്റാണ്ട് കാലം സി പി എംനെതിരെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ് സുധാകരനു വോട്ട് കിട്ടുന്നത് എന്ന് വാദിക്കാനാവില്ലെന്നോ! പിന്നെ അബ്ദുള്ളക്കുട്ടി ആള് സുഗുണനായതുകൊണ്ടാണ് കൂടുതല്‍ വോട്ട് കിട്ടിയത് എന്ന് അവലോകനം ചെയ്താല്‍ വോട്ടര്‍മാരെ അപമാനിക്കലായിപ്പോവും! അയ്യോ, വേണ്ട, തല്‍ക്കാലം ഇത് അബ്ദുള്ളക്കുട്ടിയേക്കാള്‍ സുധാകരന്റെ വിജയമാണ് എന്നുതന്നെയിരിക്കട്ടെ. അപ്പോള്‍ പക്ഷെ, വോട്ടര്‍ പട്ടികാ വിവാദത്തിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ച് സംശയമുണ്ടാവുന്നല്ലോ.

അധികനേരം സംശയിച്ച് നില്‍ക്കണ്ട. മറുപക്ഷത്തെ വോട്ടുകള്‍ കൂടി നോക്കിയാല്‍ കാര്യം വ്യക്തമാകും. കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്. അതിനോട് 9357 വോട്ടുകള്‍ ചേരുമ്പോള്‍ ജയരാജന്‍ നേടേണ്ടിയിരുന്നത് 47500ഓളം വോട്ടുകളായിരുന്നു. കിട്ടിയതാകട്ടെ 41847. അതായത് വര്‍ദ്ധിച്ച വോട്ടുകള്‍ 3800. പുതീയ വോട്ടുകളുടെ 40.6%. എന്താണ് ഇതില്‍ അസ്വാഭാവികത? (വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ തനിക്ക് വോട്ട് ചെയ്തതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞുകളയും. പുള്ളിക്ക് എന്തും പറയാം. കാരണം ഇപ്പോള്‍ ലീഗുകാര്‍ പുള്ളിയെ പിന്തുടരുന്നത് മുത്തം നല്‍കാനാണ്, പഴയതുപോലെ പിറന്നപടിയാക്കി തല്ലാനല്ല) പോള്‍ ചെയ്ത വോട്ടുകളിലെ വര്‍ധന കണക്കിലെടുക്കാതെയാണ് ഇത് എന്ന്കൂടി ഓര്‍ക്കണം. തള്ളിയ ആറായിരത്തിലധികം വോട്ടുകളുടെ അര്‍ഹിക്കുന്ന അവകാശികളായി ഒരാളെപ്പോലും കണ്ടിട്ടില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതേണ്ടകാര്യമില്ല.

കേന്ദ്രസേനയുടെ സാമീപ്യവും വോട്ടുകണക്കുകളും കൂടി നോക്കിക്കളയാം. കണ്ണൂര്‍ മണ്ഡലത്തില്‍ 38000 സ്ഥിരമായ വോട്ട് ഇടതിനുണ്ടെന്ന് പറഞ്ഞല്ലോ. 2006ലെ നിയമസഭാ തെരെഞ്ഞെടുപ്പ് യുദ്ധസന്നാഹങ്ങളോടെയാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇടതിന്റെ വോട്ട് അപ്പോള്‍ 41000 ആയി വര്‍ധിച്ചു. ഇപ്പോള്‍ അതിനേക്കാള്‍ ഗംഭീരമായ സന്നാഹങ്ങള്‍. വോട്ട് വീണ്ടും വര്‍ധിച്ചു! എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ അത് 34000 മാത്രമായിപ്പോയി. കേന്ദ്രസേനയില്ലായിരുന്നു. വ്യാപകമായ കള്ളവോട്ട് എന്ന് കോണ്‍ഗ്രസ്സ് ആരോപണവുമുണ്ടായി. കള്ളന്‍, കള്ളന്‍ അതാ ഓടിപ്പോകുന്നേ, ആരെങ്കിലും പിടിക്കണേ എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കള്ളന്മാരുടെ തമാശ ഓര്‍മ്മവരുന്നില്ലേ?

