Tuesday, June 15, 2010
മനോരമയുടെ ഇന്നത്തെ പ്രൊഫഷണലിസം
ഇനി മനോരമ ചാനലിലോട്ടു പോകാം :
മാധവനും ഗോപാലനും എല്ലാം ഒന്നുതന്നെയല്ലേ എന്ന് പണ്ടൊരാള്‍ മജിസ്ട്രേട്ടിനോട് ചോദിച്ചിട്ടുണ്ട്.
Wednesday, May 12, 2010
ജയിച്ചൂ, ക്രിക്കറ്റ് ജയിച്ചു
നടപ്പ് 20-20 ലോകകപ്പ്. സൂപ്പര്‍ എട്ടില്‍ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് മത്സരം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യക്കെതിരെ പതിമൂന്നാം ഓവര്‍ എറിയാനെത്തിയത് പാര്‍ട്ട് ടൈം ബോളര്‍ സുലൈമാന്‍ ബെന്‍. ഇന്ത്യക്ക് മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിജയിക്കാനുള്ള റണ് റേറ്റ് പത്തിനു മൂകളില്‍. എന്നാലെന്താ ഉജ്ജ്വല ബാറ്റ്സ്മാന്മാരായ ധോണിയും യുവരാജുമാണ് ക്രീസില്‍. സുലൈമാന്‍ ബെന്നും അയാളുടെ ക്യാപ്റ്റന്‍ ക്രിസ് ഗെയ്ലും ചേര്‍ന്ന് ഈ രണ്ട് ബാറ്റ്സ്മാന്മാര്‍ക്കുമെതിരെ ഒരു സ്ലിപ്പ് ഫീല്‍ഡറെ വെക്കുന്നു!!!
ക്രിസ് ഗെയ്ലിന്റെ തന്ത്രം എന്തായിരുന്നാലും ഇന്ത്യന്‍ ക്രിക്കറ്റിനു ഇതിലും വലീയൊരു പരിഹാസം ഇനി കിട്ടാനില്ല. ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും അത് കാരണം ഏറ്റവും ദു:ഖിക്കേണ്ടിവരിക ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളായിരിക്കുമെന്നും വിവരമുള്ളവര്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് ഇത്ര പെട്ടെന്ന് ജനത്തിനു ബോധ്യമാവുമെന്ന് അവര്‍ പോലും കരുതിയതല്ല.
ഒരു നല്ല ക്രിക്കറ്റ് പ്രേമിക്ക് അത് ആസ്വദിക്കാന്‍ തുടരെത്തുടരെയുള്ള സിക്സറുകളും ഫോറുകളുമല്ല വേണ്ടത്. നിര്‍ണ്ണായക സമയത്ത് ബ്ലോക്ക് ഹോളില്‍ കൃത്യം വീഴുന്ന ഒരു ബോള്‍, അതിനെ സമര്‍ത്ഥമായി പ്രതിരോധിച്ച് ഒരു ക്വിക് സിംഗിളിനുള്ള ബാറ്റ്സ്മാന്മാരുടെ ശ്രമം. ആ അവസരം മുതലെടുക്കാന്‍ ഫോളോ ത്രൂവില്‍ ഒരു റണ്ണൌട്ടിനു ശ്രമിക്കുന്ന ബൌളര്‍. ഇങ്ങനെ നല്ല ക്രിക്കറ്റ് ആസ്വദിക്കാനാവുന്ന എത്ര മൂഹൂര്‍ത്തങ്ങളുണ്ടാവും ഒരു ക്രിക്കറ്റ് കളിയില്‍. എന്നാല്‍ ഐ പി എല്‍ മത്സരങ്ങള്‍ നല്ല ആസ്വാദകരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്നത് സിക്സറുകളും ഫോറുകളുമാണ്. അതായത് ഐ പി എല്ലില്‍ എല്ലാ പന്തിലും സിക്സോ ഫോറോ വേണം. അപ്പോഴെല്ലാം ചീയര്‍ ഗേള്‍സിന്റെ തുള്ളലുണ്ടാവും. എല്ലാവര്‍ക്കും ആസ്വദിക്കാം. കളിക്കുശേഷമുള്ള മദ്യപാര്‍ട്ടികളും പാര്‍ട്ടികഴിഞ്ഞുള്ള ബാക്കി പരിപാടികളും ഒത്തുകളിയും വാതുവെയ്പും ഒന്നിനെപ്പറ്റിയും എഴുതുന്നില്ല, ക്രിക്കറ്റിന്റെ ഗുണം മാത്രമാണ് ഇവിടെ വിഷയം.
എല്ലാ പന്തിലും ഏത് ബാറ്റ്സ്മാനും സിക്സറടിക്കാന്‍ പാകത്തിലാണ് ഐ പി എല്ലില്‍ പിച്ചുകള്‍ തയ്യാറാക്കുന്നത്. കാല്‍മുട്ടിനുമുകളില്‍ പന്ത് ഉയരുകയില്ല. വരണ്ട പ്രതലത്തില്‍ പിച്ച് ചെയ്യുമ്പോള്‍തന്നെ അതിന്റെ വേഗതയും തീര്‍ന്നുകിട്ടും. ഏത് യൂസഫ് പഠാനും എത്ര സിക്സുവേണമെങ്കിലും അടിക്കാം. ഇനി രാഹുല്‍ ദ്രാവിഡുമാരുടെ കാര്യമെടുത്താലോ? ഇമ്മാതിരി പിച്ചില്‍ നാലു കളി കളിച്ചാല്‍ പിന്നെ ഇക്കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത എല്ലാ കഴിവും ചോര്‍ന്നുപോവും. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. പണ്ടുമുതലേ വേഗതയും ബൌണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനറിയില്ല. ഉള്ള കഴിവും ഐ പി എല്‍ മൂന്നു സീസണ്‍ കഴിഞ്ഞതോടെ തീര്‍ന്നുകിട്ടി.
ഇനി ബൌളര്‍മാരുടെ കാര്യമെടുക്കാം.. ഫാസ്റ്റ് ബൌളര്‍മാര്‍ ഇന്ത്യയില്‍ വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതമായിരുന്നു. ഒരു കപില്‍ദേവ്. അതിനും വളരെകാലം കഴിഞ്ഞ് ഒരു ജവഗല്‍ ശ്രീനാഥ്. ശ്രീനാഥും എം ആര്‍ എഫ് പേസ് ഫൌണ്ടേഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഫാസ്റ്റ്ബോളര്‍ക്കും ലോകത്തെ കൊമ്പന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാന്‍ കഴിയും എന്ന ഒരു വിശ്വാസമുണ്ടാക്കിയത്. ആ വിശ്വാസം ഇന്ത്യയിലും കുറെ ഫാസ്റ്റ്ബോളര്‍മാരെ ഉണ്ടാക്കിയെടുത്തു. ആശിഷ് നെഹ്ര, സഹീര്‍ ഖാന്‍, ആര്‍ പി സിംഗ്, ശ്രീശാന്ത്, ഇശാന്ത്,ബാലാജി,മുനാഫ് പട്ടേല്‍ - മണിക്കൂറില്‍ 135-140 കി. മീ അല്ലെങ്കില്‍ അതിലും വേഗതയില്‍ പന്തെറിഞ്ഞിരുന്ന പിള്ളേരായിരുന്നു. ഐ പി എല്‍ പിച്ചുകളില്‍ തങ്ങളുടെ അധികവേഗത ബാറ്റ്സ്മാന് കൂടുതല്‍ സഹായം ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ് ഇവരെല്ലാം ഇപ്പോള്‍ മീഡിയം പേസ് ബോളര്‍മാരായി മാറി. ജാവേദ് മിയാന് ദാദ് എന്ന ഇതിഹാസതാരമൊന്നും വേണ്ട, കപൂഗതരെ എന്ന തുടക്കക്കാരനുതന്നെ ഇവരെ അവസാനപന്തില്‍ സിക്സടിച്ചു തങ്ങളുടെ ടീമിനെ വിജയിപ്പിക്കാം.
ഐ പി എല്‍ വഴി ഇന്ത്യയില്‍ ക്രിക്കറ്റ് ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കേരളം മാത്രം പുറകോട്ട് പോകരുതല്ലോ. അതിനായി നമ്മുടെ ജനപ്രതിനിധിയും എണ്ണം പറഞ്ഞ അന്താരാഷ്ട്രപ്രതിഭയും കേരളമെന്ന പേരുകേട്ടാല്‍ ചോര തിളക്കുന്ന ആളും സര്‍വ്വോപരി സുന്ദരനുമായ ശ്രീമാന്‍ ശശി തരൂര്‍ അവര്‍കളുടെ മെന്ററിങില്‍(മെന്ററിങ്ങില്‍ മാത്രം) ചിലര്‍ ഇറങ്ങിയിട്ടുണ്ട്. നല്ല കാര്യം. ഫുട്ബോളോ അത്-ലറ്റിക്സിലോ മത്സരിച്ച് നേട്ടങ്ങളുണ്ടാക്കി എയര്‍ ഇന്ത്യയിലോ സര്‍വീസസിലോ റയില്വേഎയിലോ ഒക്കെ ജോലിനേടി മാന്യമായി ജീവിക്കേണ്ട കുറേ നല്ല പിള്ളേര്‍ ഐ പി എല്‍ മോഹവലയത്തില്പെട്ട് എങ്ങുമെത്താതെ പോകും. ക്രിക്കറ്റും പോകും. ഉണ്ടായിരുന്നതും ഉണ്ടയാകും. ക്രിക്കറ്റിനു മാത്രമായി സ്റ്റേഡിയം ഉണ്ടാക്കണമത്രെ. കൊച്ചിയില്‍ സ്റ്റേഡിയം ഉണ്ടാക്കുമ്പോള്‍ തിരുവന്തപുരത്തും കോഴിക്കോട്ടും ഉണ്ടാക്കേണ്ടിവരും. സ്ഥലം - നമുക്ക് ഏറ്റവും ദുര്‍ലഭമായ വിഭവം. ക്രിക്കറ്റിനു മാത്രമായ സ്റ്റേഡിയം എന്നത് നമ്മുടെ വിഭവങ്ങളുടെ ദുരുപയോഗം അല്ലെങ്കില്‍ മറ്റെന്താണ്? വിഭവങ്ങളുടെ ദുരുപയോഗം അധോഗതിയിലേക്കല്ലാതെ ആരെയെങ്കിലും പുരോഗതിയിലേക്ക് നയിക്കുമോ?
