Wednesday, May 12, 2010

ജയിച്ചൂ, ക്രിക്കറ്റ് ജയിച്ചു


നടപ്പ് 20-20 ലോകകപ്പ്. സൂപ്പര്‍ എട്ടില്‍ ഇന്ത്യാ-വെസ്റ്റിന്‍ഡീസ് മത്സരം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യക്കെതിരെ പതിമൂന്നാം ഓവര്‍ എറിയാനെത്തിയത് പാര്‍ട്ട് ടൈം ബോളര്‍ സുലൈമാന്‍ ബെന്‍. ഇന്ത്യക്ക് മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിജയിക്കാനുള്ള റണ് റേറ്റ് പത്തിനു മൂകളില്‍. എന്നാലെന്താ ഉജ്ജ്വല ബാറ്റ്സ്മാന്മാരായ ധോണിയും യുവരാജുമാണ് ക്രീസില്‍. സുലൈമാന്‍ ബെന്നും അയാളുടെ ക്യാപ്റ്റന്‍ ക്രിസ് ഗെയ്ലും ചേര്‍ന്ന് ഈ രണ്ട് ബാറ്റ്സ്മാന്മാര്‍ക്കുമെതിരെ ഒരു സ്ലിപ്പ് ഫീല്‍‍ഡറെ വെക്കുന്നു!!!

ക്രിസ് ഗെയ്ലിന്റെ തന്ത്രം എന്തായിരുന്നാലും ഇന്ത്യന്‍ ക്രിക്കറ്റിനു ഇതിലും വലീയൊരു പരിഹാസം ഇനി കിട്ടാനില്ല. ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും അത് കാരണം ഏറ്റവും ദു:ഖിക്കേണ്ടിവരിക ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളായിരിക്കുമെന്നും വിവരമുള്ളവര്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് ഇത്ര പെട്ടെന്ന് ജനത്തിനു ബോധ്യമാവുമെന്ന് അവര്‍ പോലും കരുതിയതല്ല.

ഒരു നല്ല ക്രിക്കറ്റ് പ്രേമിക്ക് അത് ആസ്വദിക്കാന്‍ തുടരെത്തുടരെയുള്ള സിക്സറുകളും ഫോറുകളുമല്ല വേണ്ടത്. നിര്‍ണ്ണായക സമയത്ത് ബ്ലോക്ക് ഹോളില്‍ കൃത്യം വീഴുന്ന ഒരു ബോള്‍, അതിനെ സമര്‍ത്ഥമായി പ്രതിരോധിച്ച് ഒരു ക്വിക് സിംഗിളിനുള്ള ബാറ്റ്സ്മാന്മാരുടെ ശ്രമം. ആ അവസരം മുതലെടുക്കാന്‍ ഫോളോ ത്രൂവില്‍ ഒരു റണ്ണൌട്ടിനു ശ്രമിക്കുന്ന ബൌളര്‍. ഇങ്ങനെ നല്ല ക്രിക്കറ്റ് ആസ്വദിക്കാനാവുന്ന എത്ര മൂഹൂര്‍ത്തങ്ങളുണ്ടാവും ഒരു ക്രിക്കറ്റ് കളിയില്‍. എന്നാല്‍ ഐ പി എല്‍ മത്സരങ്ങള്‍ നല്ല ആസ്വാദകരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്നത് സിക്സറുകളും ഫോറുകളുമാണ്. അതായത് ഐ പി എല്ലില്‍ എല്ലാ പന്തിലും സിക്സോ ഫോറോ വേണം. അപ്പോഴെല്ലാം ചീയര്‍ ഗേള്‍സിന്റെ തുള്ളലുണ്ടാവും. എല്ലാവര്‍ക്കും ആസ്വദിക്കാം. കളിക്കുശേഷമുള്ള മദ്യപാര്‍ട്ടികളും പാര്‍ട്ടികഴിഞ്ഞുള്ള ബാക്കി പരിപാടികളും ഒത്തുകളിയും വാതുവെയ്പും ഒന്നിനെപ്പറ്റിയും എഴുതുന്നില്ല, ക്രിക്കറ്റിന്റെ ഗുണം മാത്രമാണ് ഇവിടെ വിഷയം.