ഇതൊന്നുമല്ല നമ്മുടെ പ്രധാനവിഷയം കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സിനെ എന്തുചെയ്തു എന്നതാണ്. ഉപതെരെഞ്ഞെടുപ്പിനുശേഷം പഴയ പാട്ടുകള്‍ പാണന്മാര്‍ പൂര്‍വ്വാധികം ആവേശത്തോടെ പാടി നടക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റിടേണ്ടിവന്നതുതന്നെ. 2009ലെ ഉപതെരെഞ്ഞെടുപ്പ് ഫലം കൂടി ഉള്‍പ്പെടുത്തിയ പട്ടിക നോക്കാം

എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറയണമെങ്കില്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ വെച്ച് അവകാശപ്പെടാമായിരുന്നു. എന്നാല്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കാണുന്നകാഴ്ചയെന്തെന്നാല്‍ നീങ്ങിയെങ്കില്‍ പിറകോട്ടാണ് നീങ്ങിയിരിക്കുന്നത്. അതും കോണ്‍ഗ്രസ്സല്ല, യു ഡി എഫ് മൊത്തത്തിലാണ്. കോണ്‍ഗ്രസ്സ് മാത്രമെടുത്താലോ?

ഡി സി സി പ്രസിഡണ്ട് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് - ഇവിടെ അബ്ദുള്ളക്കുട്ടിയും സുധാകരനും അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. ആനകുത്താന്‍ വന്നാ‍ലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് കോണ്‍ഗ്രസ്സ് എന്ന ആനപ്പുറത്തു കയറി അബ്ദുള്ളക്കുട്ടി ഉയരത്തിലായി. ശരിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് കൊള്ളാവുന്ന ഒരാനതന്നെയായിരുന്നു. സുധാകരന്‍ പരിപാലനം തുടങ്ങിയശേഷം പുള്ളി തടിച്ചു തടിച്ചു വന്നു. ആന മെലിഞ്ഞു മെലിഞ്ഞു വന്നു. ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.

10 comments:

ജിവി/JiVi said...

ഈ മെലിഞ്ഞ ആനയുടെ പുറത്ത് അബ്ദുള്ളക്കുട്ടിയെ കയറ്റിയിരുത്തിയത് സത്യത്തില്‍ സുധാകരനാണോ, അല്ല. അത് ചെയ്തത് ലീഗാണെന്നാണ് കരുതേണ്ടത്. അബ്ദുള്ളക്കുട്ടി കനം കുറഞ്ഞകുട്ടിയാണെങ്കിലും ഈ മെലിഞ്ഞ ആനക്ക് അതും വല്ലാത്ത ഭാരമാണ്. പോരാത്തതിന് അബ്ദുള്ളക്കുട്ടി സഹിതം അതിനെ കെട്ടിയിട്ടിരിക്കുന്നത് ലീഗിന്റെ തൊഴുത്തിലാണ്. കഷ്ടം.

പാഞ്ഞിരപാടം............ said...