ഒരു പരിഹാസരംഗം വര്‍ണ്ണിച്ചുകൊണ്ടാണ് ഈ പോസ്റ്റ് തുടങ്ങിയത്. മറ്റൊരു പരിഹാസ അനുഭവം വിവരിച്ചുകൊണ്ട് അവസാനിപ്പിച്ചേക്കാം.
ദുബായില്‍ ജോലികിട്ടിയ ആദ്യനാളുകള്‍. ഓഫീസ് പാന്‍റ്റ്രിയിലെ റ്റെലിവിഷനില്‍ ക്രിക്കറ്റ് വാര്‍ത്ത ശ്രദ്ധിച്ചുനില്‍ക്കെ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷുകാരന്‍ സഹപ്രവര്‍ത്തകന്റെ ചോദ്യം - “ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം റ്റെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നൂറ്റി മുപ്പത്തേഴ് റണ്‍സെടുത്തിട്ടുണ്ട്. ഇരുപത്തേഴ് റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍ക്കറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അഷറുദ്ദീനുമാണ് ക്രീസില്‍. എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?“
കഷ്ടം. ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാത്ത ഇംഗ്ലീഷുകാരന്‍. എന്നിട്ട് സംശയം ചോദിക്കുന്നതോ- ഇന്ത്യാക്കാരനായ എന്നോട്! അഭിമാനത്തോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തു. ചങ്ങാതി എന്നെ ഒന്നു കാര്യമായിത്തന്നെ പരിഹസിച്ചതാണെന്ന് മനസ്സിലായതേ ഇല്ല. ഇംഗ്ലീഷുകാരന്‍ അവന്റെ ഭാഷയില്‍ പരിഹാസഭാവം കാണിക്കുന്നത് എനിക്കെങ്ങനെ മനസ്സിലാവാനാണ്?(ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ എനിക്കത് മനസ്സിലായാനേ, സത്യം) പരിഹാസം എന്നോട് മാത്രമായിരുന്നില്ല. ക്രിക്കറ്റ് എന്ന രണ്ടാംതരം കായികവിനോദത്തോടും അതിനോട് ഭ്രാന്തമായ ആവേശം കാണിക്കുന്ന ഇന്ത്യാക്കാരോട് മൊത്തമായിരുന്നു.
നമ്മളെപ്പോഴാണ് ജയിക്കുക? ക്രിക്കറ്റിലല്ല, മറ്റ് ഒന്നാംതരം കായിക ഇനങ്ങളില്‍.
Friday, April 30, 2010
ബംഗാളിലെ സ്ഥിതി ശോചനീയം
നമ്മളെല്ലാവരും സ്ക്കൂളില്‍ പഠിച്ച സാമൂഹ്യശാസ്ത്രപാഠങ്ങളില്‍ ഒന്നാണിത്. ഇപ്പോഴും ഇതൊക്കെ പഠിപ്പിക്കുന്നുണ്ടാവണം. രാജ്യത്തിന്റെ മൊത്തം ജനസംഖ്യ കൂടുന്നത് നല്ലതാണെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും വളരെ കൂടുതലായ ജനസാന്ദ്രത ഒരു പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമാവും, പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവും എന്നകാര്യത്തില്‍ തര്‍ക്കമില്ല.
ലോകത്തിന്റെ മൊത്തം കാര്യം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസംഖ്യകൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും ഏറ്റവും വലിപ്പമുള്ള 13 എണ്ണത്തിന്റെ വികസനം താരതമ്യം ചെയ്തുനോക്കാം. കേരളം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു സംസ്ഥാനമല്ല. എങ്കില്‍ക്കൂടി നമ്മുടെ സംസ്ഥാനമല്ലേ, അതുകൊണ്ട് കേരളത്തെയും ഉള്‍പ്പെടുത്തി. അങ്ങനെ 14 സംസ്ഥാനങ്ങള്‍. മാനദണ്ഡമായെടുത്തിരിക്കുന്നത് മൊത്തം ആഭ്യന്തര ഉത്പാദനം/അതിന്റെ ആളോഹരി എന്ന സൂചകമാണ്. അതെ, തികച്ചും ഒരു മുതലാളിത്ത സൂചകം തന്നെ.
ഇങ്ങനെയൊരു താരതമ്യത്തിനു മുതിരാന്‍ കാരണം, ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ബംഗാളിന്റെ ശോച്യാവസ്ഥയാണ് . ഈ പ്രപഞ്ചത്തിലെ ഏതുവിഷയമാകട്ടെ ബംഗാളിലെ ശോച്യാവസ്ഥയും കേരളത്തിന്റെ വികസന മുരടിപ്പും പരാമര്‍ശിക്കാതെ ഒരു ലേഖനവും കുറിപ്പും പ്രഭാഷണവും അവസാനിക്കുകയില്ല. ഒപ്പം ഗുജറാത്ത്, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നടത്തുന്ന കുതിപ്പിനെപ്പറ്റിയും കേള്‍ക്കാം.
കാര്യത്തിലേക്ക് വരാം. പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. ച. കി. മീറ്ററിന് 903 പേര്‍. ഇന്ത്യയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 2.7% മാത്രം വരുന്ന ബംഗാളില്‍ ഇന്ത്യന്‍ ജനതയുടെ 7.8% ആളുകളുണ്ട്. വിസ്തീര്‍ണ്ണത്തിന്റെയും ജനസംഖ്യയുടെയും ശതമാനങ്ങളുടെ അനുപാതം ഒരു സൂചകമായെടുക്കുന്നത് കൂടുതല്‍ സൌകര്യമായിരിക്കും. ഒരര്‍ത്ഥത്തില്‍ ഇത് ജനസാന്ദ്രത തന്നെയാണ്. എന്നാലും 903/ച. കി.മീ അല്ലെങ്കില്‍ 834/ച. കീ.മീ എന്നൊക്കെ പറയുന്നതിനെക്കാള്‍ ഒരു സംഖ്യ മാത്രമായ സൂചകം ഒരു സൌകര്യം തന്നെയല്ലേ. അതനുസരിച്ച് ബംഗാളിന്റെ സൂചിക 0.35 ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. തൊട്ടടുത്ത് ബീഹാര്‍, പിന്നെ കേരളം, പിന്നെ യു. പി. അതായത് ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടുന്ന സംസ്ഥാനങ്ങളാണിവ. ഈ സൂചികയുടെ ക്രമത്തില്‍ ഈ 14 സംസ്ഥാനങ്ങളെ പട്ടികയില്‍ കൊടുത്തിരിക്കുന്നത് കാണുക.
ഏറ്റവും കൂടിയത് രാജസ്ഥാന്‍- സൂചിക 1.9. താര്‍ മരുഭൂമിയെ ഒഴിവാക്കിയാല്‍ത്തന്നെ ഇത് 0.79 വരും. ഇന്ത്യയുടെ 9.4% വരുന്ന മധ്യപ്രദേശില്‍ 5.8% ജനതയാണുള്ളത്. 9.4% വരുന്ന മഹാരാഷ്ട്രയില്‍ ഏതാണ്ട് അതേ ശതമാനം ജനങ്ങള്‍. 8.4 % വിസ്തൃതിയുള്ള ആന്ധ്രയില്‍ 7.4% ജനങ്ങള്‍ മാത്രം. ഇന്ത്യയുടെ 6% വരുന്ന ഗുജറാത്തില്‍ 5% ജനങ്ങളേ ഉള്ളൂ. 5.8% വരുന്ന കര്‍ണ്ണാടകത്തില്‍ 5.1% ജനങ്ങള്‍. അതായത് വികസനത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇനി മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏത് ക്രമത്തില്‍ വരുന്നു എന്ന് നോക്കാം.
യു. പി ക്ക് രണ്ടാം സ്ഥാനം. ഇന്ത്യന്‍ ജനസംഖ്യയുടെ 16%ല്‍ അധികം യു പിയിലാണല്ലോ. കൂടിയ ജനസംഖ്യ ആഭ്യന്തര ഉദ്പാദനത്തിന്റെ വലിപ്പം കൂട്ടും. പക്ഷെ ആളോഹരി എടുത്താലോ. ആളോഹരി ക്രമത്തിലുള്ള പട്ടികയും കാണാം.