എല്ലാ പന്തിലും ഏത് ബാറ്റ്സ്മാനും സിക്സറടിക്കാന്‍ പാകത്തിലാണ് ഐ പി എല്ലില്‍ പിച്ചുകള്‍ തയ്യാറാക്കുന്നത്. കാല്‍മുട്ടിനുമുകളില്‍ പന്ത് ഉയരുകയില്ല. വരണ്ട പ്രതലത്തില്‍ പിച്ച് ചെയ്യുമ്പോള്‍തന്നെ അതിന്റെ വേഗതയും തീര്‍ന്നുകിട്ടും. ഏത് യൂസഫ് പഠാനും എത്ര സിക്സുവേണമെങ്കിലും അടിക്കാം. ഇനി രാഹുല്‍ ദ്രാവിഡുമാരുടെ കാര്യമെടുത്താലോ? ഇമ്മാതിരി പിച്ചില്‍ നാലു കളി കളിച്ചാല്‍ പിന്നെ ഇക്കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത എല്ലാ കഴിവും ചോര്‍ന്നുപോവും. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. പണ്ടുമുതലേ വേഗതയും ബൌണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനറിയില്ല. ഉള്ള കഴിവും ഐ പി എല്‍ മൂന്നു സീസണ്‍ കഴിഞ്ഞതോടെ തീര്‍ന്നുകിട്ടി.

ഇനി ബൌളര്‍മാരുടെ കാര്യമെടുക്കാം.. ഫാസ്റ്റ് ബൌളര്‍മാര്‍ ഇന്ത്യയില്‍ വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതമായിരുന്നു. ഒരു കപില്‍ദേവ്. അതിനും വളരെകാലം കഴിഞ്ഞ് ഒരു ജവഗല്‍ ശ്രീനാഥ്. ശ്രീനാഥും എം ആര്‍ എഫ് പേസ് ഫൌണ്ടേഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഫാസ്റ്റ്ബോളര്‍ക്കും ലോകത്തെ കൊമ്പന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാന്‍ കഴിയും എന്ന ഒരു വിശ്വാസമുണ്ടാക്കിയത്. ആ വിശ്വാസം ഇന്ത്യയിലും കുറെ ഫാസ്റ്റ്ബോളര്‍മാരെ ഉണ്ടാക്കിയെടുത്തു. ആശിഷ് നെഹ്ര, സഹീര്‍ ഖാന്‍, ആര്‍ പി സിംഗ്, ശ്രീശാന്ത്, ഇശാന്ത്,ബാലാജി,മുനാഫ് പട്ടേല്‍ - മണിക്കൂറില്‍ 135-140 കി. മീ അല്ലെങ്കില്‍ അതിലും വേഗതയില്‍ പന്തെറിഞ്ഞിരുന്ന പിള്ളേരായിരുന്നു. ഐ പി എല്‍ പിച്ചുകളില്‍ തങ്ങളുടെ അധികവേഗത ബാറ്റ്സ്മാന് കൂടുതല്‍ സഹായം ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ് ഇവരെല്ലാം ഇപ്പോള്‍ മീഡിയം പേസ് ബോളര്‍മാരായി മാറി. ജാവേദ് മിയാന് ദാദ് എന്ന ഇതിഹാസതാരമൊന്നും വേണ്ട, കപൂഗതരെ എന്ന തുടക്കക്കാരനുതന്നെ ഇവരെ അവസാനപന്തില്‍ സിക്സടിച്ചു തങ്ങളുടെ ടീമിനെ വിജയിപ്പിക്കാം.