"കഴിഞ്ഞ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വെച്ച് നോക്കിയാല്‍ 38000 ഉറച്ച ഇടതുവോട്ടുകള്‍ ഉള്ളമണ്ഡലമാണിത്."
ശരിയാണു ജീവി,അതിനു ഇളക്കം തട്ടിതുടങ്ങി എന്ന്കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിലെ കണക്കും, ഇത്തവണത്തെ കണക്കും.(പുതുതായി ചേര്‍ത്ത വ്യാജവോട്ടുകള്‍ 9000ല്‍ പരം + 38000 ഉറച്ച ഇടതുവോട്ടുകള്‍ ) പരിശോധിച്ചാല്‍ മനസ്സിലാവും.ഉറച്ച Popular Front വോട്ടുകള്‍ എവിടെ പോയെന്നും മനസ്സിലാകും.
വ്യാജവോട്ടര്‍മാരായി ചേര്‍ക്കപ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടുള്ള അമര്‍ഷം തീര്‍ക്കാന്‍ വോട്ട് ചെയ്തെന്നഭിപ്രായമില്ല. എങ്കിലും ഈ കള്ളകളി സി പി എം നു വളരെ ഉറച്ച വോട്ടുകള്‍ വരെ നഷ്ടപ്പെടുത്തിട്ടുണ്ട് എന്നു കണക്കുകള്‍ കാണിക്കുന്നു.അതാണല്ലൊ നാമമാത്രമായ വര്‍ദ്ധന.

"ആനകുത്താന്‍ വന്നാ‍ലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണിത് " എന്നൊക്കെ ഇനീപ്പൊ പറയാം,എന്നാല്ലതെ കണ്ണൂരില്‍ എന്നല്ലാ, കേരളത്തില്‍ എവിടെ ഉപതെരെഞ്ഞെടുപ്പുണ്ടായാലും CPM കാണിക്കുന്ന സംഘടനാ ശക്തിയും മറ്റ് കുറുക്കു വഴികളും വെച്ചു ജയം പിടിച്ച് വങ്ങുന്ന LDF സ്റ്റൈല്‍ വച്ച് നോക്കുംബ്ബൊള്‍ ഇവിടെ വിവരിച്ചിരിക്കുന്ന കണക്കുകകളെല്ലാം ഉപതെരെഞ്ഞെടുപ്പുകളില്‍ കാറ്റില്‍ പറക്കും.
"ഞങ്ങടെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്ത് തോന്നി" എന്ന് ചോദിക്കുന്ന പോലെയൊ, മൊത്തം "പുളി" ആയിരുന്നു കണ്ണൂരില്‍ എന്നു പറയുന്ന പോലെയൊ ആയിരിക്കും ജനങ്ങള്‍ക്ക് ഈ കണക്കുകളും പ്രസ്താവനകളും കാണുംബൊള്‍ എന്നതില്‍ സംശയം വേണ്ട.

ജിവി/JiVi said...

സി പി എം ഈ ‘കള്ളക്കളി’ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ. സുധാകരനാവട്ടെ ഇതിനെതിരെ ‘പോരാടാന്‍’ തുടങ്ങിയിട്ടും കാലം കുറച്ചായി. എന്നിട്ടും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് മുതലാണോ ഇടതിന്റെ വോട്ടുകള്‍ക്ക് ഇളക്കം ഉണ്ടാക്കാന്‍ തുടങ്ങിയത്. ഇളക്കം തട്ടിത്തുടങ്ങുമ്പോള്‍ തന്നെ പന്ത്രണ്ട് ശതമാനത്തോളം വോട്ടുകള്‍ ഇടിഞ്ഞുപോകുമെങ്കില്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ ഈ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഒരു വോട്ടുപോലും കിട്ടാത്ത അവസ്ഥ വന്നുപോകുമല്ലോ!

ഉറച്ച പോപ്പുലര്‍ ഫ്രണ്ട് വോട്ടോ, മനസ്സിലായില്ല.

ആനകുത്താന്‍ വന്നാലും ഇളകാത്ത കോണ്‍ഗ്രസ്സ് മണ്ഡലമാണ് കണ്ണൂര് എന്ന അഭിപ്രായം അവിടത്തെ ഡി സി സി പ്രസിഡണ്ടിന്റേതാണ്. മറ്റാരുടേതുമല്ല.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം , ജിവി.
നല്ല വിശകലനം.

ജനശക്തി said...