ആഭ്യന്തര ഉദ്പാദനത്തില്‍ ആറാം സ്ഥാനമുള്ള ബംഗാളിന് ആളോഹരി ക്രമത്തില്‍ എട്ടാം സ്ഥാനം. ചെറീയ സംസ്ഥാനങ്ങളായ പഞ്ചാബും കേരളവും മുന്നോട്ട് കേറിയപ്പോള്‍ ബംഗാള്‍ രണ്ട് സ്ഥാനം പിറകോട്ട് പോയി. എത്ര സന്തുലിതം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു. പി ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്ത്. ബീഹാറിനുമാത്രം മുന്നില്‍.
ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനമാണ് ബംഗാള്‍ എന്ന് പറഞ്ഞുവല്ലോ. ഇടതുഭരണത്തിനുമുമ്പ് അത് അങ്ങനെതന്നെയായിരുന്നു എന്നാണ് അറിയുന്നത്. ലിങ്കുകളോ റഫര്‍ന്‍സോ ഇടാനില്ല തല്‍ക്കാലം. അതിനെ ശരിവെക്കുന്നതാണ് ബംഗാളിനോട് ഏറ്റവും സമാനമായ സാഹചര്യമുള്ള ബീഹാറിന്റെ അവസ്ഥ. ഇന്ത്യയില്‍(ലോകത്തില്‍തന്നെ) ഏറ്റവും പിന്നോക്കം. ബംഗാളിന്റെ മൂന്നിലൊന്നുമാത്രം വരുന്ന സമ്പദ് വ്യവസ്ഥ.
ആഭ്യന്തര ഉദ്പാദനവും പ്രതിശീര്‍ഷവരുമാനവുമൊക്കെ മുതലാളിത്ത കാഴ്ചപ്പാടില്‍ വികസനം അളക്കാനുള്ളതാണല്ലോ. ഇനി ഇടതുപക്ഷം പറയുന്ന വികസന സൂചകങ്ങള്‍ - സാക്ഷരത, വിദ്യാഭ്യാസം, ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത, ആരോഗ്യം,സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയൊക്കെ ബംഗാളിന്റെ സ്ഥാനം ഗുജറാത്തിനും മഹാരാഷ്ട്രക്കും വരെ മുകളിലാണ്.
കേരളത്തില്‍ ഇടതുഭരണമുണ്ടാവുമ്പോള്‍ കേന്ദ്രം നമ്മോട് കാണിക്കുന്ന വിവേചനം നമുക്കറിയാം. സ്ഥിരമായ ഇടതുമുന്നണി ഭരിക്കുന്ന ബംഗാളിനോടും അങ്ങനെയൊരു നയം ഉണ്ടെന്ന് പരാതികളുണ്ട്. അര്‍ഹിച്ച കേന്ദ്രവിഹിതം ഈ സംസ്ഥാനത്തിന് കിട്ടാറില്ല എന്നതും കണക്കിലെടുത്താലോ. കടുത്ത പ്രാദേശികവാദം കൊണ്ട് തമിഴ്നാടും ഒരു പരിധിവരെ പഞ്ചാബും നേട്ടമുണ്ടാക്കിയത് അനര്‍ഹമായ കേന്ദ്രവിഹിതം നേടിയെടുത്തിട്ടാവാം എന്ന അനുമാനവും നടത്തേണ്ടിവരുന്നു.
ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും വലത് ഉദാരീകരണ സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളെയും ഏറ്റവും പിന്നില്‍തന്നെ നിര്‍ത്തിയിരിക്കുന്നു. അഭ്യന്തര ഉദ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്നവ പോലും പട്ടിണിയിലും ദാരിദ്ര്യത്തിലും കര്‍ഷക ആത്മഹത്യയിലും ശിശുവേലയിലും എല്ലാം മുന്നില്‍ത്തന്നെ. ഇനി പ്രതികൂലാവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍ വലതു സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴോ - അതി ദയനീയം. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും എത്ര ഭേദപ്പെട്ട നിലയിലേക്ക് ബംഗാളിനെ എത്തിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.
ബംഗാളിലെ സ്ഥിതി ശോചനീയം, ശോചനീയം, ശോചനീയം. കേരളത്തില്‍ വികസന മുരടിപ്പ്, മുരടിപ്പ്, മുരടിപ്പ്.എല്ലാത്തിനും കാരണം ഇടത് പക്ഷം. ഇടത് ട്രേഡ് യൂനിയനിസം, പണിമുടക്കുകള്‍, ഹര്‍ത്താലുകള്‍,ബന്ദുകള്‍. ഈ പല്ലവിയും പാടിനടക്കുന്ന വലത് രാഷ്ട്രീയക്കാരേ, അരാഷ്ട്രീയ വികസന വാദികളേ, അബ്ദുള്ളക്കുട്ടികളേ, അഞ്ചരക്കണ്ടികളേ, കണക്കുകള്‍ നിങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നു.
ഈ പോസ്റ്റിലെ വിവരങ്ങള്‍ക്കും പട്ടികകള്‍ക്കും അവലംബം:
- ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വിസ്തൃതി, ജനസംഖ്യ, പോഷകാഹാരക്കുറവ് തുടങ്ങിയവ സംബന്ധിച്ച വിക്കിപ്പീഡിയ ലേഖനങ്ങള്‍
- വിശാല്മിശ്ര വെബ്
- സൈബര്‍ ജേണലിസ്റ്റ്
Friday, April 16, 2010
തരൂര്‍ പരീക്ഷണം പരാജയം
മന്മോഹന്റെ രണ്ടാം തലമുറ എന്നുപറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും വ്യക്തി എന്ന നിലയില്‍ ക്ലീന്‍ ആയിരിക്കണം. ഐ പി എല്‍ വിവാദത്തോടെ തരൂരിന്റെ വ്യക്തിത്വത്തിന്റെ രണ്ട് സുന്ദരന്‍ കവിളിലും അടികിട്ടിയിരിക്കയാണ്. ഒന്നാമത്തെത് ഔദ്യോഗികം. കൊച്ചി ടീമിനായി നടത്തിയ ചരടുവലികളില്‍ അപ്പടി അഴിമതിയുടെ താളം. രണ്ടാമത്തെത് കുടുംബപരം. വേര്‍പെട്ട രണ്ട് ദാമ്പത്യങ്ങളുള്ള, പുതിയൊരു ദാമ്പത്യത്തിന്റെ വക്കില്‍ ഉള്ള ആളാണെന്നുമുള്ളത് എക്സ്പോസ് ചെയ്യപ്പെട്ടു. മറ്റൊരു പൈങ്കിളിക്കഥകൊണ്ട് ലളിത് മോഡിയെ നേരിടാന്‍ ശ്രമിച്ചത് അതിലും വലീയ നാണക്കേടായി.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരൂരിന്റെ ഭാവിയെ ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്നത് ഇത് രണ്ടുമല്ല, മലയാളികളായ ഫാന്‍സുകാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്. വടക്കേ ഇന്ത്യന്‍ ലോബിക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു തെക്കെ ഇന്ത്യക്കാരനാണ് തരൂര്‍ എന്ന നിലയില്‍ കക്ഷിയെ പ്രതിരോധിക്കുന്നത് ആത്മഹത്യാപരമാണ്. തരൂര്‍ ദല്‍ഹി നായരാണ് എന്ന നായര്‍ സമുദായ നേതാവ് സുകുമാരന്‍ നായരുടെ പ്രസ്താവനയെ നമ്മള്‍ പുച്ഛിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോസിറ്റീവ് സൈഡ് ഇപ്പോള്‍ ആലോചിച്ചു പോവുകയാണ്.
അതൊക്കെ അവിടെ നില്‍ക്കട്ടെ, ഒരുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ അധികാരത്തിലേറാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ പ്രയോരിറ്റീസ് എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് പൌരബോധമുള്ള നമ്മള്‍ ഇപ്പോഴേ ചിന്തിക്കേണ്ടേ? ഫസ്റ്റ് പ്രയോരിറ്റിയായി എനിക്കൊരുകാര്യം നിര്‍ദ്ദേശിക്കാനുണ്ട് - ഐ പി എല്‍ ടീം പോലെ വന്‍ വികസനസാധ്യതയുള്ള ഒരു കാര്യം നേടാനായി യത്നിച്ച സുനന്ദ പുഷ്കറിനു കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും 25% ഓഹരികള്‍ സ്വെറ്റ് ഇക്വിറ്റിയായി നല്‍കണം. നിങ്ങളെന്ത് പറയുന്നു?
ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍ എന്ന എന്റെ പഴയപോസ്റ്റുകൂടി വായിക്കാന്‍ താല്പര്യം.
Monday, April 5, 2010
നേരെചൊവ്വെയില്‍ ചുള്ളിക്കാട്, ക്വസ്റ്റ്യന്‍ ടൈമില്‍ ചുള്ളിക്കാട്
ചുള്ളിക്കാട് സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചുപോകും. സത്യങ്ങള്‍ പറയുന്ന ആളാണ് അദ്ദേഹം.
ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുമല്ലോ. പ്രേക്ഷകര്‍ക്കും വലീയതാല്പര്യമുള്ളത് അത്തരം കാര്യങ്ങളില്‍തന്നെ. ചുള്ളിക്കാടിനോടും അത്തരം ചോദ്യങ്ങളുണ്ടായി രണ്ട് പരിപാടിയിലും. രണ്ടിടത്തും ചുള്ളിക്കാട് സത്യം പറഞ്ഞു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കുമെന്നപോലെ - ഭര്‍ത്താവ് എന്ന നിലയിലും അച്ഛന്‍ എന്ന നിലയിലും താന്‍ ഒട്ടും ഉത്തരവാദിത്വം കാണിച്ചിട്ടില്ല. അത്രയും രണ്ട് അഭിമുഖത്തിലും ഒന്നുതന്നെ. എന്ന് വെച്ചാല്‍ കുടുംബകാര്യം മാത്രമെടുത്താല്‍തന്നെ രണ്ടിടത്തുമായി ചില്ലറ വ്യത്യാസങ്ങളുണ്ടെന്ന്. രണ്ടും പരസ്പര വിരുദ്ധമാണോ? അല്ല. പിന്നെയെവിടെയാണ് വ്യത്യാസം - അത് ചാനലിന്റെ വ്യത്യാസം.
സര്‍ക്കാര്‍ സ്ക്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് റ്റ്യൂഷനും കോപ്പും ഒന്നും ഇല്ലാതെ പ്രവേശനപരീക്ഷയിലും തുടര്‍ന്ന് എഞ്ചിനീയറിങ്ങിലും ഉന്നതമാര്‍ക്കുവാങ്ങിയ മകന്‍. പഠനം കഴിഞ്ഞയുടന്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ഉന്നത ജോലി സമ്പാദിച്ച മകന്‍. ആ മകനെക്കുറിച്ച് അഭിമാനം കൊള്ളുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയാണ് പീപ്പിള്‍ ചാനല്‍ കാണിച്ചുതന്നത്. മനോരമ ന്യൂസിലാകട്ടെ തന്റെ മകനെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലയക്കാതെ സര്‍ക്കാര്‍ സ്ക്കൂളിന്റെ പരിമിതികളിലേക്ക് തള്ളിവിട്ടതില്‍ ഖേദിക്കുന്ന ചുള്ളിക്കാടിനെയാണ് കണ്ടത്. ഒരു മലയാളകവിയായിരുന്നിട്ടും മകനെ ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷമായി എന്ന് തോനുന്നുണ്ടോ? ജോണി ലൂക്കാസിന്റെ ചോദ്യം. അതെ, ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാതിരുന്നത് ദോഷം ചെയ്തു എന്ന് വിശ്വസിക്കുന്നതായി ചുള്ളിക്കാടിന്റെ ഉത്തരം. അപ്പോള്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിച്ച് നല്ലനിലയില്‍ (എം എന്‍ സി യിലെ ഉയര്‍ന്ന ജോലിയില്‍ എന്ന് തന്നെ അര്‍ത്ഥം!) എത്തിയ ചുള്ളിക്കാടിന്റെ മകന്‍ എവിടെപ്പോയി? മകന്റെ ആ നേട്ടത്തെക്കുറിച്ച് ചുള്ളിക്കാട് മിണ്ടിയില്ല എന്ന് ഞാന്‍ കരുതുന്നില്ല്ല. ആ ഭാഗത്ത് മനോരമ കത്രികവെച്ചു എന്ന് എന്റെ ഊഹം. അതോ രണ്ട് അഭിമുഖങ്ങള്‍ തമ്മിലുള്ള ഇടവേളയില്‍ ചുള്ളിക്കാടിന്റെ മകന് ജോലി നഷ്ടപ്പെട്ടോ, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാതിരുന്നതാണോ അങ്ങനെ സംഭവിക്കാന്‍ കാരണം എന്നൊക്കെ ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ നല്ലത്.
‘നേരെചൊവ്വേ’ ഇതു ചെയ്യുന്നത് ആദ്യമായല്ല. മുമ്പൊരിക്കല്‍ കാവ്യാ മാധവനോട് ജോണി ലൂക്കോസ് ചോദിച്ചത് ഇങ്ങനെ:
‘കാവ്യയുടെ സമപ്രായക്കാരായ മറ്റ് നായികനടിമാര്‍ നഗരങ്ങളിലെ കോണ്വെന്റ് സ്ക്കൂളുകളില്‍ പഠിച്ച, നല്ല ആക്സെന്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. കാവ്യയാകട്ടെ ഒരു നാട്ടുമ്പുറത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച കുട്ടി. അതില്‍ അപകര്‍ഷതാബോധം തോന്നിയിട്ടില്ലേ കാവ്യക്ക്?‘
മലയാളിയുടെ അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഷ്ടപ്പെടുന്ന മാധ്യമമാണ് മനോരമ. അതിനായി എന്തുചെയ്യണമെന്നും മനോരമക്കറിയാം. പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങി ‘പൊതു‘വായുള്ളതിനെയെല്ലാം അങ്ങ് ഇല്ലാതാക്കണം. അതിനായി നേരെചൊവ്വേയിലെ മാന്യരായ അതിഥികളെയും ചട്ടുകമാക്കാം.
Monday, March 1, 2010
മന്ത്രിപുത്രനും യുവതിയും
വരനും ആളുകളും എത്തിക്കഴിഞ്ഞു. അവര്‍ ഉപചാരപ്പൂര്‍വ്വം സ്വീകരിക്കപ്പെട്ടു. വരന്‍ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും വരനെ കാണാം. ആരാണോ ആ കാര്യം ആദ്യം ശ്രദ്ധിച്ചത്! വരന് നമ്മുടെ സുനീഷിന്റെ നല്ല ഛായ. ഏത് സുനീഷ്? പത്രം വായിക്കാത്തവരും ടി വി കാണാത്തവരും ചോദിച്ചു. പത്രം വായിക്കുന്നവരും ടിവി കാണുന്നവരും അവരുടെ ഡൌട്ട് ക്ലിയര്‍ ചെയ്തുകൊടുത്തു - സുനീഷ് എന്നാല്‍ സുനീഷ് മടിക്കേരി. മന്ത്രി പുത്രന്‍, മന്ത്രി പുത്രന്‍ - എല്ലാ വിവാദങ്ങളിലെയും നായകന്‍.
‘സ്വഭാവം അങ്ങനെയല്ലാണ്ടായാല്‍ മതി‘ - യൂത്ത് നേതാവ് ഷിബുമോന്‍ ഒന്നാന്തരം കോങ്ക്രസ്സ് വിറ്റടിച്ചു. തന്റെ ചുറ്റുമുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒരു ലിമിറ്റഡ് ഫലിതം. ഷിബുമോന്റെ ചുറുചുറുക്കിന്റെ ആരാധകരായ ഏതാനും കോങ്ക്രസ്സ് അമ്മാമന്മാര്‍ ഷിബുമോന്റെ ചുറ്റും എപ്പോഴുമുണ്ടാവും. അമ്മാമന്മാര്‍ക്ക് ഫലിതം നന്നെ ബോധിച്ചു. അധികം ഒച്ചവെക്കാനായില്ലെങ്കിലും അമ്മാമന്മാര്‍ ചിരിച്ചു. വീണ്ടും ചിരിച്ചു. ഷിബുമോന്റെ നര്‍മ്മബോധത്തിന്റെയും ആരാധകരായി അവര്‍ മാറി. ഷിബുമോന്റെ സമയം.
താലികെട്ടും സദ്യയും കഴിഞ്ഞു. വധുവിനെയും കൂട്ടി വരനും കൂട്ടരും പോയി. നാട്ടുകാരു മുഴുവന്‍ പോയി. വകയിലെ വകയിലെ ബന്ധുക്കള്‍ മുഴുവന്‍ പോയി. പൂരപ്പറമ്പില്‍ പരിചയപ്പെട്ടവര്‍ എല്ലാവരും പോയി. ഷിബുമോനും ചുറ്റും കൂടിയ അമ്മാമന്മാരും പോയി. വേങ്ങാട്ട് ചെറുകുന്നത്ത് വീട്ടില്‍ സുകുമാരന്‍ നായരും കുടുംബവും അടുത്ത ബന്ധുക്കളും അയല്‍ വാസികളും മാത്രം ബാക്കിയായി.
തന്റെ മരുമകന് സുനീഷ് മടിക്കേരിയുടെ ഛായയുണ്ടെന്നത് ഒരു കൌതുകമായാണ് സുകുമാരന്‍ നായര്‍ക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്നപ്പോഴും പിന്നെയും ഒന്നു രണ്ട് തവണ കണ്ടപ്പോഴും സുകുമാരന്‍ നായര്‍ക്കോ കൂടെയുണ്ടായിരുന്ന ഉറ്റവര്‍ക്കോ അങ്ങനെ തോന്നിയിരുന്നില്ല. സുകുമാരന്‍ നായര്‍ക്ക് ചിരി വന്നു. നാട്ടുകാരുടെ ഒരു കാര്യമേ, എന്തെല്ലാം ശ്രദ്ധിച്ചുകളയും!