ഐ പി എല്‍ വഴി ഇന്ത്യയില്‍ ക്രിക്കറ്റ് ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കേരളം മാത്രം പുറകോട്ട് പോകരുതല്ലോ. അതിനായി നമ്മുടെ ജനപ്രതിനിധിയും എണ്ണം പറഞ്ഞ അന്താരാഷ്ട്രപ്രതിഭയും കേരളമെന്ന പേരുകേട്ടാല്‍ ചോ‍ര തിളക്കുന്ന ആ‍ളും സര്‍വ്വോപരി സുന്ദരനുമായ ശ്രീമാന്‍ ശശി തരൂര്‍ അവര്‍കളുടെ മെന്ററിങില്‍(മെന്ററിങ്ങില്‍ മാത്രം) ചിലര്‍ ഇറങ്ങിയിട്ടുണ്ട്. നല്ല കാര്യം. ഫുട്ബോ‍ളോ അത്-ലറ്റിക്സിലോ മത്സരിച്ച് നേട്ടങ്ങളുണ്ടാക്കി എയര്‍ ഇന്ത്യയിലോ സര്‍വീസസിലോ റയില്വേഎയിലോ ഒക്കെ ജോലിനേടി മാന്യമായി ജീവിക്കേണ്ട കുറേ നല്ല പിള്ളേര്‍ ഐ പി എല്‍ മോഹവലയത്തില്പെട്ട് എങ്ങുമെത്താതെ പോകും. ക്രിക്കറ്റും പോകും. ഉണ്ടായിരുന്നതും ഉണ്ടയാകും. ക്രിക്കറ്റിനു മാത്രമായി സ്റ്റേഡിയം ഉണ്ടാക്കണമത്രെ. കൊച്ചിയില്‍ സ്റ്റേഡിയം ഉണ്ടാക്കുമ്പോള്‍ തിരുവന്തപുരത്തും കോഴിക്കോട്ടും ഉണ്ടാക്കേണ്ടിവരും. സ്ഥലം - നമുക്ക് ഏറ്റവും ദുര്‍ലഭമായ വിഭവം. ക്രിക്കറ്റിനു മാത്രമായ സ്റ്റേഡിയം എന്നത് നമ്മുടെ വിഭവങ്ങളുടെ ദുരുപയോഗം അല്ലെങ്കില്‍ മറ്റെന്താണ്? വിഭവങ്ങളുടെ ദുരുപയോഗം അധോഗതിയിലേക്കല്ലാതെ ആരെയെങ്കിലും പുരോഗതിയിലേക്ക് നയിക്കുമോ?

ഒരു പരിഹാസരംഗം വര്‍ണ്ണിച്ചുകൊണ്ടാണ് ഈ പോസ്റ്റ് തുടങ്ങിയത്. മറ്റൊരു പരിഹാസ അനുഭവം വിവരിച്ചുകൊണ്ട് അവസാനിപ്പിച്ചേക്കാം.

ദുബായില്‍ ജോലികിട്ടിയ ആദ്യനാളുകള്‍. ഓഫീസ് പാന്‍റ്റ്രിയിലെ റ്റെലിവിഷനില്‍ ക്രിക്കറ്റ് വാര്‍ത്ത ശ്രദ്ധിച്ചുനില്‍ക്കെ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷുകാരന്‍ സഹപ്രവര്‍ത്തകന്റെ ചോദ്യം - “ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം റ്റെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നൂറ്റി മുപ്പത്തേഴ് റണ്‍സെടുത്തിട്ടുണ്ട്. ഇരുപത്തേഴ് റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍ക്കറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അഷറുദ്ദീനുമാണ് ക്രീസില്‍. എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?“

കഷ്ടം. ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാത്ത ഇംഗ്ലീഷുകാരന്‍. എന്നിട്ട് സംശയം ചോദിക്കുന്നതോ- ഇന്ത്യാക്കാരനായ എന്നോട്! അഭിമാനത്തോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തു. ചങ്ങാതി എന്നെ ഒന്നു കാര്യമായിത്തന്നെ പരിഹസിച്ചതാണെന്ന് മനസ്സിലായതേ ഇല്ല. ഇംഗ്ലീഷുകാരന്‍ അവന്റെ ഭാഷയില്‍ പരിഹാസഭാവം കാണിക്കുന്നത് എനിക്കെങ്ങനെ മനസ്സിലാവാനാണ്?(ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നെങ്കില്‍ എനിക്കത് മനസ്സിലായാനേ, സത്യം) പരിഹാസം എന്നോട് മാത്രമായിരുന്നില്ല. ക്രിക്കറ്റ് എന്ന രണ്ടാംതരം കായികവിനോദത്തോടും അതിനോട് ഭ്രാന്തമായ ആവേശം കാണിക്കുന്ന ഇന്ത്യാക്കാരോട് മൊത്തമായിരുന്നു.