മംഗളം പത്രത്തിലെ വാര്‍ത്തയില്‍ നിന്നൊരു ഭാഗം:

“സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സജീവമാകുന്നതിനു മുമ്പ്‌ കണ്ണൂരില്‍ അഞ്ചു നിയമസഭാ സീറ്റുവരെ കിട്ടിയിരുന്നതായും ഇപ്പോഴതു രണ്ടായി ചുരുങ്ങിയെന്നുമാണ്‌ സുധാകരവിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.“

:)

Unknown said...

ജീവി എഴുതിയ കാര്യങ്ങളെ ‍പറ്റി അല്പം ബുദ്ധിയുള്ളയു.ഡി.എഫ്‌കാര്‍ക്കും,അതി ബുദ്ധിയുള്ള വലതു മാധ്യമങ്ങള്‍ക്കും നന്നായി അറിയാം.അതുകൊണ്ട് ആ വസ്തുത ഖണ്ഡിക്കാന്‍ സാധ്യമല്ല. പ്രശനം അതല്ല,വെകിളി പിടിച്ച കുറെ മണ്ടബുദ്ധികളെ പറ്റിക്കാന്‍ നടത്തുന്ന പൊറാട്ടു നാടകമാണ് ഇതെല്ലാം.കുറെ കാലമായി ആ നാടകത്തിനു നേതൃത്വം കൊടുക്കുന്നത് സുധാകരന്‍ എന്ന് മാത്രം.

മംഗളം പത്രം പറയേണ്ട ആവശ്യമില്ല, അഞ്ചു സീറ്റ് വരെ കൊണ്ഗ്രെസ്സിനു ആ ജില്ലയില്‍ ലഭിച്ചിരുന്നു എന്നത് സത്യമാണ്. കഴിഞ്ഞ കുറെ ഇലക്ഷനുകളില്‍ ആയി സീ പി.എം ജയിക്കുന്ന,അല്ല, ഇരുപതിനായിരത്തോളം വോട്ടിനു ജയിക്കുന്ന തളിപ്പരംബ് മണ്ഡലം കൊണ്ഗ്രെസ്സിന്റെ മഹാനായ നേതാവ് സീ.കെ.ജി ജയിച്ച സീറ്റാണ്. കൂത്തുപരംബ് കൊണ്ഗ്രെസ്സുകള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും നല്ല ശക്തിയുള്ള സീറ്റായിരുന്നു.അവിടെ അവരൊക്കെ ജയിക്കയും ചെയ്തതാണ്.സുധാകരനെ പോലുള്ള ക്രിമിനലുകളാണ് അവിടെ ഇത്രയും അധപ്പതിപ്പിച്ചത്.