തറവാട്ടില്‍ പിറന്ന ഏതൊരാളെയും പോലെ സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാലും വോട്ട് എപ്പോഴും കൈപ്പത്തിക്കേ ചെയ്യൂ. ഒരു തവണ കമ്മൂണിസ്റ്റുകാര്‍ക്കെതിരെ കൈപ്പത്തിയല്ല, റാന്തല്‍ അടയാളത്തില്‍ ഒരാള്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സുകുമാരന്‍ നായര്‍ വോട്ടുചെയ്യാന്‍ പോയില്ല. എന്നിട്ടോ, വൈകിട്ട് കോങ്ക്ര്സ്സിന്റെ ബൂത്ത് ഏജന്റ് ജോയി പറഞ്ഞപ്പളല്ലേ അറിഞ്ഞത് - തന്റെ വോട്ട് ഏതോ കമ്മുണിസ്റ്റുകാരന്‍ കള്ളവോട്ടായി ചെയ്തുകളഞ്ഞെന്ന്. ഇനി കമ്മുണിസ്റ്റുകാര്‍ക്കെതിരെ റാന്തലായാലും ഏണിയായാലും രാവിലെത്തന്നെ പോയി വോട്ട് ചെയ്യും എന്ന് അന്നേ തീരുമാനമെടുത്തയാളാണ് സുകുമാരന്‍ നായര്‍. ഇങ്ങനെയെല്ലാമായിരിന്നിട്ടും ഒരു കമ്മുണിസ്റ്റുകാരന്‍ മന്ത്രിയുടെ മകന്റെ ഛായയുണ്ട് തന്റെ മരുമകനെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ കേട്ടുനില്‍ക്കയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. അതാണ് ഹൃദയ വിശാലത. തറവാട്ടില്‍ പിറന്നതിന്റെ ഗുണം.
രാഷ്ട്രീയമില്ലെങ്കിലും ലോകവിവരമില്ലെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ അതിന്റെ സൂഷ്മാംശങ്ങളിലേക്ക് വരെ കടന്നുചെന്ന് ചിന്തിക്കാന്‍ കഴിവുള്ളയാളാണ് സുകുമാരന്‍ നായര്‍. മക്കളുടെ കാര്യത്തില്‍ ഒന്നും അങ്ങേര്‍ക്ക് വെറും കൌതുകമല്ല. അതുകൊണ്ട് മരുമകനും സുനീഷ് മടിക്കേരിയുമായുള്ള സാദൃശ്യം തന്റെ മകളെ ബാധിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിയുമോ? ഇല്ല. അല്ലെങ്കില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു - തൊട്ടുമുന്നില്‍ത്തന്നെ അപകടങ്ങളല്ലേ!
ഇനിയിപ്പോള്‍ തന്റെ മകളും മരുമകനും കൂടി എവിടെയൊക്കെപ്പോവും - ചുരുങ്ങിയത് ഗുരുവായൂരിലും തിരുമാന്ധാംകുന്നിലും തൊഴാന്‍ പോകില്ലേ, അവിടെ ഹോട്ടലില്‍ തങ്ങേണ്ടിവരില്ലേ, നാട്ടില്‍ അഭ്യൂഹം പരക്കില്ലേ. കോങ്ക്രസ്സുകാരും ലീഗുകാരം ഹോട്ടല്‍ റെയ്ഡ് ചെയ്യില്ലേ. മരുമകനെ അടുത്തുനിന്നുകണ്ടാല്‍ സുനീഷ് മടിക്കേരിയല്ലെന്ന് അവര്‍ക്ക് മനസ്സിലാവും, പക്ഷെ തന്റെ മകളുടെ ചുരിദാറും ഹെയര്‍സ്റ്റൈലും കണ്ടാല്‍ സീരിയല്‍ നടിയല്ലെന്ന് ആരെങ്കിലും പറയുമോ! ഹൊ. പൊല്ലാപ്പാവൂലോ!
ബാക്കി അറിയില്ല. സുകുമാരന്‍ നായര്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തുമായിരിക്കും. രണ്ട് പെണ്മക്കളുടെ അച്ഛനായതുമുതല്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്ക് അയാള്‍ ചിന്തിച്ച് പോംവഴി കണ്ടെത്തിയിരിക്കുന്നു!
-------------------------------------------------------------------------------------------------
മന്ത്രിപുത്രന്‍ സിനിമാനടിക്കൊപ്പം ഹോട്ടലില്‍ തങ്ങുന്നുണ്ടന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മഞ്ചേരിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോട്ടലില്‍ തിരച്ചില്‍ നടത്തി. ഹോട്ടല്‍ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമെത്തി ഹോട്ടല്‍ വളഞ്ഞു. പോലീസെത്തി പോലീസും ഹോട്ടലില്‍ തിരച്ചില്‍ നടത്തി. മന്ത്രിപുത്രനോ യുവതിയോ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. തിരയാന്‍ പോയവര്‍ മന്ത്രിപുത്രനെയും കൊണ്ട് പുറത്തുവന്നാല്‍ മതിയെന്നും പറഞ്ഞ് ഡി വൈ എഫ് ഐ ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും യു ഡി എഫ് പ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു.
ഇങ്ങനെയാണ് ദാറ്റ്സ് മലയാളം, വെബ് ദുനിയ, കൌമുദി ഓണ്‍ലൈന്‍, ഡെയിലി മലയാളം ഒക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസില്‍ യു ഡി എഫുകാര്‍ ഹോട്ടലില്‍ തിരയുന്നതിന്റെ ദൃശ്യം രണ്ട് സെക്കന്റ് കാണിക്കുകയും ചെയ്തു.
മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെപ്പറ്റിയും ലൈംഗിക ദാരിദ്ര്യത്തെപ്പറ്റിയും സാംസ്കാരിക നായകരുടെ രോഷപ്രകടനങ്ങളില്ല. മോബ് ജസ്റ്റിസ് സാധാരണക്കാരുടെ ജീവിതങ്ങളെ ഉഴുതുമറിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധചര്‍ച്ചകളില്ല. ബ്ലോഗ് പോസ്റ്റുകളില്ല. എല്ലാം സ്വാഭാവികം മാത്രം. ഇവിടെ ഡി വൈ എഫ് ഐ യുടെ മേക്കിട്ട് കേറാന്‍ സ്കോപ്പില്ലല്ലോ.
എന്ന് ആരു പറഞ്ഞൂ? മനോരമ വായിച്ചുനോക്കൂ:
ഉന്നത സി പി എം നേതാവിന്റെ മകന്‍ യുവതിയോടൊപ്പം ബാര്‍ ഹോട്ടലില്‍ ഉണ്ടെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.
കച്ചേരിപ്പടി തുറയ്ക്കല്‍ ബൈപ്പാസ് റോഡിലാണു സംഭവം. യു ഡി എഫ് പ്രവര്‍ത്തകര്‍ ബാര്‍ ഹോട്ടല്‍ പടിക്കല്‍ തടിച്ചുകൂടിയതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തി. ഇരുവിഭാഗവും സംഘര്‍ഷവക്കിലെത്തിയപ്പോള്‍ പോലീസ് വിരട്ടി. നേതാവിന്റെ മകനോ യുവതിയോ ഹോട്ടലില്‍ ഇല്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്.
സംഘര്‍ഷത്തിനിടെ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഷംസീറിനെ ഡി വൈ എഫ് ഐക്കാര്‍ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ഷംസീറിനെ മലപ്പുറത്ത് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Thursday, February 18, 2010
കേരളം - കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലാത്തിടം
അറേബ്യന്‍ ഗള്‍ഫിലെ എണ്ണസമ്പന്നമായ കൊച്ചുരാജ്യമാണ് ഖത്തര്‍. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ രാജഭരണം നിലനില്‍ക്കുന്നു. മറ്റ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും പോലെ സ്വതന്ത്രവിപണിയുടെ പ്രയോക്താക്കള്‍ എന്നുമാത്രം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയാവുകയില്ല. സ്വതന്ത്രവിപണിയുടെ ത്വരിതമായ വ്യാപനം ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ലോകവ്യാപാരസംഘടനയുടെ സുപ്രധാനസമ്മിറ്റുകള്‍ക്ക് സ്ഥിരം ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയാണത്.
ഖത്തറിന്റെ ജനസംഖ്യ ഇരുപത് ലക്ഷത്തില്‍താഴെയാണ്. അവിടത്തെ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും അടക്കം. കോട്ടയം ജില്ലയോളം ജനസംഖ്യ. വിസ്തീര്‍ണ്ണം പതിനൊന്നായിരം ചതുരശ്ര കി മീ. കോട്ടയം ജില്ലയുടെ അഞ്ചുമടങ്ങ്.
എന്താണിപ്പോള്‍ കോട്ടയവും ഖത്തറുമായി ഒരു താരതമ്യം! ഖത്തറിലും കൃഷിക്കാരുണ്ട്. കോട്ടയത്തും കൃഷിക്കാരുണ്ട്. ഖത്തറിലെ കൃഷിക്കാര്‍ക്കും പരാതികളുണ്ട്, കോട്ടയത്തെ കൃഷിക്കാരെപ്പോലെതന്നെ!
തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വിലകിട്ടുന്നില്ലെന്നാണ് ഖത്തറിലെ കര്‍ഷകരുടെ പരാതി. ഉല്പാദനച്ചെലവുമായിതട്ടിച്ചുനോക്കുമ്പോള്‍ വമ്പന്‍ നഷ്ടം. ഖത്തറിലെ വിളവെടുപ്പ് കാലത്ത് വിദേശത്തുനിന്നുള്ള ഈ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നാണ് അവരുടെ ആവിശ്യം. ഏത് ബുദ്ധിയില്ലാത്ത ചീള് കമ്മുക്കളാണാവോ ഇമ്മാതിരി വിവരദോഷം ഇവരെ പഠിപ്പിച്ചത്! ആഗോളവിപണിയില്‍നിന്നും മാറിനില്‍ക്കാന്‍ ഖത്തറിനുമാത്രമായി സാധിക്കില്ലെന്ന് ഇവരെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരുമില്ലേ അവിടെ!