നമ്മളെപ്പോഴാണ് ജയിക്കുക? ക്രിക്കറ്റിലല്ല, മറ്റ് ഒന്നാംതരം കായിക ഇനങ്ങളില്‍.

12 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ഐ പി എല്‍ എന്ന പേരില്‍ അരങ്ങേറുന്നത് ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും അത് കാരണം ഏറ്റവും ദു:ഖിക്കേണ്ടിവരിക ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളായിരിക്കുമെന്നും വിവരമുള്ളവര്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്.
ആ പറഞ്ഞവന് കൊടുക്ക് ഒരു കൈ.

മുക്കുവന്‍ said...

ആ പറഞ്ഞവന് കൊടുക്ക് ഒരു കൈ

ശ്രീ said...

ആദ്യം ഫാസ്റ്റ് പിച്ചുകളില്‍ കളിച്ചു പഠിയ്ക്കട്ടെ, ടീം ഇന്ത്യ

ജിവി/JiVi said...

അനൂപ്,മുക്കുവന്‍,ശ്രീ - വായനക്കും കമന്റിനും നന്ദി. ഐ പി എല്‍ ക്രിക്കറ്റിനെ വ്യഭചരിക്കലാണെന്നും ഇതുമൂലം ക്രിക്കറ്റ് പ്രേമികള്‍ തന്നെയാണ് ദു:ഖിക്കേണ്ടിവരിക എന്ന് പറഞ്ഞവരില്‍ ഒരാള്‍ പാലക്കാട് എം പി എം ബി രാജേഷ്.

jinsbond007 said...

ഇന്ത്യയില്‍ ക്രിക്കറ്റിനെ വ്യഭിചരിക്കാന്‍ തുടങ്ങിയത് ഐ പി ല്‍ മുതലൊന്നുമല്ല. അതു തുടങ്ങിയിട്ട് കുറെ കാലമായി. ഐ പി എല്‍ വന്നത് നന്നായെന്നാണ് എന്റെ അഭിപ്രായം, പണ്ട് ഒളിവിലും മറവിലും നടന്നിരുന്ന വ്യഭിചാരം നാലഞ്ചാളുകള്‍ കാണാനൊരവസരമായല്ലോ :)

ഐ പി എല്ലിനെക്കുറിച്ച് ഞാന്‍ പലപ്പോഴായി എഴുതിക്കൂട്ടിയതിന്റെ ചില കണ്ണികള്‍ കൂടിയിട്ടിട്ട് പോകുന്നു.

ക്രിക്കറ്റ് കുടത്തിലെ ഭൂതം
ക്രിക്കറ്റ്,ദേശീയത,പണം, ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?
"ക്രിക്കറ്റ്,ദേശീയത,പണം" ചില നിരീക്ഷണങ്ങള്‍

ജിവി/JiVi said...

ജിന്‍സ്,

പോസ്റ്റുകള്‍ വായിച്ചു.

ഒരു ഗെയിമിനും അതു മാത്രമായി നിലനില്‍ക്കാനാവില്ല. കച്ചവടവും രാഷ്ട്രീയവും ഒക്കെ അതിനോട് ഇഴചേര്‍ന്നുകിടക്കും. അല്ലെങ്കില്‍ അങ്ങനെയേ പറ്റൂ. ഒപ്പം അല്പസ്വല്പം വ്യഭചരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ വ്യഭചാരം മാത്രമായിപ്പോകരുത്. ഐ പി എല്‍ അങ്ങനെയായിപ്പോയി. ക്രിക്കറ്റ് പേരില്‍ മാത്രമായിപ്പോയി. 20-20 ക്രിക്കറ്റിനായി ഒരു ആഭ്യന്തര ടൂര്‍ണമെന്റ് എതിര്‍ക്കേണ്ട കാര്യമൊന്നുമല്ല. പക്ഷെ അത് ക്രിക്കറ്റ് ടൂര്‍ണമെന്റ് തന്നെയായിരിക്കണം.

jinsbond007 said...