കണ്ണൂരിനെ സംബന്ധിച്ച ഈ മാധ്യമ വലതു നാടകത്തിന്റെ പൊള്ളത്തരം,ഒരിക്കല്‍കൂടി തെളിഞ്ഞ സംഭവമായിരുന്നു,പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്‌ ഇലക്ഷന്‍. ഒന്നര വര്ഷം മുമ്പ്‌ നടന്നത്. ഒന്ന് വായിക്കൂ , ആ കാലത്തെ മുക്കിയധാരാ മാധ്മങ്ങള്‍, മനോരമയും, മാതൃഭൂമിയും,Mardock നെറ്റും, മുനീര്‍ വിഷനും എല്ലാം. എന്തെല്ലാമാണ് തുടര്‍ച്ചയായി എഴുതിയത്, പറഞ്ഞത് , എന്തൊക്കെ ടൈപ്പ് ഷോമാന്‍ഷിപ്‌ ആയിരുന്നു സുധാകരന്റെ നേതൃത്വത്തില്‍. വെറും 400 വോട്ടര്‍മാരുള്ള ആ ഇലക്ഷനില്‍ ക്രമക്കേട്, കള്ളവോട്ട് എന്തെല്ലാം പ്രചാരണങ്ങള്‍.
എന്നിട്ടോ,ഒരു ക്രമക്കേട്, കള്ളവോട്ട് പോലും കൊടതിലില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.ഹൈക്കോടതിയും സുപ്രീം കോടതിയും എല്ലാ വാദവും തള്ളി. അത് തന്നെയാണ് സത്യമെന്നു വലതന്മാര്‍ക്ക് അറിയാമായിരുന്നു(മന്ധ ബുദ്ധികള്‍ക്കൊഴികെ).കേസൊക്കെ ഒരു നാടകം മാത്രമായിരുന്നു.പറഞ്ഞു വരുന്നത്, ഇത് കാലാകാലങ്ങളില്‍ ഇലക്ഷനില്‍ ആടുന്ന ഒരു നാടകം മാത്രമാണ്. ഈ ഉപ തെരഞ്ഞെടുപ്പ് "ക്രമക്കേടും' വോട്ടര്‍പട്ടിക വിവാദവും, ഒന്നും സംഭവിക്കില്ല.പേരിനു കേസ്, കേസ് എന്നൊക്കെ പറയും.. അടുത്ത ഇലക്ഷനില്‍
വീണ്ടും ഡ്രാമ തുടങ്ങും. വലതു മാധ്യമങ്ങള്‍ അതിനു ഓശാന പാടും. ഇങ്ങനെ ആണ് ഒന്ന് രണ്ടു മണ്ഡലങ്ങളില്‍ എങ്കിലും കൊണ്ഗ്രെസ്സ് കണ്ണൂര്‍ പിടിച്ചു നില്‍ക്കുന്നത്.

ജിവി/JiVi said...

നന്ദി, അനില്‍

ജനശക്തി,
ഒടുവില്‍ ഒരു പത്രമെങ്കിലും സത്യമുള്ള ആരോപണങ്ങള്‍ക്ക് സ്ഥലം കൊടുക്കുന്നു. എല്ലാം പുതീയ ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് വേണം കരുതാന്‍. നന്ദി.

ഫ്രീവോയ്സ്,
കണ്ണൂരിനുപുറത്തുള്ള, ചിന്തിക്കാന്‍ കഴിയുന്ന പല കോണ്‍ഗ്രസ്സുകാര്‍ക്കും സത്യമറിയില്ല. മനോരമയും മാതൃഭൂമിയും പറയുന്നതല്ലേ അവര്‍ക്കറിയൂ.പക്ഷെ, ഇപ്പോള്‍ കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ പുതിയ വിവാദങ്ങളും എന്റെ ഈ പോസ്റ്റുകളും ചേര്‍ത്ത് വായിച്ചവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നുതന്നെ ഞാന്‍ കരുതുന്നു.

ബീഫ് ഫ്രൈ||b33f fry said...

നന്ദി ജിവി/JiVi ഈ അവലോകനത്തിന്. ലോകസഭാ തെരെഞ്ഞെടുപ്പിലെ (2009-ലെ മാത്രമല്ല, അതിനു മുന്നെയുള്ളതും), നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുകള്‍ വേണമായിരുന്നു. പലയിടത്തും നോക്കിയിരുന്നു. ജിവി-യുടെ കയ്യില്‍ ഉണ്ടെങ്കില്‍ എന്റെ ഇ-മെയ്‌ലിലേക്ക് അയയ്ക്കുമല്ലോ?

ജിവി/JiVi said...

അതില്ല, ഞാനും അത് തിരഞ്ഞുകൊണ്ടിരിക്കുന്നു.

keralaassembly.org ആണ് എന്റെ പോസ്റ്റുകളിലെ കണക്കുകള്‍ക്ക് അവലംബം. അതില്‍ പക്ഷെ ലോകസഭാ ഫലം നിയമസഭാമണ്ഡലം തിരിച്ച് കൊടുത്തിട്ടില്ല.

Vishwajith / വിശ്വജിത്ത് said...

എല്ലാം ഒരു ഞാണിന്മേല്‍ കളിയല്ലേ...രാഷ്ട്രിയവും...