കോട്ടയം ജില്ലയുടെ അത്രയും ജനസംഖ്യയില്ലാത്ത ഖത്തറില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ റീടെയിലുകാര്‍ നിരവധിയുണ്ട്. Carrefour തന്നെ മൂന്നെണ്ണം. ലുലു, ജയന്റ് തുടങ്ങിയ ഇന്ത്യന്‍ ജയന്റുകള്‍ വേറെ. കര്‍ഷകരില്‍നിന്നും ഇത്രവിലകുറച്ച് സംഭരിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ എന്തുവിലയ്ക്കാണ് വിപണിയില്‍ കിട്ടുന്നത്? അഞ്ചുകിലോവിന്റെ ഒരു പെട്ടി ആറ് ഖത്തര്‍ റിയാലിനു താന്‍ വില്‍ക്കുന്നത് റീടെയ്ല് ഷോപ്പില്‍ കിലോവിനു ആറ് ഖത്തര്‍ റിയാലിനു എന്ന കണക്കിനു വില്‍ക്കുന്നതായി ഒരു കര്‍ഷകന്‍ പറയുന്നു. അഞ്ചിരട്ടി വില!
ചില്ലറ വ്യാപാരരംഗത്ത് വമ്പന്മാര്‍ ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്നവിലകിട്ടും, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ സാധനങ്ങള്‍ ലഭ്യമാവുകയും ചെയ്യും - ഇതാണ് പ്രപഞ്ചതത്വം. അതും തെറ്റുന്നുവോ!
ഖത്തര്‍ ഒരു കാര്‍ഷികരാജ്യമല്ല. അവിടെ കര്‍ഷകര്‍ തീരെ ചെറീയ ഒരു വിഭാഗമാണ്. മൈക്രോ മൈക്രോ മൈനോറിറ്റി. അതില്‍ത്തന്നെ ഭൂരിപക്ഷവും മറ്റ് പലവരുമാനമാര്‍ഗ്ഗങ്ങളുള്ള കോടീശ്വര്‍ന്മാരാണ്. കൃഷിയില്‍ നഷ്ടം പറ്റിയാല്‍ ആര്‍ക്കും ആത്മഹത്യചെയ്യേണ്ടിവരില്ല. പട്ടിണികിടന്ന് ജീവിക്കേണ്ടിയും വരില്ല. കോട്ടയത്തെ അല്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ അങ്ങനെയാണോ? എന്നാലും ഖത്തറിലെ കര്‍ഷകന്‍ ഉയര്‍ത്തുന്ന പ്രതിഷേധം പോലും നമ്മുടെ കര്‍ഷകര്‍ ഉയര്‍ത്തരുതെന്ന്. കര്‍ഷകന്റെ പ്രതിഷേധം നമ്മള്‍ ഉപഭോക്താക്കള്‍ക്കെതിരാണെന്ന്. എല്ലാം നമുക്ക് വ്യക്തമാക്കിത്തന്നത് നമ്മുടെ ജനാധിപത്യം, സുതാര്യമായ നമ്മുടെ (കേന്ദ്ര)ഭരണകൂടം സ്വതന്ത്രവും നിഷ്പക്ഷവുമായ നമ്മുടെ മാധ്യമങ്ങള്‍. എല്ലാത്തിനെയും നമിക്കുക.
Related Posts: എന്റെ തന്നെ ഒരു പഴയപോസ്റ്റ്: ആസിയാന്‍ കരാറും ഉപഭോക്താക്കളും
Monday, February 8, 2010
അതിനും കുറ്റം ഇടതിനുതന്നെ!
ആസ്ത്രേലിയയില്‍ ചുവന്നകൊടി കാണണമെങ്കില്‍ റെയില്വെ സ്റ്റേഷനില്‍ നോക്കണമെന്ന പരിഹാസം ലേഖനത്തിന്റെ തുടക്കത്തില്‍തന്നെയുണ്ട്. ഇന്ത്യയുടെ ഇരട്ടിയിലധികം വലിപ്പമുള്ള രാജ്യമാണ് ആസ്ത്രേലിയ. കൃഷിക്കും എല്ലാത്തരം വ്യവസായങ്ങള്‍ക്കും പറ്റിയ ഭൂമി ഇഷ്ടം പോലെ. മിതോഷ്ണകാലാവസ്ഥ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറില്ല എന്നുതന്നെ പറയാം. ജനസംഖ്യ ഇന്ത്യയുടെ അമ്പതിലൊന്നുമാത്രം. എന്നിട്ടും അവിടെ ദാരിദ്ര്യമുണ്ട്, ദാരിദ്ര്യത്തില്‍നിന്നും ഉണ്ടാവുന്ന പിടിച്ചുപറിയുണ്ട്, അക്രമങ്ങളുണ്ട്. അപ്പോള്‍ അവിടത്തെ വ്യവസ്ഥിതിക്ക് കുഴപ്പമുണ്ടെന്ന് കണ്ട് അതിനെതിരെ കൊടിപിടിക്കണമെന്ന് - ചുവന്നകൊടി വേണ്ട- ആഗ്രഹിക്കുന്ന ഒരാളെങ്കിലും ആസ്ത്രേലിയയില്‍ കാണുമെന്ന് എനിക്കുറപ്പുണ്ട്.
മുഖ്യവിഷയത്തിലേക്ക് തിരിച്ചുവരാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത് ഇവിടെയില്ലാത്ത ലോകോത്തര ഉന്നതവിദ്യാഭ്യാസം നേടാനാണ് എന്നാണല്ലോ റോയ്സാര്‍ പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ മഹാരഥന് മറുപടികൊടുക്കാന്‍ ഈയുള്ളവന്‍ ആര്? എന്നാല്‍ നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാരനായ മറ്റൊരു മഹാരഥന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതിനു മറുപടി പറഞ്ഞതുപോലുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ എസ് എം കൃഷ്ണ. നമ്മുടെ വിദേശകാര്യ(മുഖ്യ)മന്ത്രി.
എന്തിനാണ് ഈ വിദ്യാര്‍ത്ഥികള്‍ ആസ്ത്രേലിയക്ക് പഠിക്കാന്‍ പോകുന്നത്? എസ് എം കൃഷ്ണ അദ്ഭുതം കൂറുന്നു: ഇവിടെ ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ എല്ലാ മിടുക്കര്‍ക്കും പ്രവേശനം കിട്ടിയെന്നുവരില്ല. അപ്പോള്‍ ആസ്ത്രേല്യയിലോ എവിടെയെങ്കിലുമോ അതിനുസമാനമായ നിലവാരത്തിലുള്ള കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടുമെങ്കില്‍ പോകുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങനെയല്ല. കേശാലങ്കാരം പോലുള്ളവ പഠിക്കാനാണ് ഭൂരിഭാഗവും പോയിരിക്കുന്നത്. ലിങ്ക് ദാ
അതെ, ആസ്ത്രേല്യയില്‍ മിക്കവരും പോയിരിക്കുന്നത് എഞ്ചിനീയറിങ്ങോ മെഡിസിനോ ശാസ്ത്രമോ ഒന്നും ഉയര്‍ന്ന നിലയില്‍ കൂടുതല്‍ സൌകര്യത്തില്‍ പഠിക്കാനല്ല. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ബിസിനസ്സുകാരുടെ ശരാശരിയിലോ അതിലും താഴയോ പഠനനിലവാരം പുലര്‍ത്തിയ മക്കള്‍. പണം കൊടുത്ത് ബി കോം എന്ന അലങ്കാരം വാങ്ങി, മീതെ ആസ്ത്രേല്യന്‍ എം ബി എയുടെ ആര്‍ഭാടവും പണം കൊടുത്തുവാങ്ങാന്‍ പോയവര്‍. ബി കോം പണം കൊടുത്തുപോലും നേടാനാവാത്തവര്‍ കേശാലങ്കാരവും കളിനറിയും പഠിക്കാന്‍ പോകും. കളിനറിയെന്നാല്‍ ചെറുനാരങ്ങാ കട്ടുചെയ്യുന്നതില്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെയുണ്ട്. മക്കള്‍ ഈ കോഴ്സുകള്‍ പഠിക്കുന്നു. നാട്ടില്‍ അച്ഛനുമമ്മക്കും മകന്‍ ആസ്ത്രേല്യയില്‍ പഠിക്കുന്നതിന്റെ അന്തസ്സ്!
ഇതൊക്കെ അവിടെപോയി എന്തിനാാാ പഠിക്കുന്നത് എന്ന് എസ് എം കൃഷ്ണ ചോദിക്കുമ്പോള്‍ ഈ കാര്യത്തിലും ഇടതിനെ കൊട്ടി യജമാനപ്രീതി സമ്പാദിച്ച് വിരാജിക്കുന്നു മാധ്യമവിശാരദന്‍ കെ എം റോയ്.
Thursday, January 28, 2010
ശശി തരൂരിനെ അറിയാത്ത തരൂരുകാരന്‍
ഒരിക്കല്‍ ഞാന്‍ പുള്ളിയോട് ചോദിച്ചു: എന്താണ് ഈ തരൂര്‍ എന്ന പേരിനു പിന്നില്‍?
ഉത്തരം: തരൂര്‍ എന്റെ നാടാണ്. പാലക്കാട് ജില്ലയിലെ മനോഹരമായ എന്റെ കൊച്ചുഗ്രാമം.
എന്റെ ചോദ്യം വീണ്ടും: അപ്പോള്‍ നിങ്ങള്‍ക്ക് ശശി തരൂരിനെ അറിയാമോ?