ഞാനീ എഴുതിയതൊക്കെ വായിച്ചിട്ട് 20-20 അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ടൂര്‍ണ്ണമെന്റുകള്‍ക്കെതിരാണ് ഞാനെന്നു തോന്നിയെങ്കില്‍ എല്ലാം എന്റെ പിഴ. എന്റെ എഴുത്തിനു കാര്യമായ എന്തോ പിശകുണ്ടെന്നു തോന്നുന്നു.

കഴിഞ്ഞ മൂന്നു സീസണ്‍ ഐ പി എല്ലും കുത്തിപ്പിടിച്ചിരുന്നു കണ്ടവനാണ് ഞാന്‍. കളത്തിനുള്ളിലെ കളികളെപ്പറ്റി പലരും എഴുതാറുള്ളതുകൊണ്ട് ഞാന്‍ എഴുതാന്‍ മുതിരാറില്ലെന്നു മാത്രം. കളിക്കുള്ളിലെ കളികളെക്കൂറിച്ച് എവിടെയും ആരും വാചാലരാകുന്നതു കാണാത്തതുകൊണ്ട് എഴുതിയെന്നേയുള്ളൂ.

ക്രിക്കറ്റിനെയല്ല ഞാന്‍ എതിര്‍ക്കുന്നത്,ക്രിക്കറ്റ് ഭരണത്തെയാണ്. ഐ സി എല്ലും, ഐ പി എല്ലും ഒരുമിച്ചു നിലനിന്നിരുന്നെങ്കില്‍ പോലും ഇന്ത്യയില്‍ അതൊരു ഓവര്‍ കില്‍ ആകുമായിരുന്നില്ല എന്നാണെന്റെ തോന്നല്‍(അറ്റ്ലീസ്റ്റ് രണ്ടു സീസണ്‍ ഐ സി എല്ലിലും നല്ല കളികളായിരുന്നു).

ജിവി/JiVi said...

ജിനേഷ്,

ഈ പോസ്റ്റില്‍ വിട്ടുപോയ ചിലകാര്യങ്ങള്‍ ജിനേഷിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഓര്‍ത്തു. അത് കമന്റില്‍ എഴുതി എന്നുമാത്രം. അത് ജിനേഷിന്റെ അഭിപ്രായങ്ങളോടുള്ള ആര്‍ഗ്യുമെന്റ് അല്ല. കളിക്കളത്തിനു പുറത്തെ കളികളെപ്പറ്റിയാണ് ജിനേഷ് എഴുതിയത്. ക്രിക്കറ്റിംഗ് ആയ കാര്യങ്ങളാണ് ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയത്. രണ്ടും പരസ്പരം വിയോജിക്കുന്നവയല്ല.

Vivek v said...

പോസ്റ്റ്‌ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ടു കാര്യങ്ങളില്‍ ചെറിയ വിയോജിപ്പുണ്ട്. സുലൈമാന്‍ ബെന്‍ ഒരു പാര്‍ട്ട്‌ ടൈം സ്പിന്നെര്‍ അല്ല. അദ്ദേഹം ഒരു specialist സ്പിന്നെര്‍ തന്നെ ആണ്. IPL 'ന്റെ കാര്യത്തില്‍ മാത്രം അല്ല പൊതുവേ ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം അങ്ങനെ തന്നെ ആണ്. ബൌണ്‍സ് ഇല്ലാത്ത പ്രതലത്തില്‍ തന്നെ ആണ് നമ്മുടെ കളിക്കാര്‍ കളി പടികുന്നത്. മൊഹാലി മാത്രം ആണ് അതിനു ഒരു അപവാദം. പിന്നെ ക്രിക്കറ്റ്‌ ഒരു രണ്ടാം തരം കായിക വിനോദം ആണെന്ന് ഞാന്‍ വിശ്വസിക്കുനില്ല, അത് ഞാന്‍ ഒരു ക്രിക്കറ്റ്‌ ആരാധകനും സംസ്ഥാന ലെവല്‍ വരെയും ക്രിക്കറ്റ്‌ കളിച്ചിട്ടുള്ള ഒരാളായത് കൊണ്ടാവാം. ക്രിക്കറ്റ്‌ ഭരണാധികാരികളുടെ സമീപനത്തില്‍ ആണ് മാറ്റം വരേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ജിവി/JiVi said...