“ആരാണയാള്‍?“
“ആഹാ, അപ്പോള്‍ നിങ്ങളുടെ നാട്ടുകാരനായ ഇംഗ്ലീഷില്‍ നോവലുകളെഴുതുന്ന ലോകപ്രസിദ്ധ സാഹിത്യകാരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുപോലുമില്ലേ?“
സത്യത്തില്‍ ശശി തരൂരിനെക്കുറിച്ച് എനിക്കും ഒന്നും അറിയുമായിരുന്നില്ല. സാഹിത്യവാരഫലത്തില്‍ അല്ലെങ്കില്‍ അങ്ങനെ ഏതോ പംക്തിയില്‍ അദ്ദേഹത്തെക്കുറിച്ച് വളരെ ക്ലിപ്തമായ ഒരു ഖണ്ഡിക വായിച്ച അറിവുമാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്.
അന്ന് അഭ്യസ്തവിദ്യരായ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുപോലും അജ്ഞാതനായിരുന്നു ശശി തരൂര്‍ എന്ന് ചുരുക്കം. എന്നാലിന്ന്, വെറും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ പരമാധികാരത്തിന്റെ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ശശി തരൂര്‍ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന ‘രാഷ്ട്രീയക്കാര‘നാണ്.
അറുപതു പിന്നിട്ട ഇന്ത്യന്‍ റിപ്പബ്ലിക് ലോകത്തിനുമുന്നില്‍ ഏറ്റവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നത് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അത് കൈവരിച്ച നേട്ടങ്ങളാണ്. അതിന് അടിത്തറയിട്ടത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നയങ്ങളാണ്. പ്രത്യേകിച്ച് സോവിയറ്റ് യൂനിയനുമായി അദ്ദേഹമുണ്ടാക്കിയ സഹകരണം. ആ വിദേശനയം വെറും ധാര്‍മിക വാചാടോപം മാത്രമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായാണ് ഇന്ന് ഇന്ത്യന്‍ വിദേശകാര്യ(സഹ)മന്ത്രിയുടെ കസേരയില്‍ ശശി തരൂര്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ മുടന്തന്‍ വിശദീകരണങ്ങള്‍ അപ്പാടെ അതേപടി മുഖവിലക്കെടുക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. നെഹ്രുവിന്റെ പേരമകന്റെ ഭാര്യയായ പാര്‍ട്ടി അധ്യക്ഷയും ശശി തരൂര്‍ നല്‍കുന്ന വിശദീകരണത്തില്‍ ഒരന്വേഷണത്തിനും മുതിരാതെ തൃപ്തയാവുന്നു. റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീ നല്‍കാന്‍ കേരളസര്‍ക്കാര്‍ ശുപാര്‍ശ നല്‍കാഞ്ഞതെന്ത് എന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമ പുംഗവന്മാരും ശശി തരൂരിന്റെ ഇത്തരം പ്രസ്താവനകള്‍ അധികം അന്വേഷിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
എന്താണ് ഇതിന്റെയൊക്കെ പിന്നില്‍? ശശി തരൂര്‍ എന്തിനാണ്, എങ്ങിനെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രാജ്യാന്തര രാഷ്ട്രീയ രംഗത്ത് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന വലീയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാരെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാറില്ല. ഇന്ത്യ അത്തരത്തിലൊരു രാജ്യമാണ്. പോരാത്തതിന് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ ശക്തമായ ആവിശ്യപ്പെടുന്ന ഖട്ടവുമാണ്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഒരു ഇന്ത്യാക്കാരന്‍ വരുന്നത് ഇത്തരം ആവിശ്യങ്ങളെ പൂര്‍ത്തീകരണത്തില്‍നിന്നും അകറ്റുകയേയുള്ളൂ. എന്നിട്ടും ശശി തരൂരിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാനും തോല്വി സുനിശ്ചിതമായിട്ടും ആവേശത്തോടെ അവസാന റൌണ്ടുകള്‍വരെ നിലനിര്‍ത്താനും ഇന്ത്യ തുനിഞ്ഞത് എന്തിനായിരുന്നു? ഒറ്റ ഉദ്ദേശ്യമേയുള്ളൂ. ഇങ്ങനെയൊരു ഇന്റര്‍നാഷണല്‍ ഇന്ത്യാക്കാരന്‍ ഈ ലോകത്തുണ്ടെന്ന് ഇന്ത്യന്‍ ജനസാമാന്യത്തെ അറിയിക്കുക. അദ്ദേഹത്തെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഹീറൊയാക്കുക. ശേഷം ഇന്ത്യയുടെ ഭരണരംഗത്ത് ഒരു സുപ്രധാനകസേരയില്‍ പ്രതിഷ്ഠിക്കുക. ഒന്നും മന്മോഹന്റെയും കോണ്‍ഗ്രസ്സിന്റെയോ ഐഡിയയല്ല. പക്ഷെ അവരുടെ യജമാനന്റെ ഐഡിയയാണ്. യജമാനന്റെ നയങ്ങള്‍, ആശയങ്ങള്‍ നടപ്പാക്കുക മാത്രമാണ് മന്മോഹന്റെ ജോലി.
അതെ അമേരിക്കന്‍ സാമ്രാജ്യത്തം അതിന്റെ അധീശത്വം ഉറപ്പിക്കുന്നത് പലരീതിയിലാണ്. ചിലയിടങ്ങളില്‍ തങ്ങളുടെ ആഞ്ജാനുവര്‍ത്തികളായ ഏകാധിപതികളെ വാഴിക്കും. അവരുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തും. മറ്റു ചിലയിടത്ത് തങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത ഏകാധിപതീകളുണ്ടെങ്കില്‍ അവിടെ ജനാധിപത്യസ്ഥാപനത്തിന് എന്നും പറഞ്ഞ് ഇടപെടും. ഒരു പാവ ഗവ. ഉണ്ടാക്കിയെടുക്കും. ഇന്ത്യയിലുണ്ടായിരുന്നത് യഥാര്‍ത്ഥ ജനാധിപത്യമായിരുന്നു. ആ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ തങ്ങളുടെ സാമ്രാജ്യത്തമോഹങ്ങള്‍ സഫലീകരിക്കുന്നു.
എന്തിന് ശശി തരൂര്‍, മന്മോഹന്‍ സിങ്ങ് ആരാണ്? ജനാധിപത്യ പരമാധികാര സോഷ്യലിസ്റ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് നമ്മള്‍ പറയും. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യാ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണിന്റെ ജനറല്‍ മാനേജരാണ്. ആ ഉദ്യോഗത്തിലിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്താനും. വെരി വെല്‍ ക്വാളിഫൈഡ്. പ്രൂവണ്‍ ട്രാക്ക് റെക്കഡ്!
അതുപോലെ ഇന്ത്യാ സ്പെഷ്യല്‍ എക്കണോമിക് സോണിന് ഏറ്റവും യോഗ്യരായ പബ്ലിക് റിലേഷന്‍സ് മാനേജര്‍മാരുണ്ട്. മാര്‍ക്കറ്റിംഗ് മാനേജര്‍മാരുണ്ട്. സെക്യൂരിറ്റി ഓഫീസര്‍മാരുണ്ട്. ഇല്ലാതെ പോയത് നല്ലൊരു ഫിനാന്‍സ് മാനേജരാണ്. യോഗ്യരുടെ അഭാവമല്ല. മുതലാളിക്കും ജി എംനും ഏറ്റവും ബോധിച്ച ഒരാളുണ്ടായിരുന്നു - മോണ്ടേംഗ്സിംഗ് ആലുവാലിയ. പക്ഷെ അദ്ദേഹത്തിന്റെ നിയമനം നടന്നില്ല. ആ കിളവന്‍, ഫിനാന്‍സ് തനിക്കുതന്നെ വേണം എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചുകളഞ്ഞു. എന്തു ചെയ്യും! ജനാധിപത്യത്തിന്റെ ഡ്രോബാക്ക്. സാരമില്ല, ഇത്തരം നശൂലങ്ങളെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും ഉന്മൂലനം ചെയ്യാനുള്ള പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ശശി തരൂരിന്റെ നേതൃത്വത്തില്‍ തന്നെ. മാനേജേര്‍സ് കോണ്‍ഗ്രസ്സ് അത്തരമൊരു പരിപാടിയാണ്.
തരൂരുകാരനായ എന്റെ പഴയ ചാറ്റ് റൂം സ്നേഹിതാ, താങ്കളിപ്പോള്‍ ശശി തരൂരിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ അഭിമാനം കൊള്ളുന്നുണ്ടോ? തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹം എപ്പോഴും വിജയം വരിച്ചു വരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താങ്കള്‍ക്കിപ്പൊഴും ശശി തരൂരിനെ അറിയില്ലെന്ന് ഞാന്‍ പറയും.
Wednesday, January 13, 2010
ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്
ജയ് ഹിന്ദ് ടി വിയിലെ പുതിയ പ്രശ്നോത്തര പരിപാടിയാണ് രണാങ്കണം. അവതരിപ്പിക്കുന്നത് സാക്ഷാല്‍ ജി എസ് പ്രദീപ്. പണ്ട് കൈരളിയില്‍ അശ്വമേധം അവതരിപ്പിച്ച് താരമായ കക്ഷി. അശ്വമേധം പുതുമയുള്ള, ആകാംക്ഷയുണര്‍ത്തുന്ന ഒരു പരിപാടിയായിരുന്നു. ജി എസ് പ്രദീപിന്റെ നല്ല മലയാളിത്തമുള്ള നിര്‍ലോഭമായ ഇംഗ്ലീഷ് ആ പ്രോഗ്രാമിന്റെ ഒരു മേന്മ തന്നെയായിരുന്നു. ആളുകള്‍ക്ക് ബോറടിച്ചതുകൊണ്ട് മാത്രമാണ് കുറെക്കാലം കഴിഞ്ഞപ്പോള്‍ നിര്‍ത്തേണ്ടിവന്നത്.
ആശാന്‍ ഇപ്പോള്‍ ജയ്ഹിന്ദ് ടി വിയില്‍ രണാങ്കണവുമായി വരുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ. രണാങ്കണത്തിലും പുതുമയുണ്ട്. മത്സരാര്‍ത്ഥികള്‍ തിരഞ്ഞേടുക്കുന്ന വിഷയത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കും. അത് ശരിയോ തെറ്റോ എന്ന് പറഞ്ഞാല്‍ മതി. മത്സരാര്‍ത്ഥിയുടെ മറുപടി ശരിയായാല്‍ പണമായിട്ടാണ് പ്രതിഫലം. മാക്സിമം പത്തുലക്ഷം വരെ ഇങ്ങനെ നേടാമെന്ന് തോനുന്നു.ഉത്തരം തെറ്റിയാല്‍ പണം നെഗറ്റീവ് ആകും. ഒപ്പം അടുത്ത ചോദ്യമായിവരുന്ന സ്റ്റേറ്റ്മെന്റ് പ്രദീപ് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിന്നായിരിക്കും.
ഉദ്ഘാടന എപ്പിസോഡിനായി വന്നത് നമ്മുടെ ശശി തരൂര്‍. ശശി തരൂരിനേക്കാള്‍ സുന്ദരനായ ഒരു പുരുഷനെ ഗ്രാന്റ് മാസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ലത്രെ. സൌന്ദര്യം നോക്കുന്നവരുടെ കണ്ണിലാണല്ലോ. ഇതേ കണ്ണും തലയും കൊണ്ടാണല്ലോ ഇദ്ദേഹം ഈ വിജ്ഞാനമത്രയും ബൈഹാര്‍ട്ട് പഠിച്ചു കളഞ്ഞത്.
സാമ്രാജ്യത്തം, മുതലാളിത്തം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, ബഹുരാഷ്ട്രകുത്തക ആദിയായവയെ എല്ലാം പുറം കാലുകൊണ്ട് തൊഴിച്ചാണ് പണ്ട് അശ്വമേധത്തിന്റെ വേദിയിലേക്ക് ഇദ്ദേഹം കടന്നുവന്നിരുന്നത്. പ്രോഗ്രാമിനിടയില്‍ പ്ലാച്ചിമടയിലും ക്യൂബയിലും വിയറ്റ്നാമിലും ഒക്കെ നടക്കുന്ന സാമ്രാജ്യത്തെ പ്രതിരോധസമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കും, നല്ല മലയാളത്തില്‍. മലയാളിത്തമുള്ള ഇംഗ്ലീഷിനു അതു കഴിഞ്ഞേ ഉള്ളൂ സ്ഥാനം. വയലാറിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ മുഷ്ടിയുയര്‍ത്തി മുഴക്കിക്കൊണ്ട് പ്രോഗ്രാം അവസാനിപ്പിക്കയും ചെയ്യും.
രണാങ്കണത്തിന്റെ ഉദാഘാടന എപ്പിസോഡില്‍ പക്ഷെ, കൊക്കകോളയുടെ ഉപദേഷ്ടാവ് കൂടിയായ തന്റെ ജനപ്രതിനിധി ശശി തരൂരിനെക്കുറിച്ച് ഗ്രാന്റ് മാസ്റ്റര്‍ പുളകം കൊള്ളുന്നു. ക്രിക്കറ്റ്, രാഷ്ട്രീയം, ചരിത്രം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ തരൂര്‍ സെലക്റ്റ് ചെയ്യുന്നു. ഓരൊ വിഷയത്തിലും ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന വാചകം ശരിയോ തെറ്റോ എന്ന് ഒരു ശങ്കയുമില്ലാതെ തരൂര്‍ കണ്ടെത്തുന്നു. ഒടുവില്‍ പത്തുലക്ഷം സമ്മാനത്തിന് പുള്ളി അര്‍ഹനുമാവുന്നു. എന്നാല്‍ പണം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം പരിപാടിയില്‍നിന്നും വിരമിക്കുന്നു. തരൂര്‍ ഫാന്‍സ് കൂടുതല്‍ പുളകിതരായില്ലേ. ഇനിയും ഏതെങ്കിലും ‘അഭ്യസ്തവിദ്യര്‍‘ ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ സംശയിച്ചുനില്‍ക്കുന്നെങ്കില്‍ അതും മാറീല്ലേ?
പക്ഷെ ശരിക്കും തമാശ കണ്ടത്, ഇന്നലത്തെ എപ്പിസോഡിലാണ്. ഏതാണ്ട് ഒരു വനിതാ ബുദ്ധിജീവിയുടെ ലക്ഷണങ്ങളുള്ള ഒരു പെണ്‍കുട്ടിയാണ് മത്സരാര്‍ത്ഥി. ഒരു ഉത്തരാധുനിക കവിതയും ചൊല്ലി കേള്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെ ചെറുപ്പത്തിലെ ഫോട്ടോയെ ഓര്‍മ്മിപ്പിക്കുന്ന മുഖം. അതുകൊണ്ടാണൊ എന്നറിയില്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാകലാണ് തന്റെ ആംബിഷന്‍ എന്ന് ആ പെണ്‍കുട്ടിയെകൊണ്ട് പറയിപ്പിച്ചുകളഞ്ഞു ജയ്ഹിന്ദ് ടി വി. ആദ്യ ചോദ്യം നേരിടാനായി ഈ മത്സരാര്‍ത്ഥി തെരെഞ്ഞെടുത്ത വിഷയം കേട്ടോളൂ: ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ്!!
ലാസ്റ്റ് വേഡ്സ് ബൈ ഫെയ്മസ് പേഴ്സണാലിറ്റീസ് - പ്രശസ്തരുടെ അവസാന വാചകം. അങ്ങനെയൊരു വിഷയമുണ്ടോ!
യേശുകൃസ്തു കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് - കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്.
വെടിയേറ്റുവീണപ്പോള്‍ മഹാത്മാഗാന്ധി ഹേ രാം എന്ന് മന്ത്രോച്ചാരണം നടത്തിയിട്ടുണ്ടത്രെ.
പല വിപ്ലവകാരികളും ദേശാഭിമാനികളും കൊലക്കയര്‍ അവരുടെ കഴുത്തിലണിയിക്കുമ്പോള്‍ സുധീരം തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചിട്ടുണ്ട്.
സദ്ദാം ഹുസൈന്‍ വധശിക്ഷ ഏറ്റുവാങ്ങിയത് ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്.
അങ്ങനെ ഏതാനും പേര്‍ വേറെയുമുണ്ടാകും. അതല്ലാതെ ബാക്കി ഇന്നേവരെ ഈ ലോകത്ത് നിന്നും മറഞ്ഞുപോയ പ്രശസ്തര്‍ക്കെല്ലാം സ്വാഭാവിക മരണമോ അപകടമരണമോ ഒക്കെയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ മരിക്കുന്നതിനുമുമ്പ് ഈ ലോകത്തോട് അവരുടേതായ എന്തെങ്കിലും പറഞ്ഞിട്ടാണ് അവര്‍ പോയതെന്നുണ്ടോ.
ഈ സബ്ജെക്റ്റില്‍ ഗ്രാന്റ് മാസ്റ്റര്‍ പറയുന്ന സ്റ്റേറ്റ്മെന്റ് കേട്ടപ്പോഴാണ് ഈ പ്രത്യേക സബ്ജെക്റ്റിന്റെ ഗുട്ടന്‍സ് പിടികിട്ടുക. ഗ്രാന്റ് മാസ്റ്ററുടെ സ്റ്റേറ്റ്മെന്റ് എന്താണെന്നോ:“ഈ വാക്കുകള്‍ തന്നെ എനിക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് മരണപ്പെട്ട മലയാള സാഹിത്യകാരന്റെ കൃതിയാണ് അടയാളങ്ങള്‍”
അലപ്ം ശങ്കിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മറുപടി- യെസ്, ഇറ്റ്സ് ട്രൂ.
ഗ്രാന്റ് മാസ്റ്ററുടെ കൈയ്യടിയും ഒപ്പം ആവേശം നിറഞ്ഞ വാചകങ്ങളും:“ ശരിയാണ് ദീര്‍ഘകാലം താന്‍ സേവിച്ച പ്രസ്ഥാനം തന്നെ തള്ളിപ്പറയുമ്പോഴും അഴിമതിക്കെതിരെ നിര്‍ഭയം ശ്ബ്ദിച്ചുകൊണ്ട് തൃശ്ശൂര്‍ പ്രസ്സ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തവെ മരണമടഞ്ഞ പ്രൊഫ: എം എന്‍ വിജയന്റെ കൃതിതന്നെയാണ് അടയാളങ്ങള്‍“
എന്റെ ജയ്ഹിന്ദേ, ജി എസ് പ്രദീപേ എന്ത് തറനാടകമാണിത്?