വിവേക്,

സുലൈമാന്‍ ബെന്‍ ആള്‍ റൌണ്ടറായിട്ടാണ് വെസ്റ്റിന്‍ഡീസ് ടീമില്‍. അന്നത്തെ മത്സരത്തില്‍ അയാള്‍ ഒരോവര്‍ മാത്രമെ ചെയ്തുള്ളൂതാനും. മാത്രമല്ല 29 വയസ്സുള്ള ഒരാള്‍ ഇതുവരെ 12 റ്റെസ്റ്റോ 15 ഏകദിനമോ അങ്ങനെയൊക്കെയേ കളിച്ചിട്ടുള്ളൂ. ഇനി എത്ര മിടുക്കനായ സ്പെഷ്യലിസ്റ്റ് സ്പിന്നറായാലും ഇന്ത്യയെ സംബന്ധിച്ച് ഞാന്‍ വിവരിച്ച രംഗം നാണക്കേടാണ്.

ബൌണ്‍സില്ലാത്ത പ്രതലത്തില്‍തന്നെയാണ് ഇന്ത്യാക്കാര്‍ കളി പഠിക്കുന്നത്. അതിന്റെ പരമ്പരാഗത ദൌര്‍ബല്യം എപ്പോഴുമുണ്ട്. അതിനെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതായിപ്പോയി ഐ പി എല്‍. മാതൃഭൂമിയിലെ കോളത്തില്‍ സഞ്ജയ് മഞ്ജരേക്കര്‍ ഏതാണ്ട് ഞാന്‍ എഴുതിയതുതന്നെ എഴുതിയിരിക്കുന്നു.(വെറുതെയല്ല, പുള്ളി എവിടെയുമില്ലാത്തത് ഇതുപോലെ സത്യം പറയുന്നതുകൊണ്ടാവണം)

ക്രിക്കറ്റ് രണ്ടാംതരം എന്ന് ഞാനെഴുതിയത് മറ്റ് കളികള്‍ക്ക് വേണ്ടത്രയും ഫിറ്റ്നെസ്സ് ആ കളി കളിക്കാന്‍ വേണ്ട എന്നതുകൊണ്ടാണ്. അതുകൊണ്ടാവണം ഇന്ത്യന്‍ ഉപഭൂഖണ്ഡമൊഴികെ എല്ലായിടത്തും അത് അങ്ങനെതന്നെ കണക്കാക്കപ്പെടുന്നു. അതേസമയം മറ്റേതുകളിയേയും പോലെ പ്രതിഭ ധാരാളം വേണ്ടുന്ന കളിയാണിത്. സംശയമില്ല.

Vivek v said...

സുലൈമാന്‍ ബെന്‍ എന്ന കളികാരനെ ഒരു ബാറ്റ്സ്മാന്‍ ആയി ആരും അന്ഗീകരിചിടില്ല സുഹൃത്തേ. അതാണ്‌ ഞാന്‍ അങ്ങനെ പറഞ്ഞത്. പിന്നെ ഫിറ്റ്നെസ് എന്നുള്ളത് ഒരു കളിയുടെ മഹത്വം അളക്കുന്ന അളവുകോല്‍ ആണോ ? ഏറ്റവും കൂടുതല്‍ ഫിറ്റ്നെസ് ആവശ്യപെടുന്ന റഗ്ബി എന്നാ ഗെയിം'നു ആകെ 10 'ല്‍ താഴെ രാജ്യങ്ങളില്‍ മാത്രമേ പ്രചാരം ഉള്ളു.

Vivek v said...

താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണമായും യോജിക്കുന്നു. ക്രിക്കറ്റ്‌ അല്ല അതിനെ ഭരിക്കുന്ന ഭരണ അധികാരികളുടെ സമീപനത്തില്‍ ആണ് മാറ്റം വരേണ്ടത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാം എങ്കില്‍ രാഷ്ട്രീയകാരെ പോലും കടത്തി വെട്ടുന്ന രീതിയില്‍ ആണ് ഇന്ന് B C C I 'ഉം ലളിത് മോടിയുമൊക്കെ എത്തി നില്കുന്നത്.